Home Article അതെ ആണത്തമുള്ളവന്റെ കയ്യിൽ സ്ത്രീ സുരക്ഷിതയാണ്; പാറുവും സുരക്ഷിതയാണ്…

അതെ ആണത്തമുള്ളവന്റെ കയ്യിൽ സ്ത്രീ സുരക്ഷിതയാണ്; പാറുവും സുരക്ഷിതയാണ്…

0

അതെ ആണത്തമുള്ളവന്റെ കയ്യിൽ സ്ത്രീ സുരക്ഷിതയാണ്;
പാറുവും സുരക്ഷിതയാണ്…

പാർവതി കുട്ടിക്ക് കല്യാണായിന്ന് കേട്ടു. ചെക്കൻ എവിടുന്നാ, എന്താ ജോലി?
“കഴിഞ്ഞ ഞായറാഴ്ച്ച പെണ്ണ് കാണാൻ വന്നു, ഇഷ്ടായിന്നാ പറഞ്ഞേ. പെണ്ണിനെ അങ്ങട് ബോധിച്ചൂന്ന ദല്ലാൾ പരമു പറഞ്ഞത്” അപ്പുണ്ണിനായരുടെ ചോദ്യത്തിന് ജയചന്ദ്രൻ പറഞ്ഞു..

അടുത്ത വ്യാഴാഴ്ച്ച വീട്ടിലെ കാർന്നോന്മാരെ കൂട്ടി ഒന്നുടെ വരണ് ണ്ട് അവർ. എല്ലാർക്കും പിടിച്ചുന്ന്ച്ച വേളി ഉണ്ടാവും.
പാർവതി വളർന്ന് വേളിക്കുള്ള പ്രായായപ്പോ തൊട്ട് മനസ്സിന് ഒരു നീറ്റല്. ഉള്ള വസ്തു വിറ്റ് പഠിപ്പിച്ചു. വീടും വീടിനോട് കൂടിയ 10 സെന്റും ബാക്കിയുണ്ട്.സർക്കാർ ജോലിക്ക് നിയമനം കിട്ടുന്ന് പറഞ്ഞിരിപ്പാരുന്നു. ഇത് വരെ ആയില്ല. പ്രായം 24 കഴിഞ്ഞു. ഇനിം കാത്തിരുന്ന ശര്യാവില്ല്യ. പഠിപ്പുള്ളോണ്ട് ഇനിം ജോലി കിട്ടുല്ലോ, ജയചന്ദ്രൻ ഒരാശ്വാസം എന്നപോലെ പറഞ്ഞു.പാർവതി നല്ല സന്തോഷത്തിലാണ്, ഒത്തിരി ആലോചനകൾ ഇതിനിടെ വന്നതാ. സ്ത്രീധന പ്രശ്‍നം കൊണ്ട് എല്ലാം മാറിപ്പോയി. വരുന്നോർക്കൊക്കെ കുട്ടിക്ക് എന്ത് കൊടുക്കൂന്ന അറിയേണ്ടത്. തറവാട് മാത്രേ ഉള്ളു, കാശില്ല എന്ന് കേൾക്കുമ്പോൾ മൂട്ടിലെ പൊടിം തട്ടി ഇറങ്ങൂത്രെ.അങ്ങനെയിരിക്കുമ്പോഴാണ് ഈ ആലോചന വരണത്. പേരുകേട്ട തറവാടികളാ. കുട്ടിയെ കണ്ടപ്പോ തന്നെ ചെക്കന് ഇഷ്ടായി. അതോണ്ട് പൈസേടെ കാര്യോന്നും ഓർത്ത് വിഷമിക്കണ്ടാന്ന് പറഞ്ഞത്രേ. എന്ത് തന്നെയാണെങ്കിലും, ഒന്നും കൊടുക്കാതെ എങ്ങനാ വേറെ ഒരു വീട്ടിലേക്ക് കുട്ടിയെ പറഞ്ഞയക്കാ. ആ, ഈശ്വരൻ ഒരു വഴി കാണിച്ച് തരാതിരിക്കില്ല്യ.

