Home Article ഇവരുടെ നേരെ ബഞ്ചിൽ ഇരിക്കുന്ന വിദ്യയുടെ പാവാട കാലിൽ നിന്നും മേൽപ്പോട്ടു കയറി ഇരിക്കുന്നു,...

ഇവരുടെ നേരെ ബഞ്ചിൽ ഇരിക്കുന്ന വിദ്യയുടെ പാവാട കാലിൽ നിന്നും മേൽപ്പോട്ടു കയറി ഇരിക്കുന്നു, അതാണവർ ഇങ്ങനെ കുനിഞ്ഞു ആസ്വദിക്കുന്നത്.

0

വെള്ളി കൊലുസ്

അന്നൊൻപതാം ക്ലാസ്സിലെ ഉച്ചക്കു ശേഷമുള്ള കണക്കു പിരിയഡ്.
ബോർഡിൽ എക്സും വൈയുമിട്ടു ലഘൂകരണം ടോപിക് ലക്ഷ്മി ടീച്ചർ തകർക്കുന്നു.
ഞാനുൾപ്പെടുന്ന സെക്കന്റ്‌ ലാസ്റ്റ് ബഞ്ചിനു കണക്കു അലർജി ആയതിനാൽ ചെറിയൊരു കോട്ട് വായ ഇടയ്ക്കിടെ ഇട്ടു കൊടുത്തു ബോർഡിൽ ചുമ്മാ നോക്കിക്കൊണ്ടിരുന്നു.

ഈ സമയത്താണ് തൊട്ടു പുറകിലെ ബഞ്ചിൽ ഇരിക്കുന്ന ബിജോയും, ജിനേഷും കൂടി ഡസ്ക്കിന്റെ അടിയിലേക്കൊരു ഊളിയിടൽ.
സാധാരണ ഇവർ രണ്ടും തൊട്ടു മുൻപിൽ ഇരിക്കുന്ന ഞങ്ങൾക്ക് പുറകിൽ കൂടി എന്തേലും പണി തരാനാണ് ഇങ്ങനെ ഡസ്കിന്റെ അടിയിൽ കുനിഞ്ഞിരിക്കുന്നത്.

ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിലും ഇവർ ഇടയ്ക്കു കുനിഞ്ഞു തന്നെ ഇരിക്കുന്നു. ഡസ്ക്കിന്റെ അടിയിലേക്കുള്ള ഈ കുനിയിൽ ഞങ്ങൾക്കുള്ള എന്തേലും പണി ആണെന്ന് കരുതി ഞാൻ ഇടയ്ക്കു ബാക്കിലേക്കു ഒന്ന് നോക്കും.
ഇനി എന്തേലും പണി ആണെങ്കിൽ തന്നെ അതു രണ്ടു കയ്യും നീട്ടി മേടിക്കാതെ തരവുമില്ല, രണ്ടും തോറ്റു കിടക്കുന്ന അപ്പ കാളകള, പോരാത്തതിനു ഒടുക്കത്തെ ആരോഗ്യവും.
എന്നിരുന്നാൽ കൂടിയും വരുന്ന പണി എങ്ങനെ ഉള്ളതാണെന്ന് അറിയാൻ ഞാൻ ഇടയ്ക്കു അവന്മാരോടൊപ്പം അവരു കുനിഞ്ഞപ്പോൾ ഒന്ന് കുനിഞ്ഞു. എന്നിട്ട് പേന തപ്പുന്നതു പോലെ കാണിച്ചു ചാരി വച്ചിരിക്കുന്ന ബാഗിന്റെ ഇടയിൽ കൂടി അവരെ രണ്ടിനെയും ഒന്ന് നോക്കി.

രണ്ടു പേരുടെയും ശ്രദ്ധ ഞങ്ങളുടെ പുറകിൽ അല്ലെന്നു എനിക്കു ബോധ്യമായി.
ഒന്ന് കൂടി ഞാൻ അവരെ ശ്രദ്ധിച്ചപ്പോൾ അവരുടെ കണ്ണുകൾ നേരെ പെങ്കുട്ടികളുടെ വശത്തേക്ക് ആണെന്ന് ബോധ്യമായി.

