Home Latest നിനക്കെന്റെ അമ്മയെക്കൊണ്ട് പണിയെടുപ്പിച്ചിട്ടു സപ്രമഞ്ചക്കട്ടിലിൽ റാണിയായിരിക്കണം അല്ലെ ?

നിനക്കെന്റെ അമ്മയെക്കൊണ്ട് പണിയെടുപ്പിച്ചിട്ടു സപ്രമഞ്ചക്കട്ടിലിൽ റാണിയായിരിക്കണം അല്ലെ ?

0

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ല ഒരു മരുമകളായിരുന്നു . അടുക്കളയിൽ കലപിലകൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് ഒരു സഹായമായിരുന്നു . പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും ഒരുമിച്ചു. അമ്മയുടെ മുടിയിഴകൾക്കിടയിലെ വെള്ളിനൂലുകൾ പൊട്ടിച്ചും കാലുകളിൽ കുഴമ്പിട്ടു തിരുമ്മിയും അവൾ ഒരു നല്ല മകളായി .
എനിക്കും സമാധാനമായി

അച്ഛന്റെ വേര്പാടിന് ശേഷം അമ്മ ചിരിച്ചു കാണുന്നത് വിരളമാണ് .. ദിവസത്തിന്റെ മുക്കാൽ ഭാഗവും പ്രാർഥനയിലും അടുക്കളയിലുമായിരിക്കും . കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് , ഡോക്ടറേ കാണാമെന്നു പറഞ്ഞാ അപ്പോ പറയും കുഴന്പിട്ടു തിരുമിയാ നല്ല ആശ്വാസം ഉണ്ടെന്നു .പക്ഷെ ജോലിക്കാരിയെ വയ്ക്കാമെന്നു പറഞ്ഞാൽ അതിനു സമ്മതിക്കില്ല . ആവുന്നത്ര നാളും സ്വന്തം കൈകൾ കൊണ്ട് വച്ചുവിളമ്പണമത്രേ . ഇടവിട്ടുണ്ടാവുന്ന വേദന അമ്മയെ വല്ലാതെ വലയ്ക്കാറുണ്ട്.. കല്യാണപ്രായം പടികടന്നെത്തിയെങ്കിലും പേടിയായിരുന്നു , വന്നു കേറുന്ന കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുമോ ന്നു . എനിക്ക് ഒരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്കൊരു മകളെ ആയിരുന്നു എനിക്കാവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോ സമ്മതം നൽകിയത് ..അതും നല്ലതുപോലെ അന്വേഷിച്ചുറപ്പിച്ചതിനു ശേഷം .

നാട്ടിന്പുറത്തുകാരനായ കൃഷ്ണൻ മാഷിന്റെയും സുമതിയമ്മയുടെയും മകൾക്കു ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ലായിരുന്നു . അത്തരത്തിലാണ് അവരവളെ വളർത്തിയത് . തികച്ചും സാധാരണക്കാരായുള്ള ജീവിതം . പിശുക്കിയും മിച്ചം വച്ചും വളരെ സൂക്ഷിച്ചു മിതത്വത്തിൽ ജീവിച്ചതുകൊണ്ടു ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തുപോകുമെന്നു ഉറപ്പായിരുന്നു.
ജോലിക്കു പോകുമ്പോ അമ്മയ്ക്കൊരു കൂട്ട് . നല്ല മരുമകൾ എന്നതിനപ്പുറം നല്ലഒരു മകളുടെ കരുതൽ അത്രേ കണ്ണൻ ആഗ്രഹിച്ചിരുന്നുള്ളൂ

നാലുമുറികൾ മാത്രമുള്ള കുഞ്ഞു വീട്ടിൽ നിന്നും നാലുകെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോ അവൾക്കൊരല്പം ഗർവ്വായോ ? ഒളിഞ്ഞും തെളിഞ്ഞും പലരും പറയണത് കേട്ടു ഇതുപോലൊരു വീട്ടിൽ ചേരാൻ കഴിഞ്ഞത് സുമയുടെ ഭാഗ്യമാണെന്ന് . കൃഷ്ണൻ മാഷിനും ഭാര്യയ്ക്കും ഇതേ അഭിപ്രായമായിരുന്നു .അതുകൊണ്ടു തന്നെ പടിയിറങ്ങുന്നതിനു മുന്നേ അവൾ മകളോട് പറഞ്ഞു .

“ നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാണ് . നാല് ദിവസം ഇട്ടാലും ആ പറമ്പിലെ നാളികേരം ഇട്ടു തീരില്ലാത്രേ . അതിനു പുറമെ കൊയ്തുകൂട്ടുന്ന നെല്ലും എപ്പോഴും നിറഞ്ഞ പത്തായവും .. കണ്ണനും അമ്മയും മാത്രേ ഒള്ളൂ അവിടെ. രണ്ടാളും സാധുക്കളാണ് . അവരെക്കൊണ്ടു വളർത്തുദോഷം എന്ന് പറയിക്കരുതെന്നു ”.. കാറില് നിന്നു വീടിന്റെ മുറ്റത്തിറങ്ങിയതും സുമയുടെ കണ്ണുകൾ വിടർന്നു സിനിമകളിൽ മാത്രം കണ്ടുമറന്ന പോലെ ഒരു വീട് ..ഇനി ഞാൻ ഇങ്ങനൊരു വലിയ വീട്ടിലെ മരുമകളാണ് എന്ന ചിന്ത കുറച്ചൊന്നുമല്ല അവളുടെ മനസ്സിനെ ഉലച്ചത്.

വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അവളെ വല്ലാതെ ഭ്രമിപ്പിച്ചെന്നു തോന്നുന്നു . പതിയെ അവൾ അമ്മയിൽ നിന്നകലാൻ തുടങ്ങി . അടുക്കളവശത്തേയ്ക്ക് തന്നെ പൊവാതായി . ആവശ്യങ്ങൾ പറഞ്ഞു വിളിച്ചാൽ പോലും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാതായി . അമ്മ ഒന്നും തുറന്നു പറഞ്ഞില്ല . ഒരിക്കൽ പോലും മരുമകളുടെ കുറ്റങ്ങൾ പറഞ്ഞു തന്നില്ല .എന്നിട്ടും അമ്മയ്ക്കുണ്ടാവുന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . സംസാരം കുറഞ്ഞു മുഖത്ത് വിഷാദ ഭാവം .. കാലുകൾക്ക് വേദന പഴേതിനേക്കാള് കൂടുതലായി. നടത്തത്തിലെ മുടന്തു വല്ലാതെ വിഷമിപ്പിച്ചു
“ എന്താ പെട്ടെന്നൊരു മാറ്റം “എന്ന ചോദ്യത്തിന് “പ്രായമായില്ലേ മക്കളെ അതാവുമെന്നു “ഒരു ഒഴുക്കൻ മറുപടിയും . ദിവസങ്ങൾ ചെല്ലതോറും അമ്മയുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു .. കാരണമെന്താണെന്ന് കണ്ടെത്തുക അനിവാര്യമായി തോന്നി .. പല തരത്തിൽ ചോദിച്ചിട്ടും അമ്മ ഒന്നും തുറന്നു പറയുന്നില്ല ഡോക്ടറെ കാണാൻ വരാൻ കൂട്ടാക്കുന്നുമില്ല ..

അങ്ങനെയിരിക്കെ ഒരുദിവസം സഹപ്രവർത്തകരിൽ ഒരാളുടെ അച്ഛൻ മരിച്ചതിനാൽ അന്ന് ഓഫീസിനു അവധി കൊടുത്തു . വേഗം വീട്ടിലേയ്ക്ക് മടങ്ങി .. മുറ്റത്തെങ്ങും ആരെയും കാണാനില്ല .. സാധാരണ ഇറയത്തെ കോണിൽ അമ്മ രാമായണം വായിച്ചിരിക്കാരാണ് പതിവ് . അതും ഇല്ലാ . അടുക്കളയിലായിരിക്കുമോ ? അവിടെയും കണ്ടില്ല .. റൂമിൽ പോയി നോക്കാമെന്നു കരുതി തിരിഞ്ഞപ്പോളാണ് വടക്കേപ്പുറത്തെ തൊടിയിൽ നിന്നും ശബ്ദം കേട്ടത് .
അല്ല സുമയുടെ ശബ്ദമാണല്ലോ കേൾക്കണത് .. ആരെയോ ശകാരിക്കുകയാണല്ലോ

