Home Latest എല്ലാരുടെ പ്രശ്നങ്ങളും തീർന്നു പുരയും എടുത്തു ങ്ങള് വരുമ്പോഴേക്കും എന്റെ മയ്യത്തെടുക്കാനാകും

എല്ലാരുടെ പ്രശ്നങ്ങളും തീർന്നു പുരയും എടുത്തു ങ്ങള് വരുമ്പോഴേക്കും എന്റെ മയ്യത്തെടുക്കാനാകും

0

ഇക്കാ നിങ്ങളെപ്പോഴാ വരുക ?,എനിക്ക് കാത്തിരുന്നുമെടുത്തു

വരും റസിയാ ,അടുത്തവർഷം തീർച്ചയായും വരും

ഇതന്നെ അല്ലെ ങ്ങള് കഴിഞ്ഞ പ്രാവശ്യവും പറഞ്ഞത് ?

സ്പോൺസർ ലീവ് തരാം എന്നുപറഞ്ഞിട്ടുണ്ട് ,കഴിഞ്ഞപ്രാവശ്യത്തെ പോലെ അല്ല

എന്താ ഇക്കാ ങ്ങള്ക്ക് എന്നെയും പത്തുമോളെയും കാണാൻ ആഗ്രഹം ഇല്ലാത്തത് ?,മുയുവൻ സമയവും ങ്ങളെ നിരീച്ചു ദിവസം വെളിപ്പിക്കുന്നവളല്ലേ ഞാൻ

എനിക്കറിയാം ,നിന്റെ മനസ്സു ,,പക്ഷെ എന്തുചെയ്യാൻ പറ്റും റസിയാ നിനക്കറിയാവുന്നതല്ലേ നമ്മുടെ പ്രശനങ്ങൾ ,,ആയിശൂന്റെ നിക്കാഹുകഴിഞ്ഞ കടം പകുതിപോലും തീർന്നില്ല ,ഓടിട്ടപ്പുരയാണെങ്കിൽ എന്ന് നിലം കുത്തുമെന്നറിയില്ല ,അതിനിടയിൽ ഉമ്മയുടെ ചിക്ത്സയും

എല്ലാരുടെ പ്രശ്നങ്ങളും തീർന്നു പുരയും എടുത്തു ങ്ങള് വരുമ്പോഴേക്കും എന്റെ മയ്യത്തെടുക്കാനാകും ,,ഞാനും ഒരു പെണ്ണല്ലേ ഇക്കാ ,നാലുവര്ഷമായില്ലേ ങ്ങള് പോയിട്ട് നിങ്ങളുടെ അനിയന്മാർ ബീവിയേയും കൂട്ടിട്ടു സർക്കീട്ടു പോകുമ്പോൾ ഞാൻ പോട്ടേ എന്നെ വീടു ,,പാത്തൂനോടുപോലും നീ വരുന്നോ എന്ന് ചോയിക്കാറില്ല ,അവരുടെ കുട്ടികൾക്ക് അവരുമേടിക്കുന്ന കുപ്പായത്തിനൊപ്പം എന്റെ കുഞ്ഞിന് ഇന്നുവരെ ഉടുപ്പ് അവരൊന്നും മേടിച്ചുകൊടുത്തിട്ടില്ല , പാത്തുവിന്റെ സങ്കടം കാണുമ്പോൾആരും കാണാതെ അവളേയും കെട്ടിപ്പിടിച്ചു കരായറേ ഉള്ളു ആരോടും പരിഭവം പറയാറില്ല ,അതുകൊണ്ടു നിങ്ങളുടെ കുടുംബത്തിൽ എല്ലാവര്ക്കും പിരുസപ്പെട്ടവളാണ് ഇപ്പോഴും ഞാൻ ,ഒന്നും പറയണം എന്ന് വിചാരിച്ചതല്ല നാലുവരഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന ദണ്ണം അറിയാതെ പൊട്ടിപുറത്തുവന്നതാണ് ,,

എന്താ ഇക്കാ കരയുകയാണോ ?

