Home Latest പ്രസവറൂമിൽ കിടക്കുമ്പോഴും ത്രേസ്യമ്മചേടത്തി ഒന്നേ പ്രാർത്ഥിച്ചുള്ളു…” മാതാവേ… ചാക്കോച്ചേട്ടന്റെ ആഗ്രഹം പോലെ ഇതൊരു ആൺകൊച് ആകണേ…...

പ്രസവറൂമിൽ കിടക്കുമ്പോഴും ത്രേസ്യമ്മചേടത്തി ഒന്നേ പ്രാർത്ഥിച്ചുള്ളു…” മാതാവേ… ചാക്കോച്ചേട്ടന്റെ ആഗ്രഹം പോലെ ഇതൊരു ആൺകൊച് ആകണേ… “

0

വെറും പെണ്ണ് 

രചന :അന്ന മരിയ ചാക്കോ

പ്രസവറൂമിൽ കിടക്കുമ്പോഴും ത്രേസ്യമ്മചേടത്തി ഒന്നേ പ്രാർത്ഥിച്ചുള്ളു…” മാതാവേ… ചാക്കോച്ചേട്ടന്റെ ആഗ്രഹം പോലെ ഇതൊരു ആൺകൊച് ആകണേ… ”

ആദ്യത്തെ 2ഉം പെൺപിള്ളേർ അയപ്പഴേ അതിയാൻ പറഞ്ഞതാണ് നിർത്താം എന്ന്…
എന്നാൽ നിന്റെ കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ ഒരു ചെറുക്കൻ വേണം എന്ന് പറഞ്ഞത് അമ്മച്ചിയാണ്….
അങ്ങനെ മൂന്നാമത്തെ ഗർഭിണി ആയപ്പോൾ ത്രേസ്യമ്മചേടത്തിയുടെ വയറു നോക്കി വീട്ടുകാരും നാട്ടുകാരും എല്ലാം പറഞ്ഞു
” ഇത് ചെറുക്കൻകൊച്ച് തന്നെ… ചാക്കോച്ചന്റെ പാരമ്പര്യം ഇവൻ കാത്തോളും… ”

അങ്ങനെ കാത്തു കാത്തു ഇരുന്നു ആ ദിവസം വന്നെത്തി….
തന്റെ അവകാശിയെ കാണാൻ കാത്തിരുന്ന ചാക്കോന്റെ മുന്നിലേക്ക് നേഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ കൊച്ചിനെ കൊണ്ട് വന്നു കൊടുത്തിട് പറഞ്ഞു.
“പെങ്കൊച്ചാണ് … സന്തോഷം ആയില്ലേ… ”

അന്നേരം കണ്ണ്തുറന്ന കൊച്ച് കണ്ടത് ആ നഴ്‌സിനെ രൂക്ഷമായി നോക്കുന്ന അപ്പനെയാണ്…..
എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ചാക്കോച്ചേട്ടൻറേം ത്രേസ്യമ്മചേടത്തിക്കും മൂന്നാമതും പെണ്കുഞ്ഞു പിറന്നു…
തന്റെ മുഖത്തേക്കു ഇഷ്ടമില്ലാതെ നോക്കുന്ന അപ്പനെ കണ്ടതുകൊണ്ടാണോ കൊച് കരച്ചില് തുടങ്ങി… നേഴ്സ് അപ്പന്റെ കയ്യിനു കൊച്ചിനേം മേടിച്ചു അമ്മച്ചിയുടെ അടുത്ത്കൊണ്ട് കിടത്തി….

എന്നാലും ഇതും പെണ്ണായി പോയല്ലോ നാത്തൂനേ എന്നും പറഞ്ഞു അമ്മച്ചിയോട് അമ്മായിമാർ സഹതപിക്കുന്നത് കേക്കാം….

