Home Latest ഈ അവസ്ഥ മാറി കടക്കാൻ ഞാൻ അഭയം തേടിയത് മദ്യത്തിലായിരുന്നു, കൂടെ നല്ല വലിയുമുണ്ടായിരുന്നു.

ഈ അവസ്ഥ മാറി കടക്കാൻ ഞാൻ അഭയം തേടിയത് മദ്യത്തിലായിരുന്നു, കൂടെ നല്ല വലിയുമുണ്ടായിരുന്നു.

0

മാറ്റങ്ങൾ

ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അവളെ പ്രണയിച്ച് തുടങ്ങിയത്. ആദ്യമായി കണ്ടത് ഉത്സവത്തിന് ക്ഷേത്രത്തിൽ വച്ചാണ്. ആദ്യകാഴ്ചയിൽ തന്നെ ഉറപ്പിച്ചു, അവളാണ് എന്റെ പെണ്ണെന്ന്. മുട്ടോളം മുടിയും പൂച്ചക്കണ്ണും മയിൽപീലി പോലെത്തെ കൺപീലിയും വെളുത്തു മെലിഞ്ഞ വടിവൊത്ത ശരീരവും തെല്ലൊന്നുമല്ല എന്നെ ആകർഷിച്ചത്. എന്റൊപ്പം നിൽക്കുന്ന സൗന്ദര്യം. ജോഡി കൊള്ളില്ലെന്ന് ആരും പറയില്ല. എന്നെ പറ്റി പറഞ്ഞില്ലല്ലോ. ഞാൻ നല്ല ഒന്നാന്തരം സൽഗുണസമ്പന്നനായ ചെറുപ്പക്കാരൻ. ഒരു ദുഃസ്വഭാവുമില്ല. ഡോക്ടറായ അച്ഛനമ്മമാരുടെ ഏക സന്താനം. കള്ള് കുടിക്കാനും പുകവലിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതൊക്കെ എന്റെ സൗന്ദര്യത്തെ നശിപ്പിച്ചാലോയെന്ന് പേടിച്ചിട്ടാണ്.

അങ്ങനെ തുറന്നു പറയാതെ ഒരു വർഷത്തോളം ആ പ്രണയം കൊണ്ട് നടന്നു. അവളുടെ പേരോ സ്ഥലമോ എനിക്കറിയില്ലായിരുന്നു. ആകെ കണ്ടുപിടിക്കാൻ കഴിഞ്ഞത് പഠിക്കുന്ന സ്കൂൾ മാത്രമാണ്. അവസാനം കൂട്ടുകാരൻ നിഖിലിന്റെ നിർബന്ധപ്രകാരം അവളെ വളയ്ക്കാനുള്ള പരിപാടി തുടങ്ങി. ഞാനതിൽ വിജയിച്ചു. ബോക്സറായ നിഖിലിന്റെ കൈയ്യിൽ നിന്ന് രണ്ട് ഇടി കിട്ടിയപ്പോഴാണ് മനസിലായത്, ഞാൻ കറക്കി എടുത്തത് അവന്റെ ഇരട്ട സഹോദരിയെയാണെന്ന്. അതെങ്ങനെ ഞാൻ അറിയാനാണ്? ഒറ്റ മോനായതുകൊണ്ട് പപ്പയും അമ്മയും വീട്ടിൽ നിന്ന് വെളിയിൽ ഇറക്കില്ല. എപ്പോഴും എന്റെ കൂടെ തന്നെ കാണും. ഇന്നുവരെ കൂട്ടുകാരുടെ ആരുടേയും വീട്ടിൽ പോലും ഞാൻ പോയിട്ടില്ല.