“ നിങ്ങളോടു ഞാൻ പറഞ്ഞിട്ടില്ലേ തുണിയൊക്കെ അലക്കുമ്പോ എന്നോട് ചോദിച്ചിട്ടെ ചെയ്യാവൂ എന്ന് . എത്ര രൂപ വിലയുള്ള സാരിയാ നോക്കിയേ ഉള്ളതൊക്കേം കുത്തിക്കീറി ..സുമ ആരാണെന്നു നിങ്ങക്കറിഞ്ഞൂടാ . പിന്നെ മകനോട് പറഞ്ഞു എന്നെ തല്ലുകൊള്ളിക്കാം എന്നാണു വിചാരം എങ്കിൽ അത് നടക്കില്ല .. മകൻ രാവിലെ ജോലിക്കങ്ങു പോകും .പിന്നെ വൈകുന്നത് വരെ ഞാനും നിങ്ങളും മാത്രാ ഈ വീട്ടിൽ . വച്ചേക്കില്ല ഞാൻ നിങ്ങളെ ..ഒരു കോണിൽ തെറ്റ് ചെയ്ത കുട്ടി ടീച്ചറിന്റെ മുന്നിൽ തലകുനിച്ചു നിക്കുന്നത് പോലെ അമ്മ . കണ്ണുകൾ നിറഞ്ഞിട്ടുണ്ട് .. നല്ല ക്ഷീണം കാണുന്നുണ്ട് ആ മുഖത്ത് .. കഷ്ടം തോന്നി .. ഭൂമി രണ്ടായി പിളർന്നു പോണത് പോലെ തോന്നി…

“ ഡീ സുമേ…. ”
ഒരലർച്ചയായിരുന്നു കണ്ണൻ .. പാഞ്ഞടുത്തു അവളുടെ ചെകിടത്തു പൊട്ടിച്ചപ്പോ കൊല്ലാനുള്ള ദേഷ്യമായിരുന്നു അവളോട്.
“നിനക്കെന്റെ അമ്മയെക്കൊണ്ട് പണിയെടുപ്പിച്ചിട്ടു സപ്രമഞ്ചക്കട്ടിലിൽ റാണിയായിരിക്കണം അല്ലെ ? കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു . അമ്മയിലുള്ള മാറ്റം . നീയൊക്കെ ഒരു സ്ത്രീയാണോടീ .. ഇത്രേം പ്രായമുള്ള ഇവരെക്കൊണ്ട് നിന്റെ അടിയുടുപ്പുകൾ വരെ അലക്കിക്കാൻ നിനക്ക് ഒട്ടും നാണം തോന്നുന്നില്ലേ ?
ഇപ്പൊ ഒരുങ്ങണം നീ . എടുക്കാനുള്ളതൊക്കെ എടുത്തോളൂ പക്ഷെ ഇപ്പൊ ഇറങ്ങണം ഇവിടെ നിന്ന് .. നിന്റെ വീട്ടിൽ കൊണ്ടോയി ആക്കാം ഞാൻ.. നിന്റെ വിളച്ചിലൊക്കെ അവിടെയെടുത്താൽ മതി .”

ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു സുമ . തലയ്ക്കു ചുറ്റും നക്ഷത്രങ്ങൾ കറങ്ങുന്നുണ്ട് .
ഓഫീസിന്നു കണ്ണേട്ടൻ ഇത്ര വേഗം വരുമെന്ന് കരുതിയില്ല . കല്യാണം ഉറപ്പിച്ചതു മുതല് അമ്മയിൽ നിന്ന് കാര്യങ്ങൾ പഠിച്ചു തുടങ്ങി എന്നത് നേരാണ് പക്ഷെ ഇളയ കുട്ടിയായതു കൊണ്ട് വീട്ടിലെ അടുക്കളയിൽ ഇന്നുവരെ കയറേണ്ടി വന്നിട്ടില്ല . തുണികൾ നനയ്ക്കുകയോ ഇസ്തിരിയിടുകയോ ചെയ്യാറില്ല .. ഉറക്കം എന്നേക്കുമ്പോ തന്നെ 8 മണിയോളമാകും അപ്പോഴേയ്ക്കും പ്രാതലും ഊണും തയാറാക്കിയിട്ടുണ്ടാവും അമ്മ.. കല്യാണത്തിന് മുന്നേ അമ്മ പറഞ്ഞു തന്നതാണ്
“ വേറെ വീടാണ് സാഹചര്യങ്ങൾ വേറെയാണ് നീ അവിടത്തെ വിളക്കാവണമെന്നു” . അർഹിക്കാത്ത സൗകര്യങ്ങളും മറ്റും കിട്ടിയപ്പോ കണ്ണ് മഞ്ഞളിച്ചു പോയി …

