Home Article പഴയ കയ്പേറിയ ഓർമ്മകളിലൂടെ മനസ്സൊന്നു സഞ്ചരിച്ചപ്പോൾ നന്ദന്റെ മിഴികൾ പതിയെ നിറഞ്ഞു.

പഴയ കയ്പേറിയ ഓർമ്മകളിലൂടെ മനസ്സൊന്നു സഞ്ചരിച്ചപ്പോൾ നന്ദന്റെ മിഴികൾ പതിയെ നിറഞ്ഞു.

0

“നന്ദേട്ടാ ഒന്നിങ്ങടു വന്നേ.ഈ ചെക്കൻ കാണിക്കുന്ന വികൃതി കണ്ടോ”

“എന്തുവാ പ്രശോഭാ രാവിലെ തന്നെ തുടങ്ങിയോ മോനുവുമായിട്ടുള്ള അങ്കം”

“നന്ദേട്ടനിതു കണ്ടില്ലേ കിടക്കയും മുറിയുമൊക്കെ അലങ്കോലമാക്കി ഇട്ടിരിക്കുന്നത്”

“അവൻ കുഞ്ഞല്ലേടി”

“പിന്നെ കുഞ്ഞ്.ഒന്നിലാ ചെക്കൻ പഠിക്കുന്നത്.അതും ആൺകുഞ്ഞ്.നല്ല രീതിയിൽ ഇപ്പോഴെ അടിച്ചു വളർത്തിയില്ലെങ്കിൽ വഴിതെറ്റും”

മോൻ ചിണുങ്ങുന്നത് കണ്ടു നന്ദൻ കുഞ്ഞിനെ വാരിയെടുത്തു ആശ്വസിപ്പിച്ചു. അതുകണ്ടതോടെ പ്രശോഭക്കു അരിശം കൂടി

“നിങ്ങളൊരാളാ അവനെ വഷളാക്കുന്നത്.പുന്നരിച്ചു ഒരു പരുവമാക്കി ചെക്കനെ.സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടു വരുന്നവഴി ബേക്കറികട നിരങ്ങിയിറങ്ങി അവനാവശ്യപ്പെടുന്നത് മൊത്തം വാങ്ങി കൊടുക്കും.പിന്നെങ്ങനാ അവൻ വീട്ടിലെ ഭക്ഷണം കഴിക്കുന്നത്”

“എടീ ഞാനൊരുപാടു കൊതിച്ചിട്ടുണ്ട് ചെറുപ്പത്തിൽ ഇതൊക്കെയൊന്നു വാങ്ങിക്കഴിക്കാൻ.പിന്നെ കളിപ്പാട്ടങ്ങൾക്കും കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.എനിക്കു വാങ്ങിത്തരാൻ ആളില്ലായിരുന്നു.അന്നു ഞാൻ കൊതിച്ചതൊക്കെ ഇന്നു മോനു വാങ്ങി കൊടുക്കുന്നു.അത്രയേയുളളൂ”

പഴയ കയ്പേറിയ ഓർമ്മകളിലൂടെ മനസ്സൊന്നു സഞ്ചരിച്ചപ്പോൾ നന്ദന്റെ മിഴികൾ പതിയെ നിറഞ്ഞു.സെന്റിയിൽ നന്ദൻ തന്നെ വീഴ്ത്തുമെന്നറിയാവുന്നതിനാൽ പ്രശോഭ പതിയെ തിരിഞ്ഞു നിന്നു.

എന്തു പറഞ്ഞാലും അവസാനം നന്ദൻ പഴയ ഓർമ്മയുമായി തന്നെ കരയിക്കും.ഇവിടെ താനുമൊപ്പം ചേർന്നാൽ ഇനിയും ഇതൊക്കെ ആവർത്തിക്കാൻ നന്ദേട്ടനു പ്രചോദനമാകും

