Home Article അലർച്ചയും കരച്ചിലും കേട്ടു വന്ന ഇളയ മക്കൾ കണ്ടത്

അലർച്ചയും കരച്ചിലും കേട്ടു വന്ന ഇളയ മക്കൾ കണ്ടത്

0

ഇന്നാണ് ആ കബറടക്കം..

പള്ളിപറമ്പിലെ ആറടി മണ്ണിൽ ആ ഉമ്മയേയും ആ കുടുംബത്തെ അറിയാവുന്നവരുടെ മനസ്സിൽ ആ മകളെയും കബറടക്കിയ ദിവസം ആണ് ഇന്ന്.

2 മാസങ്ങൾക്ക് മുൻപ് ആയിരുന്നു ജമീലത്തയുടെ മകൾ സമീറയുടെ കല്യാണം.

ഇളയ കുട്ടിക്ക് 1 വയസ്സ് പോലും തികയാത്ത സമയത്ത് ആ മക്കളെയും തന്നെയും ഇവിടെയാക്കി നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ വാപ്പ ഇല്ലാത്ത കുറവ് ഒരിക്കൽ പോലും അറിയിക്കാതെ ആണ് ആ ഉമ്മ മക്കളെ വളർത്തി വലുതാക്കിയത്.

അറിയാവുന്നവരുടെയും ബന്ധുക്കളുടെയും വീടുകളിൽ പണിക്ക് പോയാണ് വാപ്പ മരിച്ച സമീറയെയും 2 അനിയത്തിമാരെയും ജമീലത്ത നോക്കിയിരുന്നത്. പണിക്ക് പോകുന്ന വീടുകളിൽ നിന്ന് കിട്ടിയിരുന്ന ഭക്ഷണം കഴിച്ചായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. ചില ദിവസങ്ങളിൽ കിട്ടിയിരുന്ന ഭക്ഷണം മക്കൾക്ക് കൊടുത്തു കഴിഞ്ഞാൽ ബാക്കി ഉണ്ടാകില്ല, അങ്ങിനെയുള്ള ദിവസങ്ങളിൽ പച്ചവെള്ളം കുടിച്ചാണ് ആ ഉമ്മ ഉറങ്ങിയിരുന്നത്. എങ്കിലും അതൊന്നും ആ ഉമ്മ മക്കളെ അറിയിച്ചിരുന്നില്ല. തന്റെ നല്ല സമയം ആ മകൾക്ക് വേണ്ടി മെഴുകുതിരി ഉരുകുന്ന പോലെ ഉരുക്കി തീർത്തു ആ ഉമ്മ. നല്ല പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് നമ്മുടെ സമൂഹം കൊടുക്കുന്ന എല്ലാ അവഗണനകളും ഉപദ്രവങ്ങളും അനുഭവിച്ചെങ്കിലും വീണുപോകാവുന്ന പ്രലോഭനങ്ങൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും ചീത്ത പേര് കേൾപ്പിച്ചിട്ടില്ല ആ ഉമ്മ.

നാളെ തന്റെ വിധി ആ മക്കളിൽ ആർക്ക് ഉണ്ടായാലും തനിയെ ജീവിക്കാൻ തന്നെ പോലെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ എന്തെങ്കിലും ജോലി എടുക്കാനും അവർക്ക് കഴിയണം എന്ന ഉദ്ദേശത്തോട് കൂടി ആണ് ആ ഉമ്മ മക്കളെ പഠിപ്പിക്കാൻ വിട്ടിരുന്നത്. ഫീസുകൾ പലപ്പോഴും മുടങ്ങിയിരുന്നെങ്കിലും അവരുടെ വീട്ടിലെ അവസ്‌ഥ അറിയുന്ന ടീച്ചർമാർ ആ കുട്ടികളെ പുറത്താക്കിയിരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അവർ ഫീസ് മുഴുവനും അടക്കും എന്നവർക്ക് അറിയാമായിരുന്നു. സ്കൂൾ തുറക്കുന്ന സമയത്തൊക്കെ ആ ഇത്ത ഒരുപാട് കഷ്ടപെട്ടിരുന്നു, ആ മൂന്ന് മക്കൾക്കുമുള്ള പുസ്തകങ്ങളും ബാഗും യൂണിഫോമും എല്ലാം ഒരേ പോലെ സംഘടിപ്പിക്കാൻ.

പണിക്ക് പോയി കിട്ടുന്നതും നാട്ടുകാർ നൽകിയ സഹായങ്ങളും കൊണ്ട് മൂത്ത മകളെ ഡിഗ്രി വരെ പഠിപ്പിച്ചു ആ ഉമ്മ. നാളെ താൻ ഇല്ലാതായാലും അനിയത്തിമാർക്ക് ഒരു കൂട്ടായി സമീറ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് ആ ഉമ്മ അവളെ പഠിപ്പിച്ചത്.