എന്താണ് ബിജോയും, ജിനേഷും അവിടെ പെൺകുട്ടികളുടെ ഭാഗത്തേക്കു ശ്രദ്ധിക്കാൻ, അതും കുനിഞ്ഞു നോക്കുന്നത്.
പല ആവർത്തി ചിന്തിച്ചിട്ടും എനിക്കങ്ങോട്ടു ഒന്നും മനസിലായില്ല.

ഞാൻ ഒന്നുടെ ഒന്ന് കുനിഞ്ഞു അവർ നോക്കുന്ന ദിശയിലേക്കു എന്റെ കണ്ണൊന്നു പായിച്ചു.

ഛെ…. *****

മോശം..

ഇതാണോ ഇവർ ഇങ്ങനെ കുനിഞ്ഞു ധൃതിയിൽ നോക്കികൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ എനിക്കു അവരോടു എന്തെന്നില്ലാത്ത ദേഷ്യവും അറപ്പും തോന്നി.

ഇവരുടെ നേരെ ബഞ്ചിൽ ഇരിക്കുന്ന
വിദ്യയുടെ പാവാട കാലിൽ നിന്നും ഒരൽപം മേൽപ്പോട്ടു കയറി
ഇരിക്കുന്നു, അതാണവർ ഇങ്ങനെ കുനിഞ്ഞു ആസ്വദിക്കുന്നത്.
കണക്കു പിരിയഡിനു ശേഷം ഉണ്ടായിരുന്ന ഹിന്ദി , ഇംഗ്ലീഷ് പിരിയഡിലും അവർ അവരുടെ നോട്ടം തുടർന്ന് കൊണ്ടേയിരുന്നു.

വിദ്യ ഇതൊന്നും അറിയാതെ, ക്ലാസ്സിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.
ഒരുനിമിഷം അവൾ ഒന്ന് നേരെ ഇരുന്നെങ്കിൽ എന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചു പോയിരുന്നു.

എട്ടിൽ നിന്നും ഒൻപതാം ക്ലാസിലേക്കു ജയിച്ചു കയറി വന്നപ്പോഴേക്കും എനിക്കു വിദ്യയെയോടു മറ്റു പെണ്കുട്ടികളെ അപേക്ഷിച്ച് വല്ലാത്തൊരു പ്രത്യേകത തോന്നിയിട്ടുണ്ട്. ക്ലാസ്സിലെ ഏക ചുരുളൻ മുടിക്കാരിയാണ് വിദ്യ.
എന്റെ ചുരുളൻ മുടി പോലെ സാമ്യമുള്ള വിദ്യയുടെ ചുരുണ്ട മുടി കാണുമ്പോൾ എനിക്കു വല്ലാത്ത ഒരിഷ്ട്ടം തോന്നിയിട്ടുണ്ട്.
ആ ഇഷ്ടം പിന്നീടു ക്രമേണ അവളോടായി മാറിയിരുന്നു.

മലയാളം പിരിയഡിൽ ഞാനും വിദ്യയും ഒരു ഗ്രൂപ്പിൽ ആയതിൽ തെല്ലൊന്നുമല്ല ഞാൻ സന്തോഷിച്ചത്.
മലയാളം പിരിയഡ് ഒത്തിരി ഞാൻ ഇഷ്ടപ്പെട്ടിരുന്നു.
എങ്ങനെ ഇഷ്ട്ടപെടാതിരിക്കും ആ പിരിയഡിൽ എല്ലാവരും ഗ്രൂപ്പ്‌ തിരിഞ്ഞാണ് ഇരിക്കുന്നത്.
ഇങ്ങനെ ഗ്രൂപ്പ്‌ തിരിഞ്ഞു ഇരിക്കുമ്പോൾ ചിലപ്പോൾ എനിക്കു അവളുടെ അടുത്തു ഇരിക്കുവാൻ പറ്റിയിട്ടുണ്ട്.
കാച്ചെണ്ണയുടെ വല്ലാത്തൊരു സുഗന്ധമാണ് ആ ചുരുളൻ മുടി നിറയെ.
ഇടയ്ക്കു റിബൺ ഇട്ടു പൊക്കി കെട്ടും,
വല്ലപ്പോഴും ഒരു മുക്കുറ്റിയോ, ഒരു മുല്ലപ്പൂവോ ചുരുണ്ട മുടിക്കുള്ളിൽ തിരിക്കിയിട്ടുണ്ടാകും.

