Home Article ഞാനും അവളും തമ്മിൽ അവിഹിതം പലതുമുണ്ടായിട്ടുണ്ടെന്നൊക്കൊ പറഞ്ഞു പരത്തിയത്

ഞാനും അവളും തമ്മിൽ അവിഹിതം പലതുമുണ്ടായിട്ടുണ്ടെന്നൊക്കൊ പറഞ്ഞു പരത്തിയത്

0

ഞാൻ അവളുടെ പിറകെ നടന്നിട്ടില്ല
ഒരു പ്രണയ ലേഖനം പോലും കൊടുത്തിട്ടില്ല
കെട്ടുകയെങ്കിൽ അവളെ തന്നെ കെട്ടുകയുള്ളു എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിന്നിട്ടില്ല
അവളുടെ ആങ്ങള വന്നെന്റെ നെഞ്ചിൽ കുത്തി പിടിച്ചിട്ടില്ല ..

പക്ഷേ അറിയാവുന്ന അവളുമായി വേലിക്കരികിൽ നിന്ന് ഞാൻ ഒന്നു സംസാരിച്ചതു നേരാണ്..

പിന്നെ ഞാനും അവളും തമ്മിൽ അവിഹിതം പലതുമുണ്ടായിട്ടുണ്ടെന്നൊക്കൊ പറഞ്ഞു പരത്തിയത് ഈ നാട്ടുകാരിൽ ചിലരാണ്..

എന്റെ വീട്ടുകാരും അതറിഞ്ഞു എന്റെ അമ്മച്ചി നെഞ്ചത്തടി തുടങ്ങി
അതു കാണാനായി അയൽക്കാരെല്ലാം വേലിക്കരികിൽ എത്തിയിരുന്നു
എല്ലാവരുടെയും മുഖത്തൊരു പുച്ഛ ഭാവവും പരിഹാസ ചിരിയും..

ഇതറിഞ്ഞതു മുതൽ അപ്പനെന്നോട് മിണ്ടാതെയായി..
ഇവനൊക്കെ പ്രേമിക്കാൻ നടക്കുന്നു നാണമില്ലാത്തവൻ എന്ന മട്ടിലാണ് ഇപ്പൊ അപ്പന്റെ നോട്ടം..
ഒരു സത്യവുമില്ലാ കാര്യത്തിൽ എന്റെ മനസ്സ് നീറാൻ തുടങ്ങി..
എന്റെ അവസ്ഥ ഇതാണേൽ അവളുടെ അവസ്ഥ എന്തായിരിക്കും എന്നെനിക്കു ഊഹിക്കാവുന്നതേയുള്ളൂ..

വീട്ടിൽ ഇരിക്കപ്പൊറുതിയില്ലാതെയായി
എങ്ങോട്ടേലും ഒന്നു മാറി നിന്നാലോ എന്ന് തോന്നി..
തോന്നൽ മാത്രമല്ല അങ്ങ് നാട് വിടാൻ തന്നെ തീരുമാനിച്ചു പിന്നെ എങ്ങോട്ട് പോവും എന്നാലോചിച്ചു
ബോംബെ വരെ പോയാലോ എന്ന് ചിന്തിച്ചു വേണ്ട ഹിന്ദി പണ്ടും വശമില്ല..
ചെന്നൈയിലേക്ക് പോകാം അറിയുന്ന തമിഴ് വെച്ച് പിടിച്ചു നിൽക്കാലോ എന്ന് കരുതി ഉറപ്പിച്ചു..

കയ്യിൽ അഞ്ച് പൈസ ഇല്ലേലും എന്റെ തീരുമാനങ്ങൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല..
അന്നു രാത്രിയിൽ തന്നെ അമ്മച്ചി അടുക്കളയിലെ മല്ലി ടപ്പയിൽ സൂക്ഷിച്ച കുറച്ചു പൈസ അടിച്ചു മാറ്റി കയ്യിൽ വെച്ചു..
പിറ്റേന്ന് രാവിലെ ആരും കാണാതെ ബാഗുമെടുത്ത് വീടിന് പുറത്ത് കടന്നു

അതിരാവിലെ പോകുന്ന ബസ്സിൽ വലിഞ്ഞു കയറി കഷ്ടകാലം എന്ന് പറഞ്ഞാൽ മതി
അവളും ആ ബസ്സിൽ ഉണ്ടായിരുന്നു
എന്നെ കണ്ടതും അവൾ ആദ്യമായി എന്നെ നോക്കി ചിരിച്ചു..
എന്റെ തല കറങ്ങാൻ തുടങ്ങി ഈ കാണുന്നത് സത്യം തന്നെയാണോ എന്നറിയാൻ ഞാൻ എന്റെ കവിളത്ത് തന്നെ അടിച്ചു നോക്കി
സംഗതി സത്യമാണ് അവൾ എന്നെ നോക്കി വീണ്ടും ചിരിച്ചു
പെട്ടെന്ന് ദൈവേ ഇതിനി എന്നെ അറിയാവുന്ന ആരേലും കണ്ടാൽ തീർന്നു
ഈ നശിച്ചവൾ എന്നേം കൊണ്ടേ പോവൂ എന്ന് തോന്നി..
ആലോചിച്ചു തീർന്നില്ല തോളിൽ തട്ടി രണ്ട് വീടിനപ്പുറമുള്ള നാണു ചേട്ടൻ ചോദിച്ചു നീ ഇതെവിടേക്കാടേർക്കാ എന്ന് ഞാൻ ഒന്നു പരുങ്ങി പെങ്ങളുടെ വീട്ടിലേക്ക് പോവുകയാണെന്ന് തള്ളി വിട്ടു..