കുഞ്ഞിപ്പിള്ളേരെ സ്വതവേ നോക്കാൻ വശമില്ലാത്ത അപ്പനെ നോക്കി അമ്മച്ചിയുടെ കൈയിൽ ഇരുന്നു ചിരിക്കാനും കളിക്കാനും തുടങ്ങി… ദിവസങ്ങളും മാസങ്ങളും കടന്ന് പോയി…
ഒരു ദിവസം മുറ്റത്തു കളിച്ചുകൊണ്ട് ഇരുന്ന കൊച്ച് വീണു നെറ്റിപൊട്ടി.

ചോരഒലിച്ചു ബോധം കെട്ട കൊച്ചിനെയും എടുത്തു നെഞ്ചോടു ചേർത്ത്, വണ്ടി ഒന്നും അധികം ഇല്ലാത്ത ആ നാട്ടിൻപുറതെ വീട്ടിൽ നിന്നും 5 km ഓളം ഉള്ള കുന്നുകേറി അപ്പൻ ഓടുമ്പോൾ അവൾ അറിയുകയായിരുന്നു ആ നെഞ്ചിലെ പിടപ്പ്…. ശ്വാസം പോലും എടുക്കാതെ കിടക്കുന്ന അവളെ കണ്ട് നിലവിളിച്ച അമ്മച്ചി പുറകെ എത്തുമ്പഴേക്കും അപ്പൻ അവളെ ആശുപത്രിയിൽ എത്തിച്ചിരുന്നു…. അല്പസമയം കൂടി കഴിഞ്ഞിരുന്നേൽ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, അപ്പൻ ആരും കാണാതിരിക്കാൻ കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു….

അന്ന് അവൾ അറിയുകയായിരുന്നു പ്രകടിപ്പിക്കാൻ അറിയാത്ത ഒരു കടലോളം സ്നേഹം അപ്പന്റെ ഉള്ളിൽ ഉണ്ടെന്നു….

മരണത്തിൽ നിന്നും രക്ഷപെട്ടു വന്നത് കൊണ്ടാണോ എന്നറിയില്ല എല്ലാവർക്കും അവളോട്‌ വളരെ സ്നേഹം ആയിരുന്നു… ഇതുവരെ ലഭിക്കാത്ത ഒരു പരിഗണന അവൾക്കു ലഭിച്ചു.. കൂട്ടുകുടുംബത്തിലെ മൂത്തകാർന്നോരായ അപ്പനെ എല്ലാവർക്കും ഒരേ സമയം പേടിയും ബഹുമാനവും ആയിരുന്നു….
അപ്പന്റെ അടുത്ത് കളി പറയാനോ ഒന്നും ചേച്ചിമാർ പോലും പോകില്ല…

എന്നാൽ ആ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു അപ്പന്റെ മടിയിൽ ഇരിക്കാനും അപ്പന്റെ നെഞ്ചിൽ കേറി കിടക്കാനും അപ്പന്റെ കഞ്ഞിപാത്രത്തിന്റെ ഓഹരി പറ്റാനും ഉള്ള അധികാരം അവൾ സ്വയം എടുത്തു….
അപ്പാപ്പൻമാരുടെ കൂടെ പറമ്പിൽ പോകാനും പേരക്കമരത്തില് വലിഞ്ഞു കേറാനും ഒരിക്കലും അവൾ മടിച്ചു നിന്നില്ല….

ഒരു ദിവസം പുളിമരത്തിന്റെ കൊമ്പിൽ പൂച്ചമറിഞ്ഞപ്പോൾ തലേംകുത്തി താഴെ പോയതിന് വലിയ വായിലെ കരഞ്ഞ അവളെ “പെണ്ണ് ആണെന്നൊരു വിചാരം ഇല്ല. നിനക്കിത്തിരി വിളചില് കൂടുന്നുണ്ട്. പെണ്ണായാൽ അടങ്ങി ഇരിക്കണം.. നിന്റെ ചേച്ചിമാരെ കണ്ട് പടിക്ക് ”
എന്ന് പറഞ്ഞ ഒരു വടി എടുത്ത് അടിക്കാൻ വന്ന അമ്മച്ചിയെ 2 ചീത്തയും വിളിച്ച്
” എന്റെ കൊച്ചിനെ തല്ലിയാൽ നീ വിവരം അറിയും”
എന്നും പറഞ്ഞു അവളെയും വാരി എടുത്തു വീട്ടിലേക്കു പോയ അപ്പനെ നോക്കി അമ്മച്ചി മിഴിച്ചു നിന്നു…

