Home Article റൂമിലേക്ക് അടുക്കുന്തോറും എന്റെ ചങ്ക് പടപടാ മിടിക്കാൻ തുടങ്ങി… അല്ലേലെ ഞാനൊരു പേടിത്തൂറിയാണെന്ന് എനിക്കുതന്നെ അറിയാം….

റൂമിലേക്ക് അടുക്കുന്തോറും എന്റെ ചങ്ക് പടപടാ മിടിക്കാൻ തുടങ്ങി… അല്ലേലെ ഞാനൊരു പേടിത്തൂറിയാണെന്ന് എനിക്കുതന്നെ അറിയാം….

0

ഞമ്മളെ കെട്ടിയോൻ ഇച്ചിരി ദേഷ്യക്കാരനാ

നോക്ക് മോളെ അവൻ ആളിത്തിരി ചൂടനാട്ടോ. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം പിടിക്കുന്ന ഒരു പ്രകൃതമാണ് അവൻ. എന്നുകരുതി അവനൊരു കുരുത്തം കെട്ടവനൊന്നുമല്ല. എല്ലാരേം ഭയങ്കര ഇഷ്ടാ അവന്. ഞാനെന്നാൽ ജീവനാ. അപ്പൊ അവന്റെ പാതിയായ നിന്നെയും അവന് ജീവനായിരിക്കും. ഇനി മോള് വേണം അവന്റെ ജീവിതത്തിൽ നിന്നും ആ ദേഷ്യത്തെ എടുത്തുകളയാൻ..

കല്യാണം കഴിഞ്ഞ ആദ്യദിവസം തന്നെ പാല് കയ്യിൽ തന്ന് ഉമ്മയിത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന് കാളി. പടച്ചോനെ പരശുരാമൻ എക്സ്പ്രസ്സ്നാണല്ലോ തലവെച്ചത് എന്നുവരെ തോന്നിപ്പോയി. അല്ലേലെ ഞാനൊരു പേടിത്തൂറിയാണെന്ന് എനിക്കുതന്നെ അറിയാം. പണ്ട് അയലോക്കത്തെ വീട്ടീന്നുള്ള കച്ചറകേട്ട് എന്റെ വീട്ടിൽ നിന്നും കരഞ്ഞവളാ ഞാൻ.. പിന്നെ രാത്രി നായ കുറച്ചാൽ ഇടിവെട്ടിയാൽ ഒക്കെ ഞാൻ കരയും. അത്രക്ക് ധൈര്യമാണ് എനിക്ക്.

റൂമിലേക്ക് അടുക്കുന്തോറും എന്റെ ചങ്ക് പടപടാ മിടിക്കാൻ തുടങ്ങി. കൈവിറക്കുന്നത് കാരണം ഗ്ലാസിലുള്ള പാല്‌ തുളുമ്പിക്കളിക്കുന്നുണ്ട്.

അല്ല നിനക്ക് പനിക്കുന്നുണ്ടോ. ഇങ്ങനെ വിറക്കാൻ..
മൂപ്പരുടെ ഇത്താത്തയാണ്. ഒരു കള്ളച്ചിരിയോടെ അവർ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
ഹ ഹ അപ്പൊ ഉമ്മ അവനെ കുറിച്ചു പറഞ്ഞു തന്നൂലെ..
ഞാൻ ദയനീയതയോടെ അവരെ നോക്കി.

യ്യ് പേടിക്കൊന്നും മാണ്ട. ഓൻ അങ്ങനെ വലിയ ചൂടനൊന്നും അല്ല. പിന്നെ അവന് ഇഷ്ടമില്ലാത്തത് ആണേൽ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയും. അത് ഉപ്പ ആയാലും ഉമ്മയായാലും ഞാനായാലും ഒക്കെ അവന് കണക്കാണ്..
ആ ദേഷ്യം തന്നെയാണ് അവന്റെ സ്നേഹവും.

