Home Latest ഒരു വേലക്കാരിയുടെ സ്ഥാനം പോലും ആ വീട്ടിൽ തനിക്കില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ

ഒരു വേലക്കാരിയുടെ സ്ഥാനം പോലും ആ വീട്ടിൽ തനിക്കില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ

0

പുതിയ പേഴ്സണൽ സെക്രട്ടറി വന്നതിന് ശേഷം മൂപ്പരുടെ ബിസിനസ് ട്രിപ്പുകളുടെ എണ്ണം കൂടി..
ഇപ്രാവശ്യവും സിംഗപ്പൂർക്ക് തന്നെയാണെന്നാണ് പറഞ്ഞത്…
കഴിഞ്ഞ മാസം ഒരു തവണ പോയി വന്നതാണ് …

ഏതായാലും പതിവുപോലെത്തന്നെ തികട്ടിവന്ന ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി എണ്ണയിട്ടൊരു യന്ത്രം പോലെ അലക്കിത്തേച്ച വസ്ത്രങ്ങളൊക്കെ അടുക്കിപ്പെറുക്കി വച്ചു മുഖത്തൊരു ചിരിയും തേച്ചുപിടിപ്പിച്ച് “രവിയെ” യാത്രയാക്കി…

കല്യാണം കഴിഞ്ഞു പത്തു പതിനഞ്ചു വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ വിഷമം തന്നെ ആവോളമുണ്ട് …
അതിനിടയിൽ ഇതുംകൂടി ആയപ്പോഴും മനസ്സ് തളരാതെ പിടിച്ചു നിന്നു…

പലപ്പോഴും മടുപ്പ് തോന്നാറുണ്ട്…
ആർക്കു വേണ്ടി എന്തിന് വേണ്ടി.. ?
അറിയില്ല..

വലിയ വീടും കാറും ആവശ്യത്തിന് ബാങ്ക് ബാലൻസും എല്ലാമുണ്ട്..
പക്ഷേ ഈ ഒറ്റപ്പെടൽ …
അത് സഹിക്കാനാവുന്നതിലും അപ്പുറമായിതുടങ്ങിയിരുന്നു…

ഒരു ദിവസം ഒരു മണിക്കൂർ നേരമെങ്കിലും കൂടെ നിൽക്കാനുള്ള മനസ്സ് പോലും അയാൾക്ക്‌ കൈമോശം വന്നിരിക്കുന്നു എന്നോർക്കുമ്പോൾ പലപ്പോഴും എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നാറുണ്ട്…

സ്നേഹത്തോടെ ഒരു വാക്ക് മിണ്ടാൻ പോലും അയാൾക്ക്‌ നേരമില്ല…
ഈയിടെയായി ഭക്ഷണം പോലും വീട്ടിൽ നിന്നും കഴിക്കാറില്ല…

ചുരുക്കിപ്പറഞ്ഞാൽ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ആ വീട്ടിൽ തനിക്കില്ലെന്നുള്ള കാര്യം ഓർക്കുമ്പോൾ വല്ലാത്ത നിരാശ തോന്നും….

പലപ്പോഴും മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട്….
പക്ഷേ അതൊന്നും കാണാനോ ആശ്വസിപ്പിക്കാനോ ആരും ഇല്ലായിരുന്നെന്നു മാത്രം……

********
“രവി “പോയ ശേഷം കാറുമെടുത്ത് കൂട്ടുകാരി ‘സ്മിത’യുടെ വീട് വരെ പോകാമെന്നു വച്ചു …

അവളുടെ മകൾക്ക് സുഖമില്ലെന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു…
ഏതായാലും പോകുന്ന വഴിക്ക് മാർക്കറ്റിൽ ഇറങ്ങി അസുഖക്കാരിക്ക് കഴിക്കാനായി കുറച്ചു ഫ്രൂട്സും വാങ്ങാമെന്ന് കരുതി…

മാർക്കറ്റിലേക്ക് ചെന്ന് കയറിയപ്പോൾ അവിടെയാണെങ്കിൽ ഒടുക്കത്തെ തിരക്ക്…..

കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകൾക്ക്‌ നേരെ ചെറു പുഞ്ചിരിയോടെ കടക്കണ്ണെറിഞ്ഞു കൊണ്ട് നടന്നു…
ആ ഒരു നടത്തത്തിനു ഒരു പ്രത്യേക സുഖമുണ്ട്…
അവരെ ഒന്നുകൂടി വിറളിപിടിപ്പിക്കാൻ വേണ്ടി സാരിയുടെ കര നന്നാക്കുന്നതുപോലെ നെഞ്ചത്തു നിന്നും അൽപ്പം ഇറക്കി വച്ചു കൊടുത്തു….

ചുറ്റിലുമുള്ള വിശന്ന കണ്ണുകൾ വീണ്ടും വിറളിപിടിച്ചതുപോലെ തോന്നി…
അത്തരം നോട്ടങ്ങൾ കാണുമ്പോൾ ഈയിടെയായി വല്ലാത്തൊരു രോമാഞ്ചമാണ്

അങ്ങനെ നടക്കുന്നതിനിടയിൽ ആണ് ആളുകളെ വിളിച്ചുകൂട്ടി ഫ്രൂട്സ് വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ശ്രദ്ധയിൽ പെട്ടത്….

മാർക്കറ്റിലെ മറ്റു കച്ചവടക്കാരെപ്പോലെ അല്ല…
അയാളെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു…
നല്ല വൃത്തിയുള്ള വേഷം..
ടൈറ്റ് ജീൻസ്‌…
ഇറുകിക്കിടക്കുന്ന ടീഷർട്ട് അവന്റെ പേശികളെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു…

കൈ മാടി വിളിക്കുമ്പോൾ കയ്യിലെ പേശികൾ പെരുച്ചാഴികളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതും നോക്കി അറിയാതെ അതിൽ മുഴുകി നിന്നുപോയി..

അപ്പോഴേക്കും അവന്റെ നോട്ടം എന്റെ നേർക്കും നീണ്ടു…

“വാ ചേച്ചീ.. മടിക്കാതെ കടന്നുവരൂ ”

ഇളം പുഞ്ചിരിയോടുകൂടി അവൻ കൈമാടി വിളിച്ചപ്പോൾ പോകാതിരിക്കാൻ പറ്റിയില്ല…

വില പേശുന്നതുപോലെ കുറച്ചു നേരം അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു…
അവൻ ആപ്പിളും ഓറഞ്ചും ഒക്കെ എടുത്തു കാണിക്കുന്നതോടൊപ്പം എന്നെയും ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

എന്റെ നോട്ടം അവന്റെ നനുത്ത താടിരോമങ്ങളിലേക്കായിരുന്നു…
അത് കണ്ടു ഞാൻ അവന്റെ നോട്ടം കണ്ടു ദേഷ്യപ്പെട്ടു നോക്കിയതാണെന്ന് തെറ്റിദ്ധരിച്ചിട്ടാവണം അവൻ പ്രശ്നമാകുമോന്നു പേടിച്ച് കണ്ണുകൾ പിൻവലിച്ചപ്പോൾ അൽപ്പം നിരാശ തോന്നി….

