Home Latest “വെറുതെയല്ലെടി നിന്നെ നാടും വീടും ഒരേ സ്വരത്തിൽ മച്ചിയെന്നു വിളിക്കുന്നത്.”

“വെറുതെയല്ലെടി നിന്നെ നാടും വീടും ഒരേ സ്വരത്തിൽ മച്ചിയെന്നു വിളിക്കുന്നത്.”

0

രചന : Mila Muhammed

രാത്രി പകലിന് വഴിമാറി തുടങ്ങിയിരിക്കുന്നു……!

ശ്രുതിയുടെ കണ്ണുകളിലൂടെ ചാലിട്ടൊഴുകിയ നീർകണങ്ങൾ തലയിണയെ ചുംബിച്ചുറങ്ങി.

തെല്ലു നേരത്തേക്ക് മനസൊന്ന് ശാന്തമായപ്പോൾ തലേന്ന് രാത്രിയിൽ ഉണ്ടായ രംഗങ്ങൾ വീണ്ടും ഒരു ദുർഭൂതം കണക്കേ ഹൃദയത്തിലേയ്ക്കുരുണ്ടു കൂടി

**************************

രാത്രി ഒരുപാടു വൈകിയിട്ടും നിരഞ്ജനെ കാണാത്തതിൻറെ ആവലാതിയിൽ ഇരിക്കുകയായിരുന്നു താൻ. പലവട്ടവും ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.

ഡയനിംഗ് ടേബിളിൽ തലവെച്ച് എപ്പോഴോ ഒന്നു മയങ്ങിപ്പോയി.

മെയിൻഡോറിലെ ശക്തിയായ മുട്ടല് കേട്ടിട്ടാണ് ഞെട്ടിയുണർന്നത്.

“നിരഞ്ജനാണോ??” കോളിംഗ് ബെൽ അടിക്കുകയാണല്ലോ പതിവ്. ഒരു നിമിഷം ആലോച്ചതിനു ശേഷം ചോദിച്ചു.
“ആരാണ്….”
മൗനം.
“ചോദിച്ചത് കേട്ടില്ലെ ആരാണെന്ന്.”

“ഞാനാ… നീ വാതില് തുറക്ക്.”

അതെ നിരഞ്ജനാണ്.

വേഗം ചെന്ന് കുറ്റി നീക്കി.
പുറത്തേ ലാമ്പിലെ വെളിച്ചത്തിൽ മുഖത്തേക്ക് ഒന്നു നോക്കിയതേയുളളു. ആള് നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി.

ആടിക്കുഴഞ്ഞാണ് അകത്തേക്ക് കയറിയത്. മദ്യപിക്കാറുണ്ടെങ്കിലും ഈയൊരു കാഴ്ച തൻറെ ജീവിതത്തിൽ ആദ്യമാണ്.
നിൽക്കാൻ വയ്യാതെ നിരഞ്ജൻ സെറ്റിയിലേയ്ക്ക് ഇരുന്നു.

അലമാരിയിൽ നിന്നും കൈലിയും, തോർത്തുമെടുത്ത് താൻ നിരഞ്ജൻറെ കൈയ്യിൽ കൊടുത്തു.

“കുളിച്ചേച്ചും വായോ. ഞാനപ്പോഴേക്കും ഭക്ഷണം എടുത്തു വെയ്ക്കാം.”

“വേണ്ട.. ഞാൻ കഴിച്ചു.”

വല്ലാത്തൊരു മുരൾച്ചയോടെയാണ് നിരഞ്ജനത് പറഞ്ഞത്. ശരീരത്തിൻറെ തളർച്ചയൊന്നും വാക്കുകളില്ല.

“ഇതിപ്പോ നല്ല കഥയായി.., സാധാരണ പുറത്ത് നിന്ന് കഴിക്കാറില്ലല്ലോ.”

“പുറത്ത് നിന്നല്ല ചേട്ടൻറെയടുത്ത് നിന്നാണ്.” മറുപടിയിൽ അസ്വസ്ഥത നിറഞ്ഞിരിക്കുന്നു.

