Home Latest ആദ്യ ദിവസങ്ങളിൽ ഇങ്ങനെയാണ്, വല്ലാത്ത വേദനയാ, സഹിക്കാൻ കഴിയില്ല. ബ്ലീഡിങ്ങ് കുറച്ചു കൂടുതലാണേൽ പിന്നേ പറയേം...

ആദ്യ ദിവസങ്ങളിൽ ഇങ്ങനെയാണ്, വല്ലാത്ത വേദനയാ, സഹിക്കാൻ കഴിയില്ല. ബ്ലീഡിങ്ങ് കുറച്ചു കൂടുതലാണേൽ പിന്നേ പറയേം വേണ്ടാ..

0

ആഹ്..

നടു പിളരുന്ന വേദനയുണ്ട്..

ആദ്യ ദിവസങ്ങളിൽ ഇങ്ങനെയാണ്, വല്ലാത്ത വേദനയാ, സഹിക്കാൻ കഴിയില്ല. ബ്ലീഡിങ്ങ് കുറച്ചു കൂടുതലാണേൽ പിന്നേ പറയേം വേണ്ടാ..

ഗ്യാസ് ഓണാക്കി ലൈറ്റർ കത്തിക്കുന്നതിനിടെ നന്ദിനി ഇടക്ക് ബാത്ത്റൂം വാതിലിലേക്ക് പാളി നോക്കുന്നുണ്ട്. ഉണ്ണിയേട്ടൻ കുളി കഴിഞ്ഞിറങ്ങി വന്നാലുടനെ ചായ കൊടുക്കണം..

ചായ അടുപ്പിൽ നിന്നും വാങ്ങി വെക്കുമ്പോഴേക്കും നന്ദിനിയുടെ വയറിന് ചുറ്റും ഉണ്ണിയുടെ കൈ പടർന്നിരുന്നു.

“കുഞ്ഞോളെ ഇന്ന് ചായക്ക് എന്താ സ്പെഷ്യൽ?”

“ഉണ്ണിയേട്ടാ വഴക്ക് പറയല്ലേ, ഇന്നൊന്നുമില്ലാട്ടോ, എനിക്കീ മാസം നേരത്തെ ആയി.”

പറഞ്ഞു കഴിഞ്ഞപ്പോളേക്കും നന്ദിനിയുടെ മുഖം ഉണ്ണി കൈക്കുമ്പിളിൽ കോരിയെടുത്തിരുന്നു.

“അതിനെനാത്തിനാന്നേ ന്റെ കുഞ്ഞോള് ഇങ്ങനെ വിഷമിക്കുന്നേ, ഇന്ന് അത്താഴം ഞാൻ ഉണ്ടാക്കാട്ടോ”

“അതൊന്നും വേണ്ടാന്നേ അതൊക്കെ ഞാൻ ചെയ്യാം”

അപ്പോളേക്കും നന്ദിനിയുടെ കൈയിൽ നിന്നും ചായ പാത്രം വാങ്ങി ഉണ്ണി രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു കഴിഞ്ഞിരുന്നു.

ചായ പതിയെ പതിയെ ചൂടാറ്റി കുടിക്കുന്നതിനിടയില്‍ നന്ദിനിയുടെ കണ്ണുകളിൽ അവളന്നാദ്യം കണ്ട ആ ഉണ്ണിയേട്ടന്റെ മുഖം അറിയാതെ തെളിഞ്ഞു വന്നു.

കോളേജില്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു ഉണ്ണിയേട്ടന്‍, ഉശിരന്‍ സഖാവ്. തീപ്പൊരി ചിതറുന്ന ഉണ്ണിയേട്ടന്റെ പ്രസംഗം ക്യാമ്പസിലെ സംസാര വിഷയമായിരുന്നു. ഓരോ വാക്കുകളും ആവേശം നിറക്കുന്നത്, കൈയിലെ ഓരോ രോമകൂപവും ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ആ സംസാരവും നന്മയുള്ള ആ മനസ്സും നെഞ്ചിലിടം നേടാന്‍ അധിക നാള്‍ വേണ്ടി വന്നില്ല.

പക്ഷെ പറയാന്‍ പേടിയാരുന്നു, കോളേജിന്‍റെ ഹീറോയോട് എങ്ങനെ പറയും ഇഷ്ടമാണെന്ന്, പറഞ്ഞാല്‍ തന്നെ എങ്ങനെ പ്രതികരിക്കും?? ദിവസങ്ങള്‍ കഴിഞ്ഞു പോയി, ആരും കാണാതെ ആരും അറിയാതെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചു ആ സ്നേഹം.