“നന്ദേട്ടാ അവന്റെ മുന്നിൽ വെച്ചു ഇങ്ങനെ സപ്പോർട്ട് ചെയ്ത് സംസാരിക്കരുത്.അവനത് ശീലമാകും.സ്കൂളിൽ നിന്നുവന്നാൽ ഒരുവക പഠിക്കില്ല.ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ട്.ടീവിയിലെ ഒരുപ്രോഗ്രാം കാണിക്കാൻ സമ്മതിക്കില്ല.കൊച്ചു ടീവിയും ചുട്ടിറ്റീവിയും മാറിമാറി വെക്കും.ഉറങ്ങുന്നത് രാത്രി പതിനൊന്നരക്ക്.ഉണരുന്നത് എട്ടരക്ക് ഇതു ശരിയാവില്ല നന്ദേട്ടാ.അവനു മുമ്പിൽ ഏട്ടൻ എന്നെ വഴക്കു പറയുന്നത് അവനു കൂടുതൽ പ്രോൽസാഹനം”

അത്രയും പറഞ്ഞിട്ട് പ്രശോഭ അടുക്കളയിലേക്കു പോയി.നന്ദൻ പതിയെ മകനെ ആശ്വസിപ്പിച്ചു കിടക്കയിലേക്കു മറിഞ്ഞു.

നന്ദനും പ്രശോഭയും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്.എല്ലായിടത്തും പോലെ ഇരുജാതി ആയിരുന്നതിനാൽ വീട്ടിൽ കടുത്ത എതിർപ്പിനെ നേരിടേണ്ടിവന്നെങ്കിലും ഒറ്റമകളുടെ പട്ടിണിസമരത്തിൽ വീട്ടുകാർ ഒടുവിൽ വിവാഹത്തിനു സമ്മതിച്ചു. മനസ്സുകൊണ്ടിന്നും നന്ദനെ പ്രശോഭയുടെ വീട്ടുകാർക്ക് ഇന്നും ഇഷ്ടമല്ല.

അത് നന്നായി അറിയാവുന്നതിനാൽ പ്രശോഭ നന്ദനെ നിർബന്ധിക്കാറില്ല.ഭാര്യയും മകനും അവരുടെ വീട്ടിൽ പോകുന്നതിനു നന്ദനും എതിർപ്പില്ല.കണ്ണിലെണ്ണയൊഴിച്ച് മക്കളുടെ കാലും കയ്യും വളരുന്നത് ശ്രദ്ധയോടെ വീക്ഷിച്ചു അവർക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണമെന്നു ആഗ്രഹിക്കുന്ന ഒരു മാതാപിതാക്കളും മക്കൾ പ്രണയിച്ചു വിവാഹം കഴിക്കുന്നതിനു എതിർപ്പായിരിക്കും.

അല്ലെങ്കിലും അവരെ കുറ്റം പറയാൻ കഴിയില്ല.വളർത്തിക്കൊണ്ടു വന്നിട്ട് പെട്ടൊന്നൊരു നാളിൽ അവർക്ക് അപരിചിതനായ ഒരാളുടെ കയ്യും പിടിച്ചു മകൾ ഇറങ്ങിപ്പോകുന്നത് സഹിക്കാൻ കഴിയില്ല.മകളുടെ ഇഷ്ടത്തിനു അവർ വഴങ്ങി.എന്നാലും മാതാപിതാക്കൾ നഷ്ടമായ തനിക്കു അവരെ മനസിലാക്കാൻ കഴിയും.താനൊരിക്കലും അവരെ കുറ്റപ്പെടുത്തില്ല.എന്നും മനസ്സു നിറയെ അവരോട് സ്നേഹവും ബഹുമാനവും മാത്രം”

“നന്ദേട്ടാ ഭക്ഷണമെടുത്തുവെച്ചു കഴിക്കാൻ വാ”

പ്രശോഭയുടെ ശബ്ദമാണ് നന്ദനെ ചിന്തയിൽ നിന്നും ഉണർത്തിയത്.ക്ലോക്കിലേക്ക് മിഴികൾ പായിച്ചു.സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നു.മോൻ കരഞ്ഞു കൊണ്ട് നെഞ്ചിൽ കിടന്നുറങ്ങിയിരിക്കുന്നു.ഇന്നും അവനൊന്നും കഴിച്ചിട്ടില്ല.അമ്മയും അച്ഛനും വഴക്കു പറയുന്നത് അവനു സങ്കടമാണ്.താൻ വഴക്കു പറയുന്നതാണ് അവനു സങ്കടം കൂടുതലും.

