Home Article 16 -ാം വയസിൽ പെങ്ങളെ കെട്ടിച്ച് വിട്ടത്. ഇപ്പോൾ 23 വയസ്സായി.അവൾക്ക് ഇപ്പൊ എല്ലിന് ക്യാൻസർ...

16 -ാം വയസിൽ പെങ്ങളെ കെട്ടിച്ച് വിട്ടത്. ഇപ്പോൾ 23 വയസ്സായി.അവൾക്ക് ഇപ്പൊ എല്ലിന് ക്യാൻസർ ആണ്

0
6 -ാം വയസിലാണ് എന്റെ പെങ്ങളെ കെട്ടിച്ച് വിട്ടത്. ഇപ്പോൾ ഓൾക്ക് 23 വയസ്സായി.
4 മക്കളുമുണ്ട്. പക്ഷെ അവൾക്കിപ്പോൾ എല്ലിന് ക്യാൻസർ ആണ്.
അവളെ ഇവിടെ കൊണ്ട് വന്ന് ചികിത്സിപ്പിക്കാനൊന്നും വീട്ടിൽ വേറെ ആരും ഇല്ല.
അതാ പിന്നെ ഞാൻ തന്നെ വന്നത്.
കെട്ടിയോനൊക്കെ വേണേൽ വേറെ പെണ്ണിനെ കെട്ടി ഭാര്യയാക്കാല്ലോ.
പക്ഷെ
ഒരേ ഒരു പെങ്ങളല്ലേ.. ചികിത്സിപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ.

അദ്ദേഹം പറഞ്ഞ് നിർത്തി.

തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററിൽ നിന്നും പരിചയപ്പെട്ടതായിരുന്നു അയാളെ.. പേര് മമ്മദ്.

വേണ്ടത്ര വിവരമോ അടിസ്ഥാന വിദ്യാഭ്യാസ മോ ഇല്ലാത്ത മമ്മദ് മലപ്പുറത്തെ ഏതോ ഗ്രാമത്തൽ നിന്നും, തന്റെ സഹോദരിയെ ചികിത്സിപ്പിക്കാൻ വേണ്ടി വന്നതാണ് RCC യിൽ.

രോഗത്തോട് മല്ലടിച്ച് കിടക്കുന്ന പെങ്ങൾക്ക് കാവലായി മമ്മദ് എപ്പോഴും ഈ വരാന്തകളിലും ആശുപത്രി പരിസരങ്ങളിലുമുണ്ടാവും.
ഒരു നീളൻ കൈയുള്ള ഷർട്ടും ഒരു മുഷിഞ്ഞ കള്ളി മുണ്ടുമാണ് വേഷം.
ധരിച്ച ഷർട്ടിന്റെ ബട്ടൺ സുകളെല്ലാം ക്രമം തെറ്റിയാണ് ഇട്ടിരിക്കുന്നത്.
മുടിയും താടി രോമങ്ങളും പാതി നരച്ചിട്ടുണ്ട്.

അദ്ദേഹത്തെ കണ്ടാൽ ഏകദേശം 45 വയസ് തോന്നിപ്പിക്കും.

ഒരിക്കൽ,
ആശുപത്രിയിൽ നിർബന്ധമായും നിശ്ശബ്ദത പാലിക്കേണ്ട ഒരിടത്ത് വെച്ച് മമ്മദിനെ കണ്ടു.
ഇവിടെ ബഹളമുണ്ടാക്കിയാൽ കർക്കശക്കാരായ സെക്യൂരിറ്റിക്കാർ ആട്ടി ഓടിക്കും.

പെട്ടന്നായിരുന്നു ആ നിശ്ശബ്ദതയെ തകർത്ത് കൊണ്ട് മമ്മദ്ന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.

റിങ് ടോൺ ആണെങ്കിൽ നല്ല അസ്സല് മാപ്പിള പാട്ടും.

