Home Ashna Salman കൊന്നു കളഞ്ഞേക്ക് വാപ്പാ..ഇഷ്ടമല്ലാത്ത ഒരാളെ കെട്ടി ജീവിക്കുന്നതിലും നല്ലതു അതാണ്…

കൊന്നു കളഞ്ഞേക്ക് വാപ്പാ..ഇഷ്ടമല്ലാത്ത ഒരാളെ കെട്ടി ജീവിക്കുന്നതിലും നല്ലതു അതാണ്…

0

ഫൈസിയുടെ പെണ്ണ്

രചന : Ashna Salman

നീ ഇപ്പോൾ വന്ന കല്യാണ ആലോചന സമ്മതിക്ക് റസിയാ..നല്ലൊരു ജീവിതം കിട്ടും നിനക്ക്..
ഫൈസി..നീ എന്താണ് പറയുന്നത് എന്നറിയോ?നിന്നെ മറന്ന് മറ്റൊരാളെ സ്വീകരിക്കണം എന്നാണോ?
അതേ..അതല്ലാതെ എനിക്കൊന്നും പറയാൻ അറിയില്ല..ഇനിയും എനിക്ക് വേണ്ടി നീ വേദനിക്കരുത്..അത് കണ്ടു നിൽക്കാൻ ഇനിയുമെനിക്കാവില്ല..
വേണ്ടാ…എനിക്കൊന്നും കേൾക്കണ്ടാ..ഫൈസി എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി..മറ്റൊരാളുടെ ഭാര്യയാവുന്നതിലും നല്ലത് മരണമാണ്..
റസിയാ..അങ്ങനെയൊന്നും ചിന്തിക്കരുത്..എനിക്കിപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്..നിനക്കറിയില്ലേ വീട്ടിലെ അവസ്ഥ..മഴ പെയ്താൽ ചോർന്നൊലിക്കുന്ന ആ വീട്ടിലേക്ക് ഞാനെങ്ങനെ നിന്നെ കൊണ്ടുപോകും?ഒരേ പ്രായം..നിന്നെ നോക്കാൻ ന്റെ കൈയ്യിൽ ഒന്നുമില്ല..നല്ലൊരു ജോലിയില്ല..ആ ഞാനെങ്ങനെയാണ് നിന്നെ കല്യാണം കഴിക്കുന്നത്?ഞാൻ എന്തിന്റെ പേരിലാണ് വീട്ടിൽ വന്നു പെണ്ണ് ചോദിക്കുക?വിളിച്ചിറക്കികൊണ്ടു വരാൻ പോലും കഴിയാത്ത അവസ്ഥയാണ് എന്റേത്..നശിച്ച ജന്മം!!!

ഫൈസി..പക്ഷേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല..ഞാൻ എന്താണ് ചെയ്യേണ്ടത്…
റസിയയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..
മറക്കണം!!!മറന്നേ പറ്റു..ഒന്നും ഇല്ലാത്തവന്റെ കൂടെ നിന്ന് ജീവിതം കളയുന്നതിലും നല്ലത് വീട്ടുകാർ കാണിച്ചു തന്ന നല്ല ജീവിതം തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്…
ആ മറുപടി താങ്ങാനുള്ള കരുത്ത് റസിയക്കുണ്ടായിരുന്നില്ല..അവൾ മുഖം പൊത്തി കരഞ്ഞു..അതു കണ്ടുനിൽക്കാനുള്ള ശക്തിയില്ലാത്തത് കൊണ്ട് ഫൈസൽ അധികനേരം അവിടെ നിന്നില്ല..പോകാൻ നേരം അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു..
ഇനി ഞാൻ നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല..മറന്നേക്കുക!!
അവനതു പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ ശ്രമിച്ചിരുന്നു..ഒഴുകിയിറങ്ങിയ കണ്ണുനീരിനെ അവൾ കാണാതെ മറച്ചുപിടിച്ചുകൊണ്ട് അവൻ നടന്നകന്നു..പക്ഷേ റസിയക്കറിയാമായിരുന്നു കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ചാണ് തന്നോട് അവനങ്ങനെ പറഞ്ഞതെന്ന്..ഫൈസലിന്റെ നിസ്സഹായവസ്ഥ അവളോളം അറിയുന്നവർ മറ്റാരും ഉണ്ടായിരുന്നില്ല…
അത്രമേൽ തന്നെ സ്നേഹിക്കുന്ന ഒരുവനെ ഒറ്റക്കാക്കി മറ്റൊരു കൂട്ടു തേടി പോവാൻ മാത്രമുള്ള കരുത്ത് റസിയക്കുണ്ടായിരുന്നില്ല.. കാരണം അവൾ പ്രണയിച്ചത് ആത്മാവുകൊണ്ടായിരുന്നു..റസിയ ചില ഉറച്ച തീരുമാനങ്ങളെടുത്ത് വീട്ടിലേക്ക് നടന്നു..വീട്ടിലെത്തിയപാടെ ഉമ്മാന്റെ ചോദ്യങ്ങൾ മുഴങ്ങി തുടങ്ങി..