വ്യാഴാഴ്ച്ച ചെക്കന്റെ വീട്ടുകാര് വരുന്ന്, എന്താ ഇപ്പോ ഉണ്ടാക്ക, ഊണ് കൊടുക്കാതെ വിടാൻ പറ്റില്ല്യ. 12 പേർ വരൂന്നാ പരമു പറഞ്ഞെ, ഈശ്വര കാത്തോളണേ, ജയചന്ദ്രൻ ഭാര്യ ജാനകിടെ കൈ പിടിച്ച് പറഞ്ഞു.ജയേട്ടൻ വിഷമിക്കണ്ട, എല്ലാം ശരിയാവുന്ന് മനസ്സ് പറയണു, എല്ലാം ശുഭം ആകും.മനസ്സ് നീറുമ്പോൾ സഹധർമ്മിണിയിൽ നിന്നുള്ള ആശ്വാസ വാക്കുകൾ, വരണ്ട നിലത്തിന് മഴ കിട്ടിയ സുഖാണ്. ജാനകിയെ കെട്ടിപ്പിടിച്ച് ജയചന്ദ്രൻ കുറച്ച് നേരം അങ്ങനെ നിന്നു.ബുധനാഴ്ച്ച ഒരുക്കേണ്ട സാധനങ്ങല്ലാം ഒരുക്കി വച്ചു. വ്യാഴാഴ്ച്ച കാലത്ത് തന്നെ ബന്ധുക്കളും ഒന്ന് രണ്ട് അയല്പക്കക്കാരും കൂടി നല്ല ഒരു നാടൻ സദ്യ തന്നെ ഒരുക്കി.10 30 നു തന്നെ ചെക്കന്റെ വീട്ടുകാർ വന്നു. കാര്യങ്ങളൊക്കെ സംസാരിച്ചു. സദ്യ വിളമ്പി എല്ലാവരും കഴിച്ച് തൃപ്തിയായി.”ഗംഭീരായിരിക്കണ് , നല്ല സ്വാദ്” വന്നവരിലൊരാൾ പുകഴ്ത്താൻ മറന്നില്ല.

“എല്ലാവർക്കും നന്നായി ബോധിച്ചൂന്ന് ഉറപ്പാ” അമ്മായിടെ ഭർത്താവ് കേശവൻ പറഞ്ഞു, നല്ല ചെക്കൻ , സുമുഖൻ, പാർവതീടെ ഭാഗ്യം. ഈശ്വരൻ കൂടെയുണ്ട് കുട്ടിക്കൊപ്പം.സ്ത്രീധനം വേണ്ടാന്നും, കുട്ടി മാത്രം മതീന്ന് പറഞ്ഞപ്പോഴും, ഇത്രക്ക് നല്ല മനസ്സുള്ളോരു ഇപ്പോഴും ഉണ്ടോ എന്ന് എല്ലാവരും പറയാതിരുന്നില്ല, എല്ലാം ഈശ്വരാധീനം.വൃശ്ചികം എട്ടിന് 10 നും 10 30 നും ഇടയിൽ മുഹൂർത്തം . ജാതകം പത്തിൽ പത്തും പൊരുത്തം. എല്ലാവർക്കും ഭയങ്കര സന്തോഷം. എല്ലാത്തിലുമുപരി പാർവതി സന്തോഷിച്ചു.വേളിക്ക് ഇനി വെറും 13 ദിവസങ്ങൾ. കയ്യിലുണ്ടായിരുന്ന കുറച്ച് പൈസയും, ആധാരം പണയം വച്ചെടുത്ത ഒരു തുകയും, ചില ബന്ധുക്കളും മറ്റും കൊടുത്ത ചില സഹായങ്ങളും കൂട്ടി 10 പവനും 50000 രൂപയും കഷ്ടപെട്ടാണെങ്കിലും ജയചന്ദ്രൻ മേടിച്ചു. ആവശ്യത്തിനുള്ള വസ്ത്രങ്ങളും വാങ്ങി, സദ്യക്കുള്ള ഏർപ്പാട് ചെയ്തു.