“ഉവ്വ് ഇപ്പോ മനസിലായി, അമ്മയുടെ അടുത്തായിരുന്നല്ലെ.
എങ്കി നിരഞ്ജൻ കിടക്കുവാൻ നോക്കൂ അടുക്കലയിൽ ഒരൽപ്പം ജോലികൂടിയുണ്ട്. ഞാനിതാ വരുന്നു.”

“നീയൊന്ന് അവിടെ നിന്നെ…”

തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ തന്നെ വല്ലാതുലച്ചുകളഞ്ഞു ആ ശബ്ദം. അരുതാത്തതെന്തോ സംഭവിക്കുവാൻ പോകുന്നെന്ന് മനസ് മന്ത്രിച്ചു.

നിരഞ്ജൻ തുടർന്നു.

“എന്താ നിൻറെ ഭാവി പരിപാടി???

ചോദ്യത്തിൽ അടങ്ങിയിട്ടുളള കാമ്പ് ഗ്രഹിക്കാൻ കഴിയാത്ത ഭാവത്തോടെ താൻ നിരഞ്ചനെ നോക്കി.

“മനസിലായില്ലെ, ഒരു അട്ടയെപ്പോലെ എൻറെ രക്തവും ജീവിതവും ഊറ്റിക്കുടിച്ചു മതിയായില്ലേ നിനക്ക്.
ഇനിയെങ്കിലും നിർത്തിക്കൂടെ.”

കാലുകൾ വേച്ചു പോകുന്നതുപോലെ തോന്നി തനിക്ക്…

“നിരഞ്ജാ…..” ദുർബലമായി പോയോ ആ വിളി….??

“അതേടി നിരഞ്ജൻ തന്നെ, വർഷം നാലായില്ലേ … എന്നിട്ടും എനിക്കൊരു കുഞ്ഞിനെ തരാൻ കഴിഞ്ഞോ നിനക്ക്….??”
അയാളുടെ മുഖത്ത് വെറുപ്പ് കുമിഞ്ഞു കൂടി…

“വെറുതെയല്ലെടി നിന്നെ നാടും വീടും ഒരേ സ്വരത്തിൽ മച്ചിയെന്നു വിളിക്കുന്നത്.”

നെഞ്ചു തകർന്നു പോയി തൻറെ.
കല്യാണം കഴിഞ്ഞ് കുറച്ച് നാൾ പിന്നിട്ടു തുടങ്ങിയപ്പോഴേക്കും അമ്മയും സുമതിയേച്ചിയുമൊക്കെ കളിയാക്കിയും വെറുത്തും പറഞ്ഞു നടന്നിരുന്ന വാക്ക്.
മച്ചി……!

അന്നൊക്കെ ആ വിളിയിൽ തകർന്നു പോകാതിരുക്കുവാൻ തൻറെ മനസിന് കരുത്ത് പകർന്ന തൻറെ ഭർത്താവിൻറെ വായിൽ നിന്നും തന്നെ വീണ്ടും ആ പേര് ആവർത്തിക്കപ്പെടുന്നു..

ഹൃദയഭാരം വല്ലാതെ അനുഭവപ്പെടുന്നുണ്ടോ???

“നിരഞ്ജാ.. എന്നെയങ്ങിനെ വിളിക്കരുത്. വേറെ ആരു വിളിച്ചാലും ഞാനത് സഹിക്കും. പക്ഷെ നിങ്ങൾ…. ”

മുഴുമിപ്പിക്കാൻ സാധിച്ചില്ല തനിക്ക്…..

“വിളിക്കുമെടി.. ഇനി നിന്നെ ഞാനങ്ങിനെയെ വിളിക്കു…
പുഴുത്ത പട്ടിയോടു തോന്നുന്ന മനോഭാവമാണ് എനിക്കിപ്പോൾ നിന്നോട്.”