ബിജോയും, ജിനേഷും ഇങ്ങനെ ഒരു ഒളിഞ്ഞു നോട്ടം അതും വിദ്യക്ക് നേരെ ആണെന്നറിഞ്ഞതിൽ മനസ് ഒന്ന് വേവലാതി പൂണ്ടു..

വിദ്യയുടെ ബഞ്ചിൽ മറ്റു പെണ്ണുങ്ങൾ ഏറെക്കുറെ മര്യാദക്ക് തന്നെ ആണ് ഇരിക്കുന്നത്. നടുക്കിരിക്കുന്ന വിദ്യ ഇവന്മ്മാരുടെ ചെയ്തികൾ ഒന്നും അറിയുന്നില്ലല്ലോ, അവള് ഇടയ്ക്കു ഒരശ്രദ്ധ കാട്ടും അതാണ് ഇവരുടെ ക്ലാസ്സിലെ ടൈം പാസും ഒളിഞ്ഞു നോട്ടവും.

ക്ലാസ്സിലെ മറ്റു ആണ്കുട്ടികളോടോ ടീച്ചർമാരോടോ ഇവരുടെ ഈ കൊള്ളരുതായ്മ പറഞ്ഞാലോ എന്നു തോന്നിയിരുന്നു. പക്ഷെ അവരുടെ ആ വലിയ കൈപ്പടം എന്റെ മേത്ത് പതിക്കുമെന്നോർത്തു അതു വേണ്ട എന്നു വച്ചു.

രഹസ്യമായി ഇത് വിദ്യയോട് നേരിട്ട് തന്നെ പറഞ്ഞാലോ.
ശേ, ചമ്മൽ കൊണ്ടു എങ്ങനെ പറയും.

ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് പാവാട മാറ്റി ചുരിദാർ ആക്കാമായിരുന്നു.

അന്നത്തെ ഞങളുടെ ക്ലാസ്സ്‌ കഴിഞ്ഞു.
അവരുടെ ഷോയും അവസാനിച്ചപ്പോൾ രണ്ടും കൂടി മറ്റു കുട്ടികളെ തട്ടി മാറ്റി ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.

വീട്ടിൽ എത്തിയിട്ടും എന്റെ ചിന്ത ഇതു തന്നെ ആയിരുന്നു. എങ്ങനെ അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാം.
വിദ്യ ആയതുകൊണ്ടാണോ എനിക്കിങ്ങനെ അവരോടു അമർഷം തോന്നുന്നത്. അല്ല അവർ ഇത്രയും വൃത്തികെട്ടവന്മാർ. നാളെയും അവർ ഇതു തന്നെ തുടരും.. ഉറപ്പാണ്‌.

പിറ്റേന്ന് ബുധനാഴ്ച ആയതിനാൽ എല്ലാവരും കളർ ഡ്രെസ്സിൽ ആയിരുന്നു.
നീലയിൽ മിന്നുന്ന ഒരു പുള്ളി പാവാട ആയിരുന്നു അന്നു ദിവ്യ ഇട്ടിരുന്നത്.
രാവിലത്തെ പിരിയഡ് മുതൽ ഉച്ച വരെയുള്ള വിശാലമായ സമയം മുഴുവനും ബിജോയും ജിനേഷും ഡസ്കിനടിയിൽ ഇടയ്ക്കു ഊളിയിട്ടു കൊണ്ടേയിരുന്നു.
ഞാൻ വീണ്ടും ഒരു മിന്നായം നോക്കി.
നശിച്ച പെണ്ണ് ഇപ്പോഴും ഒരു ശ്രദ്ധയുമില്ല.
അല്ലേലും അവളെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. അവളിതൊന്നും അറിയുന്നില്ലല്ലോ.
പഠിക്കുന്ന സമയത്തു വേറെ ഒന്നും ചിന്തിക്കില്ല എന്നത് സത്യമാണ്.
എന്നാലും ഒന്ന് മൂരി നിവര്ന്നു ഇരുന്നൂടെ.
ഒരു കോട്ട് വായെങ്കിലും. ഒരു ഇച്ചയോ കൊതുകോ അവളുടെ കണങ്കാലിൽ ഒന്ന് കടിച്ചിരുന്നെങ്കിൽ ഒന്നോർത്തു പോയി.