പിന്നെ ഏത് കല്ലുപ്പോലെയുള്ള ആണിന്റെ മനസ്സിനെയും മാഞ്ഞുപോലുരുക്കാൻ നമ്മൾ പെണ്ണുങ്ങൾ വിചാരിച്ചാൽ നടക്കും. നിനക്കത് കഴിഞ്ഞാൽ ഒരു സ്വപ്നതുല്യമായ ജീവിതം ആയിരിക്കും നിങ്ങടേത്.
അതിന് നീ അവന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞാൽ മാത്രം മതി. ബാക്കിയൊക്കെ നിന്റെ മിടുക്ക് പോലെ.

അപ്പൊ ശെരി അടിപൊളിയൊരു ആദ്യരാത്രി ആശംസകൾ. ഇതുംപറഞ്
അവരെന്റെ കവിളൊന്നു നുള്ളി ചിരിച്ചോണ്ട് എന്നെ മണിയറയിലേക്ക് ഉന്തിവിട്ടു..

റൂമിൽ എന്തോ ആലോചിച്ചോണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് ഞമ്മടെ മാരൻ. എന്നെ കണ്ടപ്പോൾ മൂപ്പരുടെ മുഖത്തൊരു ചിരിനിറഞ്ഞു. കട്ടിലിരുന്നുകൊണ്ട് എന്നോട് അടുത്തേക്ക് വരാൻ ആഗ്യം കാണിച്ചപ്പോൾ ഞാൻ നാണത്തോടെ തലതാഴ്തിത്തി അടുത്തേക്ക് ചെന്നു. എന്റെ വിറ ഇപ്പോഴും മാറീട്ടില്ല. ഞാൻ കയ്യിലുള്ള ഗ്ലാസ് മൂപ്പർക്ക് നേരെ നീട്ടി. അതുവാങ്ങി പതികുടിച്ചിട്ട് എനിക്കുതന്നെ തിരിച്ചുതന്നപ്പോൾ ഞാനോർത്തു.

ഉമ്മയും ഇത്തയും പറഞ്ഞ ലക്ഷണങ്ങളൊന്നും ഇക്കയിൽ കാണുന്നില്ലല്ലോ.. ഇനി അവർ എന്നെയൊന്ന് കളിയാക്കാൻ വേണ്ടി പറഞ്ഞതാവുമോ.. ഒന്ന് ചോദിച്ചു നോക്കിയാലോ.. വേണ്ട ഒന്നൂടെ കഴിഞ്ഞോട്ടെ. ചിലപ്പോൾ അവർ പറഞ്ഞത് നേരാണെങ്കിലോ.

എന്താ കുഞ്ഞോളെ അലോയ്‌ക്കുന്നത്.. ഇക്കയുടെ വിളികേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.

കുഞ്ഞോളോ.. ഞാൻ ചോദ്യഭാവത്തിൽ ഇക്കയെ നോക്കി.

എന്തേയ് ഞാൻ നിക്കാഹ് ചെയ്തതുമുതൽ നീ എന്റെയല്ലേ.. അപ്പൊ എന്റെ ബീവിയെ എനിക്ക് ഇഷ്ടമുള്ളത് വിളിച്ചൂടെ..

ഞാൻ നാണത്തോടെ തലതാഴ്ത്തി ഒന്നുമൂളി.
അനുവാദം ചോദിക്കാതെ ഇക്ക എന്റെ മടിയിലേക്ക് കിടന്നു. ഓർക്കാപുറത്തായതുകൊണ്ട് ഞാനൊന്ന് ഞെട്ടി. പിന്നെ പതിയെ ഇക്കയിലേക്ക് ലയിച്ചു ഇക്കയുടെ തലമുടി തലോടിക്കൊണ്ടിരുന്നു.

പറ ഇന്റെ കുഞ്ഞോളെ കഴിഞ്ഞുപോയതും, ഇഷ്ടവും, അനിഷ്ടവുമൊക്കെ.
ഇക്ക കേൾക്കട്ടെ. ഏതായാലും ഞമ്മളോരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയല്ലേ അപ്പൊ പരസ്പ്പരം അറിഞ്ഞിരിക്കണ്ടേ..