നിരഞ്ജനിൽ പൊടുന്നനെയുണ്ടായ മാറ്റം തന്നെ സങ്കടത്തേക്കാൾ ഏറെ അത്ഭുതപ്പെടുത്തി.
ചോർന്നു തുടങ്ങിയ തൻറെ മനസാനിധ്യത്തെ മുറുകെ പിടിച്ച് നിരഞ്ജനെ നോക്കി പറഞ്ഞു.

“കൊളളാം…. പുന്നാര മകന് അമ്മ പ്ലേറ്റിലേയ്ക്ക് വിളമ്പിയത് ചോറുമാത്രമല്ല, എന്നോടുളള വിദ്വേഷം കൂടിയായിരുന്നല്ലെ.

പറഞ്ഞു തീർന്നില്ല കർണ്ണപടം പൊട്ടുമാറ് അടിയായിരുന്നു. വേദനകൊണ്ട് നിലത്തേക്കിരുന്ന് പോയി.

“അതേടീ പിഴച്ച… മോളെ!

ഇനി നിന്നെ എൻറെ ജീവിതത്തിൽ നിന്ന് തൂത്തെറിയാതെ അങ്ങോട്ടില്ല എന്ന വാക്കും ഞാൻ കൊടുത്തിട്ടുണ്ട്.
ആദ്യം എൻറമ്മയെ നീ മനസിൽ നിന്നകറ്റി. പിന്നീട് സ്വന്തം വീട്ടിൽ നിന്നും. അവസാനം ഈ നശിച്ച വാടക വീട്ടിലിട്ട് ബാക്കിയുളള ജീവിതം കൂടി തുലയ്ക്കാൻ കച്ച കെട്ടിയിരിക്കുകയാണല്ലേ.”..

ഭൂമി രണ്ടായി പിളർന്ന് താനതിലേയ്ക്ക് പതിച്ചെങ്കിൽ എന്ന് തോന്നിപ്പോയി.

” ഇന്നു നേരം വെട്ടി തെളിയുമ്പോഴേക്കും എനിക്ക് രണ്ടിലൊന്ന് അറിയണം. ഇവിടെ വെച്ച് തീരണം ഈ നശിച്ച ബന്ധം. ”

ആക്രോശിച്ചു കൊണ്ട് നിരഞ്ജൻ മുറിയിലേയ്ക് കയറി വാതിൽ ശക്തിയായി അടച്ചു.

ഹാളിലെ മൂകതയിൽ ഒരൽപ്പനേരം അനങ്ങാൻ പറ്റാതെയിരുന്നു പോയി….

തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ വെളളമെടുക്കാൻ എഴുന്നേൽക്കുവാൻ നന്നേ പാടു പെട്ടു.
ഡയനിംഗ് ടേബിളിലെ ജാറിൽ നിന്നും ഒരിറക്കു വെളളം കുടിക്കാനെ സാധിച്ചുളളു. കവിളിലേറ്റ പ്രഹരത്തിൻറെ വ്യാപ്തി അത്ര കണ്ട് വലുതായിരുന്നു.

അടഞ്ഞു കിടന്ന തൻറെ മുറിയിലേയ്ക്ക് നിസംഗതയോടെ നോക്കി.

സെറ്റിയിലെ തലയിണയിൽ തല ചായ്ച്ചു. കണ്ണൊന്നടയ്ക്കാൻ ശരിക്കും പണിപ്പെട്ടു. ഒരൽപ്പം മയക്കം ….

പ്രഭാത കിരണങ്ങൾ ജനൽ പാളികളിൻമേൽ ചാഞ്ഞു വീണു.

ശ്രുതി എഴുന്നേൽക്കുവാനൊരു ശ്രമം നടത്തി…
വയ്യ.. തലയ്ക്കകത്തൊരു ഭാരം പോലെ.
കിടന്ന കിടപ്പിൽ കണ്ണുകൾ തൻറെ മുറിയുടെ നേർക്ക് നീണ്ടു. ചിന്താമഗ്നയായി ഒരൽപ്പ നേരം കൂടി കിടന്നു.