വർഷങ്ങൾ കടന്ന് പോകുന്തോറും ഒരിക്കൽ പോലും ഒരു പെണ്ണ് എന്ന രീതിയിൽ അവളെ മാറ്റി നിർത്താൻ അപ്പൻ സമ്മതിച്ചില്ല… വീട് മാറി ടൗണിലേക്ക് വന്നപ്പോഴും അപ്പന്റെ കൂടെ വലം കൈ ആയി എന്നും അവളുണ്ടായിരുന്നു .

ഞായറാഴ്ച പള്ളി കഴിഞ്ഞാൽ അപ്പന്റെ കൂടെ മാർക്കറ്റിൽ പോകുന്നതും… മാർക്കറ്റിൽ ചെന്നാൽ അവിടെയുള്ള അപ്പന്റെ കൂട്ടുകാർക്കും അവളെ പരിചയപെടുത്തിയും മീൻ വിൽക്കുന്ന ചേട്ടനോട് നല്ല നെയ്‌മീൻ വേണം മോൾക് അതാ ഇഷ്ടം എന്ന് പറയുമ്പോഴും അപ്പന്റെ മകളായതിൽ അവൾ ഒരുപാട് അഭിമാനിച്ചു…..
അപ്പന്റെ കൈയും പിടിച്ചു നടക്കുമ്പോൾ ഈ ലോകത്ത് ഒന്നിനോടും ഒരു ഭയം തോന്നിയിട്ടില്ല…

അയലത്തെ ആൺപിള്ളേരോട് കൂട്ടുകൂടി ക്രിക്കറ്റ്‌ കളിക്കാനും സൈക്കിൾ ഓടിക്കാനും പോകുമ്പോഴും ഒരിക്കൽ പോലും നീ ഒരു പെണ്ണാണ് എന്ന് പറഞ്ഞ് അവളെ മാറ്റി നിർത്തിയിട്ടില്ല….
പതിയെ പതിയെ സ്വയം ഒരു പെണ്ണാണെന്ന് മനഃപൂർവംഅവൾ മറന്നു….
മൂക്കത്തുശുണ്ഠി ഉള്ള അപ്പന്റെ തനിപകർപ്പായി അവൾ വളർന്നു വന്നു…
ഒരാളുടെ മുന്നിലും തോറ്റുകൊടുക്കാൻ നിൽക്കാത്ത അപ്പൻ ആയിരുന്നു അവളുട ശക്തി…

അപ്പന്റെ മരണം 14അം വയസ്സിൽ അവളിൽ ആദ്യത്തെ പ്രഹരം ഏല്പിച്ചു ….
3 പെൺമക്കളെയും കെട്ടി പിടിച്ചു അപ്പന്റെ കല്ലറയുടെ മുന്നിൽ നിന്ന് കരയുന്ന അമ്മച്ചിയുടെ സങ്കടം അവൾക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു…. അപ്പനിലൂടെ അല്ലാതെ പുറംലോകം കണ്ടിട്ടില്ലാത്ത അമ്മച്ചിയും ചേച്ചിമാരും… അവരുടെ ഉത്തരവാദിത്തം ഇനി തനിക്കാണ് എന്നൊരു സ്വയം തോന്നൽ ആയിരുന്നു അവളിൽ