പാർവതിയെ അങ്ങനെ ഒന്നൂല്ല്യാതെ ഇറക്കി വിടാൻ പറ്റില്ല്യ. എന്റെ മനസ്സിന് ഒരു സന്തോഷം തോന്നണ് ജാനകി. നമ്മുടെ മോൾക്ക് നല്ലത് വരുത്തണേ. ജയചന്ദ്രൻ ജാനകിയോട് നനവാർന്ന കണ്ണുകളോടെ പറഞ്ഞു.ഒരച്ഛന്റെയും അമ്മയുടെയും ഉത്കണ്ഠ അവിടെ നിറഞ്ഞിരുന്നു.അങ്ങനെ കല്ല്യാണ തലേ ദിവസം എത്തി. ബഹളവും ചിരിയും, സദ്യ ഒരുക്കലും, തോരണങ്ങളും കൊണ്ടോക്കെ വീടിന്റെ മുറ്റം നിറഞ്ഞിരുന്നു.എല്ലാവരും എല്ലാത്തിനും കൂടി കൂടി. രാത്രി കഴിഞ്ഞു. നേരം വെളുത്തു. രാവിലെ തന്നെ പാർവതി കുളിച്ച് വസ്ത്രം മാറി കല്യാണ സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി പുറത്ത് വന്നപ്പോൾ ഒരു ദേവത ഇറങ്ങി വന്ന പ്രതീതിയായിരുന്നു. മകളുടെ മുഖത്തെ ലാവണ്യം കണ്ടു ഏറ്റവുമധികം സന്തോഷിച്ചത് അവളുടെ അച്ഛനും അമ്മയുമായിരുന്നു.സമയത്തിന് തന്നെ മണ്ഡപത്തിലെത്തി ചെക്കന്റെ വീട്ടുകാരും വന്നിരുന്നു. എല്ലാവരുടെയും കണ്ണുകൾ സൗന്ദര്യ പ്രഭയാർന്ന പാർവതിയുടെ നിഷ്കളങ്ക മുഖത്തായിരുന്നു. മൂഹൂർത്തത്തിനുള്ളിൽ തന്നെ താലികെട്ട് കഴിഞ്ഞു. ഒരുക്കിയ സദ്യയും കഴിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി പോയി.

അന്ന് വൈകുനേരം മരുമകനെയും മോളെയും ഒരുമിച്ച് കെട്ടിപിടിച്ച് ജയചന്ദ്രനും ജാനകിയും പറഞ്ഞു. “ഞങ്ങൾക്കുള്ള ആകെയുള്ള മോളാ, ഞങ്ങടെ പൊന്നുമോൻ നന്നായി നോക്കണംട്ടോ” 4 ദിവസം കഴിഞ്ഞ്, പെണ്ണും ചെറുക്കനും ചെറുക്കന്റെ ഭവനത്തിലേക്ക് പോയി. പോയപ്പോൾ പാർവതിയും അച്ഛനും അമ്മയും കെട്ടിപിടിച്ച് കരഞ്ഞു. അത് കണ്ട് പാർവതിയുടെ ഭർത്താവ് മനോജിന്റെ കണ്ണും നിറഞ്ഞു.പാർവതി ഭർതൃ വീട്ടിൽ എത്തി. അമ്മായിയമ്മയും അമ്മായിയച്ഛനും ബാക്കി എല്ലാവരും ചേർന്നവരെ സ്വീകരിച്ചു ഉള്ളിൽ കൊണ്ട് പോയി. പിന്നീടുള്ള ദിവസങ്ങൾ വളരെ സന്തോഷമുള്ളതായിരുന്നു. പാർവതിയും അവളുടെ വീട്ടുകാരും അതിയായി സന്തോഷിച്ചു.അതിനിടക്ക് മനോജിന്റെ അനിയൻ മനുവിന്റെ വിവാഹമായി. വധു സമ്പന്ന യുവതി. 100 പവനും 10 ലക്ഷം രൂപയും സ്ത്രീധനം. വേളി നന്നായി നടന്നു. മനുവിന്റെ ഭാര്യ വന്നതോടെ അത് വരെ സ്നേഹത്തിലായിരുന്ന അമ്മായിയമ്മ പാർവതിയോട് ഒരു അകൽച്ച പോലെ. ഇപ്പോൾ പുള്ളിക്കാരിക്ക് പ്രിയം സമ്പന്ന മരുമകളോടാണ്.

