Home Viral 2 അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീട്ടുവളപ്പിൽ വീടുകള്‍ നിർമിച്ച് ഈ ഓട്ടോ ഡ്രൈവർ

2 അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീട്ടുവളപ്പിൽ വീടുകള്‍ നിർമിച്ച് ഈ ഓട്ടോ ഡ്രൈവർ

0

[ad_1]

38 സെന്റ് സ്‌ഥലമുണ്ടെങ്കിൽ 1000 മനസ്സുകളിൽ വീടൊരുക്കാമെന്നു സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുകയാണ് ഉളിക്കൽ മാണിക്കത്താൻ ബിജു. വീടെന്നു വിളിക്കാൻ മാത്രം ഉറപ്പുപോര ബിജുവിന്റെ വീടിന്. എന്നാലും വീടു നിൽക്കുന്ന സ്‌ഥലം കഴിച്ചു മിച്ചമുള്ള ഭാഗത്ത് രണ്ട് അനാഥ കുടുംബങ്ങളെ താമസിപ്പിക്കാൻ സ്വന്തം വീടിനെക്കാൾ അടച്ചുറപ്പിൽ തണലൊരുക്കിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ.

ഇതിനകം ബിജുവിന്റെ കരങ്ങളിലൂടെ സഹായം എത്തിയത് എഴുനൂറിലേറെ വീടുകളിൽ. സ്‌ഥിരം സഹായമെത്തുന്നത് 150 കുടുംബങ്ങളിൽ. ഉള്ളവരോടു വാങ്ങി ഇല്ലാത്തവരെ സഹായിക്കും അതാണു ബിജുവിന്റെ രീതി.

രോഗികളെ ആശുപത്രിയിലാക്കാനും മരുന്നു വാങ്ങി നൽകാനും സാധനങ്ങൾ എത്തിക്കാനും സൗജന്യ സേവനവുമായി ഉളിക്കൽ അങ്ങാടിയിൽ കഴിഞ്ഞ 12 വർഷമായി ബിജുവുണ്ട്. കഷ്‌ടപ്പെടുന്നവർക്കായി ഓടിയ ശേഷം ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ നാൽപതുകാരന്റെ കുടുംബം പുലരുന്നത്. സഹജീവികൾക്കു രക്ഷയേകാനുള്ള ഓട്ടത്തിനു മുന്നിൽ ബിജുവിന് ഒന്നും തടസ്സമല്ല.

ആരെങ്കിലും വിവാഹം ക്ഷണിച്ചാൽ ബിജു ചോദിക്കും പത്തിരുപതു പേർക്കുള്ള ഭക്ഷണം എനിക്കു തരുമോ? അത് അഗതി മന്ദിരങ്ങളിൽ എത്തിക്കാനുള്ളതാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ ബിജു ചോദിക്കേണ്ട താമസമേയുള്ളൂ സഹായിക്കാൻ നാട്ടുകാരിൽ പലരും തയാറാണ്. വിവാഹത്തിന് എത്തിയവർക്ക് സദ്യ വിളമ്പും മുൻപ് ബിജുവിനുള്ളതു കിട്ടും. വിവാഹ സ്‌ഥലത്ത് ആദ്യ പന്തിയിൽ ഉണ്ണാൻ തുടങ്ങുമ്പോഴേക്കും ഏതെങ്കിലും അഗതി മന്ദിരങ്ങളിൽ താമസക്കാർ ബിജു എത്തിച്ച സ്‌നേഹം രുചിച്ചു തുടങ്ങിയിട്ടുണ്ടാകും.

മദർ തെരേസ മാറ്റി മറിച്ച ജീവിതം

ഉളിക്കൽ ഉണ്ണിഈശോ പള്ളിയിലെ കപ്യാരായിരുന്നു ബിജുവെന്നു വിളിക്കുന്ന ഫ്രാൻസിസ്. ഒരിക്കൽ കുർബാനയ്‌ക്കിടെ ഫാ. ടോമി എടാട്ട് പാവങ്ങളെ കുറിച്ചു കരുണ വേണമെന്നും ചിന്ത വേണമെന്നും പറഞ്ഞതു മനസ്സിൽ തറച്ചു. ആയിടയ്‌ക്കാണു മദർ തെരേസയെ കുറിച്ചു നവീൻ ചൗള എഴുതിയ പുസ്‌തകം വായിക്കുന്നത്. മദറിന്റെ പ്രവർത്തനങ്ങളിൽ താൽപര്യം തോന്നി. 20 വയസ്സുള്ളപ്പോൾ കൊൽക്കത്തയ്‌ക്കു പോയി. ഭാഷയോ വഴിയോ ഒന്നും അറിയാതെ തനിച്ചാണു പോയത്.

