Home Latest എന്റെ പെങ്ങളെ നോക്കിക്കോണേ…

എന്റെ പെങ്ങളെ നോക്കിക്കോണേ…

0

എന്റെ കല്യാണം കഴിഞ്ഞു വണ്ടിയിലോട്ട് കേറാൻ റെഡി ആയിട്ട് നിക്കുമ്പോൾ അങ്ങോർ എന്റെ കൈ പിടിച്ചു അമർത്തി ചുവന്ന കണ്ണുകളോടെ എന്നെ നോക്കി ഒരു ചിരി ചിരിച്ചു

എന്റെ ഭാര്യ ആകട്ടെ അച്ഛനെ ഒരു ധൃതരാഷ്ട്രാലിംഗനത്തിൽ ഒതുക്കി നിർത്തി മൂക്കു പിഴിച്ചിലും കണ്ണ് തുടക്കലും നടത്തുന്നതിന്റെ തിരക്കിൽ ആയിരുന്നു

അങ്ങോർ അവളുടെ തലയിൽ തലോടിയപ്പോൾ അവൾ അച്ഛനെ വിട്ടു അങ്ങോട്ട്‌ ചാഞ്ഞു

ഞാനവളെ പിടിച്ചു വലിച്ചു ഉന്തി കേറ്റിയാലോ വണ്ടിക്കകത്തോട്ടു ഇട്ടാലോ എന്ന് ആലോചിച്ചു

“പിന്നെ അമ്മായി അപ്പനും, അളിയനും എന്ത് ഓർക്കും എന്ന് കരുതി സംയമനം പാലിച്ചു !

കണ്ടു നിൽക്കുന്ന കശ്മലന്മാർ “അവന്റെ ഒരു ആക്രാന്തം കണ്ടില്ലേ എന്നെങ്ങാൻ വിളിച്ചു പറഞ്ഞാൽ തീർന്നു !!

അതുകൊണ്ട് കരച്ചിലും പിഴിച്ചിലും തീരും വരെ ഞാൻ കാത്തു നിന്നു അവളെയും ചേർത്ത് പിടിച്ചു പോന്നു

ആദ്യ രാത്രിയിൽ തന്നെ അവള് ചോദിച്ചു “അതേയ് നിങ്ങൾ താടി വെക്കാറില്ലേ ??

ഞാൻ തുറിച്ചു നോക്കി

“അല്ല എന്റച്ഛനും ചേട്ടനും താടി ഉണ്ട്, എനിക്കും ഇഷ്ടമാണ് താടി ഉള്ളവരെ ”

മുഖത്ത് അങ്ങിങ് മാത്രം രോമം ഉള്ള ഞാൻ അതാരും കണ്ടു പിടിക്കാതെ ഇരിക്കാൻ ക്ലീൻ ഷേവ് ചെയ്തു നടക്കുന്ന പാർട്ടിയാണ് ”

പക്ഷേ അത് പറയാൻ പറ്റില്ലല്ലോ !! അവൾ വല്ല കരടി നെയ്യും വാങ്ങി തന്നാലോ ?

എന്റെ പുരുഷത്വത്തെ സംശയിക്കാനും ചാൻസ് ഇല്ലാതില്ല !!

“ഷേവ് ചെയ്തില്ലേൽ അമ്മ ചുമ്മാ ചീത്ത വിളിക്കും എന്ന് ഞാൻ ഒരുളുപ്പും ഇല്ലാതേ ആ പഴി അമ്മയുടെ തലയിലേക്കിട്ട് ”

അപ്പോൾ ഉണ്ണിക്ക് താടി ഉണ്ടല്ലോ ??!! എന്റെ സ്വന്തം അനിയൻ ആണ് ആ പിശാച്

ദേഹം മൊത്തം പൂടയുള്ള കരടി

എൻജിനീയറിങ് കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടക്കുന്ന അവനോടു ” നീ വേണേൽ സ്വന്തം മുടിയും താടിയും തടിയും വേണേൽ കുറച്ചു ചെത്തി വിറ്റോ ”

എന്ന് പറഞ്ഞപ്പോൾ “എനിക്കും വരും ഒരു ദിവസം നീ നോക്കിയിരുന്നോ” എന്നവൻ പറഞ്ഞതാണ്

പക്ഷേ ആ ദിവസം ഇങ്ങനെ എന്റെ ആദ്യ രാത്രിയിൽ തന്നെ വരും എന്ന് ഓർത്തില്ല !!