ഇത്രയും കേട്ടപ്പോൾ ഇക്കയോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി. ഈ തങ്കപ്പെട്ട മനുഷ്യനെ കുറിച്ചു എന്നെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയ ഇത്തയോടും ഉമ്മയോടും ചെറിയ ഒരു ദേഷ്യവും.
ഇപ്പോൾ ഇക്കയെ കുറിച്ചുള്ള എന്റെ പേടിയൊക്കെ പോയി. ഞാൻ എന്റെ കഴിഞ്ഞ കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി.

പണ്ട് ചെറുപ്പത്തിൽ നീന്താൻ പഠിച്ചപ്പോൾ വെള്ളം കുടിച്ചതും മുങ്ങിപ്പോയതും, സൈക്കളിൽ നിന്നും വീണതും, പ്രേമം പറഞ്ഞു പിറകെകൂടിയവനെ ഇക്കാക്കയെകൊണ്ട് വിരട്ടി ഓടിച്ചതും അങ്ങനെ അങ്ങനെ ഓർമകളിൽ തങ്ങിനിൽക്കുന്ന ബാല്യകാല സ്മരണകളൊക്കെ ഇക്കയുടെ മുന്നിൽ കെട്ടഴിച്ചിട്ടു.

തമാശയിൽ ഒപ്പം ചിരിച്ചും കുസൃതിത്തരങ്ങളിൽ എന്റെ കാലിൽ പതിയെ നുള്ളിയും സമയം പോയതറിഞ്ഞില്ല.

ഇക്ക ഭയങ്കര ചൂടനാണല്ലേ. ഞാൻ ഇക്കയെ ഇടംകണ്ണിട്ടൊന്നു നോക്കി ചിരിച്ചോണ്ട് ചോദിച്ചു.
അതുവരെ റൊമാന്റിക് ആയിരുന്ന ഇക്കയുടെ മുഖം പെട്ടന്ന് മാറുന്നത് ഞാനറിഞ്ഞു,
എന്റെ കൈതട്ടിമാറ്റി മടിയിൽ നിന്നും എണീറ്റു.

നിന്നോടാരാ ഞാൻ ചൂടനാണെന്ന് പറഞ്ഞെ.. ഇക്കയുടെ ശബ്ദത്തിന് നേരത്തെ ഉണ്ടായിരുന്ന കൊഞ്ചലോന്നും ഇപ്പൊ ഇല്ല. പകരം ഒരാണിന്റെ പൗരുഷം ആയിരുന്നു,.
ഞാനൊന്ന് പകച്ചു,
നിന്നോടാണ് ചോദിച്ചേ. ഇക്കയുടെ ശബ്ദം കനത്തപ്പോൾ എന്റെ നാവ് കുഴഞ്ഞു ശബ്ദം പുറത്തുവരാതെ ആയി..
എന്താടി നിന്റെ നാവിറങ്ങിപ്പോയോ എന്നും ചോദിച്ചു അടുത്തുണ്ടായിരുന്ന പാൽഗ്ലാസ്സ് എടുത്ത് ഒരേറായിരുന്നു..ചിലിം എന്ന ശബ്ദത്തോടുകൂടെ അത് റൂമിന്റെ മൂലയിൽ തവിടുപൊടി.

ഇ.. ഇത്ത ഞാൻ വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

അടച്ചിട്ടിരിക്കുന്ന വാതിൽ തുറന്നു നേരെ ഒരുപോക്കായിരുന്നു ഇത്തഉറങ്ങുന്ന റൂമിലേക്ക്. അകത്തൂന്ന് പൂട്ടിയ വാതിൽ ഇക്ക പുറത്തൂന്ന് ചറ പാറാന്ന് മുട്ടിക്കൊണ്ടിരുന്നു. മുട്ട് കേട്ട് ഉറങ്ങിക്കിടക്കുന്നവരെല്ലാം ഉയർന്നെണീറ്റു മുട്ടിക്കൊണ്ടിരിക്കുന്ന ഇക്കയുടെ ചുറ്റുംകൂടി.

പലരും പരസ്പ്പരം കാര്യമെന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്.
ഉമ്മ ചോദ്യഭാവേനെ എന്നെ നോക്കിയപ്പോൾ ഞാൻ ദയനീയതയോടെ തലതാഴ്ത്തി.

