Home Article ആരാണെന്ന് അറിയില്ല… ആരായാലും എന്താ??എല്ലാം കഴിഞ്ഞു…

ആരാണെന്ന് അറിയില്ല… ആരായാലും എന്താ??എല്ലാം കഴിഞ്ഞു…

0

എന്റെ വയറ്റിലെ മുറിപ്പാടുകൾ സുധീർ കണ്ടിട്ടില്ല…അവന് രാധിക അടിവയറ്റിന് താഴേക്കു കൃത്യമായി അളന്ന് തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ഇറച്ചിക്കൂട്ടമാണ്…ഇരുട്ടിൽ അവൻ ആ മുറിപ്പാടുകൾ കാണാതെ പോയതിൽ അവനെ കുറ്റം പറയാനും കഴിയില്ല…
വെളിച്ചമുള്ളപ്പോൾ അവന് രാധിക അധികപ്പറ്റാണ്, അവന്റെ സുഹൃത്തുക്കളുടെ ഭാര്യമാരുടെ ഉടലളവുകളെ കുറിച്ചവൻ വാചാലനാകാറുണ്ട്…അവന്റെ മക്കൾക്കു പാലൂട്ടി ഉടഞ്ഞുപോയ എന്റെ മുലകളെ അവൻ മറന്നിരിക്കുന്നു…അലക്കുകാരത്തിന്റെ ചവർപ്പിൽ വരണ്ടുപോയ എന്റെ വിരലുകളും, വിണ്ടുകീറിയ കാലുകളും അവനെ വേദനിപ്പിക്കാറുണ്ടത്രെ…

അവന്റെ ബീഡിചൂരുള്ള ചുണ്ടുകളെ കുറിച്ചു ഞാൻ പരിഭവം പറയാറില്ല…
അവന്റെ ചെളി മണക്കുന്ന കക്ഷത്തെ കുറിച്ച് ഞാൻ പരിഭവം പറയാറില്ല…
അലസമായി മുളച്ചു പൊന്തിയ രോമങ്ങളെ കുറിച്ചും പരാതി പറയാറില്ല…
ശ്വാസകോശം സ്പോഞ്ജ് പോലെയാണെന്ന് കരിപിടിച്ചടഞ്ഞ അടുപ്പിനോടിടയ്ക്ക്‌ പറയാറുണ്ട്…

മാറാല പിടിച്ച ചുവരിലൂടെ ചൂലോടിച്ചു രസിക്കാറുണ്ട്… മാർബിൾ തറയിൽ ഉമിനീരുകൊണ്ട് പ്രണയകാവ്യം രചിക്കാറുണ്ട്… ജനലഴികളിൽ ഉണങ്ങാനിട്ട അടിവസ്ത്രങ്ങളോട് വെടി പറയാറുണ്ട്…കിടപ്പറയിൽ അവൻ എന്നും ആഴങ്ങളറിയാതെ,തീരത്തിരുന്ന് കാറ്റുകൊണ്ടു…അവന്റെ താളത്തിന് നീട്ടിയും കുറച്ചും പാട്ടുപാടി… പൊട്ടിപ്പോയ എന്റെ രാഗതന്ത്രികൾ!!!അവ പാടാൻ മറന്നുപോയിരിക്കുന്നു…”

അടുക്കളയിൽ കിടക്കുന്ന എച്ചിൽപാത്രങ്ങൾ പൊട്ടിച്ചിരിക്കുന്നുണ്ട്…
അത് കേൾക്കുമ്പോൾ സുധീറിന് കലി ഇളകും…പാത്രങ്ങളുടെ ഭാഷ സുധീറിന് അറിയില്ലല്ലോ…..രാധിക പൈപ്പിൽനിന്ന് ഊർന്നുവീഴുന്ന ബ്ലീച്ചിങ്പൗഡർ ചൂരുള്ള വെള്ളത്തിൽ കുതിർന്ന് കുളിരുകോരുന്ന പാത്രങ്ങളുടെ തല തോർത്തുകയായിരുന്നു…
ഈയിടെയായി സുധീർ വീട്ടിൽ എത്താൻ വൈകാറുണ്ട്…ജോലിതിരക്കാവും..!അങ്ങനെ ആശ്വസിക്കാം…