മദറിന്റെ ആശ്രമത്തിൽ ഒരു മാസത്തിലേറെ ശുശ്രൂഷ ചെയ്‌തു. പിന്നീട് എറണാകുളം ചെല്ലാനത്ത് ശുശ്രൂഷയിലേർപ്പെട്ടു. അതു കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഫാ. ഷിന്റോ കൂടപ്പാട്ട് അസിസ്‌റ്റന്റ് വികാരിയായി എത്തിയത്. ഫാദർ പാവപ്പെട്ടവരുടെ വീടുകളിലൂടെ പോകുമായിരുന്നു. കൂടെ ബിജുവും പോകും. ആ യാത്രയിൽ കണ്ടുമുട്ടിയവരുടെ വേദനകളാണു പാവങ്ങളുടെ കണ്ണീരൊപ്പാൻ ബിജുവിനെ പ്രേരിപ്പിച്ചത്. തളർന്നു കിടക്കുന്നവർക്കും രോഗികൾക്കുമെല്ലാം സഹായം ചെയ്യണമെന്നു തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടു.
ഒരു കൈ ചെയ്യുന്നത് അറിയാതെ മറുകൈ

എവിടെയെങ്കിലും കഷ്‌ടപ്പെടുന്നവരുണ്ടെന്ന് അറിഞ്ഞാൽ ബിജു തേടിപ്പോകും. സഹായം കിട്ടേണ്ടവരാണെന്നു ബോധ്യപ്പെട്ടാൽ സഹായം ചെയ്യാൻ ഒരുക്കമുള്ളവരെ തേടി ബിജുവിന്റെ ഓട്ടോ നീങ്ങും. സഹായിക്കാൻ തയാറുള്ളവരെ കൂട്ടി അശരണരുടെ വീട്ടിലെത്തും. അവരെ കാര്യങ്ങൾ നേരിട്ടു ബോധ്യപ്പെടുത്തും.

അവരുടെ സഹായം ബിജുവിന്റെ കരങ്ങളിലൂടെ ആവശ്യക്കാരിൽ എത്തും. ഇതിനകം എഴുനൂറിലേറെ കുടുംബങ്ങളിൽ ബിജുവിന്റെ കാരുണ്യമെത്തിയിട്ടുണ്ട്. 150 കുടുംബങ്ങൾക്കു സ്‌ഥിരമായി മാസത്തിൽ 800 രൂപയുടെ പലചരക്കു സാധനങ്ങളും എത്തിക്കുന്നു. 12 വർഷമായി പാവങ്ങൾക്കുള്ള ശുശ്രൂഷയാണ് ബിജുവിന്റെ ജീവിതം.
കരുണയുടെ തലോടൽ

ഒഴിവു കിട്ടുമ്പോൾ ബിജു ജില്ലയിലെ അഗതി മന്ദിരങ്ങളിലെത്തും. അവിടെയുള്ള അന്തേവാസികളുടെ മുടി മുറിച്ചു കൊടുക്കുകയും ഷേവ് ചെയ്‌തു കൊടുക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ സഹായികളില്ലാതെ കഴിയുന്നവരുണ്ടെന്നറിഞ്ഞാൽ അവർക്കു കൂട്ടിരിക്കും. ഡയാലിസിസ് ചെയ്യേണ്ട രോഗികളുണ്ടെങ്കിൽ അവരെ ആശുപത്രിയിലെത്തിച്ചു വേണ്ടതു ചെയ്‌തു കൊടുക്കും.

വാടകപോലും കൊടുക്കാൻ വഴിയില്ലാതെ ദുരിത പൂർണമായ ജീവിതം നയിക്കുന്നവരെ കാണാനിടയായാൽ അവരുടെ വാടക കൊടുക്കാൻ തയാറുള്ള ആരെയെങ്കിലും ബിജു കണ്ടെത്തും. പഠിക്കാൻ വഴിയില്ലാതെ കഴിയുന്ന കുട്ടികൾക്കു സഹായം ചെയ്യാൻ സ്‌പോൺസർമാരെ കണ്ടെത്തിക്കൊടുക്കും. പഠനോപകരണങ്ങൾ നൽകാൻ തയാറുള്ളവരിൽ നിന്ന് അതു വാങ്ങി ആവശ്യക്കാർക്കു നൽകും.

സ്‌നേഹം മേഞ്ഞ വീട്

ജീവിത സായാഹ്‌നത്തിൽ കിടപ്പാടം പോലുമില്ലാതെ കഷ്‌ടപ്പെടുന്നവരെ സഹായിക്കാനാണു ബിജു സ്വന്തം വീട്ടു വളപ്പിൽ 2 കുടുംബങ്ങൾക്കു താമസിക്കാൻ വീടൊരുക്കിയത്. ഇതിന്റെ നിർമാണത്തിനു പലരും സഹായിച്ചു. സ്വന്തം വീടിനു വലിയ അടച്ചുറപ്പില്ലെങ്കിലും അഗതികൾക്കു താമസിക്കാനുള്ള വീട്ടിൽ അത്യാവശ്യ സൗകര്യങ്ങളൊക്കെയൊരുക്കി. ഒരു കിടപ്പുമുറി, അടുക്കള, സിറ്റിങ് റൂം, ശുചിമുറി എന്നിവയാണ് ഓരോ വീട്ടിലെയും സൗകര്യങ്ങൾ. രണ്ടിലും താമസക്കാരുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒന്നിലേയുള്ളൂ. ഒരു വീട്ടിലെ താമസക്കാരൻ മരിച്ചു. വെള്ളത്തിനു ക്ഷാമമുള്ളതിനാൽ അതുകഴിഞ്ഞേ ഇനിയിവിടെ അടുത്ത താമസക്കാരെ കൊണ്ടു വരൂ.