എവിടെയായിരുന്നെടി ഇത്രയും നേരം?കല്യാണം അവാറായി ഇനിയും പുറത്തിങ്ങനെ ചുറ്റി കറങ്ങി നടക്കാൻ പറ്റില്ല!!
എനിക്ക് ഈ കല്യാണം വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ…എനിക്ക് പഠിക്കണം..
കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാം എന്നാണ് ചെക്കനും വീട്ടുകാരും പറഞ്ഞത്.. പിന്നെന്താ പ്രശ്നം?
അത്.. ഉമ്മാ എനിക്ക് ഈ കല്യാണം ഇഷ്ടമല്ല..
അതിനു മറുപടി പറഞ്ഞത് അവളുടെ വാപ്പയുടെ കൈകളായിരുന്നു…
മിണ്ടിപ്പോകരുത്!!ഇഷ്ടമല്ല എന്നു പറഞ്ഞ് നീ ഇപ്പോൾ എത്ര ആലോചനകളാണ് മുടക്കിയത് എന്നു വല്ല കണക്കും ഉണ്ടോ?നിനക്ക് ആ കൂലിപ്പണിക്കാരന്റെ മോനോടുള്ള പ്രേമം ആണ് ഇതിനൊക്കെ പിന്നിൽ എന്നെനിക്ക് വ്യക്തമായി അറിയാം..ഈ ആലോചനക്ക് കൂടി സമ്മതിച്ചില്ലെങ്കിൽ നിന്നെ കൊന്നു കെട്ടി തൂക്കും!!
കൊന്നു കളഞ്ഞേക്ക് വാപ്പാ..ഇഷ്ടമല്ലാത്ത ഒരാളെ കെട്ടി ജീവിക്കുന്നതിലും നല്ലതു അതാണ്..ഞാൻ ഫൈസിയെ അല്ലാതെ മറ്റൊരാളെയും കല്യാണം കഴിക്കില്ല..ഇനിയുമെന്നെ നിർബന്ധിച്ചാൽ ഞാൻ എന്തെങ്കിലും ചെയ്യും..

വീട്ടിൽ ഇന്നു വരെ ശബ്ദമുയർതതിയിട്ടില്ലാത്ത റസിയയുടെ ആ പെരുമാറ്റം എല്ലാവരെയും ഞെട്ടിച്ചു..കരഞ്ഞുകൊണ്ടവൾ മുറിയിലേക്കോടി..മുറിയിലെത്തിയ ഉടനെ അവൾ ഫൈസലിന് ഒരു മെസേജ് അയച്ചു..”എത്ര നാൾ വേണമെങ്കിലും ഞാൻ കാതതിരുന്നോളാം..പക്ഷേ മറ്റൊരാളോടൊപ്പം ജീവിക്കാൻ എനിക്ക് വയ്യ..അത്രയ്ക്ക് സ്നേഹിച്ചുപോയി.എനിക്ക് ഫൈസിയുടെ പെണ്ണായാൽ മതി..ഇനിയും എന്നെ അകറ്റാനാണ് തീരുമാനമെങ്കിൽ റസിയ പിന്നെ ജീവിച്ചിരിക്കില്ല”…

