Home Viral ഏറ്റവും ക്രൂരയായ സ്ത്രീയായി ഞാന്‍ ഇന്ന് മുതല്‍ മാറുമായിരിക്കും

ഏറ്റവും ക്രൂരയായ സ്ത്രീയായി ഞാന്‍ ഇന്ന് മുതല്‍ മാറുമായിരിക്കും

1

[ad_1]

കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെപോലും ഞെട്ടിച്ച് കൊണ്ട് ആ വാർത്ത പുറത്ത് വരുന്നത്. അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിഷയം വളരെ പെട്ടന്നാണ് ചർച്ചാവിഷയമായി മാറിയത്. ഇപ്പോഴിതാ ഒരമ്മ സ്വന്തം അനുഭവത്തില്‍ നിന്നെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ആരതിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

രണ്ട് ദിവസമായി ആകെ അലട്ടുന്ന പ്രശ്‌നമാണ്. നിങ്ങളില്‍ എത്ര പേര്‍ എന്നെ, എന്റെ അവസ്ഥയെ മനസിലാക്കുമെന്ന് യാതൊരു പിടിയുമില്ല. ഒരുപക്ഷെ ഏറ്റവും ക്രൂരയായ സ്ത്രീയായി ഞാന്‍ ഇന്ന് മുതല്‍ മാറുമായിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി കടന്നു പോകുന്ന ഭീകര സംഘര്‍ഷങ്ങളാണ് ഇനി എഴുതാന്‍ പോകുന്ന ഓരോ വാക്കിലും.

2015ല്‍ വിവാഹം കഴിക്കുമ്ബോള്‍ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്‌നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് നഷ്ടമായ സ്‌നേഹബന്ധങ്ങള്‍ എന്റെ വിവാഹ ആലോചനയോടെയാണ് തിരിച്ച്‌ കിട്ടാന്‍ തുടങ്ങിയത്. പുതിയ ഉടുപ്പായും ആഭരണങ്ങളായും പുതുക്കപ്പെട്ട രക്തബന്ധങ്ങളില്‍ ഉന്മാദിയായി തീരുകയായിരുന്നു.

എല്ലാത്തിലുമുപരി എനിക്ക് എന്ത് വേണം, എന്താണ് ഇഷ്ടം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചതും അപ്പോള്‍ തന്നെയാകും. കല്യാണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചിരുന്നില്ല. ചില അധ്യാപകര്‍ മാത്രമാണ് തുടര്‍ന്നുള്ള പഠിത്തത്തിനെ കുറിച്ച്‌ ചോദിച്ചത്. അവരോടൊക്കെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ജേര്‍ണലിസ്റ്റായി അറിയപ്പെടും എന്ന് അന്നെന്തോ ഉറപ്പില്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഞാന്‍ ഗര്‍ഭിണിയായി. കോണ്ടം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ പറ്റി ഞാന്‍ ആ സമയത്ത് ബോധവതിയായിരുന്നില്ല. തൊട്ടും തൊടാതെയും ആരൊക്കെയോ തന്ന ഉപദേശങ്ങള്‍ ഞാന്‍ കാര്യത്തില്‍ എടുത്തിരുന്നുമില്ല. ഇപ്പോള്‍ കുഞ്ഞ് വേണ്ടെന്നും അവസാന വര്‍ഷ പരീക്ഷ എഴുതണമെന്നും മണിയോടും മണിയുടെ വീട്ടുകാരോടും പല പ്രാവശ്യം പറഞ്ഞു. ഇപ്പോള്‍ കുഞ്ഞിനെ വേണ്ടാന്ന് വെച്ചാല്‍ പിന്നെ കുഞ്ഞുണ്ടാകില്ല, കുഞ്ഞുണ്ടായാല്‍ മാത്രമേ ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതം സമ്ബൂര്‍ണ്ണമാകൂ തുടങ്ങി ഒട്ടനവധി ഉപദേശങ്ങള്‍ നാളുകളോളം കേള്‍ക്കേണ്ടി വന്നു.

