Home തൈപറമ്പ് ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ...

ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം…

0

രചന : Saji Thaiparambu

“ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ,
പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം”

ഭർത്താവ് ഷെഫീക്കിന്റെ വാക്കുകൾ, അവളുടെ മനസ്സിൽ കൂരമ്പുകൾ പോലെയാണ് തറച്ചത്.

“ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞല്ലോ, കുറച്ചു നാളു കൂടി ചികിത്സിച്ചാൽ ഞാൻ ഗർഭിണിയാകുമെന്ന്”

“അതൊക്കെ ഹോസ്പിറ്റലിന് വരുമാനം ഉണ്ടാക്കാൻ വേണ്ടിയുള്ള, അവരുടെ ഓരോ അടവുകൾ അല്ലേ? ഇനി ഞാൻ എങ്ങോട്ടുമില്ല , മടുത്തു, വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കണം”

അയാള് അസന്നിഗ്ധമായി പറഞ്ഞു.

“വേറെന്തു വഴിയാണ്ക്കാ”

പ്രതീക്ഷയോടെ അവൾ ചോദിച്ചു.

“ഞാൻ മറ്റൊരു വിവാഹം കൂടി കഴിക്കാം അല്ലാതെ വേറെ മാർഗമൊന്നുമില്ല”

ഞെട്ടലോടെയാണ് സുലേഖ, അത് ശ്രവിച്ചത്.

“അപ്പോൾ നിങ്ങളുടെ മനസ്സിലിരിപ്പ് ഇതായിരുന്നു അല്ലേ? ഞാൻ അതിനു സമ്മതിച്ചിട്ട് വേണ്ടേ?

“അതിന് നിൻറെ സമ്മതം ആർക്കുവേണം, എടി, മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം ,ഞാനെന്തായാലും രണ്ടാമതൊന്ന് കൂടി കെട്ടാൻ തീരുമാനിച്ചു”

എല്ലാം ഉറപ്പിച്ചത് പോലെയായിരുന്നു ഷെഫീക്കിന്റെ നിലപാട്.

“ഉം, ശരി, നിങ്ങളുടെ തീരുമാനമതാണെങ്കിൽ എനിക്കും ചിലത് പറയാനുണ്ട്”

The app was not found in the store. :-(

“എന്താണാവോ ഭവതിക്ക് ഉണർത്തിക്കുവാനുള്ളത്”

അയാൾ പരിഹാസത്തോടെ ചോദിച്ചു.

“ഇന്ന് വരെ, എന്റെ മാത്രം ഭർത്താവായിരുന്ന നിങ്ങളെ, ഇനി മുതൽ മറ്റൊരുവളോടൊപ്പം പങ്ക് വച്ച് ജീവിക്കാൻ എനിക്കൊട്ടുo താല്പര്യമില്ല, അത് കൊണ്ട് ഞാൻ പോകുന്നു, വക്കീലിനെ കണ്ട് ഒരു മൂച്ച്വൽ ഡൈവോഴ്‌സിനുള്ള ,പെറ്റീഷൻ ഫയൽ ചെയ്തോളു, ഒപ്പിട്ട് തരാൻ, ഞാൻ തയ്യാറാണ്”

സീരിയസ്സായിട്ടാണ്, അവളത് പറഞ്ഞെതെന്ന് ഷെഫീക്കിന് മനസ്സിലായത് , വലിയൊരു ട്രോളിബാഗുമായി അവൾ പടിയിറങ്ങി പോയപ്പോഴാണ്.

ആറ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മകൾ തിരിച്ച് വന്നപ്പോൾ, അവളെ പറഞ്ഞ് തിരുത്താൻ അവളുടെ മാതാപിതാക്കൾ തുനിഞ്ഞില്ല.

കാരണം, വിദ്യാസമ്പന്നയായ മകൾ വിവേകപൂർവ്വമായിട്ടേ, ഒരു ഉറച്ച തീരുമാനമെടുക്കു, എന്നവർക്ക് മുൻ അനുഭവങ്ങളിൽ നിന്നും ബോധ്യമായാരുന്നു.

