Home Latest മുല്ല പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം

മുല്ല പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം

0

മാഷേ എണീറ്റേ.. ഇന്ന് തിങ്കളാഴ്ച്ചയല്ലേ ജോലിയും വേലയും ഇല്ലേ…

ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ മുങ്ങിക്കിടക്കുമ്പളാ അവളുടെ ഒരു വിളി… മനസില്ലാ മനസോടെ എണീറ്റു.. കുറേ പേപ്പർ വർക്കുണ്ടല്ലോ ഭഗവാനേ … വേഗം കുളിച്ച് പണികളെല്ലാം തീർത്ത് ബാഗുമെടുത്ത്സ്ക്കൂളിൽ പോകാനിറങ്ങി..

അനൂ ഞാനിറങ്ങാണ്…

എന്തൂട്ടാ വാങ്ങാൻ പറയുന്നുണ്ടായിരുന്നേ നീ… അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു…

മറുപടിയൊന്നും കണ്ടില്ല… അനൂ നീ കേട്ടില്ലേ.. എന്തൂട്ടാ ഡി വാങ്ങണ്ടേ..

അനു തിടുക്കപ്പെട്ട് പുറത്തേക്കോടി വന്നു… മൊബൈലിലാ ശ്രദ്ധ മുഴുവൻ.. എന്തൊക്കെയോ ചിരിച്ചു കൊണ്ട് ടൈപ്പുന്നുണ്ട്…

ഇന്നലെ മുതൽ ഫുൾ ടൈം മൊബൈലിലാ..കോളേജി പഠിക്കുമ്പം ഉള്ള കൂട്ടുകാര് എന്തോ വാട്സപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ടത്രേ..

മാഷേ ഞാൻ എഴുതി വച്ചിട്ടില്ല ലിസ്റ്റ്…. മാഷ് വൈകണ്ട.. ഇറങ്ങിക്കോളൂ… ഞാൻ വാട്സപ്പിടാം ലിസ്റ്റ്… അനു അടുത്തെത്തി മൊബൈലിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു…

ഒന്നും മിണ്ടിയില്ല.. ബൈക്കെടുത്തു ഇറങ്ങി… നല്ല തിരക്കുള്ള ദിവസമായിരുന്നു.. ഉച്ചക്ക് മൊബൈൽ തുറന്ന് നോക്കി …

വാങ്ങേണ്ട സാധനങ്ങളുടെ വലിയലിസ്റ്റ് വന്നുകിടപ്പുണ്ടാർന്നു….

വൈകീട്ട് വീട്ടിലെത്തിയപ്പോൾ മണിയഞ്ചായി…കോളിംഗ് ബെല്ലടിച്ചപ്പോൾ ആരും തുറക്കുന്നില്ല.. വാതിൽ തള്ളി നോക്കിയപ്പോ ചാരിയിട്ടിട്ടേയുള്ളു… പതിയെ തുറന്ന് അകത്തെത്തി വസ്ത്ര o മാറി …

ചാരുകസേരയിൽ ഇരിപ്പുറപ്പിച്ചപ്പോൾ ചായ വന്നു…. ചായ വാങ്ങി ശ്രീമതിയുടെ മുഖത്തേക്ക് പാളി നോക്കി..

പ്രതീക്ഷിച്ച പോലെ കൊട്ടക്കുണ്ട് മുഖം…. പണിയൊരെണ്ണം ചെറുതായി കൊടുത്തിട്ടുണ്ടായിരുന്നേ… വാങ്ങാൻ പറഞ്ഞ എല്ലാ സാധനങ്ങളും പടം സഹിതം വാട്സ പ്പിൽ തന്നെ തിരിച്ചയച്ചിരുന്നു… എന്റടുത്താ കളി …അവളുടെയൊരു വാട്സപ്പ്…

ആറു മണിയായി.. മോന്ത വീർപ്പിനൊരു കുറവുമില്ല… കാര്യം തമാശയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇത്ര സീരിയസാവുംന്ന് കരുതിയില്ല…

സമയം ഏഴു മണിയാകുന്നു.. മുഖം വീർ പ്പയഞ്ഞിട്ടില്ല… അകത്തേക്ക് ചെന്നപ്പോൾ മുറിയിൽ വെളിച്ചമൊന്നുമില്ലാതെ ബെഡിൽ കമഴ്ന്ന് കിടക്കുകയാണ്.. പതിയെ അരികിലെത്തി നീണ്ടു വിടർന്ന മുടിയിലൊരു മണം പിടിച്ച് മുഖം തിരിച്ച് കോംപ്രമൈസിനൊരു ശ്രമം നടത്തി..