നല്ല പോലെ സ്ത്രീധന തുകയും, പൊന്നും കണ്ടപ്പോൾ പാർവതി കൊണ്ട് വന്ന 10 പവനും 50000 രൂപയും ഒന്നുമല്ലാന്നു തോന്നി. മനുവിന്റെ ഭാര്യയുടെ മുന്നിൽ അവൾ ചെറുതെന്നു അമ്മായിയമ്മ വാസന്തിക്ക് തോന്നിത്തുടങ്ങി.ആ കുറവ് വാസന്തി ദേഷ്യം പോലെ പ്രകടിപ്പിക്കാൻ തുടങ്ങി.പാർവതി, അമ്മായിയമ്മ ഉറക്കെ വിളിച്ചു, “നീയാണോ ഈ തേങ്ങാ ഇവിടിട്ടത്”അതെ അമ്മേ, ഉച്ചക്ക് അവിയല് വെക്കാനായി പൊളിക്കണം അതിനു ഞാൻ രാവിലെ എടുത്തതാ. പാർവതി പറഞ്ഞു.”ഇനി മേലിൽ തേങ്ങാ ഇങ്ങനെ മുറ്റത്തിടരുത്” ആദ്യമായി അമ്മായിയമ്മ പാർവതിയോട് കയർത്ത് സംസാരിച്ചു.പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ പാർവതിക്ക് വളരെ കഷ്ടത നിറഞ്ഞതായിരുന്നു. സമ്പന്ന മരുമകളുടെ പൊന്നിൽ കണ്ണ് മഞ്ഞളിച്ച് അമ്മായിയമ്മപാർവതിയെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്തിനു ഏതിനും പഴി.സ്‌ത്രീധനം കുറഞ്ഞെന്നും, നക്കാപ്പിച്ച കാശുകൊണ്ട് വലിഞ്ഞു കേറി വന്നെന്നും,വീട്ടിൽ പോയി കാശും പൊന്നും മേടിച്ചോണ്ടു വരാനൊക്കെ തള്ള വാസന്തി ഇടക്കിടെ പറഞ്ഞ് കുറ്റപ്പെടുത്താൻ തുടങ്ങി.

ആരോടും ഒന്നും പറയാതെ പാർവതി ഒറ്റക്കിരുന്നു കരയും. വീട്ടീന്ന് വിശേഷങ്ങൾ ചോദിക്കുമ്പോൾ സുഖാണ് പറഞ്ഞൊഴിയും.ഇത്രയും നാൾ പാർവതിക്ക് , വാക്കുകൊണ്ടുള്ള പീഡനമായിരുന്നു. ഇപ്പോൾ അവളെ ഉന്താനും തള്ളാനും തുടങ്ങിയിരിക്കുന്നു. ഒരു ദിവസം കറിയിൽ ഉപ്പു കുറഞ്ഞ് പോയിന്നു പറഞ്ഞ് ….ആ കറി തള്ള അവളുടെ മേത്തൊഴിച്ചു. ആകെ ഞെട്ടി തരിച്ചു പോയ പാർവതി കരഞ്ഞു കൊണ്ട് ഓടിപോയി വസ്ത്രം മാറി ..പിന്നീടങ്ങോട്ട് പീഡനങ്ങളുടെ സമയമായിരുന്നു . ഒന്നും ആരെയും അറിയിക്കാതെ എത്ര നാൾ ഇങ്ങനെ പോകും. വീട്ടിൽ പറഞ്ഞാൽ അച്ഛനും അമ്മയും വിഷമിക്കും. മനോജേട്ടനോട് ഇത് വരെ പറഞ്ഞിട്ടില്ല.ഒരു ദിവസം മനോജ് ചോദിച്ചു….പാറു നിനക്കെന്തു പറ്റി മുഖം വല്ലതിരിക്കുന്നല്ലോ ,ഒന്നൂല്ല്യാ മനോജേട്ടാ, ദേഹത്തിന് നല്ല സുഖല്ല്യ, അതോണ്ടാവും. സാരല്ല്യ മാറിക്കോളും.എങ്കിലും മനോജിന് പാറൂന്റെ മുഖത്തു ഒരു ദുഃഖം നിഴലിച്ച് നിൽക്കുന്നത് കാണാമായിരുന്നു.

