Home Latest ആദ്യ രാത്രി അവളുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി; എന്നോട് ക്ഷമിക്കണം

ആദ്യ രാത്രി അവളുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി; എന്നോട് ക്ഷമിക്കണം

0

അമ്മയുടെയും അച്ഛന്റെയും നിർബന്ധനത്തിനു വഴങ്ങാതെ മുങ്ങി നടന്ന എന്നെ അളിയനും പെങ്ങളും കൂടി അവള് തല ചുറ്റി വീണു ആശുപത്രിയിൽ ആണെന്ന് പറഞ്ഞാണ് അങ്ങോട്ട്‌ വിളിച്ചു വരുത്തുന്നത്

അവര് പറഞ്ഞ അടയാളങ്ങൾ നോക്കി വണ്ടി ഇടതും വലതും വെട്ടിച്ചു ഒടുവിൽ ഞാൻ എത്തി ചേർന്നത് ഇരുമ്പ് ഗേറ്റ് ഇട്ട ഒരു വീട് പോലെ തോന്നിക്കുന്ന കെട്ടിടത്തിന്റെ മുൻപിൽ . ഇതെന്തോന്നു ആശുപത്രി എന്നു ചിന്തിച്ചു നിക്കുമ്പോൾ ദാണ്ടെ വരുന്നു അളിയനും പെങ്ങളും

തല കറങ്ങി വീണെന്ന് പറഞ്ഞവൾ ആഞ്ഞുപിടിച്ചു എന്റടുത്തേക്കു നടന്നു വരുമ്പോഴും എനിക്ക് മനസിലായില്ല ഞാനൊരു ചതിയിൽ പെട്ടിരിക്കുകയാണെന്നു. ഞാൻ ഒരു മാമൻ ആകാൻ പോവുകയാണ് ഞാൻ ഉറപ്പിച്ചു

മോളായിരിക്കും !!! ആരെന്തു വിളിച്ചാലും ഞാൻ അവളെ മാളുന്നു വിളിക്കും. !!!

ഞാൻ മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഇളിച്ചോണ്ട് അവളുടെ നേരെ ഓടുമ്പോഴാണ് ഒരു പരിചയം ഉള്ള ശബ്ദം കേട്ടത്

“മര്യാദക്ക് അവനേം വിളിച്ചോണ്ട് പെട്ടന്നിങ്ങു കേറി വാ ”

വേറെ ആരും അല്ല മാഷാണ് !!!അഥവാ എന്റെ അച്ഛൻ

ഞെട്ടി തിരിഞ്ഞു നോക്കിയ എന്നെ നോക്കി അമ്മ നൂറു വാട്ടിന്റെ ചിരി ചിരിച്ചപ്പോൾ എനിക്ക് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം പിടി കിട്ടി !!!

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു !!!

അറസ്റ്റ് ചെയ്തു കൊണ്ട് പോണ പോലെ എന്റെ രണ്ട് കൈയ്യിലും പിടിച്ചു അവളും അളിയനും കൂടി അകത്തേക്ക് കയറ്റി

പെണ്ണിന്റെ അച്ഛൻ എന്റെ അച്ഛനുമായി കത്തി തകർക്കുന്നതിനിടയിൽ ഞാൻ പെങ്ങളുടെ കാലിൽ ചവിട്ടി നോവിച്ചു

അവളുടെ ചെവിയിൽ മുരണ്ടു ” നിങ്ങളെല്ലാംകൂടി ആ വരാൻ പോണ സാധനത്തിനെ എന്റെ തലയിൽ വെച്ചു തന്നാലും അതിനെ ഞാൻ ആദ്യ രാത്രി തന്നെ ഓടിക്കും ” കണ്ടോ !!!

എല്ലാവർക്കും ഇഷ്ടപ്പെട്ടു,കല്യാണത്തിന് ആറു മാസം സമയം വേണമെന്ന എന്റെ ആവശ്യം തള്ളി കളഞ്ഞു അവരെല്ലാം കൂടി ജാതകം ഗീതകം എന്നു പറഞ്ഞു രണ്ട് മാസം കഴിഞ്ഞു ഡേറ്റ് നിശ്ചയിച്ചു

അവൾക്കു എന്നെയും, മിണ്ടാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് അവളെയും വല്ലാതെ ഇഷ്ടപ്പെട്ടു. ആളൊരു പോക്കറ്റ് റേഡിയോ ആണ്

സ്വിച്ചിട്ടാൽ മാത്രം മതി. പിന്നെ നിർത്തില്ല

സംസാരിച്ചു സംസാരിച്ചു ഒടുവിൽ രണ്ട് മാസം കല്യാണം നീട്ടി വെക്കാൻ തോന്നിപ്പിച്ച എന്റെ ബുദ്ധിയെ വരെ ഞാൻ പഴിച്ചു !!!

