Home തൻസീഹ്‌ വയനാട് മനുവേട്ടൻ ഇനി സ്വയം ന്യായീകരിക്കേണ്ടത് ഇല്ല നമുക്ക് പിരിയാം…

മനുവേട്ടൻ ഇനി സ്വയം ന്യായീകരിക്കേണ്ടത് ഇല്ല നമുക്ക് പിരിയാം…

0

അവിഹിതം

ഗൗരിയെ പെണ്ണുകാണാൻ ആദ്യമായി ഈ വീട്ടു പടിക്കലേക്ക് വന്ന ആ ദിവസം.അവളെ കണ്ടു മടങ്ങുമ്പോൾ ജീവിതം കാലം തന്റെ ഇണയായി ഇവൾ മതിയെന്ന് മനസ്സിൽ ഉറപ്പുച്ചിരുന്നു.

രചന : തൻസീഹ് വയനാട്

“നീ നിന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണോ ഗൗരി നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….”

“കണ്ടെടുത്തോളവും അറിഞ്ഞിടത്തോളവും മതി മനുവേട്ടൻ ഇനി സ്വയം ന്യായീകരിക്കേണ്ടത് ഇല്ല.നമുക്ക് പിരിയാം അതാണ് നിങ്ങൾക്കും എനിക്കും നല്ലത്.ഇനി ആരുടെ കൂടെ വേണം എങ്കിലും ജീവിച്ചോ,ഒരിക്കലും ഞാൻ ഒരു തടസ്സം ആയി മുമ്പിൽ വരില്ല.”

അവസാന വാക്കുകൾ പറയുമ്പോൾ ഗൗരിയുടെ ശബ്ദം ഇടറിയിരുന്നു.

അവളുടെ വാക്കുകൾക്ക് മുന്നിൽ മനോജ് പുച്ഛത്തോടെ ചിരിച്ചു.

“പിരിയാം എത്ര എളുപ്പം ആണ് നീ എല്ലാം പറഞ്ഞത്.

ഒന്നു നിർത്തി വീണ്ടും അവൻ തുടർന്നു.

“ഗൗരി നീ വിചാരിക്കുന്ന പോലെ മീനാക്ഷിയും ആയി എനിക്ക് യാതൊരു വിധ വഴിവിട്ട ബന്ധവും ഇല്ല.അവൾ എന്റെ ക്ലോസ് ഫ്രണ്ട് ആണ് .നീയും മോനും ആണ് എന്റെ ജീവിതം തന്നെ..”

“ഞാൻ എല്ലാം വിശ്വസിച്ചു.ഇനിയും വാക്കുകൾ പറഞ്ഞു എന്നെ വഞ്ചിക്കല്ലേ മനുവേട്ട…നിങ്ങടെ കമ്പനിയിലെ ബോസ് എങ്ങനെയാ നിങ്ങൾക്ക് പേരു വിളിക്കാൻ തക്ക ബന്ധത്തിൽ ആയത്.ആദ്യം ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ?,എനിക്ക് കൂടുതൽ ഒന്നും പറയണം എന്നോ കേൾക്കണം എന്നോ ഇല്ല.മനുവേട്ടന് പോകാം…”

അവസാനത്തെ അവളുടെ വാക്കുകൾ മനോജിനെ വീട്ടിൽ നിന്നും ആട്ടിയിറക്കുന്നതിനു സമം ആയിരുന്നു. അവളുടെ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അവൻ 3 വയസ്സ് പ്രായം ഉള്ള അവന്റെ കുഞ്ഞിനെ കാണണം എന്ന് ആവശ്യപ്പെട്ടു. പക്ഷെ ഗൗരി അതിനു സമ്മതിച്ചില്ല.

നിരാശയോടു കൂടി അവൻ ഗൗരിയുടെ വീടിന്റെ പടി ഇറങ്ങി.അവൻ ഇറങ്ങി പോകുമ്പോൾ അവളുടെ അച്ഛൻ പൂമുഖത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.ഗൗരി പറഞ്ഞ കഥകൾ വിശ്വസിച്ച അയാൾ അവനെ പരിഹാസത്തോട് കൂടി നോക്കി.അയാളോട് ഗൗരിയെ കാണണം എന്നു കേണപേക്ഷിച്ചത് കൊണ്ട് മാത്രം ആണ് അവളെ കാണാൻ അയാൾ അനുവദിച്ചത്.