ഉച്ചക്കുള്ള ബ്രെക്കിന് ശേഷം ആദ്യ പിരിയഡ് മലയാളം ആണെന്നോർത്തപ്പോൾ എനിക്കു സമാധാനമായി. ഗ്രൂപ്പ്‌ തിരിഞ്ഞു ഇരിക്കുമ്പോൾ അവരുടെ കാഴ്ച നടക്കില്ലല്ലോ.
അന്നും വീണ്ടും വിദ്യയുടെ അടുത്തിരിക്കാൻ മലയാളം പിരിയഡിൽ ഒരവസരം കിട്ടി.
ഒരു പെൻസിലിന്റെ മാത്രം വിടവെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നോള്ളൂ.
എങ്ങനേലും ഒന്ന് അവളോട്‌ ക്ലാസ്സിൽ ഇരിക്കുമ്പോൾ ശ്രദ്ധിച്ചു ഇരിക്കാൻ പറയണം എന്നുണ്ടായിരുന്നു.
പക്ഷെ ഇതൊക്കെ എങ്ങനെ പറയും എന്നോർത്തപ്പോൾ വീണ്ടും മൗനമായിരുന്നു.
അന്നാദ്യമായി അവളിലെ കാച്ചെണ്ണയുടെ മണം എന്നിലേക്കെത്തിയില്ല, ഒരു മുക്കുറ്റിയോ, മുല്ലയോ ഞാൻ ശ്രദ്ധിച്ചുമില്ല..

എങ്ങനെയൊക്കെയോ മലയാളം പിരിയഡ് തീർന്നപ്പോൾ രണ്ടും കല്പ്പിച്ചു ഞാൻ പറഞ്ഞു.

വിദ്യ.

എന്താ അനീഷേ.

രണ്ട്, രണ്ട് പേന ഉണ്ടോ.

ഉണ്ടായിരുന്നു, ഒന്ന് അശ്വതിക്ക് കൊടുത്തല്ലോ.

ആ, സാരല്ല്യ, ശരി..

പറയാൻ വന്നത് നാവ് വീണ്ടും രണ്ട് പേനയിലൊതുക്കി..

മലയാളം പിരിയഡ് കഴിഞ്ഞു അവൾ എന്റെ ബഞ്ചിൽ നിന്നും അവളുടെ ബെഞ്ചിലേക്ക് പോയി.
പിന്നാലെയെത്തിയ ഹിന്ദി പിരിയഡിലും ബാക്കിലെ കേമന്മാർ ഡസ്കിനടിയിലേക്കു പോയിക്കൊണ്ടിരുന്നു.
ഒന്നും അവളോട്‌ പറയാൻ കഴിയാത്ത നിസഹായാവസ്ഥയിൽ ഞാൻ ഡസ്കിൽ തല കുമ്പിട്ടിരുന്നു.

പെട്ടെന്നാണ് ഞാൻ താഴെ ഒരു തിളക്കം കണ്ടത്.. ശരിക്കൊന്നു നോക്കിയപ്പോൾ ഒരു വെള്ളി കൊലുസ് താഴെ കിടന്നു തിളങ്ങുന്നു.
ഇതാരുടെ ആണ് ഈ കൊലുസ്.
ഞാൻ ഒന്ന് കുമ്പിട്ടു പെരു വിരൽ കുത്തി കൊലുസ് ഉള്ളം കയ്യിൽ ആക്കി.

അയ്യൊ ഇത്, വിദ്യയുടെ കൊലുസ് ആണല്ലോ.

ഒന്നുറപ്പിക്കാൻ ആണെന്നവണ്ണം ഞാൻ ഒന്ന് കുനിഞ്ഞു വിദ്യയുടെ കാലിലേക്കൊന്നു നോക്കി.
ഇല്ല ഇടത് കാലിൽ ഒരു കൊലുസ്സില്ല.
ക്ലാസ്സ്‌ കഴിഞ്ഞിട്ട് കൊടുക്കാം എന്നോർത്ത് ഞാനിരുന്നു.

ഏതാണ്ട് ഒരു പത്തു മിനുറ്റു കഴിഞ്ഞപ്പോൾ പെൺകുട്ടികളുടെ സൈഡിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു..