മനസിൽ എന്തോ കൂട്ടിക്കിഴിക്കലുകൾ നടത്തിയ ശേഷം സാവധാനം എഴുന്നേറ്റു. കണ്ണുകളിൽ നിശ്ചയദാർഢ്യത്തിൻറെ പ്രതിഫലനങ്ങൾ…

മുറിയുടെ വാതിലിൽ കൈത്തലമമർത്തി.
ഇല്ല, ലോക്ക് ചെയ്തിട്ടില്ല. തിരിച്ച് ബാത്റൂമിലേയ്ക്ക് ….!
അത് കഴിഞ്ഞ് വീണ്ടും അടുക്കളയിൽ..
ഒരൽപ്പം കഴിഞ്ഞ് റൂമിലേയ്ക്ക് കയറുമ്പോൾ കൈയ്യിൽ ആവിപറക്കുന്ന ഒരു കപ്പ് ചായ.

“നിരഞ്ജൻ…. !

കപ്പ് അരികെയുളള ടേബിളിൽ വെച്ച് അയാളുടെ കൈതണ്ടയിൽ തട്ടി വീണ്ടും വിളിച്ചു. “നിരഞ്ജൻ…

കണ്ണുകൾ ഇറുകിയടച്ച് പതിയെ കണ്ണുകൾ ചിമ്മി തുറന്നു… “എന്തേയ്”…

“ചായ വെച്ചിട്ടുണ്ട്.”

അയാൾ മെല്ലെ എഴുന്നേറ്റ് ഇരിന്നു. ചായ കുടിക്കുന്നതിനിടയിൽ ഇടം കണ്ണിനാൽ ശ്രുതിയെ നോക്കി.
“ഉം.. എന്തിയേ…. ”
ശ്രുതി തിരിച്ചു ചോദിച്ചു.

“ഒന്നുമില്ല… അയാൾ മറുപടി പറഞ്ഞു…

ചുണ്ടിൽ വക്രിച്ച ചിരി വരുത്തി കൊണ്ട് ശ്രുതി പറഞ്ഞു…
” അല്ലെങ്കിലും മദ്യ ലഹരിയുടെ പിൻബലമില്ലാതെ എന്നേലും നിരഞ്ജൻ ഉളളു തുറന്നു സംസാരിച്ചിട്ടുണ്ടോ???

“നീ രാവിലെ തന്നെ ഉടക്കാനായി ഇറങ്ങിയതാണോ???
എനിക്ക് നിന്നോടു കൂടുതലൊന്നും പറയുവാനില്ല. ”

“നിരഞ്ജൻ…. നിങ്ങൾക്ക് പറയുവാനുണ്ടാകില്ലായിരിക്കാം.. കാരണം പറയാവുന്നതിലധികം ഇന്നലെ രാത്രി പറഞ്ഞു.

എന്നാൽ ചില കാര്യങ്ങൾ എനിക്കുംപറയുവാനുണ്ട്. അത് നിങ്ങളും കേട്ടേ പറ്റൂ..”

“എനിക്ക് താൽപ്പര്യമില്ല. ”

നിരഞ്ജൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു.

“എനിക്ക് പറയാനുളളത് മുഴുവൻ പറഞ്ഞിട്ടേ ഞാനീ മുറിയിൽ നിന്നിറങ്ങുന്നുളളു.”

ശ്രുതിയുടെ മുഖത്തെ ഭാവം കണ്ട് നിരഞ്ജൻ അൽപ്പം പതറി….

“ഇന്നലെ നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും ഇപ്പോ ഓർമ്മയുണ്ടോ ആവോ???

അയാൾക്ക് ദേഷ്യം ഇരട്ടിച്ചു….

“നീ എന്നെ ചോദ്യം ചെയ്യുകയാണോ? എങ്കിൽ ഇന്നലെ പറഞ്ഞതിൻറെ ബാക്കി കൂടി പറഞ്ഞു തരാം….”