അതിന് ശേഷം കുറച്ചു നാൾ അവൻ എന്നോട് മിണ്ടിയില്ല. ഞങ്ങൾ മൂന്നു പേരും കുറച്ച് ദൂരെയുള്ള എൻജിനയറിംങ് കോളേജിൽ ചേർന്നു. അതായത് ഞാനും നിഖിലും എന്റെ പെണ്ണ് നിധിയും. അപ്പോഴത്തേക്ക് ഞാനും നിഖിലുമായുള്ള പ്രശ്നങ്ങൾ എല്ലാം തീർന്നു. ദൂരെ പഠിക്കാൻ തീരുമാനിച്ചത് തന്നെ കുറച്ച് സ്വാതന്ത്രം കിട്ടാൻ വേണ്ടിയായിരുന്നു. അങ്ങനെ കോളേജിൽ ഞങ്ങൾ അടിച്ചുപൊളിച്ചു. ഞങ്ങളുടെ പ്രണയവും പാട്ടായി. വീട്ടിൽ അറിഞ്ഞപ്പോൾ വിചാരിച്ചപോലെ വഴക്കൊന്നും പറഞ്ഞില്ല. “ഇപ്പോ പഠിക്ക്, സമയമാകുമ്പോൾ അതിനെ പറ്റി ആലോചിക്കാം. അതുവരെ കുരുത്തക്കേടൊന്നും കാട്ടരുതെന്നും” പറഞ്ഞു.

കോളേജിൽ നിന്ന് വേറെ കുറേ കൂട്ടുകാരെയും കിട്ടി. കിട്ടിയതെല്ലാം അലമ്പൻമാരായിരുന്നു. നിഖിൽ അവരുടെ കൂടെ കൂടി കള്ളുകുടിയിൽ ഡിഗ്രി എടുത്തു. പ്രേമിച്ചു നടക്കുന്നത്തിനിടയിൽ എനിക്ക് ഒന്നിനും സമയം കിട്ടിയില്ല.

ആദ്യവർഷ പരീക്ഷ കഴിഞ്ഞ ദിവസമാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഞങ്ങൾ കുറച്ച് ആൺകുട്ടികളൊക്കെ ചേർന്ന് ഒരു ട്രിപ്പ്‌ പോയി. എന്റെ ഇനോവയിലാണ് പോയത്, വാഗമണ്ണിലേക്ക്. യാത്ര തിരിക്കാൻ വൈകി. എല്ലാവരേയും അവരവരുടെ വീട്ടിൽ എത്തിച്ചിട്ടാണ്, ഞാനും നിഖിലും മടങ്ങി. ഞാനാണ് വണ്ടി ഓടിച്ചത് മുഴുവൻ. ബാക്കി എല്ലാവരും വെള്ളത്തിലായിരുന്നു. എപ്പോഴോ എന്റെ കണ്ണ് അടഞ്ഞു. നല്ല വേഗത്തിലാണ് വണ്ടി ഓടിച്ചിരുന്നത്. ഡിവൈഡറിൽ തട്ടി വണ്ടി മറിഞ്ഞു. ആരൊക്കെയോ ചേർന്ന് ഞങ്ങളെ വെളിയിൽ എത്തിച്ചു. ഞാൻ നിഖിലിനെ നോക്കി. നിസാര പരിക്കേയുള്ളൂ. ഒന്ന് എഴുന്നേറ്റു നിൽക്കാൻ നോക്കിയപ്പോഴാണ് മനസിലായത്, എന്റെ വലതു കാൽ ഒടിഞ്ഞെന്ന്. പക്ഷേ എന്റെ ചുറ്റും നിൽക്കുന്ന ആളുകളുടെ ദയനീയമായ നോട്ടം എന്നെ പേടിപ്പെടുത്തി. നിഖിൽ എന്നെ കണ്ട മാത്രയിൽ ബോധം കെട്ടു.