മറ്റൊരാളുടെ മകന്റെ ഓർമയ്‌ക്കായി

രോഗികളെയും കൊണ്ട് മലബാർ കാൻസർ സെന്ററിലേക്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമെല്ലാം പോകുമായിരുന്നു ബിജു. വണ്ടി വിളിച്ചു പോകാനുള്ള ചെലവ് ആരെങ്കിലും കൊടുത്തു സഹായിക്കും. ചിലർ വണ്ടി വിട്ടു കൊടുക്കും. മറ്റു ചിലർ ഇന്ധനത്തിനുള്ള പണം തരും. അങ്ങനെയായിരുന്നു സാമ്പത്തികമായി സഹായിക്കാൻ സന്നദ്ധരായവരുടെ തുണയോടെ രോഗികളെ കൊണ്ടുപോയിരുന്നത്. അതുകണ്ടാണ് മകൻ മരിച്ചതിന്റെ ഓർമ നിലനിർത്താൻ ഒരാൾ ബിജുവിന് ഒരു വാൻ വാങ്ങിക്കൊടുത്തത്. 4 വർഷമായി ഈ വാഹനത്തിലാണ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും തിരിച്ചെത്തിക്കുന്നതും.

സഹായിക്കാൻ കരങ്ങളേറെ

അവശരെ ശുശ്രൂഷിക്കാൻ ബിജുവിനെ സഹായിക്കുന്ന ഏറെ പേരുണ്ട്. ഒരു തവണ 10 വീട്ടുകാരെ സഹായിക്കാൻ വന്ന ഒരാളുണ്ടെങ്കിൽ അടുത്ത തവണ 20 കുടുംബങ്ങളെ സഹായിക്കാൻ അവർ സന്നദ്ധമാകുന്നുവെന്നതാണ് കാരുണ്യ പാതയിലോടുമ്പോൾ ബിജുവിന്റെ ഇന്ധനം. ഓരോരുത്തരുടെയും സഹായം എവിടെയാണ് എത്തുന്നതെന്ന് അവരെ കൊണ്ടുപോയി കാണിച്ചു കൊടുക്കുകയും ചെയ്യും. അർഹതപ്പെട്ട കരങ്ങളിലാണു സഹായമെത്തിയതെന്നു ബോധ്യപ്പെടുത്തും. 2000 രൂപ കൊടുക്കാൻ സന്നദ്ധനായാണ് ഒരാൾ വരുന്നതെങ്കിൽ വീട്ടിലെ സാഹചര്യം കാണുമ്പോൾ അതിലേറെ കൊടുക്കും.

മേൽക്കൂരയ്‌ക്കൊരു കൈത്താങ്ങ്

വീട് അറ്റകുറ്റപ്പണി നടത്താൻ നിർവാഹമില്ലാതെ അടർന്നു വീഴുന്ന മേൽക്കൂരയ്‌ക്കു കീഴെ കഴിയുന്ന കുടുംബങ്ങളിലും ബിജുവിലൂടെ സഹായമെത്തിയിട്ടുണ്ട്. സ്‌പോൺസർമാരെ കണ്ടെത്തി പതിനഞ്ചോളം വീടുകളുടെ മേൽക്കൂര പുതുക്കി പണിതു കൊടുത്തു. സ്‌പോൺസർമാരുടെ സഹായത്തിൽ 4 വീടുകളും പണിതു നൽകാൻ സാധിച്ചു. ഇതെല്ലാം എങ്ങനെ സാധിക്കുന്നുവെന്ന് ബിജുവിനോട് ചോദിച്ചാൽ മറുപടിയായി ലഭിക്കുന്നത് നിറഞ്ഞ പുഞ്ചിരി മാത്രം.

പിന്തുണയുമായി കുടുംബം

ബിജുവിന്റെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി കുടുംബമുണ്ട്. ഭാര്യ ഷെല്ലി, അവരുടെ അമ്മ അന്നമ്മ, മക്കളായ അനുഗ്രഹ്, അർപ്പിത്, ഗ്രെയ്‌സ്, ആഗ്‌നസ് എന്നിവർക്കൊപ്പമാണു ബിജു കഴിയുന്നത്.

ഒരു വിളിപ്പാടകലെ

കഷ്‌ടപ്പെടുന്നവരെ സഹായിക്കാൻ മനസ്സുള്ളവരെയും സഹായം വേണ്ടവരെയും കാത്ത് വിളിപ്പാടകലെ ബിജു നിൽപുണ്ട്. 9747231321.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here