കുറച്ചുകഴിഞ്ഞപ്പോൾ ഉറക്കച്ചുവടോടെ ഇത്ത ഇത്തയും ഭർത്താവും വാതിൽ തുറന്നു പുറത്തേക്ക് വന്നു. ചുറ്റിലുള്ള ആളെ കണ്ട് ഇത്തയെന്ന് ഭയന്നു.

എന്താഡാ..?
ഞാൻ ചൂടനാണോ..? ഞാനൊരു ചൂടനാണെന്ന് യ്യ് ന്റെ പെണ്ണിനോട് പറഞ്ഞോന്ന്..
ഇത്തയെന്നെ തുറിച്ചൊന്ന്. എടീ ദുഷ്ടേ നീ എന്നെ കൊലക്കുകൊടുത്തല്ലോ എന്ന് പറയാതെ പറയുംപോലെ.
പെട്ടന്നുതന്നെ ഞാൻ ഉമ്മയുടെ പിറകിലേക്ക് നീങ്ങി നിന്നു.

ഡാ. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ.. എന്നും പറഞ്ഞു ഇത്തയും അവരുടെ കെട്യോന്റെ പിറകിലേക്ക് നീങ്ങിനിന്നു. പിന്നെ ഞാൻ മാത്രമല്ല ഉമ്മയും പറഞ്ഞീണല്ലോ. ഇത്ത കെട്യോന്റെ പിറകില്നിന്നും തലപുറത്തേക്കിട്ട് ഉമ്മയെ നോക്കി പറഞ്ഞു. ഇക്ക ഉമ്മയെ തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മയും ഉപ്പയുടെ പിറകിലേക്ക് നീങ്ങിനിന്നു.

ഇപ്പോൾ ഞങ്ങളെല്ലാരും ഒരു വരിയായി നിൽക്കുന്നുണ്ട്. എന്റെ മുന്നിൽ ഉമ്മ അതിനുമുന്നിൽ ഉപ്പ പിന്നെ ഇക്കയും പിറകിൽ ഇത്തയും അളിയനും.

ഇത്ര ചെറിയ കാര്യത്തിനാണോ മോനെ നീ ഇങ്ങനെ ചൂടാവുന്നത്. ഉപ്പ ഇക്കയെ മെരുക്കാനുള്ള ശ്രമത്തിലാണ്.
അതെ അളിയാ. ഇല്ലേലും ആണുങ്ങൾക്ക് ഇത്തിരി ചൂടത്തരമൊക്കെ വേണ്ടേ എന്നാലല്ലേ ഒരാണാവൂ.. അളിയനും ഉപ്പക്കൊപ്പം കൂടി.

നീ ചെല്ല് മോനെ. പോയി ഉറങ്. ആദ്യരാത്രി തന്നെ ഇങ്ങനെയൊക്കെ ആയാൽ ഈ കുട്ടി പേടിക്കില്ലേ. ഉമ്മയും കൂടെ ആയപ്പോൾ ഇക്ക പതിയെ തണുക്കാൻ തുടങ്ങി.
മൂപ്പർ സ്പീഡിൽ റൂമിലേക്ക് നടന്നു. അപ്പോൾ ഇത്ത ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നുണ്ടായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും ചുണ്ടിൽ ചെറിയ ചിരി. അളിയന് ഉറക്കമോ അതോ മറ്റെന്തോ നടക്കാതെ പോയതിന്റെ അങ്കലാപ്പ്. എല്ലാവരും അവരുടെ റൂമിലേക്ക് പോയപ്പോൾ ഞാനും പതിയെ പേടിയോടെ മണിയറയിലേക്ക് തിരിച്ചു നടന്നു.

……………………………………………………………..
ഡിം.. പത്രം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഇക്ക അടുക്കളയിലേക്ക് പാഞ്ഞെത്തിയത്.
എന്താ കുഞ്ഞോളെ.. എന്താ ഒരു ശബ്ദം കേട്ടത്.
അതാ അങ്ങോട്ട് ചോയ്ക്കി. നിങ്ങടെ മോന് ഇന്ന് പുട്ട് വേണ്ട ചപ്പാത്തി മതിയത്രെ. അതിനാണ് പുട്ടുകൊടുത്ത പത്രം എറിഞ്ഞുപൊട്ടിച്ചെ.