ഇപ്പൊ നിങ്ങള് കരുതുന്നുണ്ടാവും ഞാനൊരു മോശം സ്ത്രീയാണെന്ന്…
അല്ല.. ട്ടോ..
ഈ ഒറ്റപ്പെടലിന്റെ അസുഖമുള്ളവർക്കുണ്ടാവുന്ന സ്വാഭാവികമായ പ്രശ്‌നങ്ങളെ എനിക്കുമുള്ളൂ… ആരെങ്കിലുമൊക്കെ നമ്മളെ ശ്രദ്ധിക്കാനുണ്ടെന്ന് തോന്നുമ്പോഴുള്ള ചെറിയൊരു മനസ്സുഖം .
ഒരു നിമിഷ നേരത്തേകാണെങ്കിലും നമ്മളെക്കുറിച്ചു മറ്റുള്ളവർ ഓർക്കുന്നുണ്ടല്ലോ എന്നുള്ള ഒരു സമാധാനം അത്ര മാത്രം…

ആ ചെറുപ്പക്കാരന്റെ കയ്യിൽ നിന്ന് തന്നെ അൽപ്പം ഓറഞ്ചും ആപ്പിളും മുന്തിരിയും ഒക്കെ വാങ്ങിയാണ് സ്മിതയുടെ വീട്ടിലേക്ക് കയറിച്ചെന്നത്…

സ്മിതയുടെ രണ്ടാമത്തെ മോളാണ് അസുഖക്കാരി…
സ്കൂളിൽ വച്ച് ഓടിക്കളിക്കുന്നതിനിടയിൽ മറിഞ്ഞുവീണു കൈക്ക് പ്ലാസ്റ്ററിട്ടു കിടപ്പാണ് ….
വിടർന്ന കണ്ണുകളൊക്കെയുള്ള ഒരു കുഞ്ഞു മാലാഖയാണവൾ…
എന്നെ ഭയങ്കര ഇഷ്ടമാണ്…

കണ്ടയുടനെ കൈക്ക് പ്ലാസ്റ്റർ ഇട്ടതൊന്നും കാര്യമാക്കാതെ ഓടി വന്ന
അവളെ എടുത്ത് മടിയിലിരുത്തി കുറേ നേരം കൊഞ്ചിച്ചു….
ചോദിക്കുന്നതിനൊക്കെ തട്ടുത്തരമാണ് പറയുന്നതെങ്കിലും ആ കാന്താരിപ്പെണ്ണിനോട് എന്താണെന്നറിയില്ല വല്ലാത്തൊരു ഇഷ്ടമാണ്…

അതിനിടയ്ക്കാണ് സ്മിതയുടെ ചോദ്യം വന്നത്…

“നീ ഹോസ്പിറ്റലിൽ ഒന്നും പോയി നോക്കിയില്ലേ… ”
എന്ന്..

ചോദ്യം വല്ലാതെ ഇഷ്ടപ്പെട്ടില്ലെങ്കിലും

“അതിനു ഞാൻ മാത്രം മനസ്സ് വച്ചാൽ പോരല്ലോ ”
എന്ന് മറുപടി കൊടുത്തു..

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല…

ഇറങ്ങാൻ നേരത്ത് കാ‍ന്താരി ഓടി വന്നു തുരുതുരാ ചക്കരയുമ്മകൾ വാരിക്കോരി തന്നപ്പോൾ മനസ്സ് നിറഞ്ഞു…
അന്നേരം കുറച്ചുനേരം കൂടി അവിടെ നിൽക്കാൻ മനസ്സ് പറഞ്ഞെങ്കിലും ഇറങ്ങിപ്പോയ സ്ഥിതിക്ക് തിരിച്ചു കയറാൻ നിന്നില്ല..

വണ്ടിയെടുത്തു തിരികെ പോരുമ്പോഴും എന്നെ തന്നെ നോക്കി സിറ്റൗട്ടിലിരുന്ന് ഓടിയാത്ത കുഞ്ഞിക്കൈകൾ വീശിക്കാണിക്കുന്നുണ്ടായിരുന്നു കുറുമ്പിപെണ്ണ്….

തിരികെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോഴും സ്മിതയുടെ മോളായിരുന്നു മനസ്സ് നിറയെ..
അതുപോലൊരു കൊച്ചുണ്ടായിരുന്നെങ്കിൽ ജീവിതം എത്ര മനോഹരമായേനെ എന്നൊക്കെ വെറുതേ സങ്കൽപ്പിച്ചു നോക്കി…

മെഡിക്കൽ കോളേജ് എത്തിയപ്പോൾ ഒരുത്തൻ വണ്ടിക്കു കൈ കാണിച്ചു….
വെളുത്തു മെലിഞ്ഞു എടുത്താൽ പൊങ്ങാത്ത ചുരുളൻ തലമുടിയൊക്കെയായി ഒരു ഫ്രീക്കൻ ചെക്കൻ ഏകദേശം ഒരു പത്തുപതിനെട്ടു വയസ്സ് കാണും…
ലിഫ്റ്റിന് വേണ്ടിയാണ്..

ഡ്രൈവിംഗ് സീറ്റിൽ എന്നെ കണ്ടിട്ടാവണം സ്ത്രീയാണെന്നറിഞ്ഞു പിൻവാങ്ങാനൊരുങ്ങിയ അവനോടു വണ്ടി നിർത്തി കേറിക്കോളാൻ പറഞ്ഞു….

നാട്ടപ്പൊരി വെയിലത്ത് നിന്നിട്ടാവണം വല്ലാതെ വിയർത്തു കുളിച്ചു അവശനായിട്ടുണ്ട്…
അത് കണ്ടപ്പോൾ പാവം തോന്നി വണ്ടിയുടെ എസി അൽപ്പം കൂട്ടി വച്ചു കൊടുത്തു…

“എന്താടാ ചെക്കാ നിന്റെ പേര്. ?”
എന്ന് ചോദിച്ചപ്പോൾ

വളരെ സൗമ്യനായി പുഞ്ചിരിച്ചുകൊണ്ട്

“ഷുക്കൂർ ” എന്ന് മറുപടി പറഞ്ഞു…

“അയ്യേ ഇതെന്തു പേര്… നിന്റെ കോലവും ആ പേരും തമ്മിൽ യാതൊരു ബന്ധവും തോന്നുന്നില്ലല്ലോ ”

എന്ന് ചോദിച്ചപ്പോൾ കുലുങ്ങിക്കുലുങ്ങി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

ഏതായാലും വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ചിര പരിചിതരെപ്പോലായി..
എപ്പോഴും ചിരിയാണവന്…
ചിരിക്കുന്നതിന്റെ താളത്തിനൊത്ത് ചുരുളന്മുടി കുലുങ്ങുന്നതു കാണാൻ ഒരു പ്രത്യേക ഭംഗിയാണ്….
ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ ആയതു കാരണം കൂടുതലായൊന്നും നിരീക്ഷിക്കാൻ പറ്റിയില്ല….

എവിടെയാണ് ഡ്രോപ്പ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ ചേച്ചിയുടെ വീടിനടുത്ത് തന്നെയാണെന്ന് പറഞ്ഞു…
എന്നെ അവൻ മുന്പും കണ്ടിട്ടുണ്ട് പോലും…

പക്ഷേ ഇടക്കെപ്പോഴോ മനസ്സിൽ അനാവശ്യമായ ചിന്തകളുടെ വേലിയേറ്റം തുടങ്ങിയത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു ..

അവൻ വല്ലാതെ അടുക്കുന്നതായി തോന്നിയപ്പോൾ എന്തുകൊണ്ട് തനിക്കും ഒരു തെറ്റ് ചെയ്തൂട എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ തോന്നി…
ഒരു തെറ്റ് ചെയ്യാനുള്ള എല്ലാ അർഹതയും തനിക്കുണ്ടെന്നൊരു തോന്നൽ.. അതിനുള്ള ന്യായീകരണങ്ങളും സ്വയം കണ്ടെത്തി…

ആ ഒരു ധൈര്യത്തിലാണ് അവനെ വീട്ടിലേക്ക് ക്ഷണിച്ചത്….
ക്ഷണം രണ്ടു കയ്യും നീട്ടി സ്വീകരിച്ച അവനെയും കൊണ്ട് കാർ വീടിന്റെ പോർച്ചിൽ നിന്നു…