അവസാനം തനിക്ക് കുട്ടി വേണമെന്ന് താല്പര്യമുണ്ടെന്ന് മണി പറഞ്ഞതോട് കൂടി എല്ലാറ്റിനും ഒരു തീരുമാനമായി. അന്ന് അവര്‍ ചെയ്ത നല്ല കാര്യം ഇക്കാരണത്താല്‍ എന്റെ പഠിത്തം നിര്‍ത്തിയില്ല എന്നതാണ്. പഠിക്കാനുള്ള സകല സൗകര്യങ്ങളും അവര്‍ ഉണ്ടാക്കി തന്നു. പക്ഷെ നിറവയറുമായി മാസം തോറും ഉള്ള സേലം-തിരുവനന്തപുരം യാത്ര കഠിനമായിരുന്നു. പലപ്പോഴും ഒറ്റക്കാണ് അവിടവിടെ കയറി ഇറങ്ങി ബസില്‍ യാത്ര ചെയ്തിരുന്നത്.

ഒമ്ബതാം മാസം ഏതോ എക്‌സാം എഴുതാന്‍ രാത്രി ബസില്‍ ഒറ്റക്ക് വന്നതൊക്കെ ഇപ്പോഴും പേടിസ്വപ്നം പോലെ തന്നെ ഓര്‍മയുണ്ട്. കൂടെ പഠിച്ചവര്‍ക്ക് എന്റെ പ്രവര്‍ത്തിയൊക്കെ ധീരവും അസ്വഭാവികമായിരുന്നു. ഏറെ ആഗ്രഹിച്ചിരുന്ന പ്രോജക്ടുകളുടെ സമയമായിരുന്നു. പലതിലും പങ്കാളിയാകാന്‍ കഴിഞ്ഞില്ല. വീഡിയോ പ്രൊഡക്ഷനൊക്കെ ചെയ്യണമെന്നുണ്ടായിട്ടും നടന്നില്ല. അപ്പോഴൊക്കെ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.

ഡിസംബറിലാണ് വൈഭു ജനിക്കുന്നത്. കോളേജില്‍ നിന്ന് ഗോവക്ക് ടൂര്‍ പോകുന്ന സമയം. വൈഭു ജനിച്ചത് മുതല്‍ വല്ലാത്ത ദേഷ്യം പിടികൂടിയിരുന്നു. എല്ലാത്തിനോടും കടുത്ത എതിര്‍പ്പ്. പ്രത്യേകിച്ച്‌ കുഞ്ഞിനോട്. വൈഭുവിന്റെ കരച്ചില്‍ കേള്‍ക്കുമ്ബോള്‍ തന്നെ തലയിടിച്ച്‌ മരിക്കണമെന്ന് തോന്നിയിരുന്നു. ശരീരവേദന അസഹനീയമായിരുന്നു. ഉറക്കമില്ലായ്മ കാരണം പലതവണ ഛര്‍ദ്ദിച്ച്‌ അവശയായി. പാലൂറുമ്ബോള്‍ വൈഭു കുടിച്ചില്ല. മുലപ്പാല്‍ കെട്ടി നിന്നുണ്ടായ വേദനയില്‍ പനി വന്നു.

അനങ്ങാന്‍ പറ്റാത്ത വേദന കടിച്ചമര്‍ത്തി കുഞ്ഞിനെയും അമ്മയെയും കാണാന്‍ വന്നവര്‍ക്ക് മുന്നില്‍ സന്തോഷവതിയായ അമ്മയായി അഭിനയിച്ചു കൊണ്ടേയിരുന്നു. കുട്ടിയെ കാണാന്‍ വന്നവരെല്ലാം കുട്ടി അമ്മയെ പോലെ കറുത്ത് പോയെന്ന് പരിഭവിച്ചു. അവര്‍ക്കൊക്കെ ഗര്‍ഭിണിയായ സമയത്ത് ഞാന്‍ അണ്ടിപ്പരിപ്പ് കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മായിയമ്മ ഉത്തരം നല്‍കി. ഞാന്‍ എന്റെ ക്ഷമയെ പരീക്ഷിച്ച്‌ കൊണ്ടിരുന്നു. രാത്രി കാലങ്ങളില്‍ വൈഭു കരയുമ്ബോള്‍ ഭ്രാന്തിയെ പോലെ ഞാന്‍ അലറി. രാവിലെ എല്ലാവരും അതു പറഞ്ഞു കളിയാക്കി ചിരിച്ചു. രാത്രി കുഞ്ഞിനെ ഉറക്കാന്‍ ഞാന്‍ കഷ്ടപ്പെടുമ്ബോള്‍ സുഖമായി ഉറങ്ങുന്ന മണിയെ തൊഴിക്കാനും കൊല്ലാനും തോന്നി.