ഇവനെ ഇന്ന് ഞാൻ ശെരിയാക്കും എന്നും പറഞ് ഇക്ക പുറത്തു കായ്ച്ചുനിൽക്കുന്ന പേരമരത്തിൽ നിന്നും ഒരു കൊമ്പുപൊട്ടിച്ചു അവന്റെ നേരെ വന്നു.

തൊട്ടുപോവരുത് എന്റെ കുട്ടിനെ. ഒരു രക്ഷകയെ പോലെ ഉമ്മ വന്ന് അവന്റെ മുന്നിലായി നിന്ന് ഇക്കയെ തടഞ്ഞു.
അല്ല ഇവനെ തല്ലാൻ നിനക്കെന്ത് അർഹതയാടാ. ഇവന്റെ പ്രായത്തിൽ നീ ഇതിനേക്കാൾ കഷ്ടായിരുന്നു.

കേട്ടോ മോളെ. ഇവന് നാലുവയസ്സുള്ളപ്പോൾ എന്നും ഇവൻ രാത്രി രണ്ടുമണിക്ക് എണീക്കും. എന്തിനാണെന്നോ.. കക്കൂസിൽ പോകാൻ. ഓൻ ആ സമത്തുപോയാലേ തൃപ്തിയാകൂ.. അന്നൊന്നും ഇന്നത്തെ പോലെ വീടിനകത്തു കക്കൂസോന്നും ഇല്ലല്ലോ. അതോണ്ട് ഇവനേം തോളിലിട്ട് അവന്റെ ഉപ്പ പറമ്പിലേക്ക് നടക്കും. പിന്നെ അവർ വരുന്നത് വരെ ഞാനും മോളും ഉറക്കൊഴിഞ്ഞിരിക്കണം.

ഇക്കയുടെ മുഖത്ത് സൈക്കളിൽ നിന്നും വീണ ചിരി. അതുകണ്ടപ്പോൾ ഞാൻ വാപൊത്തി ചിരിച്ചു.

എടാ. നിന്നെക്കാൾ എത്രയോ ബേധമാണ് എന്റെ മോന്. അവന് എറിഞ്ഞു പൊട്ടിക്കാനുള്ളത് തന്നെയാണ് ഇവിടെയുള്ള സകല പത്രങ്ങളും. അതും പറഞ്ഞു ഉമ്മ അവനെ എടുത്ത് ഉമ്മവെച്ചു. പിന്നെ മത്തൻ കുത്തിയാൽ കുംബ്ലൻ മുളക്കൂല എന്നുകരുതിയാൽ മതി. നീ അപ്പുറത്തേക്ക് പോ. അല്ലേൽ നിനക്കവും കിട്ടുക. ഇക്ക വേഗം ഉമ്മറത്തേക്ക് സ്കൂട്ട് ആയി.

കുഞ്ഞോളെ ചായ..
ഉമ്മറത്തുനിന്നും ഇക്കയുടെ വിളി കേട്ടപ്പോൾ ഞാൻ ചായയുമായി അടുത്തേക്ക് പോയി.
എന്റെ ചുണ്ടിലെ ചിരി ഇപ്പോഴും മാറിയിട്ടില്ല.

എന്താടി അനക്കൊരു ഇളി.
ഹേയ് ഒന്നല്ല.
പിന്നെ ഇക്കാ. നമ്മുടെ പറമ്പ് കുറെ കാലിയല്ലേ..
അതിന്..
അല്ല നമുക്ക് കുറച്ചു മത്തൻ കുത്തിനോക്കിയാലോ..
അത് നിന്റെ ബാപ്പ കാടൻ കാദറിനോട് പറയെടി എന്നും പറഞ് എന്റെ നേരെ വന്നപ്പോൾ.
പടച്ചോനെ ഇങ്ങള് കാത്തോളീന്നും പറഞ് ഞാൻ പുറത്തേക്കോടി..

ശുഭം

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here