“വേണമെന്നില്ല…
അപ്പോൾ സ്വബോധത്തോടെ തന്നെയാ പറഞ്ഞത് അല്ലെ.
ശരി ഞാൻ കാര്യത്തിലേയ്ക്ക് വരാം…

ഇന്നലെ നിരഞ്ജൻറെ ചോദ്യ ശരങ്ങൾക്കു മുമ്പിൽ ഞാൻ വല്ലാതെ പകച്ചുപോയി. കാരണമെന്തെന്നാൽ സംരക്ഷിക്കേണ്ടയാൾ തന്നെ ഉപേക്ഷിക്കുന്ന ഘട്ടം വന്നപ്പോൾ ഏതൊരു പെണ്ണിനെപോലെയും പോലെ ഞാനും തകർന്നുപോയി.
എന്നാൽ റിയാലിറ്റി എന്ന ഒന്നുണ്ടല്ലോ…..!
ദീർഘ നിശ്വാസമെടുത്ത് ശ്രുതി തുടർന്നു.

“ഒരൽപ്പം വൈകിയാണേലും നിങ്ങൾ എനിക്കു ചാർത്തി തന്ന പട്ടം കൊളളാം…

മച്ചി…..!

നേരത്തെ അമ്മയും ബന്ധുക്കാരും നാട്ടുകാരുമടക്കം വിളിച്ചിരുന്ന പേരിൻറെ മേൽ ഭർത്താവിൻറെ കൈയ്യൊപ്പ്…

“പ്രസവിക്കാത്തവൾ എന്നല്ലെ അതിനർത്ഥം….??”

നിരഞ്ജനരികിൽ നിന്നും മാറി അവൾ അലമാരയോട് ചേർന്ന് നിന്നു.

“നിരഞ്ജൻ…. ഒരു സ്ത്രീയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കുവാൻ കഴിയാത്തതും കുഞ്ഞിനെ ഓമനിക്കുവാനും താലോലിക്കുവാനും താരാട്ടു പാടുവാനും അതിനൊപ്പം അതിന് മാതൃത്വം നുകർന്നു നൽകുവാനും കഴിയാതെ വരുന്ന അവസ്ഥ പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്.

ആ സങ്കടത്തെ ഇരട്ടിപ്പിക്കുന്നതാണ് മച്ചിയെന്ന വിളിപോലും. സത്യത്തിൽ ഇത് അവളുടെ തെറ്റാണോ,??

അല്ലേൽ അറിഞ്ഞു കൊണ്ടവൾ ചെയ്തു വെയ്ക്കുന്ന പാതകമാണോ??

ഇവിടെ അതിനെ അതിജീവിക്കുവാൻ കഴിയുന്ന സാങ്കേതികമായ വിദ്യകൾ പോലും പരാജയപ്പെടുമ്പോൾ എങ്ങിനെയത് ഒരു സ്‌ത്രീയ്ക്ക് മാത്രം കെട്ടി വെച്ചു കൊണ്ട് നിങ്ങളെപോലെയുളള ഒരു വിഭാഗം കൈ ഒഴിയുന്നു.???

അവൾ അലമാര മെല്ലെ തുറന്നു.. അതിൻറെ ചെറിയൊരു ഡ്രോയറിൽ നിന്നും ഒരു ചെറിയൊരു കവറെടുത്ത് നിരഞ്ജനിലേയ്ക്ക് നീട്ടി.

അയാൾ അവളെ ആശ്ചര്യത്തോടെ നോക്കിയ ശേഷം കവർ വാങ്ങി.
അവൾ തുടർന്നു…..

“പ്രസവിക്കാൻ കഴിയാത്ത പെണ്ണിനെ മച്ചിയെന്ന് മുദ്രകുത്തിയ ഈ സമൂഹം പ്രസവിപ്പിക്കുവാൻ കഴിവില്ലാത്ത ആണിനു കൂടി നല്ലൊരു പേരു നൽകാമായിരുന്നു….”