അവനു പിന്നെ ജോലിയും കൂലിയും ഒന്നുമില്ലല്ലോ !!ചുമ്മാ തെണ്ടി നടന്നിട്ട് വന്നാൽ മതിലോ, ആര് ചോദിക്കാൻ

അങ്ങനെ മുടിയനെയും നാണം കെടുത്തി ഞാൻ അവളെന്റെ അടുത്ത കുറ്റം കണ്ടു പിടിക്കുന്നതിനു മുൻപേ ലൈറ്റ് ഓഫ്‌ ചെയ്തു മറ്റു കലാ പരിപാടികളിലേക്ക് കടന്നു

നേരം വെളുതു ഞാൻ എണീറ്റു വന്നപ്പോൾ തന്നെ ദാണ്ടേ നിക്കുന്നു നമ്മുടെ താടിക്കാരൻ, ഇന്നലെ കൈ പിടിച്ചു ഞെക്കിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല

അത് കൊണ്ട് ഞാൻ ഒരു കൈ അകലം വിട്ടു നിന്നു ഒരു ഇളിച്ച ചിരിയോടെ ഇത്രേം രാവിലെ ഇങ്ങെത്തിയോ എന്ന് ചോദിച്ചു

മൂപ്പർ ഒരു അടക്കി ചിരിയോടെ “മണി പത്തു കഴിഞ്ഞു അളിയാ ” എന്ന് വാച്ച് കാണിച്ചു

“പിന്നെ റിസപ്ഷൻ ഉള്ളതല്ലേ അത് കൊണ്ട് ഇവിടെ എന്തെങ്കിലും അടുപ്പിക്കാൻ ഉണ്ടേൽ അതങ്ങ് നടത്തിയേക്കാം എന്നോർത്ത് ” എന്ന് കൂട്ടി ചേർത്ത്

അന്ന് മുതൽ കേൾക്കുന്നതാണ് ” എന്റെ ചേട്ടൻ ആയിരുന്നേൽ എനിക്ക് അമ്പിളി മാമനെ പിടിച്ചു തന്നേനെ ”

നിങ്ങൾക്കെന്നോട് ഒരു സ്നേഹോം ഇല്ല. എന്റെ ചേട്ടൻ ആയിരുന്നേൽ വൈകിട്ട് വരുമ്പോൾ എനിക്ക് നാരങ്ങ മുട്ടായി കൊണ്ട് വന്നേനെ ഇങ്ങനെ ഉള്ള ജല്പനങ്ങൾ

ഞാൻ ഒരു കവർ മുട്ടായി വാങ്ങി കൊടുത്തിട്ടു നീ ഡെയിലി രണ്ടെണ്ണം വീതം തിന്നോ, തീരുമ്പോൾ പറഞ്ഞാൽ മതി !!എന്ന് അവളെ പുച്ഛിച്ചിട്ട് പോന്നു

എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം ! അതിനാണേൽ എന്നോട് പുച്ഛം അല്ലാതെ ഒന്നുമില്ല താനും

എന്താണെങ്കിലും നമ്മുടെ താടിക്കാരൻ അളിയൻ വീട്ടിൽ വെട്ടുന്ന വഴക്കുലയുടെയും, ചക്കയും, മാങ്ങയും എന്ന് വേണ്ടാ അവിടെ കിട്ടുന്നത് എല്ലാം പെറുക്കി കൊണ്ട് വരും