ആശുപത്രിയിൽ എത്തിയപ്പോൾ പോയ ബോധം തിരിച്ചു കിട്ടാൻ 2 ദിവസം എടുത്തുയെനിക്ക്. എന്റെ ജീവന് ഒരാപത്തും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇവർ എന്നെ പരിചരിക്കുന്ന രീതി വേറെ വിധമായിരുന്നു. എന്റെ മുഖം മുഴുവൻ പൊതിഞ്ഞ് വച്ചേക്കുവായിരുന്നു. സംസാരിക്കാനോ ആഹാരം കഴിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. പപ്പയും അമ്മയും നിഖിലും നിധിയും എപ്പോഴും കൂടെയുണ്ടായിരുന്നു. എന്റെ നോട്ടം കണ്ടിട്ടാകാം അമ്മ പറഞ്ഞു.

“പേടിക്കാനൊന്നുമില്ല, മോന്റെ താടിയെല്ല് സ്ഥാനം തെറ്റി. അതൊന്ന് പിടിച്ചിടണം. അത്രയേ ഉള്ളു.”

എനിക്ക് പേടിയൊന്നും തോന്നിയില്ല. വലിയ ന്യൂറോളജിസ്റ്റായ പപ്പയും കാർഡിയോളജിസ്റ്റായ അമ്മയും മകന്റെ കാര്യം നിസാരമായി എടുക്കില്ലല്ലോ. 3 മാസം കഴിഞ്ഞാണ് എന്റെ മുഖം ഞാൻ കണ്ടത്. കരയാൻ പോലും കഴിഞ്ഞില്ല. കുറച്ച് നേരം ഹൃദയം പോലും നിന്ന് പോയി. എങ്ങനെ ഇരുന്ന മുഖമാണ്. ഇപ്പോൾ ആകെ കറുത്തിരിണ്ടു, കുത്തികെട്ടലിന്റെ പാടുകളും, മഞ്ഞപ്പല്ലും…. ഇരുപത്തിയേഴ് സർജറി ചെയ്തു, മുഖം മനുഷ്യന്റെ ആകാൻ. അതിനുശേഷം ഞാൻ ആരെയും കണ്ടില്ല, ആരോടും മിണ്ടിയുമില്ല. ആരുടേയും സിംബതി എനിക്ക് വേണ്ടായിരുന്നു. ഒന്നര വർഷത്തെ ആശുപത്രി വാസം എന്നെ ആകെ മാറ്റി. മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിലെ നായകന്റെ അവസ്ഥ.

ഈ അവസ്ഥ മാറി കടക്കാൻ ഞാൻ അഭയം തേടിയത് മദ്യത്തിലായിരുന്നു, കൂടെ നല്ല വലിയുമുണ്ടായിരുന്നു. എന്റെ കോലം കണ്ടു പപ്പയും അമ്മയും കരയുന്നത് നിത്യ കാഴ്ചയായി. അവളെ കാണാൻ പോലും ഞാൻ കൂട്ടാക്കിയില്ല. മുഖം മറ്റുള്ളവരെ കാണിക്കാനുള്ള മനക്കട്ടി എനിക്കില്ലായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി അവൾ കേറി വന്നു. എന്റെ പെരുമാറ്റം നല്ല രീതിയിലായതുകൊണ്ട് അവള് വീട്ടിലോട്ട് വരാറേയില്ലായിരുന്നു. അതുകൊണ്ട് അവൾ ഉപേക്ഷിച്ച് പോയെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു. അവളുടെ വരവ് എന്നെ ഞെട്ടിച്ചു. കഴുത്തിൽ ബെൽറ്റിട്ടിട്ടുണ്ടെന്ന് പോലും നോക്കാതെ എന്റെ കരണകുറ്റിക്കിട്ട് ഒന്ന് പൊട്ടിച്ചു. ബെൽറ്റ്‌ വരെ ഊരി വീണു.

“എന്താ ശ്രീ നിന്റെ വിചാരം ? കുറേ നാളായി ഞാൻ സഹിക്കുന്നു. നീ ഇന്ന് മാറും നാളെ മാറും എന്നൊക്കെ വിചാരിച്ചിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.”

