Home Latest ഇനി എന്തു ചെയ്യും സമയം ഒരുപാട് വൈകുന്നു… എനിക്ക് ചുറ്റും കുറച്ചുപേർ വലയം പോലെ നടക്കുന്നു…

ഇനി എന്തു ചെയ്യും സമയം ഒരുപാട് വൈകുന്നു… എനിക്ക് ചുറ്റും കുറച്ചുപേർ വലയം പോലെ നടക്കുന്നു…

0

കഴുകൻകണ്ണുകൾ

ഞാൻ പതിവിലും താമസിച്ചു ഇന്ന് ഓഫീസിൽ നിന്നും ഇറങ്ങുവാൻ…. ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി ഞാൻ നടന്നു….. ഇരുട്ടിയിരുന്നു ഉള്ളിൽ നന്നേ ഭയമുണ്ടായിരുന്നു…
കാലം വളരെ മോശമാണ്…

വീട്ടിൽ വിളിച്ചു പറയാൻ മൊബൈൽ ഓഫ്‌ ആയി ഇരിക്കുന്നു……. അച്ഛനും അമ്മയും വിഷമിക്കുന്നുണ്ടാകും എന്നെ കാണാതെ…..

വാച്ചിൽ ഞാൻ സമയം നോക്കി വീട്ടിലേക്കു പോകാനുള്ള ലാസ്റ്റ് ബസ് പോയി….. ഇനി എന്തു ചെയ്യും സമയം ഒരുപാട് വൈകുന്നു…… എനിക്ക് ചുറ്റും കുറച്ചുപേർ വലയം പോലെ നടക്കുന്നു…….

ഉള്ളിൽ ഒരു ഭയം തോന്നിത്തുടങ്ങി……. എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു ഞാൻ…… കുറച്ചു അകലെയായി ഒരു വീടുകാണുന്നു……

അവിടെ ഉള്ളവരോട് കാര്യം പറഞ്ഞാലോ?
കാലം മോശമായതുകൊണ്ടു ഞാൻ പറയുന്നത് അവർ വിശ്വാസിക്കുമോ ? അറിയില്ല എങ്കിലും ആ വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി………

ഗേറ്റ് തുറന്ന് ഞാൻ ആ വീടിനെ ലക്ഷ്യമാക്കി നടന്നു…. പുറത്തു വെളിച്ചം ഉണ്ടായിരുന്നു…. ഞാൻ കൈ ഉയർത്തി ബെല്ലിൽ ഒന്ന് അമർത്തി…..
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ വീടിന്റെ വാതിൽ എനിക്ക് മുൻപിൽ തുറന്ന് ഒരു ഒരാൾ പുറത്തേക്കു വന്നു……. എന്നെ ഒന്ന് നോക്കി അദ്ദേഹം…….. എന്നിട്ടു ചോദിച്ചു ഏതാണ് കുട്ടി ? എവിടുന്ന് വരുന്നു ? അതും ഈ അസമയത്ത് ?

ഒന്ന് മടിച്ചു എങ്കിലും ഞാൻ പറഞ്ഞു…..

അത്….

അത്………

ഞാൻ….

ആരാ രാമ അവിടെ എന്ന് ചോദിച്ചോരു സ്ത്രീ ശബ്ദം ആ വാതിലിനു അടുത്തേക്ക് വന്നു….. ആ രൂപവും ശബ്ദവും കേട്ടപ്പോൾ ഒരു സമാധാനം ആയി എനിക്ക്….

ഞാൻ പതുക്കെ പറഞ്ഞുതുടങ്ങി ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ താമസിച്ചു …. വീട്ടിലേക്കു പോകുന്ന ലാസ്റ്റ് ബസ് പോയി .. ഈ ഒരു രാത്രി എനിക്ക് ഒരു അഭയം തരണം …..രാവിലെ ഞാൻ പോയ്ക്കോളാം …

അവരെന്നെ അകത്തേക്ക് വിളിച്ചു .. ഞാൻ പതുക്കെ വീടിനുള്ളിലേക്ക് കയറി…

ആ മൊബൈൽ ഒന്ന് തരുമോ ? വീട്ടിൽ വിളിച്ചു അച്ഛനോട് കാര്യം പറയാനാണ് …

അവർ എനിക്ക് നേരെ മൊബൈൽ നീട്ടി .. ഞാൻ അതുവാങ്ങി അച്ഛന്റെ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു കോൾ കട്ട്‌ ചെയ്തു മൊബൈൽ അവർക്കുനേരെ നീട്ടി ഒരു ചെറു പുഞ്ചിരിയോടെ….