മനോജ് ഇറങ്ങിയ ഉടനെ ഗൗരിയുടെ അച്ഛൻ വീടിന്റെ വാതിൽ കൊട്ടിയടിച്ചു.കാതടപ്പിക്കുന്ന ആ ശബ്ദം തന്നോടുള്ള വെറുപ്പാണ് കാണിക്കുന്നതെന്ന് അവനു മനസ്സിലായി.

The app was not found in the store. :-(

പിടയുന്ന ഹൃദയവും ആയി അവൻ കാറിൽ വന്നു കയറി. വണ്ടി തിരിക്കുമ്പോൾ ബാൽക്കണിയിലേക്ക് ആയി നോക്കി. ഇല്ല ഗൗരി അവിടെ ഇല്ല….

അവൾ തന്റെ മുറിയിലെ ജനാലയിലൂടെ അവൻ കാണാതെ അവനെ
നോക്കി കൊണ്ടു അവൾ തേങ്ങി കരയുക ആയിരുന്നു ആ നിമിഷം. ഗൗരി തന്റെ അടിവയറ്റിൽ കൈവെച്ചു. ജനിക്കാൻ പോകുന്ന ഒരു കുഞ്ഞു വയറ്റിൽ മൂന്നു മാസം ആയിട്ടും അത് മനുവിനോട് ഇതുവരെ അവൾ തുറന്നു പറഞ്ഞിരുന്നില്ല.

കാർ തിരിക്കുമ്പോൾ അവന്റെ മനസ്സു 5 വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു.

ഗൗരിയെ പെണ്ണുകാണാൻ ആദ്യമായി ഈ വീട്ടു പടിക്കലേക്ക് വന്ന ആ ദിവസം.അവളെ കണ്ടു മടങ്ങുമ്പോൾ ജീവിതം കാലം തന്റെ ഇണയായി ഇവൾ മതിയെന്ന് മനസ്സിൽ ഉറപ്പുച്ചിരുന്നു.അന്ന് ഈ ബാൽക്കണിയിലേക്ക് തന്റെ ബൈക്കിൽ കയറുന്നതിനു തൊട്ടു മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ നില്പുണ്ടായിരുന്നു.അവളെ നോക്കി അവൻ ഒന്നു കണ്ണിറുക്കി പുഞ്ചിരിച്ചു കൊണ്ടു അവിടെ നിന്നും മടങ്ങി.

രണ്ടുപേരുടെയും കുടുംബക്കാർക്കെല്ലാം പരസ്പരം ഇഷ്ട്ടപ്പെട്ടു.3 മാസത്തിനുള്ളിൽ വിവാഹവും കഴിഞ്ഞു.

പരിഭവങ്ങളും പരാതികളും ഇല്ലാതെ എനിക്ക് നീ എന്നും നിനക്കു ഞാൻ എന്നും പറഞ്ഞു ഒരു പുതപ്പിനുള്ളിൽ ശരീരവും മനസ്സും ഒന്നിച്ചു കൊണ്ടുള്ള ജീവിതയാത്ര.അത്രക്ക് മനോഹരം ആയിരുന്നു ആ ജീവിതം.ഗൗരി നല്ലൊരു മരുമകളും ഭാര്യയും ഏട്ടത്തിയമ്മയും എല്ലാം ആയിരുന്നു.

വിവാഹം കഴിഞ്ഞു മാസങ്ങൾക്കിപ്പുറം അവൾ ഒരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മനു തെല്ലൊന്നും അല്ല സന്തോഷിച്ചത്. ഗൗരിയുടെ കുഞ്ഞു കുഞ്ഞു ആവിശ്യങ്ങളും വാശികളും നിറവേറ്റിയ 10 മാസങ്ങൾ.

ഓരോ ദിവസവും അവളുടെ വയറിനോട് ചെവി ചേർത്തു കൊണ്ടു കുഞ്ഞിന്റെ ഓരോ ചലനങ്ങളും അവൻ നോക്കുമായിരുന്നു.

