Home Latest ഭാര്യ പിണങ്ങിയാൽ

ഭാര്യ പിണങ്ങിയാൽ

0

കാലത്തു തന്നെ ഭാര്യയുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കായി ഞാനൊന്നു പറഞ്ഞാൽ അവൾ പത്ത് പറയും കൈ ഓങ്ങി ഒന്നു കൊടുത്തു അതോടെ നിന്നു അവളുടെ തറുതല പറയൽ ”
പിന്നെ കണ്ണുകൾ നിറച്ചു പറഞ്ഞവൾ “” ഞാനെന്റെ വീട്ടിൽ പോവുകയാണെന്ന്…
ഞാൻ ചോദിച്ചു അവളോട് “” ചെന്നു കയറുമ്പോൾ നിന്നുപ്പ ചോദിക്കും എന്താ കാര്യം എന്ന് ”
അപ്പോൾ നീ എന്തു കാരണം പറയും എന്ന്

“”അതൊക്കെ ഞാൻ പറഞ്ഞോളാം ഒട്ടും സ്നേഹമില്ലാതെ എന്നെ കൈ നീട്ടി അടിച്ചില്ലേ ഇതൊന്നും എനിക്ക് സഹിക്കാൻ വയ്യ പിന്നെ ഈ അടുക്കളയിൽ കിടന്നു കഷ്ടപ്പെടാനും വയ്യെന്ന് പറഞ്ഞവൾ തുണികളെല്ലാം വാരിക്കൂട്ടി പെട്ടിയിലാക്കി..
ഞാൻ തടയാൻ നിന്നില്ല അവളുടെ ആങ്ങളയെ ഫോണിൽ കുത്തി വിളിച്ച് വണ്ടി കൊണ്ട് വരണം എന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു ഞാനപ്പോഴും എതിരായി ഒന്നും പറഞ്ഞില്ല…

അവളുടെ ആങ്ങള വണ്ടി കൊണ്ട് വന്നു വീട്ടിലേക്ക് കയറി വന്നു ചോദിച്ചു ”എന്താ അളിയാ കാര്യം എന്ന്
ഞാൻ പറഞ്ഞു””കാര്യം ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞുമാറി
ഇതിനിടയിൽ അവൾ ആങ്ങളയുടെ കയ്യിൽ പെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു’ ‘ഇത് കൊണ്ട് പോയി വണ്ടിയിൽ വെക്കെടാ എന്ന്…

അവൾ വീടിന്റെ പടിയിറങ്ങുമ്പോൾ എനിക്ക് തോന്നി തിരിച്ചു വിളിക്കണമെന്ന് എന്നാൽ അവൾ കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി ദേഷ്യത്തിന്റെ മുനയെറിഞ്ഞാണ് എന്നെ തിരിഞ്ഞു നോക്കിയത്
ഇതു കണ്ടപ്പോൾ തിരിച്ചു വിളിക്കാനൊന്നും തോന്നിയില്ല അവൾക്ക് സ്വസ്ഥത അതാണേൽ പോയി നിൽക്കട്ടെ എന്നു ഞാനും കരുതി..

അവൾ പോയ പിന്നെ മനസ്സിൽ എന്തൊക്കെയോ അലയടിച്ചു കൊണ്ടിരുന്നു..
ഉമ്മ കൂടി പോയ ശേഷം അവളായിരുന്നു ഒരു കൂട്ട് ഇപ്പോ വീട്ടിൽ ഞാൻ തനിച്ചായി
ഉമ്മ ഇടക്കൊക്കെ പറഞ്ഞിരുന്നു നിനക്ക് കൂട്ടായി ഉള്ളത് ഇനി അവളാണ്.. അവളെ നീ സങ്കടപ്പെടുത്തരുത് എന്ന്…
ഇതൊക്കെ ചില നേരം മറന്നു പോവും അങ്ങനെയാണ് ആദ്യമായി അവൾക്കിട്ട് ഒന്നു കൊടുത്തത്..
ഈ കിട്ടിയതും മേടിച്ച് അവൾ പോയതും ഇപ്പോ അങ്ങനെ വേണ്ടായിരുന്നു എന്നെനിക്കു തോന്നിയതും…

ഉച്ചയ്ക്ക് ഭക്ഷണം ഹോട്ടലിൽ പോയി കഴിച്ചു വൈകിട്ടും ഹോട്ടലിൽ പോയി കഴിച്ചു എന്തോ വെച്ചുണ്ടാക്കുന്നതിന് കുറ്റം പറഞ്ഞു കഴിക്കുന്ന ഒരു സുഖം കിട്ടിയില്ല മനസ്സ് നിറഞ്ഞതുമില്ല…

അന്നു രാത്രി മുഴുവൻ അവൾ എന്റെ കോൾ പ്രതീക്ഷിച്ചും ഞാൻ അവളുടെ കോൾ പ്രതീക്ഷിച്ചുമിരുന്നു കാണും ഉറക്കം ഏറെ വൈകിയാണ് വന്നത് എന്നതാണ് ശരി..