പഠിത്തം കഴിഞ്ഞ ഉടനെ വന്ന നല്ലൊരു ആലോചന അവളുടെ കൂടെ സമ്മതത്തോടെ നടത്താൻ ഒരുങ്ങി ജമീൽത്ത.

പയ്യൻ ദുബായിൽ ഒരു കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആണ്. മാസം 1 ലക്ഷത്തിന് മുകളിൽ ശമ്പളം ഉണ്ട്. വീട്ടിലെ ആകെയുള്ള ഒരു മകൻ ആണ്. കല്യാണത്തിനായി മാത്രം ലീവിന് വന്ന പയ്യന് പോകാൻ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് സമീറയെ കാണാൻ വന്നത്. രണ്ടു പേർക്കും വീട്ടുകാർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് പയ്യൻ പോകുന്നതിന് മുൻപ് വിവാഹം നടത്താൻ തീരുമാനം ആയി.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താൽ 70 പവൻ സ്വർണം കൊടുത്ത് ആ വിവാഹം മംഗളമായി കഴിഞ്ഞു. സമീറക്ക് നല്ലൊരു ഭർത്താവായും ആണ്മക്കൾ ഇല്ലാത്ത ജമീൽത്തക്ക് മൂത്ത മകനായും ഇക്കാക്കമാർ ഇല്ലാത്ത അനിയത്തികുട്ടികൾക്ക് മൂത്ത ഇക്കയായും സുബൈർ ആ വീട്ടിൽ കയറി. ഇനിയെങ്കിലും തന്റെ അവസ്ഥയിൽ മാറ്റം വരും എന്ന് ആ ഉമ്മ ആശിച്ചു. അതേ സമയം പെണ്മക്കൾ ഇല്ലാത്ത സുബൈറിന്റെ വീട്ടിലെ മകളായി അവർ സമീറയേയും സ്വീകരിച്ചു.

കല്യാണത്തിന്റെ സന്തോഷം കുറച്ച് ദിവസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. വിവാഹം കഴിഞ്ഞ് 12 ദിവസം പോലും തികയുന്നതിന് മുന്നേ ലീവ് തീർന്ന സുബൈർ തിരിച്ച് ദുബായിലേക്ക് പോയി. പക്ഷെ ഉടൻ മടങ്ങി വരും എന്ന് പ്രിയതമക്ക് വാക്കും നൽകിയാണ് സുബൈർ യാത്ര തിരിച്ചത്.

തന്റെ മൂത്ത മകൻ പോകുന്ന സങ്കടത്തിൽ ജമീൽത്തയും ഇക്കാക്ക പോകുന്ന വിഷമത്തിൽ അനിയത്തിമാരും സുബൈറിനെ യാത്രയാക്കിയപ്പോൾ സമീറയുടെ മുഖത്ത് മാത്രം ഒട്ടും സങ്കടം കണ്ടില്ല ആരും, പകരം ദേഷ്യം ആയിരുന്നു. ചോദിച്ചവരോട് എല്ലാം അവൾ പറഞ്ഞത് കല്യാണം കഴിഞ്ഞ് ഒരുമിച്ച് ഒരു യാത്ര പോലും പോകാൻ കഴിയാത്തതിന്റെ ദേഷ്യം ആണെന്നാണ്. അധികം വൈകാതെ ഞാൻ തിരിച്ച് വരാം, തിരിച്ച് വന്നാൽ ഉടൻ നമുക്ക് മാത്രമായി കുറച്ച് ദിവസത്തേക്ക് ഒരു നീണ്ട യാത്ര പോകാം എന്നൊക്കെ പറഞ്ഞ് സമീറയെ സമാധാനിപ്പിച്ച് ആണ് സുബൈർ മണലാരണ്യത്തിലേക്ക് തിരിച്ച് യാത്രയായത്.

തുടർന്നുള്ള ദിവസങ്ങളിൽ അവർ ഇന്റർനെറ്റിലൂടെ ജീവിച്ചു. വഴക്കുകളോ പരാതികളോ ഇല്ലാതെ.