“ഇതൊന്നും ഈ നാട്ടിൽ കിട്ടാത്തത് ആണോ?? എന്ന് ഞാൻ അവളേ പുച്ഛിക്കുമ്പോൾ

“ഈ നാട്ടിൽ കിട്ടും ! പക്ഷേ അതിനിത്രയും രുചി കാണില്ല !!! ഇതേ എന്റെ ചേട്ടൻ സ്നേഹം കൊണ്ട് തരുന്നതാണ് എന്ന് തിരിച്ചടിക്കും

ഗർഭിണി ആയപ്പോൾ അവൾ “ആനിക്കാ വിള” വേണം എന്ന് പറഞ്ഞപ്പോൾ വായും പൊളിച്ചു നിന്ന ഞാൻ അളിയനെ തന്നെ വിളിച്ചു

“എന്റെ പൊന്നളിയാ നിങ്ങൾക്കു വീട്ടിൽ കിട്ടുന്ന വല്ലതും കൊടുത്തു പെങ്ങളെ വളർത്തിയാൽ പോരെ ”

നിങ്ങടെ പെങ്ങൾ ഇവിടെ കിടന്നു ഏതാണ്ട് വളയോ തളയോ വേണമെന്ന് പറയുന്നുണ്ട് !!!അതെവിടെ കിട്ടും എന്ന് ചോദിച്ചു

രണ്ട് ദിവസം കഴിഞ്ഞപ്പോൾ കീറിയ കാലുമായി അളിയൻ ആനിക്കാ വിളയും ചുമന്നു വന്നു

ഒടുവിൽ അവളെ വിളിച്ചു കൊണ്ട് പോകാൻ വന്നപ്പോൾ, അവളുടെ അച്ഛനും അമ്മയും ഒരു കാര്യം കൂടി പറഞ്ഞു

ഇവിടുത്തെ അമ്മുനെ കണ്ണന് കൊടുക്കുമോ ? അവർക്കും അതാണ് ഇഷ്ടം എന്ന് തോന്നുന്നു

“ഒരു ഞെട്ടലോടെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചോണ്ട് ഒരൊറ്റ ഓട്ടം !

പിന്നെ പിടിച്ചു നിറ്ത്തി ചോദിച്ചപ്പോൾ ആ ദ്രോഹി പറയുന്നു ” കണ്ണേട്ടൻ നിന്നെ പോലെ കണ്ണിൽ ചോര ഇല്ലാത്തവൻ അല്ല !! പെങ്ങൾക്ക് വേണ്ടി മരിക്കും എന്ന്

അതോണ്ട് എന്നേം ജീവനാരിക്കും, അതോണ്ട് ഞാൻ തന്നെയാ ആദ്യം പറഞ്ഞതെന്ന്

പിന്നെ തിയതി നോക്കലും, വിളിയും ചരക്കെടുക്കയും എല്ലാം പെട്ടന്നായിരുന്നു

കല്യാണം കഴിഞ്ഞു അവൾ വണ്ടിയിൽ കയറുമ്പോൾ ” ഞാനും പോയി അളിയന്റെ കൈ പിടിച്ചു ”

എന്റെ പെങ്ങളെ നോക്കിക്കോണേ എന്നാണ് ആ അമർത്തലിന്റെ അർത്ഥം എന്ന് അനുഭവിച്ചു അറിഞ്ഞു

അടുത്ത നാൾ രാവിലെ എഴുന്നേറ്റു റിസപ്ഷൻ ഉള്ളതല്ലേ ഒന്ന് പോയി കളയാം എന്ന് കരുതി ബൈക്ക് എടുക്കുമ്പോൾ

മുടിയൻ ഓടി വന്നെന്റെ ബാക്കിൽ കയറി !

അവിടെ ചെന്ന് കേറീപ്പോ ഞാൻ അവളോട്‌ പറഞ്ഞു ” രാഖിയെ നീ സൂക്ഷിച്ചോ അല്ലേൽ ഈ മുടിയനെ എങ്ങാനും കെട്ടേണ്ടി വന്നാൽ ! ആ കൊച്ചിന്റെ അവസ്ഥ എന്തായിരിക്കും

അളിയൻ ഒരു ചമ്മിയ ചിരിയോടെ ഇറങ്ങി വരുന്നുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here