ഏയ് അല്ല

എനിക്കറിയാം ഇക്കയുടെ നെഞ്ചൊന്നു പിടച്ചാൽ അത് എനിക്ക് ഇവിടെ കേൾക്കാം ,,എന്നോട് ഇങ്ങള് ഒളിക്കേണ്ട ,,സദാസമയവും ഇങ്ങളെ മാത്രം ഓർത്തോണ്ടു ഇരിക്കുന്ന ഒരു പെണ്ണാണ് ഞാൻ

നീയവിടെ ഇത്രയൊക്കെ വിഷമം അനുഭവിക്കുണ്ട് എന്നെനിക്കറിയില്ലായിരുന്നു നസിയാ ,,അറബിയുടെ കൂടെ വലിയ പാർട്ടിക്കുപോയാൽ പുറത്തുവണ്ടിയുമായി ഉള്ള കാത്തിരിപ്പ് നീളുന്നത് ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ ആയിരിക്കും,, വിശപ്പ് പടച്ചോന്റെ പരീക്ഷണമായ പച്ചവെള്ളത്തിൽ ഉതുക്കുമ്പോഴും ഇവിടെ നീയും ഉമ്മയും പാത്തുവും സുഖമായി കഴിയുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു,

ഇക്ക വിഷമിക്കേണ്ട ,ഇക്കയുടെ ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോൾ എനിക്ക് ഇവിടെ പരമസുഖാണ് ,പക്ഷെ മൂത്തവനാണ് എന്നുപറഞ്ഞു ഇക്ക മാത്രം എന്തിനു ഈ ഭാരം മുഴുവൻ വലിക്കണം ,അനിയൻ മാരുണ്ടല്ലോ ,അവരോടും കൂടി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറയണം ,അവരും ജോലിചെയ്യുന്നില്ലേ അവർക്കും കുടുംബം നോക്കാൻ ഉത്തരവിത്വമില്ലേ ? വല്ലപ്പോഴും കുറച്ചുമീനും വീട്ടുസാധങ്ങളും മേടിച്ചാൽ ഒരു പുരയിലെ കാര്യങ്ങൾ കഴിഞ്ഞുപോകുമോ ?

ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല ,,എല്ലാം എന്റേതാണ് എന്നെ വിചാരിച്ചുള്ളു,, പ്രവാസി അങ്ങനെ യാണ് ,ഈ ലോകത്തിൽ ഒന്നുകാലെടുത്തുവെച്ചാൽ പിന്നീട് അത് പിടുത്തം വിടില്ല ,,ഒന്നിനുപിറകെ ഒന്നായി പ്രശ്ങ്ങളും പ്രതീക്ഷകളും കൊണ്ട് നമ്മുടെ ഓജസ്സും തേജസ്സും മുഴുവനായി അത് കവർന്നെടുക്കും

വിഷമങ്ങൾ മനസ്സിലിട്ടടക്കി ജീവിക്കാൻ ഇക്കാക്ക് നല്ലോണം അറിയാം .,,കരളുപൊട്ടുമ്പോഴും ചിരിക്കാനാണ് നിങ്ങ ശ്രെമിക്കാറ് ,നിങ്ങളുടെ കൂടെ കൂടി ഞാനും കുറേശ്ശ കുറേശ്ശ അത് പഠിച്ചു ,ഒന്നും വേണ്ട ഇടക്കൊക്കെ സമയം കിട്ടുമ്പോൾ നിങ്ങളുടെ കൂറ്റെനിക്ക് കേട്ടാൽ മതി ചെറുതായി ഒന്ന് ആശ്വസിപ്പിച്ചാ മതി ആ സന്തോഷത്തിൽ എത്രവര്ഷം വേണമെങ്കിലും ഒരു പരിഭവവും പറയാതെ ഈ പൊരയിൽ ഞാൻ കഴിഞ്ഞോളം ,