“നീ ഇപ്പോ പോ നിധി. എനിക്ക് ഒന്നും സംസാരിക്കാനില്ല.”

“എനിക്ക് സംസാരിക്കാനുണ്ട്. നീ അത് കേട്ടിട്ട് ഇവിടെ നിന്ന് അനങ്ങിയാൽ മതി.”

“ഇപ്പോ സൗകര്യമില്ല. 2 മാസമായി നീ ഇങ്ങോട്ട് വന്നിട്ട്. ഇപ്പോ അവൾക്ക് എന്തോ പറയാനുണ്ട് പോലും. ”

“ഞാനും ഒരു മനുഷ്യൻ തന്നെയാ ശ്രീ. നീ എന്നോട് ഈ കാണിക്കുന്ന അവഗണന എത്രയാണെന്ന് വച്ചാ സഹിക്കുന്നേ? കുറച്ച് നാൾ ഞാൻ മാറി നിന്നാൽ നിനക്ക് എന്റെ വില മനസിലാകുമെന്ന് തെറ്റുധരിച്ചു. നീ മാറില്ല.”

“എല്ലാരേയും പോലെ നീയും എന്നെ ഇട്ടിട്ട് പോയില്ലേ?”

“എപ്പോഴാ ഞാൻ പോയത്. ഈ 2 മാസമാണോ? അത് നിനക്ക് നിന്നെ മനസിലാകാൻ വേണ്ടി ഞാൻ തന്ന സമയമായിരുന്നു.”

“എന്റെ എല്ലാം പോയെടീ. ഇനി ഞാൻ എന്തിനാ ജീവിക്കുന്നത്? ”

പറഞ്ഞ് തീരും മുൻപേ അടുത്ത അടി വീണു.

“ഇപ്പോ ഞാൻ വന്നത് ഞാൻ നിന്നെ തേച്ചെന്ന് ആളുകൾ പറഞ്ഞത് കേട്ടിട്ടാണ്. ഇനി നീയും അങ്ങനെ കരുതുന്നുണ്ടോ ശ്രീ?”

“ഓഹോ. അപ്പോ ചീത്തപ്പേരിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണല്ലേ നീ വന്നത്?”

വീണ്ടും കിട്ടി അസ്സല് അടി.

“നിന്റെ മനസ്സ് മാറി നീ എന്നെ വന്നു വിളിക്കുമെന്ന് കരുതി. എനിക്ക് തെറ്റി. ശരിക്കും എന്താ ശ്രീ നിന്റെ പ്രശ്നം?”

“ഞാൻ ഇനി എന്തിനാ ജീവിക്കുന്നേ?”

“എന്താ ശ്രീ നിന്റെ ജീവനേക്കാൾ വലുതാണോ നിന്റെ സൗന്ദര്യം? നീ എന്നെ ഭംഗി നോക്കി തന്നെയാണ് ഇഷ്ടപ്പെട്ടതെന്ന് എനിക്കറിയാം. പക്ഷേ ഞാനങ്ങനെ അല്ലായിരുന്നു. എനിക്കാണ് ഈ അവസ്ഥ വന്നിരുന്നെങ്കിൽ നീയെന്നെ ഇട്ടിട്ട് പോകുമായിരുന്നോ?”

“ഇല്ല, ഒരിക്കലുമില്ല.”

