Home Viral ഭർത്താവിന്റെ ക്രൂര വിനോദത്തിൽ ഞെട്ടിത്തരിച്ച് അന്വേഷണ സംഘം 

ഭർത്താവിന്റെ ക്രൂര വിനോദത്തിൽ ഞെട്ടിത്തരിച്ച് അന്വേഷണ സംഘം 

0

ഭാര്യ തന്നെക്കാള്‍ സൗന്ദര്യവതിയാണെന്ന അപകര്‍ഷതാബോധം അയാളെ സദാ അലട്ടിയിരുന്നു. പ്രതികാരദാഹിയായിരുന്നു അയാള്‍. ഭാര്യയെ സദാ സംശയം. ഭാര്യ പുറത്തിറങ്ങുന്നതും ആളുകളുമായി സംസാരിക്കുന്നതും അയാള്‍ക്ക്‌ സഹിക്കുമായിരുന്നില്ല.
എന്നാല്‍ ഭാര്യയാകട്ടെ വളരെ സോഷ്യല്‍ സ്വഭാവക്കാരിയും. മദ്ധ്യപ്രദേശിലെ മുറേനക്കടുത്തുള്ള ‘ജാത്താവര്‍’ ഗ്രാമവാസിയായ ധീരേന്ദ്ര തോമറും ഭാര്യ സാവിത്രി തോമറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് 5 മാസം പിന്നിട്ടിരുന്നു. അതിനുള്ള പ്രധാന കാരണം ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസ്സായ സാവിത്രിക്ക് മുറേന പട്ടണത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടാനും ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പട്ടണത്തില്‍ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഇതാവശ്യമാണെന്ന് സാവിത്രി ഭര്‍ത്താവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഭര്‍ത്താവിനെയും ഒപ്പം കൂട്ടി അവര്‍ മുറേന പട്ടണത്തിലെ പാട്ടി ഗലി എന്ന സ്ഥലത്ത് ബ്യൂട്ടി പാര്‍ലറും വീടും വാടകയ്ക്കെടുത്തു. ‘വൈഷ്ണവി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റർ’ എന്നായിരുന്നു കടയുടെ പേര്.

എന്നാല്‍ ആ സൗഹൃദ അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നില്ല.ബന്ധത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, മിക്കദിവസവും ഇരുവരും വഴക്കായി. ഭര്‍ത്താവ് ധീരേന്ദ്ര തോമറിനു മെല്ലെ മെല്ല സാവിത്രിയില്‍ സംശയം ബലപ്പെടാന്‍ തുടങ്ങി. അയാള്‍ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി ഗ്രാമത്തിലേക്ക് മടങ്ങാന്‍ സാവിത്രിയെ പലതവണ നിര്‍ബന്ധിച്ചെങ്കിലും അവരതിന് കൂട്ടാക്കിയില്ല.

പലദിവസങ്ങളായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ സാവിത്രിയുമായി പിണങ്ങി അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങി. സാവിത്രി ഒപ്പം മടങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ ആ വീട്ടില്‍ ഒറ്റയ്ക്ക് താമസമായി. ബ്യൂട്ടി പാര്‍ലര്‍ ജോലികള്‍ വര്‍ദ്ധിച്ചു. ഒപ്പം വരുമാനവും.നാലഞ്ചുമാസം ഇങ്ങനെ കടന്നുപോയി. ഇതിനിടെ സാവിത്രിയെ തിരിച്ചുകൊണ്ടുപോകാന്‍ അയാള്‍ ഭീഷണിയുള്‍പ്പെടെ പല വഴികളും നോക്കിയെങ്കിലും സാവിത്രി വഴങ്ങാന്‍ കൂട്ടാക്കിയില്ല.

തന്നോടൊപ്പം മുറേനയില്‍ താമസിക്കാനുള്ള സാവുത്രിയുടെ അഭ്യര്‍ഥന അയാളും അപ്പാടെ തള്ളിക്കളഞ്ഞു. ഒടുവില്‍ അനുസരിക്കില്ലെന്നു ബോദ്ധ്യം വന്നപ്പോള്‍ സാവിത്രിയെ ഇല്ലാതാ ക്കാന്‍ അയാള്‍ പദ്ധതി തയ്യാറാക്കി.
ഒരു കൊലക്കേസില്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ‘മസ്താനാ’ എന്ന ബ്രിജേഷ് ജാട്ടവിനെ ചട്ടം കെട്ടി. ക്വൊട്ടേഷന്‍ തുക അന്‍പതിനായിരം ഉറപ്പിച്ചു 10000 രൂപ അഡ്വാന്‍സ് നല്‍കി.

ബാക്കി തുക നല്‍കണമെങ്കില്‍ ഭാര്യയുടെ മരണനിലവിളി മൊബൈല്‍ ഫോണിലൂടെ കേള്‍പ്പിക്കണമെന്ന അയാളുടെ നിബന്ധനയും അംഗീകരിക്കപ്പെട്ടു.ഘാതകന്‍ മസ്താന കൊലനടത്താനായി കമലേഷ് കുശ്വാഹ, മുകേഷ് രജക്ക്, രാംനിവാസ് ജാട്ടവ്, അയാളുടെ ഭാര്യ പുഷ്പ എന്നിവരെ ഒപ്പം കൂട്ടി. പുഷ്പ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നു സാവിത്രിയുടെ ബ്യൂട്ടി പാര്‍ലറില്‍ എത്തി പിറ്റേ ദിവസത്തെ ഒരു പ്രോഗ്രാമിന് സ്ത്രീകള്‍ക്ക് മേക്കപ്പിടാന്‍ വേണ്ടി അവരെ ബുക്ക് ചെയ്യുകയുമായിരുന്നു.