മനോജിന് പാറൂനെ ഒത്തിരി ഇഷ്ടായിരുന്നു. അവൾക്ക് അവനേം.കുറച്ച് കഴിഞ്ഞതോടെ പാറൂന് ഒന്നും സഹിക്കാൻ പറ്റാതായി. കരഞ്ഞ് കരഞ്ഞ് മടുത്തു. വീട്ടിലെ എല്ലാ പണിയും എടുക്കണം, കുത്തു വാക്കും പഴിയും, പീഡനവും.പാറു ആശുപത്രിയിലാണെന്നറിഞ്ഞാണ് ജയചന്ദ്രനും ജാനകിയും ഓടിവന്നത്, പാറൂന്റെ കയ്യൊടിഞ്ഞിരിക്കുന്നു, നെറ്റിയിൽ മുറിവുണ്ട് 4 സ്റ്റിച്ചും.എന്താ മോളെ പറ്റ്യേ ,അച്ഛൻ ചോദിച്ചു ..ഒന്നൂല്യാ അഛാ, തെറ്റി വീണതാ.സൂക്ഷിക്കണ്ടേ മോളെ, ഞങ്ങൾ ആകെ പേടിച്ച് പോയിട്ടോ.സത്യത്തിൽ അവളെ സ്റ്റെപ്പിന് മുകളിൽ നിന്ന് അമ്മായിയമ്മ വാസന്തി തള്ളിയിട്ടതായിരുന്നു. സംഭവം അറിഞ്ഞ മനോജ് ഓടി വന്നു. അന്ന് വൈകുന്നേരം ആശുപത്രി കിടക്കയിൽ വച്ച് പാർവതി മനോജിനോട് പൊട്ടിക്കരഞ്ഞ് കൊണ്ട് എല്ലാം പറഞ്ഞു.എങ്കിലും അവൾ പറയുന്നതിന് മുന്നേ മനോജ് ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. രണ്ട് ദിവസം ആശുപത്രി വാസം കഴിഞ്ഞ് മനോജ് അവളേം കൂട്ടി വീട്ടിലേക്ക് ചെന്നു.

പാർവതിയെ മനോജ് കുളിപ്പിച്ച് കൊടുത്തു. പുതിയ വസ്ത്രം ഇട്ടു കൊടുത്തു………………………………………………….ഇനിയാണ് ഒരു ഭർത്താവിന്റെ, ഒരു പുരുഷന്റെ ആണത്തം അവൻ അവിടെ കാണിച്ചത്.പാർവതി ഒന്നിങ്ങോട്ടു വന്നേ ..അഛാ, അമ്മേ, മനു , അനിയത്തി, എല്ലാരും ഒന്ന് വന്നേ.എല്ലാവരും വന്നു.അവൻ ചോദിച്ചു ..അമ്മേ പാർവതിയുടെ കൈ എങ്ങനാ ഒടിഞ്ഞത്.അവൾ അടുക്കളയിൽ തെറ്റി വീണതാ എന്നല്ലേ പറഞ്ഞേ.മനോജ് അമ്മയെ തുറിച്ചോന്നു നോക്കി എന്നിട്ട് ആക്രോശിച്ചു.അമ്മേ , സത്യം പറഞ്ഞോ പാർവതി എങ്ങനാ വീണത് ..അവന്റെ അലർച്ചയിൽ ആ വീട് മുഴുവൻ കുലുങ്ങുന്നത് പോലെ തോന്നി. ഞെട്ടി തരിച്ചു പോയ വാസന്തി ഒന്നും മിണ്ടാൻ പറ്റാതെ അധരങ്ങൾ വിറച്ചു..’അമ്മ ആയാലും കൊള്ളാം ആരായാലും കൊള്ളാം. ഈ നിൽക്കുന്നത് എന്റെ ഭാര്യ ആണ്, നിങ്ങളുടെ കളിപ്പാവ അല്ല. മനസ്സിലായല്ലോ, എന്റെ ഭാര്യയെ തള്ളിയിട്ടതെന്തിന്? അവൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ ?