കല്യാണം കഴിഞ്ഞ് പോയി 1 മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് സുബൈർ ആ സന്തോഷ വാർത്ത വീട്ടിലും സമീറയേയും അറിയിച്ചത്. തനിക്ക് കമ്പനി ഒരു മാസത്തെ ലീവ് കൂടി തന്നിട്ടുണ്ട്. തിങ്കളാഴ്ച്ച താൻ നാട്ടിൽ എത്തും. ഈ വരവിൽ സമീറക്ക് ഒരു സർപ്രൈസ് കൂടി ഉണ്ട് എന്നും പറഞ്ഞാണ് സുബൈർ ഫോണ് കാട്ടാക്കിയത്. ഈ വാർത്ത അറിഞ്ഞ 2 വീടുകളിലും സന്തോഷം അലതല്ലി.
പക്ഷെ ആ സന്തോഷങ്ങൾക്ക് ഞായറാഴ്‌ച്ച രാത്രി വരെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ഞായറാഴ്‌ച്ച രാത്രി എല്ലാവരും ഉറങ്ങിയ ശേഷം കോളേജിൽ പഠിച്ചിരുന്ന സമയത്ത് പരിചയപ്പെട്ട തന്റെ കാമുകനോടൊപ്പം സമീറ ഇറങ്ങി പോയി. പോയ കൂട്ടത്തിൽ അവൾക്ക് നാട്ടുകാർ കൊടുത്ത സ്വർണവും കൂടെ വീട്ടിൽ ഉണ്ടായിരുന്ന പണവും എല്ലാം കൊണ്ടുപോയി. തിങ്കളാഴ്‌ച്ച നേരം പുലർന്നത് സമീറയുടെ ഒളിച്ചോട്ട വാർത്ത കേട്ടാണ്.

എല്ലാ ദിവസവും സാധാരണ ഉമ്മാനെ വിളിക്കാറുള്ള സമീറയുടെ വിളി കാണാതെ ജമീൽത്ത സമീറയെ വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫാണ് എന്നാണ് അറിഞ്ഞത്. അങ്ങിനെ സംഭവികാത്തത് കൊണ്ട് അവർ ഉടനെ സുബൈറിന്റെ ഉമ്മയെ വിളിച്ചു. അപ്പോഴാണ് തന്റെ മകൾ ആരുടെയോ കൂടെ ഓടി പോയി എന്ന ആ നടുക്കുന്ന വാർത്ത അവർ അറിഞ്ഞത്. തന്റെ മകൾ ആരുടെയോ കൂടെ പോയി എന്ന വാർത്ത തങ്ങാൻ കഴിയാത്ത ആ ഹൃദയം തകർന്നു. അത് അറ്റാക്കിന്റെ രൂപത്തിൽ പുറത്ത് വന്നു.
അലർച്ചയും കരച്ചിലും കേട്ടു വന്ന ഇളയ മക്കൾ കണ്ടത് നെഞ്ചിൽ കൈ വെച്ച് കരയുന്ന ഉമ്മയെ ആണ്. ഒരാൾ പുറത്തേക്ക് ഓടി അടുത്ത വീട്ടിലെ ശോഭചേച്ചിയെ വിളിച്ച് കൊണ്ടു വന്നു. അപ്പോഴേക്കും മറ്റയാൾ ഒരു ഗ്ലാസ് വെള്ളം കൊടുത്തിരുന്നു. ശോഭചേച്ചിയും മക്കളും കൂടി സമദ്ക്കയുടെ ഓട്ടോയിൽ നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രയിൽ എത്തിയ ജമീൽത്തയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആക്കി.

*ഇതേ സമയം ഇതൊന്നും അറിയാതെ ഭാര്യയെ സിംഗപ്പൂരിലേക്കും അവിടെ നിന്ന് ദുബായിലേക്ക് സ്ഥിര താമസത്തിന് കൊണ്ടു പോകാനുള്ള ടിക്കറ്റും വിസയും കൂടെ അവർക്ക് താമസിക്കാനുള്ള വീട് ദുബായിൽ ശെരിയാക്കി, അതിന് പുറമെ അനിയത്തിമാർക്കും ഉമ്മാക്കും ഉള്ള വസ്ത്രങ്ങളും മറ്റു പൊതികളുമായി സുബൈർ കയറിയ വിമാനം നെടുമ്പാശ്ശേരി എയർപോര്ട്ടിൽ ഇറങ്ങിയിരുന്നു.* വീട്ടിലേക്കുള്ള യാത്രയിൽ തന്നെ സുബൈർ ആ വാർത്ത അറിഞ്ഞ് തളർന്ന് പോയി.