അവനെയും കൊണ്ട് വീട്ടിലേക്ക് കയറിയപ്പോൾ അറിയാതെ വിയർക്കുന്നുണ്ടായിരുന്നു…
മനസ്സ് നിറയെ വല്ലാത്തൊരു വിങ്ങൽ…

സോഫയിൽ ഇരുന്നോളാൻ പറഞ്ഞപ്പോൾ ചാടിക്കേറിയിരുന്നു ടീവിയുടെ റിമോട്ട് കൈക്കലാക്കിയ അവന്റെ പ്രവർത്തി കണ്ടപ്പോൾ അവനോടു വീണ്ടും വല്ലാത്തൊരു ഇഷ്ടം തോന്നി..
അവൻ ഈ വീട്ടിൽ തന്നെ ഉള്ളതാണോ എന്നൊരു തോന്നൽ…

ചായ കൊടുത്തിട്ട് പതിയെ കാര്യങ്ങളിലേക്ക് കടക്കാം എന്ന് കരുതി അടുക്കളയിലേക്ക് നീങ്ങാൻ തുടങ്ങിയ എന്നെയവൻ പുറകിൽ നിന്നു വിളിച്ചു…

“ചേച്ചീ… ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ ”

അങ്ങോട്ട്‌ ആവശ്യപ്പെടുന്നതിന് മുന്നേ ഇങ്ങോട്ട് ആവശ്യപ്പെടാനാണ് അവന്റെ നീക്കമെന്ന് ഉള്ളിൽ നിന്നാരോ അതിമോഹം തന്നു….. തൊണ്ടയൊക്കെ വരളുന്നതുപോലെ…
ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ…

“സമ്മതിക്കാം… നീ കാര്യം പറ “…

എന്ന് സമ്മതം മൂളിക്കൊണ്ട് അവന്റെ ആവശ്യത്തിനായി കാതോർത്തു നിന്നു…

“ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് ട്ടോ….
ശരിക്കും ഒരു ദേവതയെപ്പോലെ “…
എന്ന് പറഞ്ഞപ്പോൾ അവന്റെ ചുണ്ടുകളിൽ മത്തുപിടിപ്പിക്കുന്നൊരു കള്ളച്ചിരി ഉണ്ടായിരുന്നു ..

“നീ ആളെ സുഖിപ്പിക്കാതെ കാര്യം പറ കുട്ടാ ”

എന്ന് പറഞ്ഞപ്പോൾ അവൻ മുഖവുരയില്ലാതെ കാര്യം പറഞ്ഞു …
ആ വാക്കുകൾക്ക് എന്നെ ഒന്നുമല്ലാതാക്കിത്തീർക്കാൻ മാത്രമുള്ള പ്രഹരശേഷി ഉണ്ടായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല….

“ചേച്ചിയെ ഞാൻ ഉമ്മാ എന്ന് വിളിച്ചോട്ടെ ”

ഓർക്കാപ്പുറത്ത് ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെ ആവശ്യം കേട്ടതോടെ അൽപ്പനേരം തരിച്ചു നിന്നുപോയി…

എന്തോ വലിയ തെറ്റ് ചെയ്തുവെന്ന തോന്നൽ മനസ്സിന്റെയുള്ളിൽ കിടന്നു വിങ്ങി…
സ്വന്തം മകനാവാൻ മാത്രം പ്രായമുള്ള ആ കൊച്ചു പയ്യന്റെ വിശാലമായ കാഴ്ചപ്പാടിന് മുന്നിൽ ഉരുകിയൊലിക്കുന്നതുപോലെ…
അപ്പോഴേക്കും ഞാനിത്രയും നീചയായിരുന്നോ എന്ന കുറ്റബോധം എന്നെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരുന്നു….