നിന്നോട് ഞാൻ എന്താ പറയുക എന്റെ റസിയാ,, നിന്റെ പതിനേഴാമത്തെ വയസ്സിലാണ് ഞാൻ നിന്നെ നിക്കാഹ് കഴിച്ചുകൊണ്ടുവന്നത് ,, ഇപ്പൊ വര്ഷം പത്തുവർഷമായി ,,അതിൽ നിന്നോട് ഒന്നിച്ചു ഞാൻ താമസിച്ചത് വെറും ആറുമാസം ,വളരെ ചെറിയ നീക്കിയിരുപ്പുമായി വന്നുകയറുമ്പോഴേക്കും കുടുംബത്തിലുള്ളവരുടെ പ്രശ്നങ്ങളുടെ മലവെള്ളപ്പാച്ചൽ കാരണം നിന്നെയും മോളെയും കൂട്ടി ഒരു യാത്രപോലും പോകാൻഎനിക്ക് കഴിഞ്ഞിട്ടില്ല ,കാരണം ചെറിയ ശമ്പളം വാങ്ങി അപ്പപ്പോൾ ഉള്ളതൊക്കെ നാട്ടിലേക്കു അയക്കുന്ന ഒരു സാധാപ്രവാസി അവധിക്കുവരുന്നതും ആരോടെങ്കിലും കടം വാങ്ങിയ തുകകൊണ്ടായിരിക്കും ,എങ്കിലും ഇതുവരെ ഒരിക്കൽ പോലും നീയെന്നോട് പരിഭവം പറഞ്ഞില്ല ,എല്ലാ പ്രവാസിക്കും പടച്ചോൻ അറിഞ്ഞുതരുന്ന അനുഗ്രഹം ആണ് സ്നേഹത്തോടെ കാത്തിരിക്കുന്ന ഒരു ഭാര്യാ ,,,എന്റെ സങ്കടകയത്തിലും എനിക്ക് സന്തോഷിക്കാൻ നീയുണ്ടല്ലോ ,അതുമതി എനിക്ക്

ഇക്ക വിഷമിക്കേണ്ട ഞാൻ എന്തെങ്കിലും പറഞ്ഞത് നിങ്ങൾക്ക് ദണ്ണം ഉണ്ടാക്കിയെങ്കിൽ ഇങ്ങള് ക്ഷമിക്കു ,,എന്റെയും പാത്തുവിന്റെയും ലോകം നിങ്ങളാണ് ,നിങ്ങളോടല്ലാതെ ഞാൻ ഇതൊക്കെ ആരോടുപറയും ,,ഉറങ്ങുന്നതിനു മുൻപ് ഒന്നുകൂടി വിളിക്കണം എന്റെ പൊട്ടത്തരത്തിനു ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ,നിങ്ങ ചിരിച്ചു സംസാരിക്കാതെ ഇന്നെനിക്കു ഉറങ്ങാൻ പറ്റൂല ,,ഞാൻ കാത്തിരിക്കും

ഒരുപാടുനാളായി നാട്ടിൽ പോകാൻ പ്ലാൻ ചെയ്യുമ്പോഴും തുടരെ തുടരെ ഉള്ള വീട്ടിലുള്ള പ്രശ്നങ്ങൾ കാരണം മാറ്റിവെക്കുകയാണ് പതിവ് ,,സ്പോൺസർ ലീവ് തന്നില്ല എന്ന് റസിയയോട് കള്ളം പറയുമ്പോൾ മനസ്സിൽ കള്ളം പറയുന്നതിന്റെ കുറ്റബോധവും ഉണ്ടായിരുന്നു ,,,ഇനി മതി,, ഈ ജീവിതത്തിൽ തന്നെക്കൊണ്ട് കഴിയും വിധം കുറച്ചുസുഖമെങ്കിലും അവൾക്കു നൽകിയില്ലെങ്കിൽ പടച്ചോൻ പോലും പൊറുക്കില്ല ,,അതുകഴിഞ്ഞുമതി ബാക്കി എല്ലാം ,അത്രയും വേദനകൾ അടക്കിപിടിച്ചാണ് അവളവിടെ കഴിയുന്നത് ,,ഒന്നുറക്കെ പൊട്ടിക്കരയാൻ പോലും ആകാത്ത അവളുടെ അടുത്തുപോയി കെട്ടിപ്പിടിച്ചു ഒന്ന് കരയണം അവളനുഭവിക്കുന്ന വേദന എന്നിലേക്ക്‌ പകർത്തണം അതിന്റെ നോവെനിക്കറിയണം ,,ആ ഖൽബിൽ നിന്നും എനിക്കായി അവൾ കരുതിവെച്ചസ്നേഹം മുഴുവൻ എന്റെ നെഞ്ചിലേക്ക് ചേർക്കണം

ഉള്ളു നോവുമ്പോഴും പുറത്തൊരു പുഞ്ചിരി സമ്മാനിക്കുന്ന എന്റെ എല്ലാ സഹോദരിമാർക്കുവേണ്ടി

രചന ; ലതീഷ് കൈതേരി –

LEAVE A REPLY

Please enter your comment!
Please enter your name here