ആരാ ഈ വാതിൽ പുറത്തുനിന്നും പൂട്ടിയേ?

ഏട്ടാ …

ഏട്ടാ ….

പതുക്കെ ആ ശബ്ദം താഴ്ന്നു തുടങ്ങി …

ഞാൻ ചോദിച്ചു ആരാണ് ? എന്താണ് കാര്യം ? ആരെയാണ് വിളിക്കുന്നത്‌ ? ആ സ്ത്രീയുടെ മുഖത്തു ഒരു വിഷാദം തളംകെട്ടിനിന്നു ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …

കുട്ടി ഇരിക്കൂ…

എനിക്ക് നേരെ ഒരു കസേര നീക്കി അവർ പറഞ്ഞു.. ഞാൻ പതുക്കെ ആ കസേര എന്റെ അടുക്കലേക്കു വലിച്ചു അടുത്തേക്കിട്ടു ഇരുന്നു …

അല്ല കുട്ടി വല്ലതും കഴിച്ചോ ? കാണില്ല ആല്ലേ ? മുഖവും കയ്യുമൊക്കെ കഴുകിയിട്ടു വരൂ ഭക്ഷണം കഴിക്കാം ….

എനിക്ക് നന്നേ വിശപ്പുണ്ടായിരുന്നു…. വേഗം കയ്യും മുഖവും കഴുകി ഞാൻ ഊണുമേശക്കരികിലേക്ക് ചെന്നിരുന്നു … ആ സ്ത്രീ എനിക്ക് പാത്രത്തിലേക്ക് ഭക്ഷണം പകർന്നു തന്നു.. .

ഞാൻ കഴിക്കാൻ തുടങ്ങിയതും വീണ്ടും ആ സ്ത്രീയുടെ ശബ്‍ദം ഉയർന്നു വന്നു …

ഏട്ടാ വാതിൽ തുറക്ക് മണിക്കുട്ടി വരാൻ സമയമായി …

ഏട്ടാ …

ഏട്ടാ…

വാതിൽതുറക്കൂ …..

ഞാൻ വീണ്ടും ഒന്നുകൂടി ആവർത്തിച്ചു ആരാണത് ?

പറയാൻ മടിച്ചെങ്കിലും അവർ പതുക്കെ പറഞ്ഞുതുടങ്ങി എന്നോട് …
ഞങ്ങൾക്ക് നിന്നെപ്പോലെ ഒരു മകൾ ഉണ്ടായിരുന്നു.. കുട്ടിയുടെ അതേ പ്രായം …. എല്ലാവരോടും ചിരിച്ചും കളിച്ചും സന്തോഷത്തോടെ മാത്രം കണ്ടിരുന്നുള്ളൂ ഞങ്ങൾ അവളെ ….
പഠിക്കാനും കലാപരമായുമൊക്കെ മിടുക്കി കുട്ടിയായിരുന്നു ഞങ്ങളുടെ മണിക്കുട്ടി ..

ഒരു കിലുക്കാംപെട്ടി അവളെക്കുറിച്ചു അങ്ങനെ പറയുന്നതാകും നല്ലത് … അത്രയും പറഞ്ഞ് അവർ ഞാൻ കഴിച്ച പാത്രവുമായി അടുക്കളയിലേക്കു പോയി ….

ശെരിക്കും എനിക്ക് ആകാംക്ഷ തോന്നി മണിക്കുട്ടിയെ കുറിച്ച് അറിയാൻ … ഞാൻ കയ്യൊക്കെ കഴുകി പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു …

എന്നിട്ടു ? മണിക്കുട്ടിയെ അവിടെ കണ്ടില്ലല്ലോ ? ഉറങ്ങിയോ ?