കുരുത്തക്കേട് കാണിച്ചാൽ അമ്മ എന്ന സ്ഥാനത്തിന് യോഗ്യ ആരും അല്ല.പിന്നെ സമ്പത്തിന്റെ പേരും പറഞ്ഞു ആരും ഇനി കളിക്കണ്ട. അങ്ങനെ ചെയ്താൽ ആരെയും നേരാവണ്ണം ജീവിക്കാനുവദിക്കില്ല.മനസ്സിലായല്ലോ, കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. അമ്മയുടെ തിളങ്ങുന്ന പൊന്നിനോടുള്ള ആർത്തി അവളോട്‌ സ്ത്രീധനം കുറഞ്ഞു പോയിന്നും പറഞ്ഞു കുറെ വഴക്കിട്ടു എന്നും ഞാൻ അറിഞ്ഞു.എന്റെ ഭാര്യയുടെ വീട്ടിലെ കാശുകൊണ്ട് ആർക്കാ ഇവിടെ ജീവിക്കേണ്ടത് പറയാൻ. ഞാൻ ജോലി ചെയ്താ എന്റെ ഭാര്യയെ പോറ്റുന്നത്.എന്റെ ഭാര്യക്ക് സ്ത്രീധനം കുറവാണെന്നു പരാതി ഉള്ളവർക്ക് ഇപ്പോൾ പറയാം. ഇനി എന്റെ ഭാര്യയോട് സ്ത്രീധനം എന്ന വാക്ക് മിണ്ടിയാൽ തല ഞാൻ തല്ലിപ്പൊളിക്കും, കേട്ടല്ലോ എല്ലാവരും.

ഇനി മേലിൽ ഇവളോട് എന്തേലും കാണിച്ചുന്നറിഞ്ഞാൽ ബാക്കി അന്നേരം പറയാം. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാ. ഇനി ഞാൻ പറയില്ല പ്രവൃത്തിക്കുകയേ ഉള്ളു.പാർവതിയോട് ചെയ്ത തെറ്റ് തെറ്റ് തന്നെയാ.വാസന്തി വിറച്ച് കൊണ്ട്, എന്നോട് ക്ഷമിക്കണം മോളെ, എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടോടി പോയി.അന്ന് മുതൽ അമ്മായിയമ്മ എക്സ്ട്രാ ഡീസന്റ്, സമ്പന്ന മരുമകളും ഡീസന്റ്. പണികൊളൊക്കെ എല്ലാവരും ഒരുമിച്ച് ഒരു പ്രശ്നവുമില്ല.മനോജിന്റെ അച്ഛൻ അവനെ വിളിച്ചിട്ട് പറഞ്ഞു. നീയാടാ എനിക്ക് പിറന്ന ആൺകുട്ടി . ഞാൻ ചെയ്യേണ്ടത് നീ ചെയ്തു, നന്നായി വരുമെടാ നീ.അച്ഛന്റെ അനുഗ്രവും വാങ്ങി അവൻ മുറിയിൽ ചെന്ന് പാറൂനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. അവൾ സുരക്ഷിതത്വ ബോധത്തോടെ അവന്റെ മാറിൽ ചാരി കിടന്നു. പാറു അവളുടെ സ്നേഹത്തിനു ഒട്ടും കുറവ് വരുത്തിയിട്ടില്ല അവരോട്.ചിലപ്പോൾ ഭർത്താക്കന്മാരുടെ സമയോചിതമായ ഇടപെടൽ കാര്യങ്ങൾ മാറ്റി മറിക്കും. അതെ ആണത്തമുള്ളവന്റെ കയ്യിൽ സ്ത്രീ സുരക്ഷിതയാണ്. പാറുവും സുരക്ഷിതയാണ്. …………………………..രചന: ജിജോ പുത്തൻപുരയിൽ