“ നിന്നോട് ഒരുങ്ങാനാണ് പറഞ്ഞത് .. ഉറഞ്ഞുതുള്ളുകയായിരുന്നു കണ്ണൻ .. കണ്ണീരൊലിപ്പിച്ചു മുറിയിലേയ്ക്കു ഓടി സുമ .

“ മോനെ വേണ്ടാരുന്നു . എന്തിനാ ആ കുട്ടിയെ വിഷമിപ്പിച്ചേ ? അവൾ കുഞ്ഞല്ലേടാ . അറിവില്ലായ്മകൊണ്ടു എന്തേലും പറയുകയോ ചെയ്യുകയോ ചെയ്‌താൽ അത് ക്ഷമിച്ചു തിരുത്തിക്കൊടുക്കേണ്ടത് നമ്മളല്ലേ . എന്റെ മക്കൾ ചെന്നവളെ സമാധാനിപ്പിക്ക് ” ഭാനുമതിയമ്മ കൂട്ടിച്ചേർത്തു

“അമ്മയൊന്നും മിണ്ടണ്ടാ .. അപ്പൊ ഇതാരുന്നു ഇവിടെ നടന്നോണ്ടിരുന്നതല്ലേ . ഇന്ന് ഞാൻ നേരിട്ട് കണ്ടതുകൊണ്ടു അല്ലെങ്കിൽ അമ്മയായിട്ട് ഇതൊന്നും പറയുവേം ഇല്ലാ ഞാനിതൊട്ടു അറിയുവേം ഇല്ല .അവൾ ഇനി ഈ വീട്ടിൽ താമസിക്കണ്ട . ഇതെന്റെ തീരുമാനമാണ് . അമ്മായിതിൽ ഇടപെടേണ്ട . ”
കണ്ണന്റെ ശബ്ദം കനത്തതായിരുന്നു . ബാഗിലെല്ലാം കുത്തിനിറച്ചു മുഖം വീർപ്പിച്ചു വണ്ടിയിൽ കയറിയപ്പോളും എല്ലാം ക്ഷമിച്ചു തിരികെ വിളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു സുമയ്ക്ക് . എന്നാൽ അവളുടെ വീടെത്തുന്ന വരെ ഒരക്ഷരം മിണ്ടിയില്ല കണ്ണൻ .. പതിവില്ലാതെ മകനെയും മരുമകളെയും കണ്ടു മാഷും ഭാര്യയും സന്തോഷിച്ചു . എന്നാൽ അതിനധികം ആയുസ്സുണ്ടായില്ല .. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മകളെയും ബാഗുകൾ എടുത്തു ഇറയത്തേയ്ക്കു വയ്ക്കാൻ തിരക്ക് കൂട്ടുന്ന കണ്ണനെയും കണ്ടപ്പോ അവർക്കു മനസിലായി രംഗം അത്ര പന്തിയല്ലെന്ന് …

“എന്താ മോനെ എന്താ പ്രശ്നം ? സുമ എന്തിനാ കരയണെ ? മോൻ എന്താ ഒന്നും മിണ്ടാത്തേ ? ”
മാഷ് ആശങ്കയോടെ ചോദിച്ചു . കത്തുന്ന നോട്ടം മാത്രം തിരിച്ചു നൽകി കണ്ണൻ ബാഗുകൾ എടുത്തു തിണ്ണയിൽ വച്ചു..

“ഇത് നിങ്ങളുടെ മകൾക്കു നിങ്ങൾ കൊടുത്തയച്ച ആഭരണങ്ങളാണ് . ഒരു നെല്ലിട പോലും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഞാൻ വാങ്ങിയവ കൂടെ ഇതോടൊപ്പമുണ്ട് .. ഇതൊക്കെ അകത്തേയ്ക്ക് എടുത്തു വച്ചോളൂ . മോൾ ഇനി നിങ്ങളോടൊപ്പം ഇവിടെ താമസിക്കും . എനിക്ക് ഇങ്ങനൊരു ഭാര്യയുടെ ആവശ്യമില്ല ”. കണ്ണൻ വിടാൻ ഭാവമില്ലായിരുന്നു .