അതൊക്കെ ഭാവനയില്‍ കണ്ട് ഞാന്‍ ആശ്വാസം കണ്ടെത്തി. ഇതിനിടയില്‍ എന്നെ കാണാന്‍ സേലത്തെത്തിയ സുഹൃത്തുക്കള്‍ വല്ലാത്ത സന്തോഷമാണ് തന്നത്. പക്ഷെ അവരോടും ഞാന്‍ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷന്‍ പറയാന്‍ പറ്റിയില്ല. എന്ത് ചെയ്തിട്ടും മുലപ്പാല്‍ ഊറാതയതോടെ എന്റെ മാനസികനില തെറ്റാന്‍ തുടങ്ങി. മരുന്നു കഴിച്ചിട്ടും പാലു വരാതായതോടെ പലരും പറഞ്ഞ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഞാന്‍ വിധേയയായി. ഉത്തമയായ അമ്മയാകാന്‍ ഞാന്‍ അവര്‍ പറഞ്ഞതൊക്കെ അനുസരിച്ചു. അകമേ വെന്തുരുകി. നാളുകള്‍ പോകുന്തോറും എന്റെ ദേഷ്യം കൂടി. ആരുടെയും വികാരങ്ങളെ വകവെക്കാതെ പെരുമാറാനും സംസാരിക്കാനും തുടങ്ങി. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് പതിവായി.

വൈഭു കാരണം എന്റെ ജീവിതം നശിച്ചുവെന്ന് എന്നോ മാനസികനില തെറ്റി നിന്നപ്പോള്‍ പരസ്യമായി പ്രഖ്യാപിച്ചു. അതു ഭീകര പ്രസ്താവനയായി തുടര്‍ന്നുള്ള നാളുകളില്‍ എന്റെ മേലെ എല്ലാരും പ്രയോഗിച്ചു.

ബിഎ അവസാന വര്‍ഷ പരീക്ഷസമയം. പരീക്ഷ എഴുതണമോ കൈക്കുഞ്ഞിനെ നോക്കണമോ എന്ന തീരുമാനം ഞാന്‍ എടുക്കണമെന്ന ബുദ്ധിപരമായ നീക്കമാണ് എല്ലാരില്‍ നിന്നുമുണ്ടായത്. എന്നിട്ട് പുട്ടിനു പീര പോലെ മാതൃത്വത്തിന്റെ മാഹാത്മ്യം വിളമ്ബി. പരീക്ഷ എഴുതണ്ട എന്ന തീരുമാനം എടുത്താല്‍ മുട്ടിനു താഴെ കാലുണ്ടാകില്ലെന്നു അടുത്ത സുഹൃത്തുക്കള്‍ പ്രഖ്യാപിച്ചു.

രാത്രിയും പകലും ആലോചിച്ചു പരീക്ഷ എഴുതാന്‍ തീരുമാനിച്ച്‌ കുട്ടിയെ സേലത്ത് നിര്‍ത്തിയിട്ട് ഞാന്‍ നാട്ടില്‍ എത്തി. രാത്രി റയില്‍ വേ സ്റ്റേഷനിലിരുന്ന് പൊട്ടിക്കരഞ്ഞു. ഫോണിന്റെ മറുതലക്കല്‍ കൂടെ കരഞ്ഞ് ആശ്വസിപ്പിക്കാന്‍ കൂട്ടുകാരിയുണ്ടായി. കയറേണ്ട ട്രയിന്‍ കണ്മുന്‍പില്‍ കൂടി കടന്നു പോയിട്ടും ഞാന്‍ അറിഞ്ഞില്ല. രണ്ട് മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള അവസാന ട്രയിന്‍ വരുന്നുണ്ടായിരുന്നു.

തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം മുതല്‍ എനിക്ക് പാലൂറാന്‍ തുടങ്ങി. മണിക്കൂറുകള്‍ ബാത്രൂമിനുള്ളില്‍ ഇരുന്നു പാല്‍ പിഴിഞ്ഞ് കളഞ്ഞു. വേദന കൊണ്ട് പുളഞ്ഞു. കുഞ്ഞിന് കിട്ടേണ്ട പാലാണ് ഇങ്ങനെ പാഴാക്കുന്നതെന്ന കുറ്റബോധം കാര്‍ന്ന് തിന്നാന്‍ തുടങ്ങി. സഹിക്ക വയ്യാതെ കുട്ടിയെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. കുട്ടി വന്നതിന്റെ പിറ്റേ ദിവസം മുതല്‍ പാല്‍ വരാതെയായി.