അതിരാവിലെ അവളുടെ ഓർമ്മകൾ എന്നെ ഉണർത്തി ഞാൻ അടുക്കളയിൽ പോയി ഒരു ചായ വെക്കും നേരം എനിക്ക് തോന്നി അവൾ ഏറെ കലഹിക്കുന്നിടം ഈ അടുക്കളയാവുമെന്ന്… ചായ തിളച്ചു മറിഞ്ഞു
അതുമായി ഹാളിൽ വന്നിരുന്നു കുടിച്ചു കുളിയും കഴിഞ്ഞു ജോലിക്കായി തിരിച്ചു
ജോലിയിൽ തൊട്ടതെല്ലാം പിഴച്ചു മാനേജരുടെ ചീത്ത കേട്ട് തല പെരുത്തു ജോലി കഴിഞ്ഞപ്പോൾ ഇത്തിരി ആശ്വാസമായി…
അവൾ പോയത് മുതൽ എന്റെ മനസ്സ് അവളുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു അതാണ് എല്ലാം പിഴച്ചതും സ്വസ്ഥത പോയതും എന്നു തോന്നി തുടങ്ങി..

എന്നാൽ അവൾക്ക് സ്വാതന്ത്ര്യമുണ്ട് ഞാൻ ഒന്നു പറയുമ്പോൾ തിരിച്ചു പത്തുപറയാൻ എന്നെനിക്കറിയാം ഞാൻ ചില നേരം ഓർക്കാറില്ല എന്നുമാത്രം….
അവൾ ആഗ്രഹങ്ങളുടെ കൂടു തുറക്കുമ്പോൾ ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു വിടുമ്പോൾ ശാഠ്യം കാണിച്ചവൾക്കെത്താനും
എന്റെ മറവികൾ തുടർക്കഥയാവുമ്പോൾ എന്നെ ശാസിക്കാനും
വീട്ടിലുപ്പും മുളകും തീരുമ്പോൾ എനിക്ക് നേരെ പ്രതിഷേധിക്കാനും…
കണ്ടില്ല കേട്ടില്ല എന്ന് ഞാൻ പറയുമ്പോൾ
അടുക്കളയിലേക്കുള്ള വഴിയടക്കാനും
കാണാനോ മിണ്ടാനോ നേരമില്ലെങ്കിൽ
മൗനം കൊണ്ട് ഹർത്താൽ നടത്താനും
വാഗ്ദാനം കൊണ്ട് ഞാൻ അവളുടെ മനസ്സ് നിറക്കുമ്പോൾ കള്ളനെന്നു ചൊല്ലി അവകാശങ്ങൾക്ക് മുറവിളി കൂട്ടാനും അവൾക്ക് സ്വാതന്ത്ര്യമുണ്ട്
ഇതെല്ലാം അവൾക്ക് മാത്രം ഞാൻ ഉള്ളിൽ പതിച്ചു കൊടുത്ത സ്വതന്ത്ര്യമാകാം
അതാവും ഒന്നിലും മനസ്സ് നിൽക്കാതെ ഓടുന്നത് എന്നെനിക്കു തോന്നി …

അവളെ ഒന്നു വിളിച്ചു നോക്കിയാലോ എന്ന് കരുതി ഞാൻ ഫോണെടുത്തു അവൾക്ക് വിളിച്ചു
ഒരു റിങ്ങിൽ തന്നെ ഫോണെടുത്തവൾ ഞാൻ തെറ്റേറ്റു പറയാൻ തുടങ്ങുമ്പോഴേക്കും അവൾ കണ്ണീരു കൊണ്ട് തടഞ്ഞു ആ കരച്ചിൽ ശബ്ദം എന്റെ ചെവിയും കടന്നു ഹൃദയത്തിലെത്തി
ഞാൻ പറഞ്ഞു ” ”ഞാൻ വരാം നീ റെഡിയായി ഇരിന്നോ”” എന്ന് ആ കരച്ചിൽ അടക്കി അവൾ ” ‘ശരി എന്നു പറയുമ്പോൾ ഞാൻ സന്തോഷിച്ചു
അവളുമായി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചവളോട് ” ‘ഒറ്റ റിങ്ങിൽ ഫോണെടുത്തല്ലോ ഇന്ന് എന്ന്
അതു കേട്ടവൾ പറഞ്ഞു ” ‘അപ്പോഴത്തെ ഒരു വാശിക്കായി പലതും പറഞ്ഞു ഞാൻ പോയെങ്കിലും നിങ്ങളുടെ ഒരു വിളിയിലാണ് എന്റെ ഹൃദയമിടിപ്പെന്നു”’…

തൊടിയിലൊരു തണുത്ത കാറ്റ് വീശി എന്നിലാകെ ഒരു മാറ്റം വീടിന്റെ പടി കയറുമ്പോൾ അവളുടെ ദേഷ്യങ്ങൾ മാഞ്ഞുമറഞ്ഞു എന്റെ കൈകൾ ചേർത്തു പിടിച്ചവൾ പുഞ്ചിരി തൂകി…

താലിയാണവളുടെ
മറ്റൊരു ഹൃദയം എന്നും എന്റെ ഹൃദയം അതിൽ കൊളുത്തിയിട്ടുണ്ടെന്നും എന്നെ വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ….

രചന: എ കെ സി അലി

LEAVE A REPLY

Please enter your comment!
Please enter your name here