മെസേജിന്റെ ശബ്ദം കേട്ടാണ് ഫൈസൽ തലയിണയിൽ നിന്ന് മുഖമുയർത്തിയത്…തലയിണയാകെ കണ്ണുനീരാൽ നനഞ്ഞിരുന്നു..
പയ്യെ ഫോണെടുത്ത് നോക്കിയപ്പോൾ റസിയയുടെ മെസേജ്…അതു വായിച്ചപ്പോൾ നെഞ്ചു പിളരുന്നത് പോലെയാണ് അവന് തോന്നിയത്..വിറക്കുന്ന കൈകളോടെ അവൻ തിരിച്ചു മെസേജ് അയച്ചു…
റസിയാ…എന്തെങ്കിലുമൊക്കെ ആവാൻ എത്ര കാലം വേണ്ടി വരുമെന്ന് എനിക്കറിയില്ല..നീയെങ്ങനെ അവിടെ പിടിച്ചു നിൽക്കും..ഇപ്പോൾ തന്നെ എത്ര ആലോചന നീ മുടക്കി..
തിരിച്ചു വന്ന മെസേജ് അവനെ അത്ഭുതപ്പെടുത്തി…

“ഫൈസി..നീ ഉരുകുന്നത് ഞാനറിയുന്നുണ്ട്..നിനക്കൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എന്തെങ്കിലും ചെയ്യേണ്ടത് ഞാനാണ്..ജീവനായി സ്നേഹിക്കുന്ന ഒരുവൻ നിസ്സഹായനായി നിൽക്കുമ്പോൾ ആ സ്നേഹം കാണാതെ മറ്റൊരുവന്റെ ഭാര്യയാവാൻ ഞാൻ കാണിക്കുന്ന ധൈര്യത്തിന്റെ പകുതി ധൈര്യം വേണമെന്നില്ല മരണം വരെ എനിക്ക് നിന്നെ കാത്തിരിക്കാൻ..ജീവിക്കുന്നുവെങ്കിൽ എനിക്ക് നിന്റെ കൂടെ ജീവിക്കണം..മരണം വരെ കാത്തിരിക്കും..അതിനു പറ്റില്ലെങ്കിൽ ഞാൻ തനിയെ ജീവിച്ചോളാം..!!!
ആ വാക്കുകളിൽ ഫൈസൽ കണ്ടത് പുതിയൊരു ജീവിതം കെട്ടിപ്പൊക്കാനുള്ള ഊർജ്ജമായിരുന്നു…എന്തും നേരിടാനുള്ള ശക്തിയായിരുന്നു..എന്തെങ്കിലും പറഞ്ഞാൽ ചിണുങ്ങി കരയുന്ന എന്റെ പൊട്ടി പെണ്ണിന് ഇത്രയും ധൈര്യം നൽകിയത് തന്നോടുള്ള അടങ്ങാത്ത പ്രണയമാണെന്നോർത്തപ്പോൾ അവന്റെ കണ്ണുനിറഞ്ഞൊഴുകി..പിന്നീട് അവന്റെ ചുവടുകൾ പിഴച്ചില്ല..