സ്ത്രീകൾ എന്നും അടിച്ചമർത്തപ്പെടാറുള്ള വിഭാഗം ആണ്.പണ്ട് മുതലേ ഉള്ള ഈ സമ്പ്രദായം വ്യത്യസ്ത തലങ്ങളിലായി ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.പണ്ട് യാതൊരു വിധ സ്വാതന്ത്ര്യങ്ങളും സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല.എന്നാൽ ഇന്ന് സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അവർ സുരക്ഷിതർ അല്ല. അവർക്കു നേരെ പതിയുന്നുണ്ടോ എന്ന് പേടിച്ചു വേണം ഇന്നത്തെ സ്ത്രീകൾക്ക് ജീവിക്കാൻ.പണ്ടും ഇന്നും നില നിൽക്കുന്ന ഒരു സമ്പ്രദായം ആണ് അമ്മായി ‘അമ്മ പോര് എന്നത്.

പണ്ട് അത് വളരെ കൂടുതൽ ആയിരുന്നു എന്നാലും ഇന്നും അത് നിലനിൽക്കുന്നു.പണ്ട് പെൺകുട്ടികൾ വീടിന്റെ ബാധ്യതകൾ ആയി കണക്കാക്കപ്പെട്ടിരുന്നു. വിവാഹം ചെയ്തു വിടണം എങ്കിൽ സ്ത്രീധനം നൽകേണ്ടത് നിര്ബന്ധമാണ്.അതിനായി കിടപ്പാടവും എല്ലാ സ്വത്തുക്കളും വിൽക്കേണ്ട സാഹചര്യങ്ങൾ ഒട്ടു മിക്ക പേർക്കും വന്നിരുന്നു.ഇത് കൊണ്ടായിരുന്നു പണ്ട് കാലങ്ങളിൽ പെൺകുട്ടി ആണ് എന്നറിഞ്ഞാൽ ഗർഭാവസ്ഥയിലോ അല്ലെങ്കിൽ പ്രസവിച്ചു കഴിഞ്ഞോ പെൺകുഞ്ഞുങ്ങളെ നശിപ്പിച്ചിരുന്നത് .

സ്ത്രീധനം കുറവായതിന്റെ പേരിൽ മരുമക്കളെ കണ്ണീർ കുടിപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലാൻ വരെ ശ്രമിക്കുകയും ചെയ്ത അമ്മായി അമ്മമാർ ഉണ്ട് . അത് വെറും കഥകൾ മാത്രമല്ല.സത്യം തന്നെ ആണ് .അത്തരത്തിൽ ഒരു അമ്മായി അമ്മയെ വന്തം മകൻ പഠിപ്പിച്ച പടം മനോഹരമായി വര്ണിച്ചിരിക്കുകയാണ് ഇവിടെ.സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ തന്ടെ ഭാര്യയെ ‘അമ്മ പീഡിപ്പിക്കുന്നത് അറിഞ്ഞു യുക്തിപരമായി സംസാരിച്ചു ആ പ്രശ്നം തുടച്ചു നീക്കി മിടുക്കനായ ആ ഭർത്താവ് .

അമ്മയുടെ സാരി തുമ്പിൽ പിടിച്ചു നടക്കുന്ന മകൻ ആകാതെ അമ്മയുടെ തെറ്റ് ചൂണ്ടി കാണിക്കുകയും അത് വഴി അമ്മയിൽ നല്ല മാറ്റങ്ങൾ വരുത്താനും മകന് സാധിച്ചു ,തന്റെ തെറ്റ് മനസിലാക്കിയ ‘അമ്മ മരുമകളോട് മാപ്പു പറയുകയും പിന്നീട് നല്ല രീതിയിൽ പെരുമാറുകയും ചെയ്തു.വേണ്ട രീതിയിൽ ഉള്ള ഇടപെടലുകൾ ഉണ്ടായാലേ ചില പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടാകുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here