ഇന്ന് ഉണ്ണിയേട്ടന് അവസാന പരീക്ഷയാണ്, ഇനി ഒരിക്കലും കാണാന്‍ കഴിയില്ല. ഉച്ചക്ക് എനിക്ക് ക്ലാസ്സ്‌ കഴിഞ്ഞെങ്കിലും പരീക്ഷ കഴിഞ്ഞു ഉണ്ണിയേട്ടന്‍ വരുന്നതും കാത്ത് കോളേജ് ലൈബ്രറിയില്‍ പോയി ഇരുന്നു. സമയം ആകാറായപ്പോള്‍ മുന്‍വശത്തെ വാകമര ചുവട്ടിന് താഴെ വന്നു നിന്നു.

ഓരോരുത്തരോടും യാത്രയൊക്കെ പറഞ്ഞു ഉണ്ണിയേട്ടന്‍ എന്‍റെ അടുത്തേക്ക് വരണുണ്ട്.

“എന്താ നന്ദൂ പോയില്ലേ?”

“ഇല്ലാ ഉണ്ണിയേട്ടാ, ഞാന്‍ ലൈബ്രറിയില്‍ ഇരിക്കുവാരുന്നു”

“അത് നന്നായീട്ടോ, ഞങ്ങള്‍ ഇന്ന് പോകുവാ, ഇനി കാണാന്‍ കഴിഞ്ഞിലെങ്കിലൊ ?”

“അങ്ങനെ ഒന്നും പറയല്ലേ, ഇനിയും കാണും നമ്മള്‍, ഉണ്ണിയേട്ടന്‍ നല്ലൊരു ജോലിയൊക്കെ വാങ്ങണം”

യാത്ര പറഞ്ഞു ഉണ്ണിയേട്ടന്‍ തിരിഞ്ഞു, എന്‍റെ ഹൃദയം നിലച്ചത് പോലെ, ഇനി ഒരവസരം ഉണ്ടാകില്ല, ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്, ഉണ്ണിയേട്ടാ ഐ ലവ് യൂ ന്ന്, പക്ഷെ തൊണ്ട വരണ്ടുണങ്ങിയത് പോലെ. നിറഞ്ഞൊഴുകിയ കണ്ണുകള്‍ ഷാളിന്‍റെ തുമ്പുയര്‍ത്തി തുടച്ചു നിവര്‍ന്നപോഴേക്കും ഉണ്ണിയേട്ടന്‍ വീണ്ടും മുന്നില്‍.

“എന്താ നന്ദൂട്ടി കരയുവാന്നോ?”

“ഇല്ല ഉണ്ണിയേട്ടാ” , എന്‍റെ വാക്കുകള്‍ ഇടറി പോയി.

“അതേ നന്ദൂട്ടി ചോദിക്കണ തെറ്റാണോന്ന് അറിയില്ല, എങ്കിലും ചോദിക്കട്ടെ, ഞാന്‍ നന്ദൂട്ടിയുടെ പേരൊന്ന് മാറ്റിക്കോട്ടേ?””

“എന്താന്ന് ?””

“അതേ ഞാന്‍ നന്ദിനി ദാസ്‌ എന്ന പേര് മാറ്റിക്കോട്ടേന്ന് ??””

“എന്നിട്ട് ?””

“നന്ദിനി ഉണ്ണികൃഷ്ണന്‍ എന്നാക്കട്ടേ?””

അയ്യോ ന്‍റെ അമ്മേ ആ ചോദ്യം കേട്ട എന്‍റെ ഒരു അവസ്ഥ ഉണ്ടല്ലോ, ഒരു മിന്നല്‍ പിണര്‍ പതിച്ചത് പോലെ കാതുകളെ വിശ്വസിക്കാനാകാതെ ശില പോലെ നിന്ന് പോയി. ഒരു പുഞ്ചിരിയും ഒരു ഓട്ടവും ആയിരുന്നു ന്‍റെ മറുപടി. അവിടുന്ന് അങ്ങോട്ട്‌ ഞങ്ങളുടെ ബന്ധം വളരുവാരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോളേക്കും ഉണ്ണിയേട്ടന് കെ.എസ്.ആര്‍.റ്റി സിയില്‍ ജോലിയായി.

ഉണ്ണിയേട്ടന്‍ പെങ്ങളൂട്ടിയെ കെട്ടിച്ചു വിടുമ്പോഴേക്കും എന്‍റെ വീട്ടില്‍ കല്യാണാലോചന തുടങ്ങിയാരുന്നു. ഉണ്ണിയേട്ടന്‍ നേരെ ഇങ്ങു പോന്നു, എന്നെ കെട്ടിച്ചു കൊടുക്കുമോന്ന് ചോദിച്ചു.