പെണ്ണ് കാണാൻ പോയ അന്ന് മുതൽ അവസാനം വിളിച്ച ഇന്നലെ വൈകുന്നേരം വരെ അവൾ ഇങ്ങിനെ ഒരു ഇഷ്ടമുള്ള കാര്യം പറഞ്ഞിരുന്നില്ല. അങ്ങിനെ വിവാഹത്തിന് മുൻപേ പറഞ്ഞിരുന്നെകിൽ എന്തെങ്കിലും പറഞ്ഞ് താൻ തന്നെ ഈ വിവാഹം വേണ്ടെന്ന് വെച്ചേനെ. കല്യാണം നടന്നില്ല എങ്കിൽ അത് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിപ്പോ അതിലും വലിയ നാണക്കേട് ആണ്. ഞാൻ ഇനി എങ്ങിനെ ആളുകളുടെ മുഖത്തു നോക്കും, ഇതും പറഞ്ഞ് തന്നെ കൊണ്ടുവരാൻ വന്ന തന്റെ ഉറ്റ ചങ്ങാതിയുടെ തോളിലേക്ക് അവൻ കിടന്നു പൊട്ടി കരഞ്ഞു.

സ്വന്തം ഉമ്മ മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്നത് അറിയാതെ ആ മകൾ കാമുകനൊപ്പം നാട് മുഴുവൻ കറങ്ങി നടക്കുകയായിരുന്നു. സമീറയെ കൊണ്ടുപോയ കാമുകൻ മറ്റൊരാളുടെ കൂടെ കഴിഞ്ഞ അവളെ എനിക്ക് വേണ്ട എന്ന് പറഞ്ഞ് 5 ദിവസം കഴിഞ്ഞപ്പോൾ അവളെ തിരിച്ചയച്ചു. അപ്പോഴേക്കും അവളുടെ മാനവും സ്വർണവും അവൻ സ്വന്തമാക്കിയിരുന്നു.

അവൾ തിരിച്ച് വീട്ടിലേക്ക് വന്ന സമയത്താണ് ആ മക്കളെ പൂർണമായും അനാഥരാക്കി കൊണ്ട് നാഥന്റെ വിളിക്ക് ഉത്തരം നൽകി ആ ഉമ്മ യാത്രയായത്.

തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യയെ വേണ്ടെന്ന് സുബൈറും, മറ്റൊരാളെ വിവാഹം ചെയ്തവളെ തനിക്ക് വേണ്ടെന്ന് പറയുന്ന കാമുകനും, തങ്ങളുടെ ഉമ്മയുടെ മരണത്തിന് കാരണക്കാരിയും ഞങ്ങളുടെ ജീവിതം ഇല്ലാതാക്കുകയും ചെയ്ത ഇത്തയെ ഞങ്ങൾക്ക് വേണ്ടെന്ന് പറയുന്ന അനിയത്തിമാരും.

അവരെ അറിയുന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ ആ ഉമ്മാക്ക് പള്ളിപറമ്പിലെ ആറടി മണ്ണിൽ ഖബർ ഒരുക്കിയ പോലെ തന്നെ കുടുംബക്കാരുടെയും നാട്ടുകാരുടെയും മനസിൽ ആ മകൾക്കും ആളുകൾ ഖബർ കുഴിച്ച് അതിൽ മറമാടി.

ദൈവം നല്ലരീതിയിൽ നൽകിയ ജീവിതം അത് ജീവിച്ച് തുടങ്ങുന്നതിന് മുന്നേ സ്വയം ഇല്ലാതാക്കിയ സമീറ ഇനി കുടുംബക്കാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകളും അവഗണനയും എല്ലാം സഹിച്ച് ഇനി എത്ര നാൾ ഉണ്ടാകും.

സ്വന്തം കുടുംബത്തെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഓടി പോകുന്ന എല്ലാ പെണ്മക്കളുടെയും അവസ്‌ഥകളിൽ ഇതിൽ നിന്നും വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നതാണ് ഇത് വരെ കണ്ടിരിക്കുന്ന അനുഭവങ്ങൾ.

ഇനിയെങ്കിലും ഇങ്ങിനെ പോകാൻ നിൽക്കുന്ന കാമുകിമാർ പലവട്ടം ആലോചിക്കുക. കയ്യിൽ ഉള്ള ജീവിതം കളഞ്ഞ് നാളെ എന്താകും എന്നറിയാത്ത ജീവിതത്തിന് വേണ്ടി ഇറങ്ങി തിരിക്കണോ എന്ന്.

ലോകത്തിലെ എല്ലാ കാമുകന്മാരും ചതിച്ചാലും തന്റെ കാമുകൻ ചതിക്കില്ല എന്ന ചിന്ത മാറ്റിവെക്കു. നിങ്ങൾക്ക് രക്ഷപെടാം…

മുറു…
മുറാദ്

LEAVE A REPLY

Please enter your comment!
Please enter your name here