പ്രശോഭയുടെ വിളി വീണ്ടും കുറച്ചു ഉച്ചത്തിലായി.മോനെയെടുത്തു കിടക്കയിൽ ചരിച്ചു കിടത്തി ബെഡ്ഷീറ്റും മൂടിപ്പുതപ്പിച്ചിട്ട് നന്ദൻ അടുക്കളയിലേക്കു നടന്നു

“മോനുറങ്ങിപ്പോയല്ലേ നന്ദേട്ടാ.പാവമാ.കുറച്ചു കുസൃതിയാ നമ്മുടെ മോൻ.അവനു വേണ്ടീട്ടാ ഞാൻ പറയുന്നെ.നന്ദേട്ടൻ പരിഭവിക്കണ്ട”

നന്ദനൊന്നും പറയാതെ ഊണുകഴിച്ച് എഴുന്നേറ്റു.

കിടക്കറയിലും നന്ദൻ മൗനമായിരുന്നു.പ്രശോഭ കുറച്ചൂടെ നന്ദനോടു ചേർന്നു കിടന്നു പതിയെ നന്ദനെ പുണർന്നു.

“സോറി നന്ദേട്ടാ”

“സാരമില്ലടീ.നീ പറഞ്ഞതൊക്കെ സത്യമാ.ഞാനാ മോനെ വഷളാക്കുന്നത്.നീയവന്റെ നന്മക്കായിട്ടല്ലെ പറഞ്ഞത്.സാരമില്ല”

നിദ്രയുടെ കടാക്ഷം നന്ദനു ലഭിച്ചില്ല.പതിയെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം നേരം വെളിപ്പിച്ചു.

രാവിലെ പ്രസന്നമായ മുഖഭാവത്തോടെയാണു നന്ദൻ മകനുമായി സ്കൂളിലേക്കു യാത്രയായെങ്കിലും മനസ് അലകടലായിരുന്നു.ഓഫീസിലെത്തിയട്ടും ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

പതിവും സമയം കഴിഞ്ഞിട്ടും മോന്റെ സ്കൂൾ വാൻ എത്താതിൽ പ്രശോഭ പരിഭ്രാന്തയായി.സ്കൂളിലേക്കു വിളിച്ചിട്ട് ഫോണെടുക്കുന്നില്ല.നന്ദനെ വിളിച്ചവൾ കാര്യം പറഞ്ഞു.

നന്ദൻ ബൈക്ക് സ്റ്റാർട്ടു ചെയ്ത സമയത്താണ്‌ മൊബൈൽ ശബ്ദിച്ചത്.പരിചയമില്ലാത്ത നമ്പർ .എങ്കിലും കോൾ അറ്റെൻഡ് ചെയ്തു.

“യെസ് നന്ദൻ സ്പീക്കിങ്”

“ഇത് സ്ബ് ഇൻസ്പെക്ടർ മാഥവ് ആണ്. താങ്കൾ താലൂക്ക് ആശുപത്രി വരെ വേഗം എത്തണം”

അത്രയും പറഞ്ഞു കോൾ കട്ടായി.നന്ദൻ അമിതവേഗതയിൽ താലൂക്കാശുപത്രിയിലേക്കു പാഞ്ഞു.

“മോനിനി എന്തെങ്കിലും അപകടം. ദൈവമേ അവനൊന്നും വരുത്തരുതേ.ആകെക്കൂടിയുള്ളത് ഒരാളാണ്. അതും ഒരുപാട് നേർച്ചകൾ കഴിച്ചിട്ട് ഉണ്ടായ സന്തതി.ഒരുപാട് താമസിച്ചു കിട്ടിയതിനാൽ അവനെ ഒരുപാട് താലോചിച്ചാണു വളർത്തിയത്.തന്റെ ഭൂമിയിലെ ഏക രക്തബന്ധവും”

ചിന്തകൾക്കൊടുവിൽ ആശുപത്രിയിൽ എത്തിയതറിഞ്ഞില്ല.കാഷ്വാലിറ്റിയിൽ തിരക്കുമ്പോഴേക്കും ഒരുകരം കൈത്തോളിൽ മെല്ലെ അമരുന്നത് നന്ദൻ അറിഞ്ഞു.