വിവാഹം കഴിഞ്ഞതിൽപിന്നെ എഴുതിയതെല്ലാം പൊടിപിടിച്ച തറയിലും,ചരൽ നിറഞ്ഞ വീട്ടുമുറ്റത്തുമാണ്…ചിലപ്പോൾ താലിച്ചരടൊരു അടിമചങ്ങലയാണെന്നും,നെറ്റിയിൽ ട്രേഡ്മാർക്കും ചാർത്തി സുധീർ തന്നെ ഷോക്കേസിൽ വിൽപ്പനയ്ക്കായി വെച്ചിരിക്കുകയാണെന്നും അവൾക്ക് തോന്നാറുണ്ട്….പിന്നെ,രാധിക പഴയ രാധികയല്ലെന്നും ഇന്ന് സുധീറിന്റെ പേരിലെഴുതിനൽകപെട്ട അൻപത്തിഎട്ട് കിലോ ഭൂമിയാണെന്നും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും…വടുക്കൾ വീണ വയറിലൂടെ വെറുതേ വിരലോടിക്കും…

അടുക്കള പിണക്കം അറിയിച്ചത് പാൽ പതഞ്ഞൊഴുക്കികൊണ്ടാണ്…
ഓരോന്ന് ചിന്തിച്ചു കാട് കയറിപോയത് കൊണ്ടാകും അടുപ്പത്തു പാൽ തിളച്ചുപൊന്തിയത് അറിയാതെ പോയത്….

അല്ലേലും ഈയിടെയായി ചിന്തിക്കൽ കൂടുന്നുണ്ട്…!!രാധിക ആരോടെന്നില്ലാതെ പറഞ്ഞു…“ചിന്തിക്കുമ്പോൾ അനുസരണം കുറയും”ഫിലോസഫി പറഞ്ഞതിന്റെ ഹുങ്ക് കൊണ്ട് നിവർന്ന് നിൽക്കാൻനോക്കിയ ഒരു സ്പൂൺ ഷെൽഫിൽ നിന്നു താഴേക്ക് മലർന്നടിച്ചു വീണു…രാധിക അത് കാര്യമാക്കാതെ സുധീറിനുള്ള ചായ കപ്പിലേക്കൊഴിച്ചു.

സുധീർ ഓഫീസിലേക്കുള്ള ഒരുക്കം കഴിഞ്ഞ് സോഫായിലിരുന്ന് പത്രം വായിക്കുകയായിരുന്നു…”ചായ”രാധിക ഗ്ലാസ്‌ നീട്ടി..

“നിനക്കാ മുടി ഒന്ന് കെട്ടിവെച്ചൂടെ… ഇന്നലത്തെ ടിഫിനിലും ഉണ്ടായിരുന്നു നിന്റെ പൂട…!!!”സുധീർ മുഖം ചുവപ്പിച്ചു…രാധിക അടുക്കളയിലേക്ക് തിരഞ്ഞുനടന്നു…
വിവാഹത്തിന് മുമ്പ് ഈ പൂടകളിൽ തൊടാൻ സുധീർ എത്ര കഷ്ടപെട്ടിരിക്കുന്നു…അന്ന് ഈ മുടിയിഴകൾ സുധീറിന് ആകാശത്തെ കാർമേഘവും,തേനീച്ചകൂടും ആയിരുന്നു…തേൻ എടുക്കാൻ അവന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല…സുധീറിന്റെ കാർ ഇരമ്പൽ ശബ്ദം പുറപ്പെടുവിപ്പിച്ചു കൊണ്ട് ഗേറ്റ് കടന്നു…