“അല്ല എന്താ മോനെ പ്രശ്നം ? നമുക്ക് ഇരുന്നു സംസാരിക്കാമല്ലോ . പറഞ്ഞു തീർക്കാവുന്നതാണേൽ പറഞ്ഞു തീർത്തൂടെ ? ” ഇത്തവണ സുമതിയമ്മയാണ് ചോദിച്ചത്

നിങ്ങക്ക് അറിയണം അല്ലെ എന്താ പ്രശ്നമെന്ന് . പറയാം ഒറ്റവാക്കിൽ പറയാം “ വളർത്തുദോഷം , നല്ല തല്ലു കിട്ടാത്തേന്റെ കുറവ് മകൾക്കു നല്ലോണം ഉണ്ട് . എന്റെ അമ്മയെ ചട്ടം പഠിപ്പിക്കാനാണ് കെട്ടിലമ്മ അങ്ങോട്ടെഴുന്നള്ളീത് . തൽക്കാലം അത് വേണ്ടാ . അതോണ്ട് തന്നെ അവൾ ഇവിടെ നിക്കട്ടെ . കേസോ കോടതിയോ എന്ത് വേണേലും ആവാം ഞാൻ നേരിട്ടോളാം . ഇനി നഷ്ടപരിഹാരം വേണോ അതും തരാം . പക്ഷെ ഇതുപോലെ ഒരു ഒരുമ്പെട്ടോളെ എന്റെ വീട്ടിലിനി വേണ്ടാ ” കണ്ണൻ ക്ഷമിക്കാന് തയ്യാറല്ലായിരുന്നു.

ആർക്കും ഒന്നും വ്യക്തമായില്ല ..
മോനെ ഒന്നൂടെ ഒന്ന് തെളിച്ചു പറയുമോ ? എന്താണ്ടായേ ? കൃഷ്ണൻ മാഷ് നിസ്സഹായനായി ചോദിച്ചു . ഉണ്ടായ കഥകൾ വള്ളിപുള്ളി തെറ്റാതെ കണ്ണൻ പറഞ്ഞു കേൾപ്പിച്ചു . വിശ്വസിക്കാൻ കഴിഞ്ഞില്ല മാഷിനും സുമതിയമ്മയ്ക്കും . മകൾക്കുണ്ടായ മാറ്റം അത്രയും അത്ഭുതപ്പെടുത്തുകയായിരുന്നു അവരെ . മതിലിനു മുകളിലും ഗേറ്റിനടുത്തുമൊക്കെ ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . തൊലിയുരിഞ്ഞു പോണത് പോലെയാണ് അവർക്കു തോന്നിയത്

“ മോനെ വാ നമുക്ക് അകത്തിരുന്നു സംസാരിക്കാം . ആൾക്കാർ ഒക്കെ ശ്രദ്ധിക്കാണ്‌ .. മാഷ് മരുമോനെ അകത്തേയ്ക്കു കൂട്ടി .. അപ്പോഴൊക്കെയും സുമ കരഞ്ഞോണ്ടിരിക്കുകയായിരുന്നു . അകത്തേയ്ക്ക് കയറിയതും മാഷ് കരണമടച്ചു ഒരടി കൊടുത്തു അവൾക് . ആ അടി നന്നായി നൊന്തു . “ നിനക്ക് ഇതൊരെണ്ണം ഞാൻ നേരത്തെ തരേണ്ടതായിരുന്നു . ഒന്നേയുള്ളൂല്ലോ ന്നു കരുതി ലാളിച്ചു വളർത്തിതാ ഞാൻ ചെയ്ത തെറ്റ് .മറ്റൊരു വീട്ടിൽ അച്ഛന്റേം അമ്മേടേം തല കുനിക്കേണ്ട ഗതികേട് വരുത്തിയപ്പോ നിനക്ക് മതിയായല്ലോ ല്ലേ .. എന്തിനാ ദൈവമേ ഇങ്ങനൊരു സന്തതിയെ എനിക്ക് തന്നത് ”….