കരയാ നീയ്യ്… അശ്ശേ ശ്ശേ…

കരയല്ലേ.. ബാ എണീറ്റേ.. നമുക്കൊന്നു കറങ്ങിയിട്ട് വരാം…

മാഷേ…

എന്തോ…

ഞാനവരെയെല്ലാം കണ്ടുമുട്ടിയ സന്തോഷത്തിൽ ഇത്തിരി നേരമിരുന്നതാണ്… ഇനി ആവർത്തിക്കില്ല….

പോട്ടെ ഡാ.. സാരമില്ല… ഈ നെറ്റുംfb യും വാട്സ പ്പും ഒരുമായി ക ലോകമാണ്… അതിലൊന്നും വല്യ അർത്ഥമില്ല.. നമുക്ക് നമ്മുടെ ജീവിതമാണ് വലുത്… അത് കഴിഞ്ഞിട്ടേ എന്ത് സന്തോഷവുമുള്ളു. കുഴപ്പമില്ല.. നീ എണീറ്റേ.. റെഡിയായേ.. ഒന്നു പുറത്ത് പോയി ഒരു പർച്ചേ സൊക്കെ കഴിഞ്ഞിട്ട് വരാം..

വണ്ടി സ്റ്റാർട്ടാക്കി.. സിറ്റിലക്ഷ്യമാക്കി പാഞ്ഞു… നോക്കൂ മാഷേ പതിയെ ഓടിപ്പിച്ചാൽ മതീ ട്ടോ… അനു ഇരു കൈകളാൽ വട്ടം കെട്ടിപ്പിടിച്ച് പതിയെ വയറിൽ കൈകള മർത്തി ചെവിയിൽ മന്ത്രിച്ചു…

പർച്ചേസി ങ്ങെല്ലാം കഴിഞ്ഞ് ഒരു പൂക്കടയുടെ അടുത്ത് വണ്ടി കൊണ്ട് നിർത്തി…

ഇതെന്തിനാ ഇവിടെ നിർത്തിയത്…

ഇത്തിരി ശൃംഗാരം കണ്ണിലൊളിപ്പിച്ച് കണ്ണുകൊണ്ടൊരാ ക്ഷൻ കാട്ടി രണ്ട് മുഴം മുല്ലപ്പൂ വാങ്ങി വന്നപ്പോൾ ‘ചെറിയ നാണം കൊണ്ടു ചുവന്ന മുഖം കണ്ടില്ലാന്ന് വച്ച് വണ്ടിയിൽ കയറി…

ഹേയ് മാഷ്…

ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി…

ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരി.. കൂടെ ഒരു കുട്ടിയുമുണ്ട്…

പരിചയമില്ലാത്ത വിധം മുഖമൊന്ന് വിടർത്തി ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ ഇടയിൽ കയറി പറഞ്ഞു..

മാഷ് എന്നെ അറിയില്ലേ..

ഞാൻ നീലിമ സുരേഷ്.. ഞാൻമാഷിന്റെ എല്ലാ കഥകളും വായിക്കാറുണ്ട്…കമന്റാ റു മുണ്ട് … ഓർമ്മയില്ലേ..

പെട്ടെന്നവൾ ഭാര്യയെ നോക്കി ഒരു ആക്കിയചിരി ചിരിച്ചു.. ഇതാണല്ലേ മാഷിന്റെ കഥകളിലെ കാന്താരി….