ഏഴാം മാസത്തിലെ ചടങ്ങിന് കൊണ്ടു പോയതിന്റെ പിറ്റേദിവസം തന്നെ ഗൗരി ഇല്ലാതെ തനിക്കു വീട്ടിൽ കഴിയാൻ പറ്റില്ല എന്ന് പറഞ്ഞു അവളെ വീട്ടിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു. ഓഫീസിൽ ലീവ് എടുത്തു അവളെ അവൻ പരിചരിച്ചു.

പ്രസവത്തിനായി അവളെ മുറിയിലേക്ക് കയറ്റുമ്പോൾ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടു ഒന്നും വരില്ല മോളെ ഏട്ടൻ ഉണ്ട് കൂടെ എന്നു പറഞ്ഞു അവൾക്ക് ധൈര്യം കൊടുത്തു അകത്തേക്ക് പിറഞ്ഞയച്ച ആ നിമിഷം അവൻ ഉരുകി തീരുകയായിരുന്നു .മണിക്കൂറുകൾക്ക് ഇപ്പുറം ഗൗരി പ്രസവിച്ചു ആണ്കുഞ്ഞാണെന്നു കേൾക്കുന്നത് വരെ.

കുഞ്ഞിനെ നേഴ്‌സ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴും ആദ്യം ഗൗരിയെ കാണാൻ തിടുക്കം കൂട്ടുകയായിരുന്നു അവൻ.ഏതൊരു വിഷമത്തിലും അവളുടെ മടിയിൽ തലവെച്ചു
കിടന്നു അവളുടെ തലോടലിൽ തീരാവുന്നതായിരുന്നു അവന്റെ പ്രശ്‌നങ്ങൾ.

കളിയും ചിരിയും സന്തോഷങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ആദ്യം കടന്നു വന്ന ദുരന്തം ആയിരുന്നു അതുവരെ ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിൽ നിന്നും ഒരു ചെറിയ കാരണത്തിനു മേൽ മനുവിന് ലഭിച്ച ഡിസ്മിസ്.

മനുവിന്റെ മൈൻഡ് സ്‌ട്രെസ് കൊണ്ടു നിറയുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങളിൽ ശ്രദ്ധചലിപ്പിക്കുന്ന ഗൗരിക്ക് പലപ്പോഴും അവ ഒന്നും കേൾക്കാൻ സമയം കിട്ടാറില്ല.

പിന്നീട് ഒരു ജോലിയും ശരിയാകാതെ വന്നപ്പോൾ പലപ്പോൾ ആയി വീട്ടുകാരുടെ കുറ്റെപ്പെടുത്തൽ ഉയർന്നപ്പോഴും ഒറ്റപ്പെടുക ആയിരുന്നു മനു.

“ഒന്നൂല്യ മനുവേട്ട എല്ലാം ശരിയാകുമെന്ന ” ഗൗരിയുടെ വാക്കുകൾക്ക് വേണ്ടി അവൻ കാതോർത്തിരുന്നു.

പക്ഷെ ഗൗരി പലപ്പോൾ ആയി വീട്ടുകാര്യങ്ങളിലും കുഞ്ഞിനെ നോക്കുന്നതിലും ആയി അകപ്പെട്ടു മനുവിനെ നോക്കാൻ മറന്നു.

സ്വയം മാനസീക മായി തളർന്നിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതം ആയി ഒരു കടയിൽ വെച്ചു ഒരു ദിവസം കൂടെ പഠിച്ച മീനാക്ഷിയെ മനു കണ്ടത് .ഒരു കാലത്തു ഏറെ പ്രിയപ്പെട്ടൾ ആയിരുന്ന അവൾ പിന്നീട് മനുവിന് നല്ലൊരു കൂട്ടുകാരി ആയി മാറുക ആയിരുന്നു.