അതും നല്ല ശബ്ദത്തൽ.
എല്ലാവരും അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചു.
ഫോൺ അടിഞ്ഞതും മമ്മദ് വെപ്രാളപ്പെടാൻ തുടങ്ങി.
ഇരുന്ന ഇരിപ്പിൽ നിന്നും ചാടി എഴുന്നേറ്റ് ചുറ്റും നടക്കാൻ തുടങ്ങി.
മൊബൈൽ ഫോൺ ഉപയോക്കൊനറിയാത്ത അയാൾ മുഴുവൻ സ്വിച്ചും അമർത്തി നോക്കുന്നുണ്ടായിരുന്നു.
ശബ്ദം കേട്ട സെക്യൂരിറ്റി ജീവനക്കാരൻ മമ്മദിനെ ആട്ടാൻ ദേഷ്യത്തോടെ വന്നു.
അപ്പോഴേക്കം ശരിയായ സ്വിച്ചിൽ കൈ വിരലമർന്നിരുന്നു.

പിന്നെ ഫോണെടുത്ത് പരിസരം കീറി മുറിക്കുന്ന ശബ്ദത്തിൽ മമ്മദ് സംസാരിച്ച് തുടങ്ങി.

‘എയ് , ചോരക്കൊന്നും ഒരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ നട്ടെല്ലൊക്കെ പൊളിഞ്ഞ് പോയിട്ടുണ്ട് പോലും’
മമ്മദ് ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നു.
കോപിഷ്ടനായി വന്ന സെക്യൂരിറ്റിക്കാരന് മമ്മദിനെ ഒന്നും ചെയ്യാൻ തോന്നിയില്ല.
പിന്നീട് മമ്മദിനെ കണ്ടത് ലിഫ്റ്റിൽ കയറാൻ വേണ്ടി പോയപ്പോളാണ്.

മുകളിലേക്ക് പോവാൻ 2 ലിഫ്റ്റുകൾ ഉണ്ട്. അതിൽ ഒന്ന് ഡോക്ടർമാർക്ക് വേണ്ടി മാത്രമുള്ളതാണ്.

ലിഫ്റ്റിൽ കയറാൻ വേണ്ടി ഒരാൾക്കൂട്ടം തന്നെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു.
ഞാൻ ലിഫ്റ്റ് തുറക്കുന്നതും കാത്ത് നിന്നു.
ആദ്യം തുറന്ന് വന്നത് ഡോക്ടർമാർക്കുള്ള ലിഫ്റ്റാണ്. അതിൽ മറ്റുള്ളവർക്ക് കയറാൻ അനുവാദമില്ല.
പക്ഷെ
മമ്മദ് അദ്ദേഹത്തിന്റെ കൈയിലെ തൂക്ക് പാത്രവുമായി ആദ്യം തുറന്ന് വന്ന ലിഫ്റ്റിലേക്ക് ചാടി കയറി.
എന്നിട്ട് ഉച്ചത്തിൽ ചോദിച്ചു.
ഇത് മുകളിലേക്കാണോ താഴേക്കാണോ..!!
അതിലുണ്ടായിരുന്ന ഡോക്ടർമാർ പരസ്പരം ചിരിച്ചു.
ഇതിൽ മുകളിലേക്കും താഴേക്കും പോവാം. പക്ഷെ പുറത്തേക്കിറങ്ങുക.
ഇത് നിങ്ങൾക്കുള്ള ലിഫ്റ്റ് അല്ല.
ഇതുപോലെ നിരവധി സന്ദർഭങ്ങളിൽ ഞാൻ മമ്മദിനെ കണ്ടു.
കാണുമ്പോഴെല്ലാം എന്തെങ്കിലും അബദ്ധം ഒപ്പിക്കുന്നതായിട്ടാണ് കാണാറ്.
അല്ലെങ്കിൽ ആരെങ്കിലും അയാളെ കളിയാക്കുകയോ ശകാരിക്കുകയോ ചെയ്യുന്നുണ്ടാവും.
മമ്മദിന്റെ സംസാരവും പ്രവൃത്തികളും
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു കോമാളി പട്ടം സമ്മാനിച്ചിരുന്നു.
മറ്റുള്ളവരെ ചിരിപ്പിക്കുന്നവരാണല്ലോ കോമാളികൾ.
പക്ഷെ മമ്മദ് ഒരിക്കൽ പോലും ചിരിക്കുന്നത് ഞാൻ കണ്ടില്ല.
മുഴുവൻ സമയവും തിരക്കും വെപ്രാളവുമായി ഓട്ടമായിരുന്നു അയാൾ.
രാവിലെ 6 മുതൽ 7 വരെയും വൈകീട്ട് 4 മുതൽ 6 വരെയുമാണ് Rcc യിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം
പക്ഷെ, മുഴുവൻ
ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് മമ്മദ് മാത്രം 6 ന് ശേഷവും അകത്ത് കടക്കാറുണ്ടെന്ന് ഞാനറിഞ്ഞു.
ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് 6 ന് ശേഷം ക്യാൻസർ വാർഡിലേക്ക് പ്രവേശിക്കൽ പ്രയാസകരമാണ്.
എന്നിട്ടും എന്തിനാണ് മമ്മദ് അകത്ത് കടക്കുന്നത്..
ഒരിക്കൽ മമ്മദിനോട് ഞാൻ നേരിട്ട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി തന്നത് ഇങ്ങനെയായിരുന്നു –
അവളെ കാണാനാണ്.
ന്റ പെങ്ങളെ😍
6 മണിയോടെ എല്ലാവരും പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ആരുമറിയാതെ അകത്തേക്ക് കയറും.
അകത്ത് അവളുടെ വാതിലിനോട് ചേർന്ന് ഒരു ജനവാതിൽ ഉണ്ട്.
അതിലൂടെ ഞാൻ ‘ഒളിഞ്ഞ് നോക്കും’.
അവിടെ നിന്ന് നോക്കിയാൽ ദുരെ നിന്ന് അവളെ കാണാം.