അടുക്കളയിലെ പാത്രങ്ങൾ അവളെ നോക്കി ചിരിച്ചു…”ആ പൂട വെട്ടി കളയെന്നെ….”അലൂമിനിയചെമ്പ് പറഞ്ഞത് അവൾക്കത്ര രസിച്ചില്ലെന്ന് തോന്നുന്നു… അവൾ കറി വറവിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി…

ഈ റസിഡൻസിലെ മാതൃകാദമ്പതിമാരാണ് “സുധീർരാധികമാർ”എന്നാണ് കേൾവി…”ആണോ രാധികേ…”എന്ന് നിലത്ത് കിടക്കുന്ന സ്പൂൺ ചോദിച്ചു…
“ആഹ്…ഒരുപാട് രാധികമാരുണ്ട് സുധീർമാരുടെ പുറകിലോട്ട് വലിച്ചുകെട്ടിയ കോണകത്തുഞ്ചത്ത് പിടിച്ചാൽ മാത്രമേ കാലത്തിനൊപ്പം ഓടാനാകൂ എന്ന് തെറ്റിദ്ധരിക്കുന്നവർ…”രാധിക അർത്ഥം വെച്ചൊരു ചിരിച്ചിരിച്ചു…

“ങേ…മൂപ്പരിപ്പഴും കോണകമാണോ അടിയിലിടുന്നെ…”സ്പൂൺ ആശ്‌ചര്യപ്പെട്ടു…”അത് ഓളൊരു ഉപമ പറഞ്ഞതാ…”അലൂമിനിയപാത്രം സ്പൂണിനെ തിരുത്തി….
കുക്കർ നീലത്തിലൊരു ചൂളം വിളിച്ചപ്പോൾ അടുക്കള നിശബ്ദമായി…. അപ്പോഴേക്കും രാധിക ബാത്റൂമിൽ കുന്തിച്ചിരുന്ന് സുധീർ അഴിച്ചിട്ട വിഴിപ്പ്തുണികൾ അലക്കാൻ തുടങ്ങിയിരുന്നു.“ഇവൾ യന്ത്രമനുഷ്യനാണോ” അടുക്കളയിൽ പാത്രങ്ങൾ വീണ്ടും ചർച്ച തുടങ്ങി…

ഇന്നും സുധീർ ഓഫീസിൽ ചെല്ലാതെ ലിസി മാത്യൂസിനെയും കെട്ടിപ്പിണഞ്ഞ് കിടക്കുന്നുണ്ടാകും….അവളുടെ ചൂരും ചൂടും സുധീറിന്റെ നാവിലെ സ്വാദ്മുകുളങ്ങളിലേക്ക് ഊർന്നിറങ്ങുന്നുണ്ടാകും…..ഇല്ല ലിസീ…സിഗററ്റിന്റെ സ്മൂച്ചിങ്ങിൽ എന്നോ ദ്രവിച്ചുപോയ ആ നാക്കിൽ നിന്റെ രുചിയും അധിക നേരം തങ്ങിനിൽക്കില്ല….ഏറിയാൽ ഒരാഴ്ച്ച…അതു കഴിഞ്ഞാൽ….എനിക്ക് ഭാര്യ എന്നൊരു വിളിപ്പേര് എങ്കിലും ഉണ്ട്…നിനക്കോ??രാധികയുടെ മനസ്സിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു..

ഇരുട്ടിന് കട്ടി കൂടിവരുന്നു…അവൾ വേഗം പാത്രങ്ങൾ കഴുകി,സോപ്പ്‌ പതഞ്ഞൊഴുകുന്നുണ്ട്…എച്ചിൽ പിന്നാമ്പുറത്തേക്ക് വലിച്ചെറിയാൻ പോയപ്പോഴാണ് അരക്കെട്ടിൽ ബലമായി ആരോ പിടി മുറുക്കയത്…കൈയിൽ നിന്ന് താഴെ വീണ എച്ചിൽപത്രങ്ങൾ ശബ്ദമുണ്ടാക്കി..ഉറക്കെ നിലവിളിക്കണം എന്നുണ്ട്…ഇല്ല….നിലവിളിച്ചിട്ടും കാര്യമില്ല…ആരും കേൾക്കാനില്ല…