അവന്റെ വിഷ്‌മങ്ങളിൽ സാന്ത്വനം ആയി അവൾ നിന്നു.അവൾ ആരംഭിച്ച തന്റെ കമ്പിനിയിൽ തന്റെ പേർസണൽ സെക്രട്ടറി ആയി മനുവിന് ജോലി നൽകി. പരസ്പരം തുറന്നു പറച്ചിലുകളിലൂടെ അവർ ഒന്നുകൂടി കൂട്ടുകാർ ആവുക ആയിരുന്നു.

വീട്ടുകരെക്കാൾ കൂടുതൽ മനു ചിലവഴിക്കുന്നതും സംസാരിക്കുന്നതും മീനാക്ഷിയോടൊപ്പം ആയി. വീട്ടിൽ വന്നാലും ഫോണിൽ ചാറ്റിലോ കോളുകളിലോ ഏർപ്പെടുന്ന മനുവിലെ മാറ്റം ചെറുതായൊന്നും അല്ല ഗൗരിയുടെ മനസ്സിനെ മുറിവേല്പിച്ചത്.അവളിൽ സംശയം ഉണർന്നു.

അവളുടെ കണ്ണുകൾ അവനു പുറകെ ആയി. ഒരു ദിവസം മനു കുളിക്കാൻ ബാത്റൂമിലെ കയറിയ സമയം അവൾ അവന്റെ ഫോൺ എടുത്തു നോക്കി.കാൾ ലിസ്റ്റ് പരിശോധിച്ചപ്പോഴും വാട്‌സ് അപ്പ് നോക്കിയപ്പോഴും മുൻപന്തിയിൽ മീനാക്ഷി മാത്രം. അവളിലെ സംശയം അവൾ ഉറപ്പിച്ചു.

ബാത്റൂമിലെ നിന്നും ഇറങ്ങി വന്ന മനുവിനോട് മീനാക്ഷിയും അവനും തമ്മിൽ ഉള്ള ബന്ധിത്തിൽ ഗൗരി ചോദ്യങ്ങൾ ഉയർത്തിയപ്പോൾ മനു അവളോടായി തിരിച്ചു തർക്കിച്ചു.

ഒരു ഞായറാഴ്ച ദിവസം ,വീട്ടിലെ എല്ലാവരും അടുത്ത വീട്ടിലെ വിവാഹത്തിനു പോയ സമയം മനു മാത്രം ആയിരുന്നു വീട്ടിൽ .അടുത്തെവിടെയോ ഒരു ഫങ്ഷനു വന്ന മീനാക്ഷി മനുവിന്റെ വീട്ടിലേക്കു വന്നു.രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ മീനാക്ഷി കമ്പിനിയിലെ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന പ്രോജെകെട്ടിന്റെ ഫയലിനെ പറ്റി ചോദിച്ചപ്പോൾ മനു അതെടുക്കാൻ വേണ്ടി മുറിയിലേക്കു പോയി കൂടെ മീനാക്ഷിയും.

കുട്ടികളുമായി ഓടി കളിക്കുന്നതിനിടയിൽ വീണു മുറി ആയ മോനുമായി വീട്ടിൽ അതേസമയം വന്ന ഗൗരി മുറ്റത്തെ കാറും പുറത്തു ഊരിയിട്ട ചെരുപ്പും കണ്ടപ്പോൾ സംശയത്തോട് കൂടി അകത്തേക്ക് കയറി.ഹാളിൽ ഒന്നും ആരെയും കണ്ടില്ല.അവൾ നേരെ ചെന്നു മുറിയിലേക്ക് കയറിയതും മനുവും മീനാക്ഷിയും നഅവിടെ ഇരിക്കുന്നത് ആണ് കണ്ടത്.

ആ കാഴ്ച അവൾക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു.മനുവും മീനാക്ഷിയും ഒരുപോലെ ഞെട്ടി.ഗൗരി മീനാക്ഷിയോടു ഒരു പെണ്ണ് കേൾക്കാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് അവളെ തരം താഴ്ത്തി.

ഒരു തെറ്റും ചെയ്യാത്ത അവളെ കുറ്റപ്പെടുത്തുന്നത് കേട്ടപ്പോൾ ,സത്യം പറഞ്ഞു മനസ്സിലാക്കിയിട്ടും അത് കേൾക്കാൻ തയ്യാറാകാത്ത ഗൗരിയുടെ മുഖത്തു മനു ആഞ്ഞടിച്ചു….

