“ഏട്ടാ എനിക്ക് വല്ലാത്ത നടുവേദന….”
അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.
“ഓഹ് തുടങ്ങിയോ വീണ്ടും അസുഖം. നിനക്ക് എന്നും ഓരോ ഓരോ സൂക്കേട് ആണല്ലോ. നിന്റെ പേര് മാറ്റി വല്ല ദീനാമ്മ എന്ന് ആക്കിയാലോ ?? അതാ നിനക്ക് ചേരുന്നത്…”
“ആഹ് കളിയാക്കിക്കോ അവസാനം എനിക്ക് എന്തേലും വരുമ്പോൾ പഠിച്ചോളും” ഇത്രയും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി….
അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല പ്രസവം കഴിഞ്ഞിട്ട് ഇപ്പൊ എട്ടുമാസമായി. ഇതുവരെ അതിനുള്ള രക്ഷ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. വീട്ടുകാരെ എതിർത്ത് കല്യാണം കഴിച്ചതു കൊണ്ട് പ്രസവ സമയത്തും ശേഷവും സഹായത്തിനായി ആരും കൂടെ ഉണ്ടായിരുന്നില്ല..
ജിനുവിന്റെ ഓർമ്മകൾ കുറച്ചു കൂടി പിറകോട്ടു പോയി..
ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ടതാണ് എന്റെ അഞ്ചൂട്ടിയെ. അവളുടെ എഴുത്ത് വളരെ ഇഷ്ടമായിരുന്നു.. അത് തന്നെയാണ് ഞാൻ അവളെ ശ്രദ്ധിക്കാനുള്ള കാരണവും.. ആദ്യമൊക്കെ വെറുതെ എല്ലാവരുടെയും പോസ്റ്റിൽ കയറി കറങ്ങി നടക്കുന്ന പോലെ അവളുടെ പോസ്റ്റിലും ഒരു കോഴിയെ പോലെ കറങ്ങി നടന്നു.. വളക്കാൻ കുറേ നോക്കി. പെണ്ണുണ്ടോ വളയുന്നു… എന്തായിരുന്നു അവളുടെ ജാഡ. ഇടയ്ക്ക് അവളെയും കെട്ടി പിടിച്ചു കിടക്കുമ്പോൾ ഞാൻ അത് ഓർത്തു ചിരിക്കാറുണ്ട്.. ആദ്യമൊക്കെ ഒരു റിപ്ലൈ തരാൻ എന്തൊരു പാടായിരിന്നു ഇപ്പോൾ കണ്ടില്ലേ എന്റെ കൈ തണ്ടയിൽ എന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്നു…..
അന്നൊക്കെ ഒരു i love u പറയാൻ പറഞ്ഞാൽ പെണ്ണിന് നാണം ഇന്ന് എപ്പോളും അത് തന്നെ പറയാനുള്ളൂ….
അങ്ങനെ ഒരു വിധത്തിൽ അവളെയും വളച്ചു അവളുടെ വീട്ടിൽ പോയി ചോദിച്ചപ്പോഴ് അവരു മുട്ടൻ കലിപ്പ്.. അവൾക്കുഅവരു വേറെ കല്യാണം ആലോചിച്ചപ്പോൾ ഞാൻ ഒന്നും ആലോചിച്ചില്ല അവളെ പോയി ഇങ്ങ് ഇറക്കി കൊണ്ട് വന്നു എന്റെ വീട്ടിൽ വന്നപ്പോൾ അതിലും വലിയ കലിപ്പ് ഈ കലിപ്പ് ഒക്കെ കണ്ടിട്ട് ഞാൻ ചുമ്മാ ഇരിക്കോ ഞാൻ ഒരു വാടക വീട് എടുത്ത് അവളെയും കൊണ്ട് അങ്ങോട്ട് മാറി.
അങ്ങനെ ഞങ്ങൾ ഞങ്ങളുടേത് ആയ ലോകത്ത് ജീവിച്ചു. അപ്പോളാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ കുഞ്ഞി മോള് വന്നത്. അവള് വയറ്റിൽ ആയ അന്ന് മുതൽ ആശുപത്രികയറി ഇറങ്ങി ഞാൻ ഒരു വഴിക്കായി. പാവം എന്റെ പെണ്ണ് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഛര്ദി തന്നെ ഛർദി…. അങ്ങനെ അവൾക്കു ഏഴര മാസം ആയപ്പോൾ ഞങ്ങടെ മോള് ഒരു കുറുമ്പ് കാണിച്ചു. വയറ്റിൽ എഴുന്നേറ്റു അങ്ങ് നിന്നു…… അങ്ങനെ അവളെയും കൊണ്ട് ഏഴര മാസം ആശുപത്രിയിൽ കയറിയ ഞാൻ തിരിച്ചു ഇറങ്ങുന്നത് ഒമ്പത് മാസം കഴിഞ്ഞു ഞങ്ങളുടെ മോളെയും കൊണ്ട് ആണ്. ആരും സഹായത്തിനു ഇല്ലാതെ ഞാൻ അവിടെ കിടന്നു നെട്ടോട്ടം ഓടി. അന്ന് മനസിലായി ഈ കല്യാണവും പ്രസവവും കുട്ടി കളി അല്ല എന്ന്.