“ശ്രുതീ…..” നിരഞ്ജൻ ഉറക്കെ അലറി..

“ഒച്ച വെയ്ക്കേണ്ട…
നിങ്ങൾ അത് തുറന്ന് നോക്കുക. ഒന്നര വർഷം മുമ്പുളള ലാബ് റിപ്പോർട്ടാണത്. ”

ചെറിയൊരു പരിഭ്രമത്തോടെ അയാൾ ആ റിപ്പോർട്ടിലൂടെ കണ്ണുകൾ പായിച്ചു.

-നിരഞ്ജൻ മേനോൻ-
വലിയകത്തു വീട്.

ഈശ്വര ഇത് തൻറേതാണല്ലോ…

ശ്രുതി വീണ്ടും സംസാരിച്ചു തുടങ്ങി.

” സംശയിക്കേണ്ട, അത് നിങ്ങളുടെ തന്നെയാണ്. സെമൻ ടെസ്റ്റ് റിസൽട്ട്.
അതിൽ റെഡ് മാർക്കോടെ അടിവരയിട്ട വാചകം ഒന്നു നോക്കുക.”

നിരഞ്ജൻറെ കൈകൾ വിറച്ചു.. നെറ്റിത്തടം വിയർത്തു.

“വായിച്ചോ….. മെയിൽ ഇൻഫേർട്ടിലിറ്റി…
എന്നു വെച്ചാൽ പുരുഷ വന്ധ്യത.
കുറേകൂടി തെളിച്ചു പറഞ്ഞാൽ ഒരച്ചനാകാനുളള പ്രാപ്തി നിങ്ങൾക്കില്ല. 5 ശതമാനം പോലും….”

ഇടിത്തീ പോലെയായിരുന്നു നിരഞ്ജനാ വാർത്ത.

“നിങ്ങൾക്കൊരു കുഞ്ഞിന് ജന്മം നൽകാനാവില്ല എന്ന സത്യം ഞാൻ ആളുകളോട് പറയണമായിരുന്നോ… ”

“ഒരു കുഞ്ഞിന് ജന്മം നൽകുവാൻ കഴിവില്ലാത്തവനാണ് തൻറെ മകൻ എന്ന്
അമ്മ അറിയുമ്പോൾ അവർക്കുണ്ടാകുന്ന മനോവേദന കണ്ട് ഞാൻ സന്തോഷിക്കണമായിരുന്നോ??
നാട്ടു കാരുടെ ഇടയിൽ ഷണ്ഢൻ എന്ന വിളിപ്പേരോടെ ഒരു പരിഹാസ്യ കഥാപാത്രമായി നിങ്ങളെ ചിത്രീകരികണമായിരുന്നോ…?”
ഉളളിലൂറിയ സങ്കടം അടക്കാൻ കഴിഞ്ഞില്ല അവൾക്ക്.

“കഴിയില്ല നിരഞ്ജൻ .. ഞാൻ അറിയുന്ന എൻറെ ജീവനു തുല്യം കണക്കാക്കി പോരുന്ന നിങ്ങളെ ഒറ്റു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല……
അമ്മയുടെ കുത്തു വാക്കുകൾ കേൾക്കുമ്പോഴും നിങ്ങൾ മോശക്കാരനാകരുതെന്ന എൻറെ ഉറച്ച തീരുമാനം,…..! ആ
തീരുമാനമാണ് കാര്യങ്ങൾ ഇന്നീ അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ഇല്ലേൽ ഈ രഹസ്യം എന്നോടൊപ്പം മണ്ണടിയേണ്ടതായിരുന്നു.