മുമ്പിൽ ഇൻസ്പെക്ടർ മാഥവ്

“നന്ദൻ വരൂ”

നന്ദനെയും കൂട്ടി മാഥവ് അകത്തേക്കു നടന്നു.

“നന്ദൻ വരൂ”

നന്ദനെയും കൂട്ടി മാഥവ് അകത്തേക്കു നടന്നു.

ഐസിയൂവിന്റെ മുമ്പിൽ നന്ദൻ കണ്ടു.തൂവള്ളവിരിയിൽ മൂടിയിട്ടിരിക്കുന്ന അഞ്ചാറു കുഞ്ഞു ശരീരങ്ങൾ

“സാർ എന്റെ മകനെന്തുപറ്റി”

“നന്ദൻ പ്ലീസ് ഞാൻ പറയുന്നത് ശാന്തമായി കേൾക്കണം.വാനിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു.ബസുമായി കൂട്ടിമുട്ടുകയായിരുന്നു വാൻ.ആറു കുഞ്ഞുങ്ങൾ മരിച്ചു.അതിലൊന്ന്..”

ഇൻസ്പെക്ടർ പാതിയിൽ നിർത്തി

സർവ്വവും മറന്നു നന്ദൻ അലറിക്കരഞ്ഞു

“എന്റെ മകനേതാണെങ്കിലും പറയ്.ഞാനവന്റെ മുഖമെങ്കിലും ഒന്ന് കാണട്ടേ.പ്ലീസ് സർ”

ഇൻസ്പെക്ടർ ചൂണ്ടിക്കാണിച്ച ബോഡിയുടെ മൂടി പതിയെ മാറ്റി നന്ദൻ.തന്റെമോൻ ശാന്തമായി ഉറങ്ങുന്നതുപോലെ നന്ദനു തോന്നി.പതിയെ കുനിഞ്ഞു അവന്റെ നെറ്റിയിലൊരു മുത്തം നൽകിയപ്പോൾ നന്ദന്റെ സർവ്വ നിയന്ത്രണവും വിട്ടു.നന്ദൻ വലിയവായിൽ നിലവിളിച്ചെങ്കിലും ഗദ്ഗദം കാരണം ശബ്ദം പുറത്തേക്കു വന്നില്ല.ഇൻസ്പെക്ടർ പതിയെ നന്ദനെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു ഒരുകസേരയിൽ കൊണ്ടിരുത്തി.നിമിഷങ്ങൾക്കകം ആശുപത്രി യിൽ കൂട്ടക്കരച്ചിലായി.മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ നിലവിളികൾ കഠിനഹൃദയനായ മാഥവിനെപ്പോലും കണ്ണീരിലാഴ്ത്തി.

പ്രശോഭ മാറിമാറി നന്ദന്റെ മൊബൈലിൽ വിളിച്ചുകൊണ്ടിരുന്നു.വിളിച്ചപ്പഴെല്ലാം സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയും.ശരീരമാകെ നീറിപ്പുകഞ്ഞ് എരിയുന്ന മനസ്സുമായി പ്രശോഭ അകത്തെ മുറിയിൽ ഉഴറി നടക്കുമ്പോഴാണു ആമ്പുലൻസിന്റെ സൈറൺ വിളി.അതുവന്ന് തങ്ങളുടെ വീടിനുമുമ്പിലാണെന്ന തിരിച്ചറിവിൽ അവൾ നടുങ്ങിത്തെറിച്ചു.ഓടി വാതിക്കൽ വരുമ്പഴേ അവൾ കണ്ടു.ആംബുലൻസിന്റെ പിറകുവശത്തു നിന്നും നന്ദൻ വാടിത്തളർന്നിറങ്ങുന്നു.മുമ്പോട്ട് കുതിക്കാനാഞ്ഞ കാലുകൾ നിശ്ചലമായപ്പോൾ അവളറിഞ്ഞു.ഒരുകുഞ്ഞു ശരീരം വെള്ളമൂടി കൊണ്ടുവരുന്നു.