ഒക്ടോബര്‍ 31 നു രാവിലെ പുഷ്പ ഒരു ബോലെരോ വാഹനത്തില്‍ ഭര്‍ത്താവ് രാംനിവാസ് ജാട്ടവുമൊത്തു പാട്ടി ഗലിയിലെത്തി സാവിത്രി യെയും കൂട്ടി ഗോപിനാഥ് പാലത്തിനടുത്തെത്തിയപ്പോള്‍ മസ്താനയും മുകേഷും,കമലേഷും വാഹനത്തില്‍ കയറുകയായിരുന്നു.വാഹനമോടിച്ചിരുന്നത് രാംനിവാസ് ആയിരുന്നു.

മുറേന ബാരിയറിലെത്തിയപ്പോള്‍ അവിടെനിന്നു എല്ലാവർക്കും പെപ്സി വാങ്ങി, സാവിത്രിക്കുള്ള പെപ്സിയില്‍ മാത്രം ഉറക്കഗുളിക പൊടിച്ചിട്ടു നല്‍കി. വണ്ടി ഗ്വാളിയാര്‍ – ശിവപുരി റോഡിലായപ്പോഴേക്കും മുന്‍സീറ്റിലിരുന്ന സാവിത്രി മെല്ലെ മയക്കത്തിലേക്ക് വഴുതിവീണു. വണ്ടി, വഴിയില്‍ പുഷ്പയുടെ ഗ്രാമമായ ബിചോലിയില്‍ നിര്‍ത്തി അവരെ അവിടെ ഇറക്കിവിട്ടു.
പിന്നീട് മുന്നോട്ടു പോയി ആളൊഴിഞ്ഞ ഷേര്‍പ്പൂര്‍ പാലത്തിനടുത്ത് നിര്‍ത്തി മസ്താന കയ്യിലിരുന്ന ബൈക്കിന്‍റെ ക്ലച്ചുവയര്‍ കൊണ്ട് സാവിത്രിയുടെ കഴുത്തുമുറുക്കി. ഞെട്ടിയുണര്‍ന്ന സാവിത്രി അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ കൊല്ലാന്‍ ക്വൊട്ടേഷന്‍ തന്നത് ഭര്‍ത്തവാണെന്നും അദ്ദേഹത്തോട് ജീവനുവേണ്ടി യാചിക്കാനും മസ്താന ആവശ്യപ്പെട്ടു മൊബൈല്‍ ധീരെന്ദ്രയുമായി കണക്റ്റ് ചെയ്തു സാവിത്രിയുടെ ചെവിയില്‍ വച്ചുകൊടുത്തു.

സാവിത്രിയുടെ തലമുടിയും ,കൈകളും മറ്റുള്ളവര്‍ പുറകോട്ടു മുറുകെ വലിച്ചു പിടിച്ചിരുന്നു. കഴുത്തില്‍ വയര്‍ മുറുക്കി മസ്താനയും. കൊല്ലരുതെന്ന സാവിത്രിയുടെ അപേക്ഷക്ക് പച്ചത്തെറിയായിരുന്നു ധീരേന്ദ്രയുടെ മറുപടി. അയാള്‍ അവരെ വേശ്യ എന്നുവിളിച്ചാക്ഷേപിച്ചു. “നിനക്കിനി ജീവിക്കാന്‍ അര്‍ഹതയില്ല. എനിക്ക് നിന്നെ ആവശ്യമില്ല.” മരണ വെപ്രാളത്തില്‍ പിടഞ്ഞ സാവിത്രിയുടെ കരച്ചിലും മരണത്തിനു മുന്‍പുള്ള അവരുടെ ആര്‍ത്തനാദവും അയാളുടെ മനസ്സലിയിച്ചില്ല.. അയാള്‍ ഫോണില്‍ക്കൂടെ അസഭ്യവര്‍ഷം തുടരവേ തന്നെ സാവിത്രിയുടെ അവസാനശ്വാസവും നിലച്ചു.

അവര്‍ മരിച്ചെന്നു ബോദ്ധ്യമായപ്പോള്‍ മൃതദേഹം പാലത്തിനു തൊട്ടടുത്തു തന്നെ വലിച്ചെറിഞ്ഞ ശേഷം ഘാതകര്‍ ധീരേന്ദ്രയുടെ അടുത്തെത്തി ബാക്കിതുകയും സമ്മാനമായി മദ്യക്കുപ്പികളും വാങ്ങിയാണ് മടങ്ങിയത്. നവംബര്‍ 1 ന് സാവിത്രിയുടെ മൃതദേഹം കണ്ടെടുത്ത പോലീസ് അവരെ തിരിച്ചറിയാനായി ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിലും ,പത്രങ്ങളിലും വൈറലാക്കി. അങ്ങനെയാണ് അവരെ തിരിച്ചറിയുന്നത്‌.സാവിത്രി താമസിച്ചിരുന്ന പാട്ടി ഗലിയിലെ CCTV ദൃശ്യങ്ങളില്‍ നിന്ന് അവര്‍ ഒരു സ്ത്രീക്കൊപ്പം 31 നു രാവിലെ നടന്നു നീങ്ങുന്ന ദൃശ്യവും, അവര്‍ ഒരു സ്ത്രീക്കൊപ്പം ബോലെരോയില്‍ കയറിപ്പോകുന്നത്‌ കണ്ടു എന്ന സാക്ഷിമൊഴികളുമാണ് അന്വേഷണം പുഷ്പ എന്ന സ്ത്രീയിലേക്ക് നയിച്ചത്.

പുഷ്പ്പ എല്ലാം തുറന്നു പറയുകയും കുറ്റവാളികള്‍ എല്ലാവരും ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here