ആര് കൊടുക്കാന്‍, നാട്ടിലെ പ്രമാണിമാരായ നായര് കുടുംബത്തിലെ പെണ്ണിനെ ഒരു ഈഴവ ചെക്കന് കൊടുക്കാനോ, അച്ഛന്‍ ഉണ്ണിയേട്ടനെ അപമാനിച്ചു ഇറക്കി വിടുമ്പോ ആദ്യമായി ഉണ്ണിയേട്ടന്‍റെ കണ്ണ് നിറയണതും തല കുനിയണതും ഞാന്‍ കണ്ടു. പടിക്കെട്ടുകള്‍ ഇറങ്ങിയ ഉണ്ണിയേട്ടന്‍ പെട്ടെന്ന് തിരികെ കയറി വന്നു,

“നന്ദൂട്ടി, എത്രത്തോളം ഭംഗിയായി നിന്നെ നോക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്യാ, പക്ഷെ ജീവനുള്ള കാലത്തോളം സങ്കടപ്പെടുത്താതെ നോക്കിക്കോളാം. വരുന്നോ എന്‍റെ കൂടെ?? ”

അമാന്തിക്കേണ്ട ആവശ്യം ഒട്ടും ഉണ്ടായിരുന്നില്ല, ആ കൈകള്‍ പിടിച്ചു ഇറങ്ങുമ്പോള്‍ വിരലുകള്‍ വിരലുകളോട് കോര്‍ത്ത് പിടിച്ചു തന്നൊരു ഉറപ്പുണ്ട്, ആ ഉറപ്പ് ഇന്നും കൂടെയുണ്ട്.

കണ്ടാല്‍ ആളൊരു ഗൗരവക്കാരന്‍ ആണെന്ന് തോന്നി പോകും, പക്ഷെ ഉണ്ണിയേട്ടന്‍ ഉള്ള് കൊണ്ട് പാവമാ, പഞ്ച പാവം. ഉണ്ണിയേട്ടന്‍റെ സ്നേഹത്തിന്‍റെയും കെയറിംഗിന്‍റെയും ആഴം അറിയണമെങ്കില്‍ എനിക്ക് വയ്യണ്ടാകണം.

ഞങ്ങളുടെ വീട്ടില്‍ പുറത്തായി കഴിഞ്ഞാല്‍, പിന്നെ അശുദ്ധി മാറും വരെ റൂമിലോ കിടക്കയിലോ കിടക്കാന്‍ പാടില്ല, അടുക്കളയുടെ വശത്തുള്ള ചായ്പ്പില്‍ തഴപ്പായ വിരിച്ചു കിടക്കണം, ആ സമയത്ത് അനുഭവപ്പെടുന്ന ഒറ്റപ്പെടല്‍, സ്ത്രീത്വത്തെ തന്നെ വെറുത്തു പോകും.

ഉണ്ണിയേട്ടന്‍റെ കൂടെ വന്നിട്ട് ആദ്യമായി വയ്യാതെ ആയ ദിവസം, വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തിട്ട് റൂമില്‍ കട്ടിലിന് താഴെ ഒരു പായ വിരിച്ചു കിടക്കാന്‍ ഒരുങ്ങി.

“എന്താ നന്ദൂട്ടിയെ, എന്ത് പറ്റി? “”

“അത് ഉണ്ണിയേട്ടാ എനിക്ക് വയ്യാണ്ടായി?””

“അതിനെന്തിനാ താഴെ കിടക്കണേ??””

“അശുദ്ധിയല്ലേ ഉണ്ണിയേട്ടാ?””

“അശുദ്ധി നമ്മുടെ മനസ്സിനാണ്‌, ഇത് സ്ത്രീയുടെ ശരീര പ്രകൃതമാണ്, എല്ലാവര്‍ക്കും ഉള്ളതാണ്, അതിന് നീ ഇങ്ങനെ താഴെ കിടക്ക ഒന്നും വേണ്ടാ, വാ കട്ടിലില്‍..””

എന്നിട്ടും മടിച്ച എന്നെ കോരിയെടുത്ത്, എന്നും കിടത്തണപ്പോലെ നെഞ്ചിലേക്ക് ചേര്‍ത്ത് കിടത്തി.

അന്ന് തൊട്ടിന്നു വരെ ഇങ്ങനെയുള്ള ഒരു ദിവസവും എനിക്ക് മാനസിക വേദന തോന്നിയിട്ടില്ലാ..

*****************************************************************************

“എന്താ കുഞ്ഞോളെ ഓര്‍ത്തിരുന്നു ചിരിക്കുന്നേ?””

ഉണ്ണിയേട്ടന്‍റെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്. അപ്പോഴേക്കും മുന്നിലിരുന്ന ചായയാറി തണുത്തിരുന്നു.

“ഒന്നുല്ലാ ഉണ്ണിയേട്ടാ, ഒന്ന് രാത്രിയായെങ്കില്‍ എന്നാഗ്രഹിച്ചു പോയതാന്നേ??””

LEAVE A REPLY

Please enter your comment!
Please enter your name here