എന്റെ മോനെയെന്നവൾ വിളിക്കുമ്പോഴേക്കും പ്രശോഭയുടെ ബോധം മറഞ്ഞു.അവളുണരുമ്പോൾ നന്ദന്റെ മടിയിൽ തലചായ്ച്ച് കിടക്കുക യായിരുന്നു.ഇമകൾ പൊടുന്നനെ ആരെയോ തേടി.കത്തിച്ചുവെച്ച നിലവിളക്കിനു താഴെ ചന്ദനത്തിരിയുടെ ഗന്ധവുമേറ്റു മോൻ ശാന്തമായി ഉറങ്ങുന്നു.

തൊണ്ടപൊട്ടുമാറുച്ചത്തിൽ കരഞ്ഞുകൊണ്ടവൾ ആ കുഞ്ഞു ശരീരം വാരിയെടുത്തു ഒരായിരം ഉമ്മകൾ നൽകി.പതം പറഞ്ഞുളള അവളുടെ നിലവിളി അവിടെ കൂടിനിന്നവരുടെ ചങ്കു പിളർത്തി

ബോഡി എടുക്കണ്ട സമയമായപ്പോൾ ആരു കർമ്മം ചെയ്യുമെന്നായി.താൻ ചെയ്തോളാമെന്ന് നന്ദൻ പറഞ്ഞു. ബോഡിയെടുത്തപ്പോൾ അതുവരെ അടക്കിപ്പിടിച്ച നന്ദന്റെ സങ്കടങ്ങൾ പെരുമഴയായി പെയ്തിറങ്ങി.

ആയിരങ്ങൾ സാക്ഷിയായി ആ കുഞ്ഞു ശരീരത്തെ അഗ്നി വിഴുങ്ങുമ്പോൾ നന്ദന്റെയും പ്രശോഭയുടെയും മനസ്സിൽ നികത്താനാകാത്ത വലിയൊരു ശൂന്യത അനുഭവപ്പെട്ടു.ഊണും ഉറക്കവുമില്ലാത്ത ദിനരാത്രങ്ങൾ. ചിലസമയങ്ങളിൽ രണ്ടുപേരും കൂടി കെട്ടിപ്പിടിച്ചു കരയും.

മോന്റെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കാണുമ്പോൾ മനസ്സ് വല്ലാതെ വിങ്ങിയിരുന്നു അവരുടെ.നന്ദൻ ജോലിക്കു പോയിട്ടു തന്നെ ഇപ്പോൾ മാസം ആറായി.ലീവ് നീട്ടിക്കൊണ്ടിരുന്നു.

മകന്റെ ഓർമ്മയിൽ നിന്നും കുറച്ചൊക്കെ വിടുതൽ കിട്ടിയപ്പോൾ നന്ദൻ പതിയെ ഓഫീസിലേക്കു മടങ്ങി. പ്രശോഭക്കു ചെറിയൊരു ജോലി കണ്ടെത്തി.അവൾ വീട്ടിൽ കുത്തിയിരുന്നാൽ കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുമെന്ന് നന്ദനറിയാമായിരുന്നു.

ഞായറാഴ്ച ദിവസം ടീവി കണ്ടുകൊണ്ടിരുന്നപ്പോഴാണു അവർ ആ കവിത ടീവിയിൽ ഒരമ്മ ചൊല്ലുന്നത് കണ്ടത്

“അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴുക അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണുനീർ”

കവിതകേട്ടതെ പലപല ഓർമ്മകളും അവരുടെ മനസിൽ നിറഞ്ഞു.