ശരീരം ചൂടുപിടിക്കുന്നു…ആരാണെന്ന് അറിയില്ല…ആരായാലും എന്താ??എല്ലാം കഴിഞ്ഞു..ഇരുട്ടിലേക്ക് ആ നിഴൽ മറഞ്ഞു….കുളിമുറിയിൽ കയറി മുഖം കഴുകി…വയറിൽ ഒരു നീറ്റൽ…അയാളുടെ നഖത്തിന്റെ പാട് അടിവയറിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്…വെള്ളം വീണപ്പോൾ മുറിവ് നീറിപ്പുകഞ്ഞു…സോഫയിൽ കിടന്ന് ചെറുതായി മയങ്ങിപ്പോയി,കോളിംഗ് ബെൽ ചിലച്ചപ്പോയാണ് ബോധം വന്നത്….

“ഒരു മീറ്റിങ് ഉണ്ടായിരുന്നു”ബാഗ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് സുധീർ റൂമിലേക്ക് പോയി…അടുക്കളയിൽ പോയി ചോറെടുത്ത് വെക്കുമ്പോൾ കരിപിടിച്ച ചീനച്ചട്ടി ചോദിച്ചു”രാത്രിയും മീറ്റിങ്ങോ?”കരണ്ടി എടുത്ത് അതിന്റെ വക്കിൽ ഒരു കിഴുക്ക് വെച്ചു കൊടുത്തു…“ഞാൻ പുറത്തിന്ന് കഴിച്ചതാ…”സുധീർ വിളിച്ചുപറഞ്ഞു…
“മൂപ്പർക്കിപ്പം പുറത്തുള്ള ബിരിയാണിച്ചോറിനോടാ പൂതി…”കരിങ്ങാലിവെള്ളം വെച്ച കലം ചിരിച്ചുകൊണ്ട് പറഞ്ഞു…“ഒരു കണക്കിന് ആ കള്ളൻ ഈ പൊതിച്ചോർ തിന്നത് നന്നായി, പഴഞ്ചോറായി പോയില്ലല്ലോ”മസലപൊടി ഇട്ടുവെച്ചിരിക്കുന്ന ഹോര്ലിക്ക്‌സ് കുപ്പി പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി….കിടക്കാൻ നേരം സുധീർ വയറ്റിലെ മുറിപ്പാട് കണ്ടാൽ എന്തുപറയും എന്നവൾ ചിന്തിച്ചു…

കട്ടിലിൽ അല്പം ഭയന്ന് അവൾ ഇരുന്നു…. സുധീർ അടുത്തേക്ക് വരുകയാണ്….
അയാൾ പെട്ടന്ന് തിരിച്ചുനടന്ന് ലൈറ്റ് അണച്ചു….സുധീർ ഏമ്പക്കംവിട്ടപ്പോൾ മുറിയിലാകെ ബിരിയാണിയുടെ മണം പരന്നു….‘എന്റെ വയറ്റിലെ മുറിപ്പാടുകൾ അവൻ കണ്ടിട്ടേയില്ല…ഇരുട്ടിൽ അവൻ ആ മുറിപ്പാടുകൾ കാണാതെ പോയതിൽ അവനെ കുറ്റം പറയാനും കഴിയില്ല…’“ബിരിയാണീന്റെ മേലെ പഴങ്കഞ്ഞി കുടിക്കണ നിന്റെ ഭർത്താവ് ഒരു ഭയങ്കരൻ തന്നെ”അടുക്കളയിൽ നിന്ന് ഏതോ പാത്രം വിളിച്ചുപറഞ്ഞു…പാത്രങ്ങളുടെ ഭാഷ സുധീറിന് അറിയില്ലല്ലോ….സുധീർ നേരം വൈകി എത്തിയ മറ്റൊരു രാത്രിയിലും പിന്നാമ്പുറത്ത് ഒരു ജാരൻ പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here