ടീച്ചറെ വിദ്യയുടെ കൊലുസ് കാണനില്ല.

ക്ലാസ്സ്‌ മുഴുവൻ നിശബ്ദമായി ഒച്ച കേട്ട ദിക്കിലേക് തിരിഞ്ഞു.

ടീച്ചർ വന്നു.. ശരിക്കും നോക്കിയേ, താഴെ എങ്ങാനും വീണു കിടക്കുന്നുണ്ടോ എന്നു നോക്കാൻ പറഞ്ഞു.

ഒരു പത്തു മിനുട്ടത്തെ മിന്നൽ പരിശോധനക്കൊടുവിൽ നിരാശരായി പെൺകുട്ടികൾ.
വിദ്യ ആണെങ്കിൽ മുഖം സങ്കടം കൊണ്ടു കണ്ണ് നീർ ആയി ഒലിച്ചിറങ്ങി.

വെള്ളി കൊലുസ് എന്റെ ഉള്ളം കയ്യിൽ ഇരുന്നു വിയർത്തു..

വെള്ളികൊലുസു കാണാതായതും വിദ്യ താഴേക്ക്‌ തന്നെ തന്റെ കാലിലായി നോക്കിയിരിക്കുന്നു..
ഇപ്പോൾ രണ്ടും കാലും നേരെ വച്ചു വളരെ നന്നായി ശ്രദ്ധയോടെ ആണ് അവളുടെ ഇരുപ്പ്.
ബിജോയും ജിനേഷും പതിയെ നിവർന്നു ഇരുന്നു..

എന്തോ കൊലുസ് എനിക്കു അന്നു വിദ്യക്ക് കൊടുക്കുവാൻ കഴിഞ്ഞില്ല.

പിറ്റേന്ന് വിദ്യ പുതിയ രണ്ട് വെള്ളി കൊലുസുകൾ ഇട്ടു കൊണ്ടാണ് ക്ലാസ്സിൽ വന്നത്.. അന്നു മുഴുവനും കാലിൽ തന്നെ ആയിരുന്നു അവളുടെ ശ്രദ്ധ.
ക്രമേണെ ബിജോയുടെയും ജിനേഷിന്റെയും നോട്ടം കുറഞ്ഞു വന്നു.

കളഞ്ഞു പോയ ആ വെള്ളി കൊലുസ് അവളെ ക്ലാസ്സിൽ ഇടയ്ക്കിടെ കാലിൽ ശ്രദ്ധിക്കാനും അതുവഴി തെന്നി മാറുന്ന പാവാടയിൽ ശ്രദ്ധ കൊടുക്കാനും പഠിപ്പിച്ചു.

എന്നിരുന്നാലും എനിക്കാ കൊലുസ് തിരികെ കൊടുക്കുവാനും തോന്നിയില്ല.

ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം രാവിലെ ക്ലാസിലേക്കു ഞാൻ വന്നപ്പോൾ ബിജോയും ജിനേഷും കൂടി ഡസ്കിനടിയിൽ കുനിഞ്ഞിരുന്നു എന്തോ ചെയ്യുന്നു..
എന്നെ കണ്ടപ്പോൾ അവരൊന്നു പതറി.
എന്നിട്ട് എന്റെ അടുത്തു വന്നു പറഞ്ഞു.
ഞങ്ങൾ ഡസ്കിനടിയിൽ കൊല്ലപരീക്ഷക്കുള്ള കോപ്പി തുണ്ടുകൾ വെക്കുവാൻ ഒരു തട്ടൊരുക്കിയിട്ടുണ്ട്.
നീ അതാരോടും പറയരുത് പ്ലീസ്.
ഇത്തവണയെങ്കിലും ഞങ്ങൾക്ക് രണ്ടിനും ഇവിടെ നിന്നും കര കയറണം.

ഞാൻ ശരിക്കും അന്തം വിട്ടുപോയി.
ഇതിനായിരുന്നോ കുറെ നാളായി ഡസ്കിനടിയിൽ ഊളിയിട്ടു പോയിക്കൊണ്ടിട്ടുന്നത്.

അപ്പൊ ശരിക്കും ഇതിലെ വില്ലൻ ഞാൻ തന്നെ ആണല്ലോ..

(ശുഭം )

LEAVE A REPLY

Please enter your comment!
Please enter your name here