“പിന്നെ ഞാനങ്ങനെ ചെയ്യുമെന്ന് നീ കരുതി. അപ്പോ അത്രയ്ക്കേയുളളൂ എന്റെ സ്നേഹത്തിന്റെ മേലുളള വിശ്വാസമല്ലേ? ”

ഇത്രയും പറഞ്ഞവൾ ഇറങ്ങിപോയി. അന്ന് ഞാൻ കരഞ്ഞു. ചങ്ക് പൊട്ടുന്ന അത്രയും കരഞ്ഞു. അന്നുവരെ എന്നെപ്പറ്റി മാത്രം ചിന്തിച്ച ഞാൻ അന്നാദ്യമായി പപ്പയേയും അമ്മയേയും പറ്റി ഓർത്തു. ഞാൻ കാരണം അവർ എന്തുമാത്രം വിഷമിച്ചു. എന്റെ നിധി. അവളേയും ഞാൻ വെറുതെ വിട്ടില്ലല്ലോ. ഇത്രയും കാലം ഞാനവളോട് കാണിച്ചതെല്ലാം അഭിനയമായിരുന്നോ? എല്ലാവരേയും സങ്കടപ്പെടുത്തിയിട്ട് ഞാനെന്താണ് നേടിയത്?

എന്റെ സൗന്ദര്യമായിരുന്നു എന്റെ ആത്മവിശ്വാസം. സൗന്ദര്യം പോയപ്പോൾ ഞാൻ തന്നെയില്ലാതായി. പക്ഷേ ജീവിതത്തിൽ സൗന്ദര്യത്തേക്കാൾ കൂടുതലായി പലതുമുണ്ടെന്ന് കാലം തെളിയിച്ചു. എനിക്ക് മാത്രമല്ല, ജീവിതത്തിൽ സ്ഥാനം ബന്ധങ്ങൾക്കാണ് അല്ലാതെ സൗന്ദര്യത്തിനല്ല.

വർഷങ്ങൾ കടന്നു പോയി. എന്റെ ഫോണിൽ നിറയെ ഞങ്ങളുടെ ഫോട്ടോസാണ്. അതിൽ ഞാൻ കാണുന്നത് മുഖങ്ങളല്ല, ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച സുന്ദരനിമിഷങ്ങളാണ്. ഒരു കുട്ടിയായിട്ടും അവൾക്ക് ഒരു മാറ്റവുമില്ല. മോനുളളതുകൊണ്ട് ആകെയുള്ള സമാധാനം കിട്ടുന്ന അടി പങ്കിടാൻ ഒരാളെ കിട്ടിയെന്നുള്ളതാ. അവൾ എപ്പോഴും കളിയാക്കും.

“മിക്ക നല്ല പെൺപിള്ളേരും സ്നേഹിക്കുന്നത് വാർപ്പ് സ്വഭാവമുള്ളവൻമാരെയായിരിക്കും. നല്ല ആമ്പിളേളർക്ക് കിട്ടുന്നതോ ഒന്നാന്തരം തേപ്പ് പെൺപിള്ളേരെയും. ഇത് രണ്ടിലും പെടാത്തതു സംഭവിക്കുന്നത് അപൂർവമാണ് ഇന്നത്തെ കാലത്ത്. അല്ല ശ്രീ നീ ഇതിൽ ഒന്നിലും പെടില്ലല്ലോയല്ലേ?”

“ഇല്ല. നമ്മള് പുതിയതാ. തേപ്പും വാർപ്പും ഒരുമിച്ച്. പോരേ?”

ഞാനന്ന് നശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോ കാണുന്ന ജീവിതം ഉണ്ടാകില്ലായിരുന്നു. അന്ന് അപകടം പറ്റിയത് നന്നായിയെന്ന് ഇപ്പോ എനിക്ക് തോന്നുന്നു. അല്ലെങ്കിൽ ഇന്നും പുറംമോടിയിലെ സ്നേഹത്തിൽ ഞാൻ വിശ്വാസിച്ചേനേ. എന്ത് കാരണം കൊണ്ടും പ്രണയം തോന്നാം, പക്ഷേ മനസ്സ് തുറന്നു സ്നേഹിക്കണം, കളങ്കമില്ലാതെ……..അതാണ് പ്രണയം

രചന: Shari P Panicker ( ചാരു )

LEAVE A REPLY

Please enter your comment!
Please enter your name here