പിന്നീട് ഒരു നിമിഷം ആ വീട്ടിൽ നിൽക്കാൻ ഗൗരി തയ്യാറായില്ല.അവൾ തന്റെ വീട്ടിലേക്കു തിരിച്ചു.

വീട്ടിൽ എത്തി അച്ഛനോടും ഏട്ടന്മാരോടും കാര്യങ്ങൾ പറഞ്ഞു .ഇനി ആ ബന്ധം തുടരേണ്ട ആവിശ്യം ഇല്ല അവർ അവളോടടായി പറഞ്ഞു. ആദ്യം അത് കേട്ടപ്പോൾ അവളുടെ ഹൃദയം പിടഞ്ഞു. പിന്നീട് അത് ശരിയാണെന്ന് തോന്നി. അവളുടെ മൗനസമ്മത്തിൽ മനുവിനു ഡിവോഴ്സ് നോട്ടീസ് അയച്ചു.

മനു ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. ഗൗരിയെ തിരികെ കൊണ്ടുവരാം എന്നു തന്നെയാണ് കരുതിയത്. അതിനുശേഷം മനു അവളെ കണ്ടു സംസാരിക്കാൻ പലപ്പോൾ ആയി ശ്രമിച്ചു .അവളുടെ വീട്ടുകാർ അനുവദിച്ചില്ല.വാട്‌സ് ആപ്പിൽ അവൻ അയക്കുന്ന മെസ്സേജുകൾക്കോ അവന്റെ കാളുകളോ അവൾ എടുത്തില്ല.മീനാക്ഷിയും അവളെ കണ്ടു സംസാരിക്കാൻ ശ്രമം നടത്തി.

അവസാന ശ്രമം ആയിരുന്നു ഈ കൂടിക്കാഴ്ചയും .പക്ഷെ അവിടെയും തോറ്റു പിന്മാറേണ്ടി വന്നു.

ഇനി കോടതിയിലേക്ക്. എന്തും നേരിടാൻ മനസ്സിനെ സജ്ജം ആക്കിയിരുന്നു മനുവും. കോടതിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം അവസാന ശ്രമം എന്നോണം മനു വാട്‌സ് ആപ്പിൽ എല്ലാം തുറന്നു പറഞ്ഞു കൊണ്ട് ഗൗരിക്ക് മെസ്സേജ് അയച്ചു.

ഗൗരി ആ മെസ്സേജ് തുറന്നു നോക്കി..

“ഗൗരി ഞാൻ മനസ്സുകൊണ്ടുപോലും ചെയ്യാത്ത കാര്യങ്ങൾ ആണ് നീ എന്റെമേൽ ആരോപിക്കുന്നത്. നീ അല്ലാതെ ഒരു പെണ്ണും എന്റെ മനസ്സിൽ ഇല്ല.മീനാക്ഷി എന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്.എല്ലാവരും ഒറ്റപ്പെടുത്തി സമയം അവൾ എനിക്ക് ഒരു താങ്ങായി നിന്നു. നിന്നിൽ നിന്നും ഞാൻ നല്ലൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു .ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തെറ്റ് എന്റെ ഭാഗത്തു തന്നെ ആണ് .ഞാൻ നിന്നോട് എല്ലാം തുറന്നു പറയണമായിരുന്നു. അന്ന് നീ ഞങ്ങളെ മുറിയിൽ ഒരുമിച്ചു കണ്ടതും തികച്ചും യാദൃശ്ചികം ആണ്.ഞങ്ങൾ തമ്മിൽ വഴിവിട്ട യാതൊരു ബന്ധവും ഇല്ല. നിന്നാണ് നമ്മുടെ മോൻ ആണ് സത്യം..