ഒരു ദിവസം രജിസ്റ്റേർഡ് പോസ്റ്റിൽ വന്ന ഡൈവോഴ്‌സ് നോട്ടീസിൽ അവൾ യാതൊരു മടിയും കൂടാതെ ഒപ്പിട്ടയച്ചു.

നിയമപരമായി ബന്ധം വേർപ്പെട്ടന്നറിഞ്ഞപ്പോൾ, സുലേഖ ആദ്യം ബാപ്പയോട് ആവശ്യപ്പെട്ടത്, തനിക്ക് രണ്ടാമതൊരു വിവാഹം ആലോചിക്കുന്നതിനെക്കുറിച്ചാണ്

“അയാളുടെ മുന്നിൽ, എനിക്കും ഭർതൃമതിയായിട്ട് അന്തസ്സോടെ ജീവിക്കണം ബാപ്പ, അതിന് അയാളെക്കാൾ മുന്നെ , എന്റെ നിക്കാഹ് നടത്തിത്തരണം”

ഭാര്യ മരിച്ചിട്ട് നാല് വയസ്സുളെളാരു മകനുമായി, ഉമ്മയോടൊപ്പം കഴിയുന്ന ഉനൈസായിരുന്നു സുലേഖയെ വിവാഹം കഴിച്ചത് .

“നിനക്ക് കുട്ടികളില്ലാത്തത് കൊണ്ടാണ്, നിന്റെ ആലോചന വന്നപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിക്കാതെ ഇതിന് സമ്മതിച്ചത് ,അത് മറ്റൊന്നുമല്ല, എന്റെ മോനെ ആത്മാർത്ഥമായി സ്നേഹിക്കാൻ നിനക്ക് കഴിയുമല്ലോ, എന്നോർത്തിട്ട്”

ആദ്യരാത്രിയിൽ ഉനൈസ് അത് പറഞ്ഞപ്പോൾ, സുലേഖയ്ക്ക് വല്ലാത്തൊരു വീർപ്പ് മുട്ടലനുഭവപ്പെട്ടു ,എങ്കിലും ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതി, അവൾ ഉനൈസിന്റെ ആലിംഗനത്തിന് വിധേയയായി.

#########$$$₹₹########

ഈ സമയം ഷെഫീക്കിന്റെ രണ്ടാം ഭാര്യ നസീമ ,പത്രം വായിച്ച് കൊണ്ട് കോലായിലിരുന്ന ഷെഫീക്കിന്റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു.

“അതേ … എനിക്ക് ഇപ്രാവശ്യം കുളി തെറ്റിയിരിക്കുവാ, സാധാരണ പതിനഞ്ച് കഴിയുമ്പോൾ ആകേണ്ടതാണ് ,എനിക്കൊരു സംശയം, നമുക്കൊന്ന് വൈകുന്നേരം ഡോക്ടറെ കാണാൻ പോകണം കെട്ടോ”

അത് കേട്ടപ്പോൾ ,ഷെഫീക്ക് ചാടിയെഴുന്നേറ്റ്, പരിസരം മറന്ന് അവളെ ,കെട്ടിപ്പിടിച്ചു.

“നീയാണെടി, എന്റെ മുത്ത്”

“അയ്യേ.. എന്നെ വിട് ,നിങ്ങള് എന്താ ഈ കാണിക്കുന്നത് ,അപ്പുറത്തും ഇപ്പുറത്തുമൊക്കെ ആൾക്കാരുണ്ട്”

ലജ്ജയോടെ ,നസീമ അവന്റെ പിടിയിൽ നിന്നും കുതറി മാറി.

വൈകിട്ട്, ഡോക്ടർ നസീമയെ വിശദമായി പരിശോധിച്ചു .

അടുത്ത് തന്നെയുള്ള ലാബിൽ, പ്രെഗ്നോകാർഡ് ടെസ്റ്റും നടത്തി.