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി … ഇടറുന്ന സ്വരത്തിൽ അവർ എന്നോട് പറഞ്ഞു ഉറങ്ങി ഞങ്ങളുടെ മണിക്കുട്ടി ഒരിക്കലും ഉണരാത്തൊരു ഉറക്കം …

എന്തോ ആ വാക്കുകൾ എന്നെ വല്ലാതെ തളർത്തി…. എങ്കിലും മണിക്കുട്ടിക്ക് എന്തു സംഭവിച്ചു എന്നറിയാൻ ഒരു ആകാംക്ഷ ഉള്ളിലുണ്ടായത് കൊണ്ട്…. വീണ്ടും ഞാൻ അവരോടു ചോദിച്ചു … എന്താണ് മണിക്കുട്ടിക്ക് പറ്റിയത് ?

ഇടറുന്ന സ്വരത്തിൽ അവർ പറഞ്ഞുതുടങ്ങി വീണ്ടും …
ഒരു ദിവസം കോളേജിൽ പോയതാ കുട്ടി പിന്നെ മടങ്ങി വരുന്നത് കുറച്ചു വെള്ളത്തുണിയിൽ പൊതിഞ്ഞാണ് …

ശരിക്കും അവരുടെ വാക്കുകൾ എനിക്ക് മണിക്കുട്ടിക്ക് എന്തു സംഭവിച്ചു എന്നറിയാൻ വെമ്പൽകൊണ്ടു … എന്റെ അടുത്തചോദ്യം അവർ പറഞ്ഞു നിർത്തിയിടത്തു നിന്നും തുടങ്ങി…

മണിക്കുട്ടി എങ്ങനെയാണ് മരിച്ചത് ?

ഒരു ദിവസം കോളേജിൽ പോയിട്ട് നന്നേ ഇരുട്ടിയിരുന്നു കുട്ടി തിരിച്ചുവരാൻ …. വിളിച്ചു പറഞ്ഞിരുന്നു താമസിക്കുമെന്നു …

വീട്ടിലേക്ക് വരുവാൻ ബസ് ഇറങ്ങി നടന്നു വന്ന എന്റെ മണിക്കുട്ടിക്ക് നേരെ കഴുകൻ കണ്ണുകൾ ഉടക്കിയത് അറിഞ്ഞില്ല കുട്ടി …

അവളെ ആർത്തിയോടെ ഇരുട്ടിന്റെ മറവിൽ കൊത്തി വലിക്കുമ്പോൾ എന്റെ കുട്ടി ആ കഴുകന്മാരുടെ കൈക്കുള്ളിൽ ജീവനുവേണ്ടി പിടയുമ്പോൾ അതൊന്നും അറിയാതെ എന്റെ മകൾ മണിക്കുട്ടീടെ വരവും കാത്ത് നിൽപ്പുണ്ട് ഈ ബസ് സ്റ്റോപ്പിൽ …..

എന്തോ അനക്കം കേട്ടാണ് അവിടേക്ക് ചെന്നത് മങ്ങിയ വെളിച്ചത്തിൽ കഴുകന്മാർ കൊത്തിവലിച്ചു ചോരയിൽ കുളിച്ചുകിടന്ന മണിക്കുട്ടിയെ കണ്ട അന്നുമുതൽ …. എന്റെ കുട്ടി ഇങ്ങനെയാണ് …. ഒരുമുറിയിൽ കാലുകൾ ചങ്ങലയിൽ ബന്ധിച്ചു കിടപ്പുണ്ട് … ഓർമ്മ വരുമ്പോഴൊക്കെയും മണിക്കുട്ടിയെ വിളിക്കുന്നതാണ് കുട്ടി കേട്ടത് ….. ഇപ്പോഴും കാത്തിരിക്കുന്നു മണിക്കുട്ടിയെ ……..

കുട്ടി പോയി കിടന്നോളു ….. നേരം ഒരുപാട് വൈകി ….

എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ആ അമ്മയുടെ മനസ്സിൽ ഉണ്ടാക്കിയ മുറിപ്പാടുകൾ എത്രത്തോളം ആഴത്തിൽ ഉള്ളതാകും …

എന്തൊക്കയോ ചിന്തിച്ചുകിടന് ഉറങ്ങിപ്പോയി ….
നേരം വെളുത്തു വാതിലിൽ മുട്ടിവിളിക്കുന്ന ആ സ്ത്രീയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് ….