നിങ്ങളെന്താച്ചാ ആയ്ക്കോ . തല്ലുകയോ കൊല്ലുകയോ വളർത്തുകയോ നിങ്ങളുടെ ഇഷ്ടം . നിങ്ങൾ രണ്ടാളുമൊടുള്ള ഇഷ്ടം കൊണ്ട് കെട്ടിയ താലി ഞാൻ ഊരുന്നില്ല . ഞാൻ പോണു ..
കണ്ണൻ ഇറങ്ങിക്കഴിഞ്ഞു .. ഒരു തിരിഞ്ഞു നോട്ടമെങ്കിലും പ്രതീക്ഷിച്ചു സുമ .. ഒന്നും ഉണ്ടായില്ല . അകന്നു പോകുന്ന കാറിനെ നോക്കി കണ്ണീരൊഴുക്കികൊണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു . അകത്തേയ്ക്ക് തിരിഞ്ഞപ്പോ കണ്ടു കത്തുന്ന കണ്ണുകളുമായി നോക്കുന്ന അമ്മയേം അച്ഛനേം…

കണ്ണൻ വീട്ടിലെത്തി . സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു . ഇറയത്തോ തുളസിത്തറയിലോ വിളക്കുകൾ തെളിഞ്ഞിട്ടില്ല .. അമ്മയെ കാണാനുമില്ല .. കൈയും മുഖവും കഴുകി തൂക്കു വിളക്കിൽ എണ്ണ പകർന്നു ദീപം കൊളുത്തി . തുളസിത്തറയിലും തിരിവച്ചു പ്രാർഥിച്ചു .ഇന്ന് മുതൽ ആരും വേണ്ടാ ഞാനും അമ്മയും മതി . സുമയെക്കുറിച്ചുള്ള ഓർമ്മകൾ പോലും വേണ്ടാ.. അലസമായി ടി വി ചാനലുകൾ മാറ്റി നോക്കി . ഒന്നിലും ശ്രദ്ധിക്കാൻ പറ്റണില്ല . അകത്തു പോയി കിടന്നു . മുറിയിലാകെ സുമയുടെ മുടിയിലെ ഷാമ്പു ന്റെ മണം . ജനലുകൾ തള്ളിത്തുറന്നു . ഫാൻ ഫുൾ സ്പീഡിലിട്ടു . എയർ ഫ്രഷ്നെർ എടുത്തടിച്ചു ..ഓർമ്മകൾ വലയ്ക്കുകയാണ് ശ്വാസം മുട്ടിക്കുകയാണ്.

അമ്മയുടെ മുറിയിൽ പോകാം . അവിടത്തെ കുഴമ്പിന്റെയും അമ്മ നിത്യം ഇടുന്ന രാസ്നാദിയുടെയും മണം നൽകുന്ന ആശ്വാസം ഒന്നും വേറെ എവിടന്നും കിട്ടില്ല . മുറിയിൽ കയറിയപ്പോഴേ കണ്ടു കട്ടിലിൽ ഓരം ചേർന്നിരിക്കുന്ന അമ്മയെ . തറയിലിരുന്നു അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . അമ്മയുടെ കൈകൾ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു .“ മോനെ . ‘അമ്മ പറയണത് മോൻ ക്ഷമയോടെ കേൾക്കണം .. മോന് ദൈവം നിശ്ചയിച്ച കൂട്ടാണ് സുമ . നിങ്ങളെ തമ്മിൽ ചേർത്തതും ആ ദൈവം തന്നെയാ . അവളെത്ര ചീത്തയാണെങ്കിലും ന്റെ മോന്റെ ഭാര്യയാണ് . അമ്മയ്ക്ക് ഒരു പരാതിയുമില്ല . അവൾക്കു വേണ്ടി എന്തേലും ചെയ്യണത് മോന് ചെയ്തു തരണതായെ അമ്മ കരുതീട്ടുള്ളൂ .. ന്റെ മോൻ അവളെ വിഷമിപ്പിക്കരുത് . നാളെത്തന്നെ പോയി തിരികെ വിളിച്ചോണ്ട് വരണം .. ”