നയാഗ്ര വെള്ളചാട്ടം കണ്ടിട്ട് ചത്താലും വെണ്ടൂല്ലന്നു പറഞ്ഞ അവൾക്കൊരു സർപ്രൈസ് ആയി ഹണിമൂൺ അങ്ങോട്ട്‌ തന്നെ ആക്കാൻ തീരുമാനിച്ചു

അവളുടെ ഓമനത്തം ഉള്ള മുഖത്ത് ഒരു മൂക്കുത്തി ഇടീപ്പിച്ചു നോക്കാൻ ഉള്ള ആഗ്രഹത്തോടെ ഇന്ദ്രനീലക്കല്ലു പതിച്ച ഒരു മൂക്കുത്തി ആദ്യ രാത്രി അവൾക്കു സമ്മാനിക്കുവാൻ വാങ്ങി വെച്ചു

അവളെ എനിക്ക് വേണ്ടി കണ്ടു പിടിച്ചു തന്ന പെങ്ങൾക്കൊരു കൊലുസും, അമ്മക്കൊരു വളയും വാങ്ങി വെച്ചു. അതു അവളെ കൊണ്ട് തന്നെ അവർക്കു കൊടുപ്പിക്കാനും

അങ്ങനെ കാത്തു കാത്തിരുന്ന കല്യാണം കഴിഞ്ഞു. . ആറ്റു നോറ്റിരുന്ന ആദ്യരാത്രി ആയി. ഞാൻ നേരത്തെ പോയി മൂക്കുത്തിയും, ഹണിമൂൺ ടിക്കറ്റും യഥാ സ്ഥാനത്തു ഉണ്ടോന്നു ഉറപ്പു വരുത്തി

ഒരു കൊട്ട വെപ്രാളത്തോടെ അവൾ പാലും എടുത്ത് നടന്നു വരുന്നു

മുഖത്ത് വല്ലാത്ത വിമ്മിഷ്ടം…. കണ്ടിട്ട് “നിനക്ക് വയറു വേദനിക്കുന്നുണ്ടോ??? എന്നു ചോദിക്കണം എന്നു കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു

“എന്നോട് ക്ഷമിക്കണം എനിക്കൊരു കാര്യം പറയാനുണ്ട് ”

എന്റെ നെഞ്ചിടിക്കുന്നത് അടുത്ത വീട് വരെ കേൾക്കാം

“എന്താ” എന്നു ചോദിച്ചിട്ട് ശബ്ദം പുറത്തു വരുന്നില്ല.

“എനിക്ക് വേറൊരാളെ ഇഷ്ടമാണ് ഞാൻ അയാളുടെ കൂടയെ ജീവിക്കൂ. !!!!എന്റെ വീട്ടിൽ ചുമരിനു വരെ നാല് കണ്ണും കാതുമാണ് ”

അതു കൊണ്ട് അവിടുന്ന് ഒരു ഒളിച്ചോട്ടം നടക്കില്ല !!! എന്നെ സ്നേഹിക്കുന്ന ആൾ ഇന്ന് രാത്രി ഇവിടെ വരും. … ചേട്ടൻ എന്നെ ആരും കാണാതെ റോഡ് വരെ ആക്കി തരണം !!!! ഒറ്റ ശ്വാസത്തിൽ ആണ് പറച്ചിൽ

കഴിഞ്ഞ ഒന്നര മാസം രാത്രി രണ്ട് മണി വരെ എന്റെ ചെവി കടിച്ചു പറിക്കുമ്പോൾ ഇത് വാ തുറന്നു പറഞ്ഞ് കൂടായിരുന്നോ മൂധേവി എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാനതു വിഴുങ്ങി

ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം !!!!

പെങ്ങളെ എനിക്ക് ഒറ്റയടിക്ക് കൊല്ലണം എന്നു തോന്നി !!!ജനിച്ചപ്പോൾ തുടങ്ങി എനിക്ക് പണി തരാൻ നടക്കുന്ന ജന്മം !!!

ഏതോ ഒരുത്തന്റെ പിറകെ നടക്കുന്നവളെ എനിക്ക് കണ്ടു പിടിച്ചു തന്ന അമ്മ !!!പത്തിൽ പത്തു പൊരുത്തമാണത്രെ

വല്ലാത്ത പൊരുത്തമായി പോയി !!!

ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നിയ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി

അണഞ്ഞിരുന്ന ലൈറ്റുകൾ എല്ലാം ഒരുമിച്ചു കത്തി

എങ്ങോട്ടാ ചേട്ടാ ചേച്ചിയെ റോഡ് വരെ ആക്കാൻ ആണോ ??? പെങ്ങളാണ്

കൂട്ടച്ചിരി നടത്തുന്ന മനുഷ്യ പറ്റില്ലാത്ത ജന്മംങ്ങൾക്കിടയിൽ ധാണ്ടിരിക്കുന്നു മാഷും !!!

എന്നാലും എന്റെ മാഷേ നിങ്ങളൂടി അറിഞ്ഞോണ്ടാണോ ഈ ചതി ???എന്നു പറഞ്ഞ് അകത്തോട്ടു നോക്കുമ്പോ

അകത്തു നിക്കുന്ന സാധനം തലയും തല്ലി ചിരിച്ചോണ്ട് പറയുന്നു ” അല്ല നിങ്ങൾ അല്ലേ ആദ്യരാത്രിയിൽ തന്നെ എന്നെ ഓടിക്കും എന്നു അമ്മൂനോട് പറഞ്ഞതെന്ന് ”

എഴുതിയത് : ശബരീഷ് ആര്‍.കെ

LEAVE A REPLY

Please enter your comment!
Please enter your name here