ഉള്ളിലെ കാമവും ദാഹവുമെല്ലാം ഒറ്റയടിക്ക് വറ്റി വരണ്ടുപോയതുപോലെ…

അവനാണെങ്കിൽ മറുപടിയും പ്രതീക്ഷിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിപ്പാണ്….
ഞാനാണെങ്കിൽ എന്ത് മറുപടി പറയണമെന്നറിയാത്ത വല്ലാത്തൊരു അവസ്ഥയിലായിപ്പോയി…

“ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട….
ഞാൻ അറിയാതെ ചോദിച്ചു പോയതാണ്…
ഉമ്മ പോയിട്ട് രണ്ട് വർഷമായി..
ചേച്ചിയെ കാണാൻ ശരിക്കും എന്റെ ഉമ്മയെപ്പോലെ തോന്നി…
അതുകൊണ്ട് ചോദിച്ചതാണ് ”

ഇത്രയും പറഞ്ഞുകൊണ്ട് അവൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഞാനറിയാതെ ഓടിച്ചെന്ന്‌ അവനെ അവിടെത്തന്നെ പിടിച്ചിരുത്തി…

ശരിക്കും ഒരമ്മയെപ്പോലെ അവന്റെ അരികിലായിരുന്നു ചുരുണ്ടുകൂടി കാടുപിടിച്ചു കിടന്ന മുടിയിഴകളിൽ തലോടിയപ്പോൾ പിടിച്ചു നിർത്തിയിട്ടും പിടിവിട്ടുപോയ രണ്ട് കണ്ണുനീർ തുള്ളികൾ കവിൾത്തടങ്ങൾ പൊള്ളിച്ചുകൊണ്ട് ഒഴുകി ഇറങ്ങി…

എനിക്കും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ മനസ്സിൽ പൊട്ടിമുളച്ചു തുടങ്ങുകയായിരുന്നു….
ഞാനുമൊരു അമ്മയായതുപോലെ…

പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചു…
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…
വേണ്ടെന്ന് പറഞ്ഞിട്ടും അവന് വീണ്ടും വീണ്ടും വിളമ്പിക്കൊടുക്കുമ്പോൾ എന്റെ മനസ്സും വല്ലാതെ നിറഞ്ഞു തുളുമ്പുകയായിരുന്നു…

ഒടുവിൽ അന്നത്തെ കൂടിക്കാഴ്ചയുടെ അവസാനം യാത്ര പറഞ്ഞു പിരിയുമ്പോൾ തലക്കിട്ടൊരു കിഴുക്ക് കൊടുക്കാനും മറന്നില്ല…

നാളെ വരുമ്പോൾ മുടി വെട്ടി വന്നില്ലെങ്കിൽ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ ചുരുളൻ മുടി താളത്തിൽ കുലുക്കിക്കൊണ്ട് അവൻ ചിരിക്കുന്നുണ്ടായിരുന്നു….

“”””””””””””**************

അല്ലെങ്കിലും പെണ്ണെന്നു പറഞ്ഞാൽ ഒരു അത്ഭുതമാണ്… ലൈംഗികമായ തൃഷ്ണയെയും മാനസികമായ പ്രലോഭനങ്ങളെയും കടിഞ്ഞാണിട്ടു നിർത്താൻ അവൾക്ക് ഒരു നിമിഷം മതി..

തന്നെ ശ്രദ്ധിക്കാനും സ്നേഹിക്കാനും മനസ്സ് തുറന്നു സംസാരിക്കാനും ഒരു മകനോ മകളോ ഭർത്താവോ സുഹൃത്തോ ആരെങ്കിലും ഉണ്ടാവുമ്പോൾ ആണ് അവളുടെ ജീവിതം കൂടുതൽ മനോഹരമായി മാറുക….

രചന ; Saleel

Nb:- എന്റെ തന്നെ ഒരു പഴയ കഥ ചില മാറ്റങ്ങളോടെ..

LEAVE A REPLY

Please enter your comment!
Please enter your name here