എല്ലാരുടെ ഭാഗത്ത് നിന്നും ശകാരങ്ങള്‍ കേട്ടു. മനസമാധാനം എങ്ങോട്ടോ കപ്പല്‍ കയറിപോയി. എങ്ങനെയും പരീക്ഷ ജയിക്കണമെന്ന് മാത്രമായി ചിന്ത. സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥമായ സഹായം കാരണം പഠിച്ചു. ഇതിനിടയില്‍ കുട്ടിയെ സേലത്തേക്ക് വീണ്ടും കൊണ്ട് പോയി. പരീക്ഷ എഴുതി കഴിഞ്ഞാണ് പിന്നെ സേലത്തേക്ക് ഞാന്‍ പോയത്. അതോടെ തന്നിഷ്ടക്കാരിയായി ഞാന്‍ മാറിക്കഴിഞ്ഞിരുന്നു.

അപ്പോഴും കുട്ടിയുമായി അടുക്കാന്‍ പരിശ്രമിച്ച്‌ കൊണ്ടിരുന്നു. പലപ്പോഴും പരാജയപ്പെട്ടു. തീവ്രമായ മാനസിക സംഘര്‍ഷങ്ങളുണ്ടായി. സ്വയം ഉപദ്രവിക്കാന്‍ തുടങ്ങി. ആഹാരം കഴിക്കാതെയും ചുമരില്‍ ശക്തമായി ഇടിച്ചും ദേഷ്യം അടക്കാന്‍ ശ്രമിച്ചു. ഒരുപക്ഷേ ജോലിയില്‍ തിരക്കായാല്‍ ഇതെല്ലാം മാറുമെന്ന് കരുതി വീട് മുഴുവന്‍ കഴുകി ഇറക്കാനും പഴയ പാത്രങ്ങള്‍ കഴുകി വെക്കാനും വായിച്ച പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കാനും തുടങ്ങി. ഒരുപക്ഷേ ജോലി കിട്ടിയാല്‍ ഇതില്‍ നിന്നെല്ലാം രക്ഷയുണ്ടാകുമെന്ന് കരുതി നാട്ടില്‍ ജോലി കണ്ടുപിടിച്ചു.

ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും കുട്ടിയോട് കാണിക്കുന്ന അവഗണന ക്രൂരമാണെന്ന് മനസിലായി. തുടര്‍ന്ന് എല്ലാരോടും കലഹിച്ച്‌ കുഞ്ഞിനെ കൂടെ കൊണ്ട് വന്നു. കുഞ്ഞ് വന്നതോടെ സമയം ക്രമീകരിക്കാനാകാതെ ആകെ തളര്‍ന്നു. എന്ത് വന്നാലും തോറ്റ് കൊടുക്കില്ല എന്ന തീരുമാനത്തിലായിരുന്നു. ഒറ്റക്ക് വൈഭൂനെ ഒരു വര്‍ഷം നോക്കി. ആരോടും ഞാന്‍ എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞില്ല. ആരും സഹായത്തിനെത്തിയില്ല. എല്ലാരുടെ മുന്നിലും സന്തോഷവതിയായ അമ്മയായി അഭിനയിച്ചു. മാനസിക നില പിടി വിടുന്ന നേരങ്ങളില്‍ ഞാന്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വൈഭു വളരുന്തോറും അവനോട് അടുപ്പം കൂടി. അമ്മയാകാന്‍ പലപ്പോഴും തോറ്റു പോയി. അവനോട് എപ്പോഴും കലഹിക്കുന്ന ചേച്ചിയായി.

കുഞ്ഞിനെ കൊന്ന അമ്മമാരുടെ വാര്‍ത്തകള്‍ വായിച്ച്‌ നെഞ്ച് പിടയാറുണ്ട്. രണ്ട് ദിവസമായി സമാനമായ വാര്‍ത്ത നിറയുന്നു. സ്വന്തം കുട്ടികളെ കൊല്ലുന്ന അമ്മമാരെപറ്റി, പിശാചുക്കളായ സ്ത്രീകളെപ്പറ്റി എഴുത്തുകള്‍ വായിക്കുന്നു. എഴുത്തുകളിലൊന്നും ആ സ്ത്രീയുടെ ഭാഗം കാണാന്‍ ആകുന്നില്ല. അവര്‍ ക്രൂരയായ പിശാചാകുന്നു. അവരൊക്കെ എന്ത് തരം അമ്മമാരാണെന്ന് ശങ്കിക്കുന്ന കൂട്ടത്തിനുള്ളില്‍ ഇരുന്ന് ഞാന്‍ പലവട്ടം ശ്വാസമ്മുട്ടി പിടഞ്ഞ് മരിക്കുന്നു. ഞാന്‍ പൂര്‍ണമായ അസ്വസ്തതയോടെ ആ അമ്മമാരുടെ മാനസികാവസ്തകളിലൂടെ കടന്ന് പോകുന്നു. (ഞാന്‍ പറയുന്നത് കാമുകനൊപ്പം,