അമ്മ പറയുംപോലെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു തന്നാൽ എന്താണ് സത്യമെന്ന് ആളുകൾ തിരിച്ചറിയും. അത് കൊണ്ട് തന്നെയാണ് വേട്ടപട്ടികളെ പോലെ സ്വന്തക്കാരും ബന്ധുക്കളും വളഞ്ഞിട്ടാക്രമിച്ചിട്ടും ഞാൻ പിടിച്ചു നിന്നത്. ”

“ഒരിക്കലും അമ്മയിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റിയിട്ടില്ല ഞാൻ. ഈ വാടക വീടു പോലും നിരഞ്ജൻറെ സമ്മത പ്രകാരം മാത്രമായിരുന്നു. ”

“ഇനിയും എന്നെ വെറുക്കുവാൻ മറ്റ് കാരണങ്ങൾ കൂടി ഉണ്ടെങ്കിൽ ഞാൻ പടിയിറങ്ങിത്തരാം. അത് നിരഞ്ജൻറെ ജീവിതത്തിന് സന്തോഷം പകരുമെങ്കിൽ….”!

“അനാഥത്വത്തിൽ നിന്നാണ് നിങ്ങളെന്നെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയത്.
അതു കൊണ്ടു തന്നെ തിരിച്ചു ആ ജീവിതത്തിലേയ്ക്ക് മടങ്ങി ചെല്ലുവാൻ ഒരുമടിയും ഇല്ല.
ഇത്രയും നാൾ സംരക്ഷിച്ചതിനും സ്നേഹിച്ചതിനും നന്ദി..
ശിഷ്ടകാലം ഈ ഒർമ്മകൾ മതി ഇനിയുളള നാളുകൾ ജീവിച്ചു തീർക്കുവാൻ….”

ശ്രുതിയുടെ കണ്ഠം തെല്ലൊന്നിടറി…..

കുറ്റബോധത്താൽ നിരഞ്ജൻ വിങ്ങിപൊട്ടി.
കണ്ണീരണിഞ്ഞു കൊണ്ട് ശ്രുതിയുടെ ദേഹത്തേക്ക് ചാഞ്ഞു…

“മാപ്പ്… ഒരായിരം തവണ ഞാനീ കാലിൽ വീഴാം… പൊറുത്തു തരിക.
നാളിതുവരെ കൂടെ കഴിഞ്ഞിട്ടും നിന്നെ മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ ശ്രുതി. “…

ഒരു കൊച്ചു കുട്ടിയേ പോലെ നിരഞ്ജൻ വാവിട്ടു കരഞ്ഞു.
തൻറെ കൈവെളളയിലൂടെ ഒഴുകിയ നിരഞ്ജൻറെ കണ്ണുനീർ തൻറെ മനസിലൂറിയഎല്ലാ വേദനകളും കഴുകി കളഞ്ഞതായി ശ്രുതിയ്ക്ക് അനുഭവപ്പെട്ടു.

“നിരഞ്ജൻ……”! മനസുനിറഞ്ഞ് അവൾ അവനെ വിളിച്ചു.

“വിഷമിക്കേണ്ട … നമ്മുടെ ജീവിതത്തിലെ ഒരു കറുത്ത ഏടായി നമുക്കിതിനെ മറക്കുവാൻ ശ്രമിക്കാം.
കാലം നമ്മുടെ ജീവിതത്തിൽ പുതിയൊരു വസന്തം സമ്മാനിക്കും എന്ന പ്രതീക്ഷയോടെ…..!”
മറുത്ത് ഒന്നും പറയുവാനാകാതെ
നിരഞ്ജൻ അവളിലേയ്ക്ക് ചേർന്നമർന്നു.

കണ്ണു നീർതുളളിയെ സ്ത്രീയോട് ഉപമിച്ചത് കാവ്യ ഭാവനയിൽ മാത്രം.

എന്നും കരയാനും സങ്കടങ്ങൾ അനുഭവിച്ചു തീർക്കുവാനും ഉളളതാണെന്ന ഈ സങ്കൽപ്പങ്ങൾക്കുമപ്പുറം ചിലരെങ്കിലും ഇന്നുമുണ്ട്,……!
ഇതു പോലെ … തൻറെ ശ്രുതിയെപ്പോലെ…..!!!!

Milamohammed

LEAVE A REPLY

Please enter your comment!
Please enter your name here