പക്ഷേ നെഗറ്റീവായിരുന്നു ഫലം,
എന്നാൽ നസീമയുടെ വയറിലെ ഘനം കണ്ട് സംശയം തോന്നിയ ഡോക്ടർ സ്കാനിങ്ങും കൂടെ നടത്തി.

അപ്പോഴാണ്, അവർ ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത് ,നസീമയുടെ ഗർഭപാത്രത്തിൽ നിറയെ ചെറിയ മുഴകളാണെന്നും എത്രയും വേഗം യൂട്രസ്,റിമൂവ് ചെയ്തില്ലെങ്കിൽ അപകടമാണെന്നും.

നസീമയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോൾ ,ഗത്യന്തരമില്ലാതെ
ഷെഫീക്ക് സമ്മതപത്രം ഒപ്പിട്ട് കൊടുത്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ,സർജറി വാർഡിൽ നിന്നും ഡിസ്ചാർജ് വാങ്ങി നസീമയുമായി ,കോറിഡോറിലൂടെ നടന്ന് വരുമ്പോൾ ,അയാൾ സുലേഖയെക്കുറിച്ചോർത്തു.

പ്രസവിച്ചില്ലെങ്കിലും അവൾക്ക് ആരോഗ്യമുള്ളൊരു ഗർഭപാത്രമുണ്ടായിരുന്നു, എന്നെങ്കിലും പ്രസവിക്കുമെന്ന ഉറപ്പും അവള് പറഞ്ഞിരുന്നതാണ് ,
പക്ഷേ തന്റെ ക്ഷമയില്ലായ്മയാണ് എല്ലാത്തിനും കാരണം.

അയാൾ സ്വയം ശപിച്ച് കൊണ്ട് ഓപി ബ്ലോക്കിലൂടെ നടക്കുമ്പോൾ,
ഗൈനക്കോളജിസ്റ്റിന്റെ റൂമിന് മുന്നിലെ ചാര്ബഞ്ചിൽ അവളിരിക്കുന്നു, “സുലേഖ” കൂടെ അവളുടെ കെട്ടിയോനുമുണ്ട്.

ദൂരെ നിന്ന് നടന്ന് വരുന്ന ഷെഫീക്കിനെ ,സുലേഖയും കണ്ടിരുന്നു.

പെട്ടെന്ന് തന്നെ അവൾ, ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.

“ഈ സമയത്ത് ഇങ്ങനെ ചാടിയെഴുന്നേല്ക്കരുതെന്നറിയില്ലേ സുലു”

അവളുടെ ഭർത്താവ് അവളെ ,സ്നേഹപൂർവ്വം ശകാരിക്കുന്നത് ഷെഫീക്ക് കേട്ടു .

“അതൊക്കെ മൂന്ന് മാസം മുമ്പല്ലേ ഇക്കാ ,ഇപ്പോൾ മാസം അഞ്ച് കഴിഞ്ഞു ,ഇനി നിങ്ങള് പേടിക്കണ്ട,
നിങ്ങക്ക് ഞാനൊരു തങ്കക്കുടം പോലൊരു കുഞ്ഞിനെ പ്രസവിച്ച് തരും, പോരെ”

പൊന്തി നില്ക്കുന്ന തന്റെ വയറിൽ, വലത് കൈ കൊണ്ട് തടവി ,ഇടത് കൈ നടുവിന് കുത്തിക്കൊണ്ട്, സുലേഖയത് പറഞ്ഞത് തന്നെ കേൾപ്പിക്കാനാണെന്ന്, ഷെഫീക്കിന് മനസ്സിലായിരുന്നു

അതിന് തക്ക മറുപടി കൊടുക്കണമെന്ന് ഷെഫീക്കിന് തോന്നിയെങ്കിലും, ഇനിയൊന്ന് കൂടെ കെട്ടി, മറ്റൊരു പരീക്ഷണത്തിനൊരുങ്ങാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു.

രചന
സജി തൈപറമ്പ് .

LEAVE A REPLY

Please enter your comment!
Please enter your name here