3 പെൺമക്കളേം കൂടെ കൂട്ടിയാൽ അവരൊരു ബാധ്യത ആകുമോ എന്നോർത്തായിരിക്കണം അപ്പന്റെ ബന്ധുക്കൾ എല്ലാം ഒരു അകലം പാലിച്ചത്….
പതിയെ പതിയെ സാഹചര്യങ്ങളും ആയി പൊരുത്തപ്പെടുമ്പോൾ അപ്പൻ എന്തിനു തന്നെ ഒരു ആണായി വളർത്തി എന്ന് ബോധ്യപെടുകയായിരുന്നു…..അല്ല സ്വയം അവൾ ഒരു ആണായി മാറുകയായിരുന്നു… അപ്പന്റെ മരണശേഷം ആണ്‌ ശെരിക്കും ജീവിതം എന്ത് എന്ന് മനസിലായത്…

അമ്മച്ചിയെ വീണ്ടും കല്യാണം കഴിപ്പിക്കാൻ ആലോചിച്ചപ്പോൾ അതിന് തയ്യാറാവാത്ത അമ്മച്ചിയോടു
“ഒരു ആണിന്റെ തുണ ഇല്ലാതെ നീ എങ്ങനെ ജീവിക്കും… 3ഉം പെണ്മക്കളാണ്… അതുങ്ങളെ കെട്ടിച്ചു വിട്ടാൽ നിനക്ക് ആരും ഉണ്ടാവില്ല ” എന്ന് പറഞ്ഞ ബന്ധുക്കളുടെ മുന്നിൽ കരഞ്ഞുകൊണ്ട് നിന്ന അമ്മച്ചിയെ ചേർത്ത് പിടിച്ച്
” ഞങ്ങടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം ആരും കൂടുതൽ ഇടപെടേണ്ട.. ”
എന്ന് അവൾ പറഞ്ഞത് അപ്പൻ തന്ന ധൈര്യത്തിൽ ആണ്‌…

നീ വെറും ഒരു പെണ്ണാണ് എന്ന് മറുപടി പറഞ്ഞവരോട്
ഞാൻ എന്റെ അപ്പന്റെ മകളാണ് എന്ന് പറഞ്ഞുകൊണ്ട് കരയാതെ മറുപടി പറയാൻ അവൾ ശീലിക്കുകയായിരുന്നു…

പലപ്പോഴും നീ വെറും ഒരു പെണ്ണ് എന്ന രീതിയിലുള്ള നോട്ടം കൊണ്ട് തളർത്താൻ ശ്രെമിച്ചവരെ അപ്പൻ പകർന്നു തന്ന ധൈര്യത്തിൽ അവൾ നേരിട്ടു…

ചേച്ചിമാരുടെ കല്യാണതിന് ഓടിനടന്നു ഓരോ കാര്യവും ചെയ്തപ്പോൾ എല്ലാവരും അമ്മച്ചിയോടു പറഞ്ഞു
” നിനക്കൊരു ആൺകുട്ടീ ഇല്ലെങ്കിൽ എന്താ… ഇവളുണ്ടല്ലോ… പെണ്ണിന്റെ രൂപം മാത്രമേ ഉള്ളൂ സ്വഭാവം തനി ചാക്കോച്ചന്റെയാ ” ഇഷ്ടമില്ലാത്ത കല്യാണത്തിന് ബന്ധുക്കൾ ചേച്ചിയെ നിർബന്ധിച്ചപ്പോൾ ഒന്നും മിണ്ടാതെ നിന്ന അമ്മച്ചിയെ നോക്കി അപ്പൻ ഉണ്ടായിരുന്നേൽ എനിക്കിങ്ങനെ വരില്ലായിരുന്നു എന്ന് വിലപിച്ച ചേച്ചിയോട് ചേർന്ന് നിന്ന് ഈ ചെക്കൻ എന്റെ ചേച്ചിക്ക് ചേരില്ല വേറെ നോകാം എന്ന് അവൾ പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽ അവൾ വീണ്ടും അഹങ്കാരി ആയി മാറുകയായിരുന്നു…