നീ ഇല്ലാതെ എനിക്ക് പറ്റില്ല ഗൗരി. ഈ മുറിയിലും ,എന്റെ ഓരോ പ്രവർത്തികൾക്കും കാവൽ നീ ആയിരുന്നു.നമുക്ക് ഒരുമിച്ചു ജീവിക്കണം ഗൗരി.കേവലം മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് നമ്മൾ ഒരിക്കലും പിരിയാൻ പാടില്ല.നീ ആലോചിക്ക് ,മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചു നശിപ്പിക്കേണ്ടത് ആണോ നമ്മുടെ ജീവിതം എന്നു.നമ്മുടെ മോന് നല്ലൊരു ഭാവി വേണ്ടേ അവന്റെ അച്ഛനും അമ്മയും അവന്റെ കൂടെ ഉണ്ടാവണം .നമ്മുടെ രണ്ടുപേരുടെയും സ്നേഹവും കരുതലും അവനു വേണം. നമ്മൾ പിരിയുമ്പോൾ അവന്റെ മനസ്സ് എത്രമാത്രം നോവും…..”

അവന്റെ വാക്കുകൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയിച്ചു. പലതവണ അവൾ ഇരുത്തി ചിന്തിച്ചു.

പിറ്റേദിവസം രാവിലെ തന്നെ അവൾ വീട്ടിൽ നിന്നും കുഞ്ഞുമായി ഇറങ്ങി.അച്ഛൻ ചോദിച്ചപ്പോൾ ഞാൻ മനുവേട്ടന്റെ അടുക്കലേക്ക് പോവുകയാണെന്ന് പറഞ്ഞു. അവർ അവളെ തടഞ്ഞെങ്കിലും അവൾ നിന്നില്ല.

മനുവിന്റെ വീട്ടിലേക്കു രാവിലെ വന്നു കയറിയ അവളെ അവന്റെ അമ്മയും സഹോദരങ്ങളും അത്ഭുദത്തോടെ നോക്കി നിന്നു. അവരോടു ഒന്നും പറയാൻ നില്ക്കാതെ അവൾ മുറിയിലേക്ക് ചെന്നു.

മൂകമായി ജനാല വഴി പുറത്തേക്കു നോക്കി നിൽക്കുക ആയിരുന്നു മനു അപ്പോൾ.കുഞ്ഞിനെ കട്ടിലിൽ ഇരുത്തി അവൾ മനുവിനെ പുറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചു.

“സോറി മനുവേട്ട….എനിക്ക് മനുവേട്ടൻ ഇല്ലാതെയും പറ്റില്ല.ഒരു വാശിക്കു പുറത്തു നശിപ്പിക്കാൻ കഴിയുന്നില്ല നമ്മുടെ ജീവിതം”..

അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിൽ കുതിർന്നു.അവളുടെ കൈകളിൽ അവൻ ഇറുക്കി പിടിച്ചു.

“അറിയാം ആയിരുന്നു നീ വരും എന്ന്,അങ്ങനെ ഒന്നും എന്നെ ഉപേക്ഷിക്കാൻ നിനക്ക് കഴിയില്ല”

എന്നു പറഞ്ഞു അവൻ തിരിഞ്ഞു നിന്നു അവളെ നെഞ്ചോടു ചേർത്തു. അവൾ അവന്റെ കൈകൾ എടുത്തു പതിയെ അവളുടെ വയറ്റിൽ വെച്ചു.

അവൻ മനസ്സിലാകാത്ത തരത്തിൽ അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു

“മൂന്നു മാസം ആയി”

അവൻ ആശ്ചര്യത്തോടെ അവളെ നോക്കി .സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു.അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു ഒപ്പം തന്റെ മകനെയും …

അവസാനിച്ചു.

വെറും ചില സംശയങ്ങളുടെ പേരിൽ അവസാനിക്കേണ്ടത് അല്ല ദാമ്പത്യ ജീവിതം. പിണക്കങ്ങൾക്കും വഴക്കുകൾക്കും ഇടയിൽ യഥാർത്ഥത്തിൽ വേദനിക്കുന്നത് മക്കൾ ആയിരിക്കും.പരസ്പരം തുറന്നു പറച്ചിലുകളിലൂടെയും സ്നേഹത്തിലൂടെയും ആയിരിക്കും ജീവിതം മനോഹരം ആവുക.

തൻസീഹ് വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here