നാണു ചേട്ടൻ മുൻപിലെ സീറ്റിലിരിക്കുന്ന അവളെ ഒന്ന് നോക്കി പിന്നെ എന്നെ ഒന്ന് നോക്കി എന്റെ കയ്യിലെ ബാഗിലേക്കും നോക്കി
നാണു ചേട്ടൻ ചോദിച്ചു ഒളിച്ചോടുകയാണല്ലേ എന്ന്
എന്റെ തല ചുറ്റുന്നത് പോലെ തോന്നി..
ഏയ് നാണു ചേട്ട അങ്ങനെ ഒന്നും ഇല്ല അവൾ കോളേജിലേക്ക് പോകുകയല്ലേ..
ഉം ഉം എന്ന് മൂളി രാമു ചേട്ടൻ എന്നെ ഒന്നിരുത്തി..

ഞാൻ അവളെ ഒന്ന് നോക്കി അവൾ വീണ്ടും ചിരിച്ചു
അവൾക്ക് എങ്ങനെ ചിരിക്കാനാവുന്നു എന്നെ നോക്കി
ഒന്നുമില്ലെങ്കിലും ഞാനും അവളുടെ ജീവിതത്തിലെ അപശകുനമല്ലേ എന്നിട്ടും അവൾ ചിരിക്കുന്നു..

ആ ചിരിയും കണ്ടു കൊണ്ടാണ് ഞാൻ ചെന്നൈയിലേക്ക് ട്രെയിൻ കയറിയത്..
ചെന്നൈയിലെത്തിയ ഞാൻ ഒരു ജോലിക്കായി അലഞ്ഞു നടന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിൽ ജോലി റെഡിയായി..
ഹോട്ടലിലെ ആദ്യ ദിവസത്തെ ജോലി ചെയ്തു തീർന്നപ്പോൾ ആദ്യമായി അദ്ധ്വാനത്തിന്റെ സുഖം ഞാൻ അറിഞ്ഞു..

നാളുകൾ ഒന്നു രണ്ടു മൂന്ന് എന്ന് പറഞ്ഞു കടന്നു പോയി..
മാസം ആറു കഴിഞ്ഞപ്പോൾ ഞാൻ അമ്മച്ചിയെ ഫോണിൽ വിളിച്ചു അമ്മച്ചി വീണ്ടും നെഞ്ചത്തടിച്ചു കരഞ്ഞു..
പത്തു മാസ കണക്ക് പറഞ്ഞെന്റെ സെന്റി മെൻസിൽ കയറി പിടിച്ചു..
അപ്പനു ഫോൺ കൊടുക്കാൻ പറഞ്ഞു
അപ്പനാണേൽ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ ചോദിച്ചു..
ഫോൺ വെക്കാൻ നേരം അപ്പൻ പറഞ്ഞു ഇവിടെ വന്നീ പറമ്പിൽ കിളച്ചാലും നീ ഉണ്ടാക്കുന്ന പൈസ കിട്ടുമെന്ന് അതും പറഞ്ഞു അപ്പൻ ഫോൺ കട്ടാക്കി..
അപ്പന്റെ രീതിയിൽ എന്നെ തിരിച്ചു വിളിച്ചതാണെന്ന് തോന്നി
പിന്നെ താമസിച്ചില്ല അപ്പൻ പടിയടച്ച് പിണ്ഡം വെക്കും മുമ്പ് വീട്ടിലേക്ക് തിരിച്ചു..

നാട്ടിലിറങ്ങുമ്പോൾ വാലായി കാണുന്ന കൂട്ടുകാരെല്ലാം ചിരിച്ചു ഞാൻ ഇത്തിരി ഗൗരവത്തോടെ അവരോട് പുഞ്ചിരിച്ചു..

വീട്ടിലെത്തി അമ്മ ആശ്വാസത്തിന്റെ പുഞ്ചിരി തൂകി എന്നെ അത്ഭുതപെടുത്തി..
ഭാഗ്യം കൊണ്ട് നെഞ്ചത്തടിച്ച് അയൽക്കാരെ അറിയിച്ചില്ല
നിരാശ ഭാവമോടെ വീട്ടിൽ തന്നെ കുത്തിയിരിപ്പ് തുടങ്ങി..