കണ്ണൻ മൗനിയായിരുന്നു . ഓർക്കുകയായിരുന്നു കഴിഞ്ഞു പോയ കാലത്തെക്കുറിച്ചു . ആരോഗ്യവതിയായ അമ്മ ആഹാരം വച്ച് വിളമ്പുന്നതും സമയം ഇല്ലാന്ന് പറഞ്ഞു ധൃതിയിൽ ഇറങ്ങാൻ തുടങ്ങിയാൽ സ്നേഹത്തിന്റെ ശാസനയുമായി കൂടെ വന്നു വാരിയൂട്ടുന്നതും ,അമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്നതും , അമ്മയ്ക്കിഷ്ടമുള്ള അമ്പലങ്ങളിലേക്കുള്ള യാത്രകളും . പ്രതീക്ഷിക്കാതെ സമ്മാനങ്ങൾ കൊടുക്കുമ്പോ നിറഞ്ഞ കണ്ണുകളോടെ പീലിത്തുമ്പിൽ തിളങ്ങുന്ന നീർമുത്തുകളോടെ നെറ്റിയിൽ നൽകിയിരുന്ന ഉമ്മയും ഒക്കെ ഓർമ്മകളിൽ മിന്നിമാഞ്ഞു . കല്യാണം കഴിഞ്ഞതോടെ ഒന്നിനും സമയം ഇല്ലാണ്ടായി അമ്മയോടൊപ്പം ഇരിക്കാനോ കാര്യങ്ങൾ തിരക്കിയറിയാനോ ഒന്നും കഴിഞ്ഞില്ല . ഇനി അമ്മയ്ക്ക് വേണ്ടി ജീവിക്കണം .

ഉറങ്ങിയതെപ്പോളാണെന്നറിയില്ല . ഉണർന്നെണീറ്റപ്പോ ഒരുപാട് വൈകി . ഇത്രേം സ്വസ്ഥമായി അടുത്തെങ്ങും ഉറങ്ങിയിട്ടില്ല . അല്ലാ അമ്മ ഇത് എവിടെയാ പോയത് ? അടുക്കളയിലും കോലായിലും ഒക്കെ നോക്കി . കാണുന്നില്ല .. ഇനീപ്പോ അമ്പലത്തിൽ എങ്ങാനും പോയതാവുമോ ? ആ വരുമ്പോ വരട്ടെ .. പൂമുഖത്തിരുന്നു പത്രം വായിക്കുമ്പോ കേട്ടു വടക്കേപ്പുറത്തു തുണി അടിച്ചുലയ്ക്കുന്ന ശബ്ദം …ഈ അമ്മ ഇതെന്നാ ഭാവിച്ചാ.. ജാന്വേടത്തിയോട് വരാൻ പറഞ്ഞിട്ടുണ്ട് അവര് ചെയ്തോളും ന്നു പറഞ്ഞതാണല്ലോ.അവരിത്ര വേഗം വന്നോ ?

വടക്കേ തൊടിയിൽ നോക്കിയ കണ്ണൻ ഞെട്ടിപ്പോയി സുമ നിന്ന് തുണി നനയ്ക്കുന്നു . അതും അമ്മയുടെ മുണ്ടും നേര്യതും . അമ്മ ഒഴിഞ്ഞ കോണിൽ കസേരയിലിരുന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു ..വേഗത്തിൽഎണീറ്റപ്പോ മറിഞ്ഞു വീഴാൻ പോയ അമ്മയെ സുമ ഓടി വന്നു താങ്ങിപ്പിടിക്കുന്നു .. ഇതൊക്കേം സ്വപ്നമാണോ ദൈവമേ ? ഇവളെങ്ങനെ ഇവിടെ എത്തി ? ചിന്തകൾ ഒരായിരം മിന്നിമാഞ്ഞു .

“ എന്താടാ നോക്കണേ ? രാവിലെ എണീറ്റപ്പോ എനിക്ക് തോന്നി ന്റെ മോളെ കാണണം ന്നു . വടക്കേലെ ശാരദയുടെ മോനോട് പറഞ്ഞപ്പോ അവൻ വണ്ടിയുമായി വന്നു . വീട്ടിൽ ചെന്ന് കയറിയപ്പോളേ കണ്ടു ഉമ്മറപ്പടിയിൽ നിന്നെ കാത്തു നിൽക്കുന്ന സുമയെ … ഇന്നലെ ഒരു പോളക്കണ്ണടയ്ക്കാതെ നിന്നെപ്രതീക്ഷിച്ചു നിന്നതാണെത്രെ . എന്നെകണ്ടപ്പൊ പാവം ഓടി വന്നു കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു . സമാധാനിപ്പിച്ചു കൂടെക്കൂട്ടീതാ ഞാൻ . എന്റെ മോളെ ഞാൻ ഇനി എങ്ങട്ടും വിടില്ല .. “ഭാനുമതിയമ്മ ഉത്സാഹത്തിലാണ് .