ചേച്ചിയുടെ മനസിന്‌ ഇണങ്ങിയ കല്യാണത്തിന് ഒരു ആങ്ങളയുടെ സ്ഥാനത്തു നിന്ന് എല്ലാം നടത്തി ചേട്ടന്റെ കയ്യും പിടിച്ച് പോകുന്നത് നോക്കി നിന്നപ്പോൾ ഇനി ഈ വീട്ടിൽ താനും അമ്മച്ചിയും മാത്രം എന്നോർത്ത് അവളുടെ ഹൃദയം നുറുങ്ങിയത് ആരും കണ്ടില്ല…

മനസ്സ് കല്ലാക്കി ജീവിക്കാൻ അവൾ പഠിച്ചു… കൂടെ ജനിച്ചു വളർന്നവർ വെറും വിരുന്നുകാർ ആയപ്പോൾ അവൾക്കു മനസിലായത് കല്യാണം കഴിഞ്ഞാൽ അത്രയേ ഒരു പെണ്ണിന് സ്വന്തം വീട്ടിലേക്കുള്ള വരവുള്ളു എന്ന് ….

തനിക്കു കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോൾ എന്റെ അമ്മച്ചിയെ കൂടെ കൂട്ടുന്ന ഒരാളെ മാത്രമേ കല്യാണം കഴിക്കു എന്നൊരു നിബന്ധന മാത്രമേ വെച്ചിരുന്നുള്ളു…. അമ്മച്ചികും എന്നെ വിട്ട് ഒരു ജീവിതം ഇല്ല എന്ന് പറയാതെ പറഞ്ഞിട്ടുണ്ട്….

ഒരു ആണിന്റെ തന്റേടം ഉള്ള പെണ്ണിനെ കെട്ടിച്ചാൽ അവൾ 2അം ദിവസം തിരിച്ചു വീട്ടിൽ വന്നു നില്കും എന്ന് ബന്ധുക്കൾ അമ്മച്ചിയോടും ചേച്ചിമാരോടും പറഞ്ഞപ്പോൾ ആദ്യമായിട്
“അവൾ അങ്ങനെ ആയത് അപ്പന്റെ ഉശിരുള്ളതു കൊണ്ടാണ്… അവളുടെ മനസിലെ സ്നേഹം വേറെ ആർക്കും മനസിലാവില്ല…. അവളെ കെട്ടുന്നവൻ പുണ്യം ചെയ്തവനാരിക്കും.. അവൾ ഞങ്ങടെ കുഞ്ഞനുജത്തി അല്ലേ നല്ല ഉശിരുള്ള പെണ്ണ്… അവൾക്കുള്ള ചെക്കനെ ഞങ്ങൾ കണ്ട് പിടിച്ചോളാം എന്ന് ചേച്ചിമാരും ചേട്ടായിമാരും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ആദ്യമായി അവളുടെ മുഖത്തു ഒരു പെണ്ണിന്റെ നാണം വന്നു…

അങ്ങനെ അവൾക്കായി അവരെല്ലാം ചേർന്നു അവളുടെ രാജകുമാരനെ കണ്ട് പിടിച്ചു….
എത്ര ഒകെ ആണുങ്ങളോട് തന്റേടത്തോടെ എതിർത്തു നിന്നിട്ടും സംസാരിച്ചിട്ടും ഉണ്ടെങ്കിലും ആദ്യമായി പെണ്ണ് കാണാൻ നിന്നപ്പോൾ അവൾ അറിയുകയായിരുന്നു താനും വെറും ഒരു സാധരണ പെണ്ണാണെന്ന്…
അമ്മച്ചിയെ ഒറ്റക്കാകില്ല എന്ന ഉറപ്പോടെ കല്യാണത്തിന് സമ്മതം സമ്മതം മൂളുമ്പോൾ പുതിയ സ്വപ്‌നങ്ങൾ കാണാൻ അവൾ തുടങ്ങുകയായിരുന്നു….
തന്റെ കല്യാണം ഒരു ആഘോഷം ആകാൻ എല്ലാവരും ഓടിനടക്കുന്നത് കണ്ടപ്പോഴാണ് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു എന്ന് അവൾക്കു മനസിലായത്….