6 മണിക്ക് മുമ്പായി കാന്റീനിൽ നിന്നും എത്തിച്ച് കൊടുത്ത ഭക്ഷണം രാത്രി വൈകിയാണേലും, അവൾ കഴിക്കുന്നത് വരെ ഞാൻ നോക്കി കൊണ്ടിരിക്കും.

അവൾ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ആരും കാണാതെ തിരികെ പുറത്തിറങ്ങും.
അകത്ത് വേദന സഹിച്ച് കൊണ്ട് കിടക്കുന്ന ന്റെ കുട്ടി കഴിച്ചോന്നറിയാതെ എങ്ങനെയാ ഞാൻ ഉറങ്ങുക..!!

ഒരു നെടുവീർപ്പോടെ മമ്മദ് പറഞ്ഞു തീർത്തുകൊണ്ട് നടന്ന് പോയി.

തിരിച്ചൊന്നും പറയാനാവാതെ ഞാൻ നിന്നു.

കൂടെപ്പിറപ്പ് ആഹാരം കഴിച്ചോ എന്നറിയാൻ മണിക്കൂറുകളോളം സ്ഥിരമായി ജനലരികിൽ ഒളിച്ചിരിക്കുന്ന മമ്മദിന്റെ നിഷ്കളങ്കമായ സ്നേഹം എന്നെ അതിശയപ്പെടുത്തി
ഒരുപാട് വിദ്യാഭ്യാസവും പരിഷ്കാരങ്ങളൊന്നുമില്ലെങ്കിലും ഇതുപോലെയുള്ള ഒരു പാട് മമ്മദ്മാരുണ്ട്.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ചിലർ.
സ്വയം കോമാളികളായി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ.
………………..
✍ Auther : ബിജുലാൽ..
(ചെറിയച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം റീജി. ക്യാൻസർ സെന്ററിൽ കഴിയേണ്ടി വന്നപ്പോഴുണ്ടായ അനുഭവങ്ങളിൽ നിന്നും)

LEAVE A REPLY

Please enter your comment!
Please enter your name here