റസിയ കല്യാണത്തിന് സമ്മതിക്കില്ല എന്നറിഞ്ഞതോടെ വീട്ടുകാർ അവളുടെ പഠിപ്പ് നിറുത്തി…അവളെ വീട്ടിൽ പൂട്ടിയിട്ടു…ഒന്നോ രണ്ടോ ദിവസമല്ല..നാല് വർഷത്തോളം!!!ആ ഒറ്റപ്പെടലിലും അവൾക്ക് കൂട്ടായി ഫൈസലിന്റെ ഓർമ്മകൾ ഉണ്ടായിരുന്നു..ആ നാലു ചുവരുകൾക്കുള്ളിലും അവരുടെ പ്രണയം വേനലിനെ തോൽപ്പിക്കുന്ന ഗുൽമോഹർ പോലെ പൂത്തുനിന്നു..ഇടക്കിടെവീട്ടിൽ വന്നു പോകുന്ന കൂട്ടുകാരുടെയും ഒരു കസിന്റെയുമൊക്കെ സഹായത്തോടെ മാത്രമാണ് പിന്നീടുള്ള നാളുകൾ റസിയയും ഫൈസലും വിവരങ്ങൾ അറിഞ്ഞത്..ഫൈസൽ ജോലിക്ക് പോയി തുടങ്ങി..അവനെകൊണ്ടാവുന്നത് പോലെ രാവന്തിയോളം പണിയെടുത്തു…കയറി കിടക്കാൻ നല്ലൊരു വീട് പണിതു..ഒടുവിൽ അവളുടെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു..അന്നായിരുന്നു 4 വർഷങ്ങൾക്കുശേഷം അവർ പരസ്പരം കണ്ടത്..അവനെ കണ്ടപ്പോൾ എന്നോ മാഞ്ഞ പുഞ്ചിരി അവളിൽ വിടരുന്നത് അവനറിഞ്ഞു…ഫൈസൽ റസിയയുടെ വാപ്പയോട് ചോദിച്ചു…
ഇപ്പോൾ കെട്ടിയ പെണ്ണിനെ പട്ടിണിക്കിടാതെ നോക്കാനുള്ള ജോലിയും കയറി കിടക്കാൻ നല്ലൊരു വീടും എനിക്കുണ്ട്..ഇനിയെങ്കിലും അവളെ എനിക്ക് തന്നൂടെ?
അവരുടെ സ്നേഹത്തിന് മുന്നിൽ തോൽക്കാനല്ലാതെ മറ്റൊരു മാർഗ്ഗവും വീട്ടുകാർക്കുണ്ടായില്ല..മാതാപിതാക്കളുടെ അനുഗ്രഹത്തോടെ സന്തോഷത്തോടെ അവരുടെ വിവാഹം ഉറപ്പിച്ചു..ആ ദിവസം അവളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…

“റസിയാ..ഇനി ഈ കണ്ണുകൾ നിറയരുത്..പടച്ചവൻ എനിക്കൊന്നും തന്നില്ല എന്നോർത്ത് ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട്..പക്ഷേ നിന്നെക്കാൾ വലിയ സമ്മാനമൊന്നും എനിക്ക് ജീവിതത്തിൽ പടച്ചവൻ ഇനി തരാനില്ല..നീയൊരു നിധിയാണ് പെണ്ണേ”
ആ വാക്കിൽ റസിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
എന്തേ പെണ്ണേ ഒന്നും പറയാത്തത്..എന്റെ വായാടി പെണ്ണിന് എന്ത് പറ്റി?
അതൊന്നുമല്ല ഫൈസി..ഇപ്പോൾ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം..ഇതുമതി ഇത്ര നാളും അനുഭവിച്ച നോവുകളൊക്കെ മാറാൻ..
അതുകേട്ടപ്പോൾ അവൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ ചെവിയിലായി പറഞ്ഞു….
“നീയാണ് പെണ്ണ്..ഫൈസിയുടെ പെണ്ണ്..ഫൈസിയുടെ മാത്രം””

ചിലരൊക്കെ അങ്ങനെയാണ് പ്രണയം കൊണ്ട് വിധിയെ പോലും തോൽപ്പിച്ചു കളയും!!!
(എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നിന്ന്)
Ashna✍

 

LEAVE A REPLY

Please enter your comment!
Please enter your name here