“വയ്യ പ്രശോഭേ ഇങ്ങനെ എരിതീയിൽ നീറി നീറി ജീവിക്കാൻ വയ്യ.ഇതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്”

“ശരിയാണ് നന്ദേട്ടാ.നമ്മൾ ആർക്കായിട്ടാണു ജീവിക്കുന്നത്‌.ഏകമകനുള്ളത് അവനും പോയി.ഇനിയൊരു കുഞ്ഞുമില്ല.പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ ഉമിത്തീയിലെരിയുന്നത്.മോന്റെ കൂടെ അവിടെ ചെന്നാൽ അവനും നമുക്കും സന്തോഷമാകും.”

“ശരിയാണു ..ആതമഹത്യതന്നെയാണു ഇതിനു പരിഹാരം”

ഉച്ചഭക്ഷണത്തോടൊപ്പം വിഷം കലർത്താമെന്നവർ തീരുമാനം എടുത്തു. നന്ദൻ കടയിൽ നിന്നും അതു വാങ്ങിക്കൊണ്ടുവന്നു.ഭക്ഷണം വിളമ്പി അതിൽ വിഷം ചേർത്തു ഉരുകളാക്കി പരസ്പരം കൈമാറുന്നതിനിടയിൽ പ്രശോഭ ശർദ്ദിച്ചു.അതു തുടർന്നപ്പോൾ നന്ദൻ അവളെയും കൂട്ടി ആശുപത്രിയിൽ എത്തി.വിശദമായ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ നന്ദനെ അകത്തേക്കു വിളിപ്പിച്ചു.

“മിസ്റ്റർ നന്ദൻ.ഭാര്യയെല്ലാം എന്നോടു പറഞ്ഞു. ആത്മഹത്യചെയ്യാൻ ഒരുങ്ങിയത്.എന്തായാലും നിങ്ങൾ ഉടനെ മരിക്കണ്ടവരല്ല.ഈശ്വരൻ കരുണയുളളവനാണ്.ഒരു കുഞ്ഞിനെ ദൈവം വിളിച്ചപ്പോൾ മറ്റൊരു കുഞ്ഞിനെ നൽകി ആ വലിയ ശക്തി നിങ്ങളിൽ കാരുണ്യം ചൊരിഞ്ഞിരിക്കുന്നു.പ്രശോഭ പ്രഗ്നന്റാണു.നന്ദൻ വീണ്ടും ഒരച്ഛനാകാൻ പോകുന്നു”

കേട്ടവാർത്ത വിശ്വസിക്കാനാവാതെ നന്ദൻ തരിച്ചു നിന്നു.ദൈവം എങ്ങനെയെല്ലാം പരീക്ഷിക്കുന്നു.വിഷം കഴിച്ചിരുന്നെങ്കിൽ അറിയാതെയെങ്കിലും ഒരു കുഞ്ഞുജീവനെ കൊലചെയ്യണ്ടി വരുമായിരുന്നു.

ഡോക്ടറോട് നന്ദി പറഞ്ഞു ഇരു കൈകളിലും ഫ്രൂട്ട്സും ബേക്കറിയും വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി.

രാത്രിയിൽ കിടക്കയിൽ തന്റെ നെഞ്ചോടു ചേർന്ന് കിടന്ന പ്രശോഭയെ നോക്കി പറഞ്ഞു.

“നമ്മുടെ മോൻ പുനർജനിക്കും നിന്നിലൂടെ.അവനെത്തന്നെ ദൈവം നമുക്ക് തരും.നമ്മൾ ആരെയും ദ്രോഹിച്ചിട്ടില്ല.ആദ്യത്തെ കുഞ്ഞിനു പകരമാകില്ലെങ്കിലും നമ്മുടെ ഈ കുഞ്ഞിനായി നമ്മളിനിയും ജീവിക്കണം.അതാണ് ഈശ്വര നിശ്ചയം”

“അതെ നന്ദേട്ടാ.നമ്മളൊന്ന് തീരുമാനിക്കുന്നു.ഈശ്വരൻ മറ്റൊന്ന് വിധിക്കുന്നു”

പുറത്തു പൂനിലാവ് കൂടുതൽ മനോഹാരിയായിരുന്നു.എന്നെത്തെക്കാളും ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു”

ശുഭം

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here