കുത്തിയിരിപ്പ് കണ്ടത് മുതൽ അപ്പൻ എന്നോട് മിണ്ടി തുടങ്ങി
അപ്പൻ മിണ്ടി തുടങ്ങിയപ്പോൾ സന്തോഷം തോന്നി..
അപ്പൻ പലചരക്ക് കടയിൽ വന്നു നിൽക്കാൻ പറഞ്ഞു..
ഞാൻ എതിരൊന്നും പറഞ്ഞില്ല പിറ്റേന്ന് മുതൽ അപ്പനേക്കാൾ മുമ്പെണീറ്റു
കടയുടെ ചാവിയുമെടുത്ത് പോയി കട തുറന്നു
അപ്പനിരിക്കുന്ന കസേര തുടച്ചു വെച്ചു, നിലം തൂത്ത് വൃത്തിയാക്കി..
അതിരാവിലെ ബീഡി വാങ്ങാനെത്തിയ മമ്മുക്ക പറഞ്ഞു ഒടുക്കം നിനക്ക് ബുദ്ധി വന്നല്ലേ എന്ന്
ഞാൻ അതിരാവിലത്തെ കൈ നീട്ടം സ്വീകരിച്ച് മേശയിലേക്കിട്ട് ചിരിച്ചു നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ കടയിലേ ജോലിക്കാരൻ രാമേട്ടനെത്തി എന്നെ കണ്ടതും രാമേട്ടൻ പറഞ്ഞു നന്നായി മോനെ എന്ന്
അപ്പനു വയസ്സായി രാവിലെ വരുമ്പോൾ ഈ കസേരയിൽ ഇരിന്നു കിതക്കുന്നത് ഞാൻ പല വട്ടം കണ്ടിട്ടുണ്ട്
നിന്നെ ഓർത്തു സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട് എന്ന്..

അന്നപ്പൻ വൈകിയാണ് കടയിലെത്തിയത്
അപ്പൻ വന്നപാടെ ചുറ്റും ഒന്ന് നോക്കി പിന്നെ ചോദിച്ചു നീ ഒന്നും കഴിച്ചില്ലല്ലോ വീട്ടിൽ പോയി കഴിച്ചിട്ട് വാ എന്ന്..

അതുവരെ തോന്നാത്ത സ്നേഹം അപ്പനോടെനിക്ക് വന്നു തുടങ്ങി..
ഞാൻ വീട്ടിൽ ചെന്നു കയറിയപ്പോൾ അമ്മച്ചി പതിവിലും സ്നേഹം കൂട്ടി ഊട്ടി..
അത് വരെയില്ലാത്ത സന്തോഷം തോന്നി തുടങ്ങി..

അതി രാവിലെ ടൗണിൽ പോയി കടയിലേക്കുള്ള സാധനങ്ങൾ വാങ്ങി വരുമ്പോൾ എന്നെയും അവളെയും കുറിച്ചു പാടിയ പലതും നാട്ടുകാർ മായ്ച്ചു തുടങ്ങിയിരുന്നു..

മാസങ്ങൾ മാറി മറയുമ്പോൾ അപ്പൻ കടയുടെ ചാവി കയ്യിൽ വെച്ചു തന്നു കൊണ്ട് പറഞ്ഞു ” ഇനി ഇത് നിന്റെ കടയാണ് അപ്പനു വയസ്സായി പഴയ പോലെ ഓടി ചാടി നിൽക്കാനും നടക്കാനൊന്നും വയ്യ എന്ന്..
അപ്പൻ ഉമ്മറത്തെ ചാരു കസേരയിൽ പോയി ആശ്വാസത്തോടെ കിടന്നു..

പിറ്റേന്നു കടതുറക്കുമ്പോൾ എനിക്ക് തോന്നി അപ്പൻ കുടുംബം എന്നെ ഭദ്രമായി ഏൽപ്പിക്കുകയാണെന്ന്..

അപ്പനിരിക്കുന്ന കസേര തുടച്ചു വൃത്തിയാക്കുമ്പോൾ തോന്നി അപ്പനെന്നെ ജീവിതത്തിന്റെ ചുമതലകൾ ഏൽപ്പിക്കുകയാണെന്ന്..

അപ്പൻ പതിയേ പലതിൽ നിന്നും ഒഴിയുകയാണ്
എന്നെ ആ സ്ഥാനത്തേക്ക് കൊണ്ട് വരുകയാണെന്ന് തോന്നി തുടങ്ങി..
അപ്പോഴും എന്റെ മനസ്സ് പറഞ്ഞിരുന്നു അപ്പനോളമെത്തുക ഒരിക്കലും കഴിയാത്ത ഒന്നാവും അതെന്ന്..

എങ്കിലും അപ്പനേയും അമ്മച്ചിയേയും കൂട്ടി
എന്റെ ലോകം ഒന്നു വലുതാക്കാൻ ഞാൻ തുടങ്ങുകയായിരുന്നു..

ഒരു ദിവസം അവൾ ചിരിയും തന്ന് കടയുടെ മുമ്പിലൂടെ നടന്നു പോയി..
എന്റെ ലോകം വലുതാക്കാൻ സഹായിച്ച അവളോട് ഒരു സ്നേഹമൊക്കൊ തോന്നി തുടങ്ങി ഞാൻ അറിയാതെ അവളോട് പുഞ്ചിരിക്കാൻ തുടങ്ങി..

എ കെ സി അലി

LEAVE A REPLY

Please enter your comment!
Please enter your name here