പക്ഷെ സ്വന്തം വീടും എല്ലാം വിട്ട് ഇച്ചായന്റെ കൂടെ പോകാൻ അവളുടെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു… പലപ്പോഴും ഇത് തനിക്കുള്ള വഴി അല്ല എന്നോർത്ത് തിരിഞ്ഞു നടക്കാൻ അവൾ കൊതിച്ചിട്ടുണ്ട്…
ഒരു പെണ്ണിന് ഒരിക്കൽ സ്വന്തം വീട് വിട്ട് പോകേണ്ടി വരും എന്ന് പറഞ്ഞ അമ്മചിയോട് ഞാൻ ശെരിക്കും ഒരു ആണ്‌ ആയിരുന്നെങ്കിൽ ഇവിടെ തന്നെ നില്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ നീ ഞങ്ങടെ ചെക്കൻ തന്നെ അല്ലേ.. ചെക്കന്മാര് കരയാൻ പാടില്ല എന്ന് പറഞ്ഞു സ്വന്തം സങ്കടം അമ്മച്ചി ഒളിപ്പിച്ചു….
കല്യാണം കഴിഞ്ഞു എനിക്കും വീട്ടിൽ ഒരു വിരുന്നുകാരി ആയി മാത്രമേ വരാൻ പറ്റു എന്നോർത്തപ്പോൾ വെറും ഒരു പെണ്ണായതിൽ ഞാൻ വിഷമിച്ചു…
……..
കല്യാണം കഴിഞ്ഞു പോയപ്പോൾ ” പെണ്ണിന്റെ അഹങ്കാരം എന്തായിരുന്നു… ഒരിക്കലും അമ്മയെ ഒറ്റക്കാകില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി… ഇത്രേ ഉള്ളൂ ഓരോ പെണ്ണിന്റേം കുടുംബ സ്നേഹം ” എന്ന് പറഞ്ഞവരെ കൊണ്ട്
2 ആഴ്ച കഴിഞ്ഞു കെട്ടിയോന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്കു താമസം മാറിയപ്പോൾ
” അല്ലേലും ചാക്കോച്ചേട്ടൻ വളർത്തിയത് ശെരിക്കും ഒരു ആൺകുട്ടിയെ തന്നെയാണ്… അവൾ അവളുടെ അമ്മയെ ഒറ്റക്കാക്കിയില്ല ” എന്ന് മാറ്റി പറയിപ്പിച്ചുകൊണ്ടാണ്.. അച്ചി വീട്ടിൽ വന്ന് കിടക്കുന്നെന്റെ മുറുമുറുപ്പുകൾ പലരും പറഞ്ഞപ്പോൾ “ഭാര്യക്കു ഭർത്താവിന്റെ അച്ഛനേം അമ്മേനേം നോകാം എങ്കിൽ ഭർത്താവിന് ഭാര്യയുടെ മാതാപിതാകളേം നോകാം” എന്ന് മറുപടി പറഞ്ഞ എന്റെ ഇച്ചായനാണ് ഈ പെണ്ണിന്റെ ശക്തി…..

‘വെറും ഒരു പെണ്ണി’നും പലതും ചെയ്യാൻ കഴിയും എന്ന് സ്വയം തീരുമാനിച്ചാൽ തീരുന്നതേ ഉള്ളൂ പല വിഷമങ്ങളും….

സ്വന്തം
അന്ന മരിയ ചാക്കോ…

———–
ഒരുപാട് നാളുകൾക്കു ശേഷം ഒരു ശ്രമം….

LEAVE A REPLY

Please enter your comment!
Please enter your name here