അങ്ങനെ പ്രസവം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അടുത്ത പ്രശ്നം. കുഞ്ഞിനേയും അവളെയും കുളിപ്പിക്കണ്ടെ ?പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾക്ക് നമ്മുടെ നാട്ടു നടപ്പ് അനുസരിച്ച് കുളിപ്പിക്കുന്നതിനു എന്തൊക്കെയോ ചിട്ടകൽ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാശ് കൊടുത്താൽ ഇപ്പോൾ അതിനൊക്കെ ആളെ കിട്ടുമെന്ന് അയലത്തെ ചേച്ചി പറഞ്ഞു. പക്ഷെ രണ്ടു മാസത്തെ ആശുപത്രി ജീവിതം കൊണ്ട് കീശ ഒക്കെ ഏതാണ്ട് കാലി ആയി. അടുപ്പിച്ചുള്ളാ ലീവ് കാരണം ഉള്ള ജോലിയും പോയി കിട്ടി. അതുകൊണ്ട് തന്നെ എന്തും വരട്ടെ എന്ന് കരുതി ഞാൻ തന്നെ ആ ദൗത്യം അങ്ങോട്ട് ഏറ്റെടുത്തു. ഒരു കുഞ്ഞിനെ പോലും ഇതുവരെ നേരെ ചൊവേ എടുക്കാൻ അറിയാത്ത ഞാൻ നാല് ദിവസം പ്രായമുള്ള എന്റെ കുഞ്ഞിനെ സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു അങ്ങ് കുളിപ്പിച്ചു. കൂടെ അവളെയും ഞാൻ തന്നെ അങ്ങ് നോക്കി. അല്ല പിന്നെ നമ്മളോട കള. പക്ഷെ അതിന്റെ ഫലമാണ് അവളുടെ ഈ നടുവേദന എന്ന് എനിക്ക് അറിയാം. ഇനി ആദ്യം മുതൽ ചികിത്സ ഒക്കെ തുടരണം എങ്കിൽ ആയുർവേദ മരുന്നുകൾക്ക് ഒക്കെ ഇപ്പൊ എന്താ വില. ഇപ്പോൾ അതിനു ഉള്ള സാമ്പത്തികം ഇല്ല. അത് അവൾക്കും നല്ല പോലെ അറിയാം എങ്കിലും ഈ പരാതിയും പരിഭവവും പതിവാണ്.
“അതെ മോള് കരയുന്നത് കേട്ടില്ലേ ??എന്തുട്ടാ ഇരുന്നു ആലോചിക്കണത് ??
അതോ നിന്നെ കളഞ്ഞിട്ടു നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള ആരെയെങ്കിലും കെട്ടിയാലോ എന്ന് ആലോചിക്കുവ…”
“ഓഹ് പിന്നെ എനിക്ക് പറ്റിയ അബദ്ധം വേറെ ആർക്കും പറ്റില്ല…”
എന്നും പറഞ്ഞു കുഞ്ഞിനേയും എടുത്ത് ഒക്കത്ത് വച്ചു മുഖവും വീര്പ്പിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ ശെരിക്കും ചിരിയാണ് വന്നത്.
“അതെ ഏട്ടന് എന്നെ ശെരിക്കും മടുത്തോ ????”
ഒന്ന് കെട്ടിപിടിച്ചു പുന്നാരിക്കാൻ വന്നപ്പോൾ അതാ ഒരുമാതിരി മറ്റേ ചോദ്യം ചോദിച്ചു വന്നേക്കുന്നു….
“ഇല്ലടാ മുത്തേ എനിക്ക് നിന്നെ മടുക്കുമോ…. നീ എന്റെ ജീവനല്ലേ……. എങ്കിൽ ഒന്ന് കണ്ണ് അടചേ. ഞാൻ ഒരു സമ്മാനം തരാം…”
“എന്ത് സമ്മാനമാ…?”
“ആദ്യം കണ്ണ് അടയ്ക്ക്….” വളരെ പ്രതീക്ഷയോടെ കണ്ണ് ഒന്ന് അടച്ചു തുറന്നപ്പോൾ പകച്ച് പോയി ഞാൻ………
അതാ കയിൽ ഇരിന്നുചിരിക്കുന്നു സാക്ഷാൽ ടൈഗെർ ഭാം…………
“നിങ്ങളെ ഇപ്പൊ വേറെ പെണ്ണ് കെട്ടാൻ വിടാട്ടോ.. അതിനു മുൻപ് എന്റെ നടുവേദന മാറ്റിയിട്ടു എങ്ങോട്ട് വേണേലും പൊയ്ക്കോ…”
ഒരു വളിച്ച ചിരിയോടെ അത് വാങ്ങി തിരുമ്മി കൊടുക്കുമ്പോൾ ആത്മ ഗതം പോലെ ഞാൻ പറഞ്ഞു ‘എന്റെ പിഴ എന്റെ വലിയ പിഴ………’
അത് കേട്ട് അവൾ ഉറക്കെ ചിരിച്ചു……….
രചന: Anju Jinson