അമ്മയുടെ മറവിൽ ഒരു വഴക്ക് പ്രതീക്ഷിച്ചെന്നപോലെ കണ്ണ് നിറച്ചു തല കുനിച്ചു നിൽക്കുന്നുണ്ടായിരുന്നു സുമ .ഒട്ടും മയമില്ലാതെ “നീ മുറിയിലേക്കൊന്നു വന്നേ “ എന്ന് പറഞ്ഞു നടക്കുമ്പോ സങ്കടത്തോടെ സംശയത്തോടെ അമ്മയും സുമയും പരസ്പരം നോക്കുന്നുണ്ടായിരുന്നു …

“ഏട്ടാ എന്നോട് ക്ഷമിക്കണം .. കിട്ടാത്ത സൗകര്യങ്ങൾ കിട്ടിയപ്പോ ഞാനൊരല്പം അഹങ്കരിച്ചു . ചെയ്യുന്ന കാര്യങ്ങളിലെ തെറ്റും ശരിയും തിരിച്ചറിഞ്ഞില്ല .. എന്നെ വീട്ടിൽ കൊണ്ടോയി വിട്ടോളൂ . ഞാൻ അവിടെ കഴിഞ്ഞോളാം. പിന്നെ ഏട്ടൻ കഴുത്തിലണിയിച്ച താലി മാത്രം തിരികെ ചോദിക്കരുത് . എനിക്ക് അത് തിരികെത്തരാൻ കഴിയില്ല .. “
കണ്ണീരിന്റെ അകമ്പടിയോടെ സുമ പറഞ്ഞു നിർത്തി .
കണ്ണന് ചിരിയാണ് വന്നത്
“ നീ ഈ പറഞ്ഞതിലൊക്കെ എത്രത്തോളം ആത്മാർഥതയുണ്ടെന്നു എനിക്കറിയില്ല . പക്ഷെ നിന്നെ തിരികെ കൊണ്ടോയി വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല . മര്യാദയ്ക്ക് നല്ല കുട്ടിയായിട്ട് പോയി
ചേട്ടന് ഒരു ചായ ഉണ്ടാക്കിക്കൊണ്ടു വന്നേ .. എന്നിട്ട് വേഗം ഒരുങ്ങിക്കോ നമുക്കൊരിടം വരെ പോകാം .. പേടിക്കണ്ട നിന്റെ വീട്ടിലേക്കല്ല .. മധുര മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് . അമ്മയുടെ കൊറേ നാളത്തെ ആഗ്രഹമാണ് . അമ്മയ്ക്ക് ഒരു തീർഥാടനവും ആകും നമ്മക്ക് ഒരു ഹണിമൂണും ആകും . അങ്ങനെ അമ്മയേം കൂടെക്കൂട്ടി ഹണിമൂണിന് പോയ ആദ്യ ദമ്പതികൾ എന്ന സ്ഥാനത്തു നമ്മളുടെ പേര് വരും …”

അത്ര മതിയായിരുന്നു പിണക്കങ്ങളും സങ്കടങ്ങളും അലിഞ്ഞില്ലാണ്ടാവാൻ .. ഓടിവന്നു മാറിലേക്ക് ചാഞ്ഞ സുമയുടെ നെറ്റിയിൽ സന്തോഷത്തിന്റെ കണ്ണീർ തൂവിക്കൊണ്ടു കണ്ണൻ നൽകിയ മുത്തം അവളുടെ സീമന്ത രേഖയെ വീണ്ടും ചുവപ്പിച്ചു . ഇതെല്ലാം കണ്ടുകൊണ്ടു സന്തോഷത്തോടെ ഭാനുമതിയമ്മ
നേര്യതിന് തുമ്പു കൊണ്ട് കണ്ണ് തുടച്ചു

Mahesh

LEAVE A REPLY

Please enter your comment!
Please enter your name here