നിങ്ങടെ വടക്കുന്നാഥൻ കഥകളൊക്കെ വായിച്ച് ശരിക്കും ത്രില്ലടിച്ചു…

ഇന്റർ കാസ്റ്റ് മാര്യേജായിരുന്നല്ലേ…..

ഒന്നുകൂടി ഭാര്യയെ ഉഴിഞ്ഞു നോക്കി അവൾ പറഞ്ഞു… കണ്ടാ പറയില്ലാട്ടോ ഇത്ര കുസൃതിത്തരമുള്ള കുട്ടിയാന്ന്….

സ്തബ്ദനായി നിൽക്കുമ്പോൾ അവൾ പിന്നെയും പറഞ്ഞു.. നിങ്ങടെ എടപ്പിള്ളിയിൽ പോയി കോഴിയെ വച്ച കഥയൊക്കെ ശരിക്കും കൊതിപ്പിച്ചൂട്ടോ…

വയറിൽ മുറുകെ പിടിച്ചിരുന്ന കൈ ഒന്നഴഞ്ഞതുപോലെ തോന്നി.. ഏയ് തോന്നിയതാകും…

എനിവേ പരിചയപ്പെട്ടതിലും കണ്ടതിലും വല്യ സന്തോഷം.. മാഷേ… മുന്നിലുള്ള യുവതി ശരിക്കും എക്സൈറ്റഡായിരുന്നു.. പോട്ടെ.. കുട്ടിയെ ഡോക്ടറെ കാണിക്കാൻ വന്നതാ.. പോട്ടെ…കാണാം…

ഒരു ചമ്മിയ ചിരി മുഖത്ത് വരുത്തി യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി…

വഴിയിൽ ചേർന്നിരിക്ക ലോ കെട്ടിപ്പിടിത്തമോ പിന്നീടുണ്ടായില്ല…

വീട്ടിലെത്തി ഭക്ഷണം കഴിച്ച് റൂമിലെത്തി അനു വരുന്നതിനായ് കാത്തിരുന്നു.. പാത്രങ്ങളെല്ലാം കഴുകി വച്ച് അവൾ വന്നു… മുഖം തേനീച്ചകുത്തിയതുപോലെ…

ആരാ കാന്താരി..?

ഏതു കാന്താരി..? തിരിച്ചു ഒന്നുമറിയാത്തതുപോലെ ചോദിച്ചു..

ആ പെണ്ണ് നേരത്തേ പറഞ്ഞ ഇൻറർ കാസ്റ്റ് കാന്താരിയാരാന്ന്…

അത് അത്…കഥയല്ലേ അനൂ…

കഥ എനിക്കറിയാം നിങ്ങ കല്യാണത്തിനു മുമ്പ് കോഴിയായിരുന്നു ന്ന്..

അനൂ അത് ഫെയ്സ് ബുക്കില് വെറുതേ ഓരോന്ന്…

മുഴുമിപ്പിക്കാൻ പറ്റിയില്ല. ബെഡ് റൂമിന്റെ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു…

മേശപ്പുറത്തിരുന്ന മുല്ലപ്പൂക്കൾ എന്നെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചുവോ…

ഫെയ്സ് ബുക്കിലപ്പോൾ പുതിയ ഒരു നോട്ടിഫിക്കേഷൻ മെസ ജ് ശബ്ദിച്ചു…

നീലിമ സുരേഷ്…
പതിയെ മെസഞ്ചർ തുറന്ന് വായിച്ചു..

മാഷേ കള്ളാ ആ കാന്താരിയെ മാഷ് തേച്ചൂ ല്ലേ.. എനിക്ക് തോന്നി… സോറീട്ടോ…

മെല്ലെ നെറ്റ് ഓഫാക്കി പുതപ്പ് എടുത്ത് തല വഴി മൂടി….

മേശമേലിലിരുന്ന് മുല്ല പൂക്കൾ അപ്പോഴും എന്തിനോ വേണ്ടിമത്തുപിടിപ്പിക്കുന്ന സുഗന്ധം പൊഴിക്കുന്നുണ്ടായിരുന്നു…..

രചന ; റജി മാഷ്

LEAVE A REPLY

Please enter your comment!
Please enter your name here