രണ്ടാം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് കുട്ടികളെ ഉപദ്രവിക്കുന്നവരെ പറ്റിയല്ല. അതിനെപറ്റി എനിക്കറിയില്ല.) ആ അമ്മമാരെ ചേര്‍ത്ത് നിര്‍ത്താന്‍ തോന്നി. അവരെ വേണ്ടുവോളം കരയാന്‍ വിടാന്‍ തോന്നി. അവര്‍ക്ക് താണ്ടാനാകാതെ പോയ മാനസിക പിരിമുറുക്കങ്ങളെക്കുറിച്ച്‌ ആലോചിച്ചു. ഇന്നലെ മുതല്‍ മൂന്നു വര്‍ഷം മുന്‍പ് വൈഭൂനോട് ഞാന്‍ കാണിച്ച അവഗണനകള്‍ അവനോട് ഉണ്ടായിരുന്ന ദേഷ്യം എന്നിവ ഓര്‍ത്ത് കരയുന്നു. ഇപ്പോഴും ഇഷ്ടങ്ങള്‍, എന്റെ സമയങ്ങള്‍ അവന് വേണ്ടി മാറ്റിവെക്കേണ്ടി വരുമ്ബോള്‍ ദേഷ്യം തോന്നാറുണ്ട്. എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് വര്‍ഷത്തിലെപ്പോഴെങ്കിലും യാത്ര പോകുമ്ബോള്‍ ‘അപ്പോള്‍ കുട്ടിയെ ആരു നോക്കും?’, ‘കുട്ടി നിന്നെ കാണാതെ നില്‍ക്കുവോ?’ എന്ന് പിന്നാലെ കൂടുന്ന ചോദ്യങ്ങളെ എണ്ണയില്‍ മുക്കിപ്പൊരിക്കണമെന്ന് തോന്നും.

വൈഭൂനോട് സ്‌നേഹമില്ലാ എന്നല്ല പറഞ്ഞു വരുന്നത്. എന്നോട് എനിക്കുണ്ടാകുന്ന വെറുപ്പാണ് എത്രത്തോളം ഇത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നു അറിയില്ല. എന്റെ നിസഹായത മുഴുവന്‍ വാക്കില്‍ കൊണ്ട് വരാനായൊ എന്നും അറിയില്ല. ഇതിനൊക്കെ ഒരു പരിഹാരം പറയാനും അറിയില്ല. പക്ഷെ ഇതുപോലെ ആരെങ്കിലും കടന്നു പോകുന്നവരുണ്ടെന്ന് അറിഞ്ഞാല്‍ എങ്ങനെയെങ്കിലും സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കുക. മാനസികനില തെറ്റിനില്‍ക്കുന്ന അവര്‍ക്ക് യാതൊന്നും മനസിലാക്കാനോ തിരിച്ചറിയാനോ കഴിയണമെന്നില്ല. നിശബ്ദമായി നിന്നും സന്തോഷം അഭിനയിച്ചും നിങ്ങളെ അവര്‍ കബളിപ്പിച്ചെന്നിരിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഒരു വലിയ നിലവിളി മാത്രമായി അവര്‍ തീരുന്നുണ്ടാകും. കഴിവതും സഹായിക്കുക. കുഞ്ഞിനെയും അമ്മയെയും രക്ഷിക്കുക.

[ad_1]

1 COMMENT

  1. Engane thonni ivalkk inganeyokke cheyaan…ninne pole ullavara ee naadinu shaabam…aa pinju mugam 1 min nokkiyirunnenkil avane kondu anganeyokke cheyippikkan ninakku thonnumo…Aa cheriya prayathil avanu vendathu ammayude karuthalum snehavum aanu…ennaal nee aa kuttyode cheythatho….nee jail il kidannalum ethra valiya shiksha kittiyalum nee cheythathinu ulla punishment Deivam tharum….

LEAVE A REPLY

Please enter your comment!
Please enter your name here