എഴുന്നേൽക്കൂ കുട്ടി സമയം ഒരുപാടായി …

പതുക്കെ എഴുന്നേറ്റു മുഖം കഴുകി …. അപ്പോഴേക്കും ചായയുമായി ആ സ്ത്രീ അടുത്തെത്തിയിരുന്നു ….

ഞാൻ അവരോടു ചോദിച്ചു എനിക്കൊന്നു കാണുവാൻ കഴിയുമോ ആ അമ്മയെ ?

വേണ്ട കുട്ടീ…. എന്താണ് ചെയ്യുക എന്നുപോലും അറിയില്ല അതു വേണ്ട ….

സാരമില്ല എനിക്കൊന്നു കാണണം ….

ശെരി കുട്ടി വാ

പതുക്കെ കോണിപ്പടികൾ കയറി മുകളിലെ മുറിയിൽ ചെന്നു വാതിൽ തുറന്നു …. നല്ല ഉറക്കത്തിൽ ആയിരുന്നു ആ അമ്മ ….കാലുകൾ രണ്ടിലും ചങ്ങലകൾ കിടപ്പുണ്ട് …. ഉള്ളിൽ ഒരു ഭയം ഉണ്ടെങ്കിലും ഞാൻ പതുക്കെ അടുത്തേക്ക് ചെന്നു ….
പതുക്കെ വിളിച്ചു

അമ്മേ ….

അമ്മേ…

ആ വിളികേട്ട് അവരുടെ മിഴികൾ പതുക്കെ തുറക്കുന്നത് ഞാൻ കണ്ടു ….

എന്നെ കണ്ടതും വേഗം എണീറ്റു …

എന്റെ മണിക്കുട്ടിയെ നീ ഇതെവിടായിരുന്നു .. എത്രനേരം കാത്തിരുന്നു അമ്മ… എപ്പോഴേ ഉറങ്ങിപ്പോയി … ഇതുകണ്ടോ മണിക്കുട്ടി അമ്മയുടെ കാലുകൾ …..

ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെയും ….

ഇങ്ങോട്ട് വാ എന്റെ കുട്ടി അമ്മയുടെ അടുത്തുവാ ….

ഞാൻ ആ അമ്മയുടെ അടുക്കലേക്ക് പോകാൻ തുടങ്ങിയതും പുറകിൽ നിന്നും ആ സ്ത്രീയുടെ ശബ്ദം ഉയർന്നു…

വേണ്ടക്കുട്ടി പോകേണ്ട എന്തെങ്കിലും ചെയ്താൽ അറിയില്ലാട്ടോ …

ആ അമ്മയുടെ വിളിക്കേട്ടിട്ടും അടുത്ത് ചെല്ലാൻ എനിക്ക് കഴിഞ്ഞില്ല …

മതി കുട്ടി കണ്ടില്ലേ ? പോകാം രാമൻ അറിഞ്ഞാൽ എന്നെ വഴക്ക് പറയും …

ആ വാതിലുകൾ വീണ്ടും ആ അമ്മക്ക് മുൻപിൽ അടഞ്ഞു…

മണിക്കുട്ടി മോളെ അമ്മയെ തനിച്ചാക്കി പോകല്ലേ അമ്മക്ക് പേടിയാ….

മോളെ മണിക്കുട്ടി അമ്മയുടെ അടുത്തേക്ക് വാ ….

മോളെ ..

മണിക്കുട്ടി ….

കോണിപ്പടികൾ ഇറങ്ങി ഞാൻ അവരോടു യാത്രപറഞ്ഞു നടന്നു നീങ്ങുമ്പോഴും എന്റെ ഹൃദയത്തിൽ ആ അമ്മയും മുഖവും കാതുകളിൽ ആ നിലവിളിയും നിറഞ്ഞു നിന്നു …..

മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു ഒരമ്മക്കും ഈ ഒരു അവസ്ഥ ഉണ്ടാകല്ലെയെന്ന് ….

ഇപ്പോഴും കാതുകളിൽ ആ അമ്മയുടെ നിലവിളി മുഴങ്ങികേൾക്കുന്നു ……

രചന  ; കൃഷ്ണ

LEAVE A REPLY

Please enter your comment!
Please enter your name here