Home Geethu Rudhra അച്ഛന്റെ കുഞ്ഞിനെ ഗർഭം കൊണ്ടവളുടെ ആത്മകഥ…

അച്ഛന്റെ കുഞ്ഞിനെ ഗർഭം കൊണ്ടവളുടെ ആത്മകഥ…

0

രചന : Geethu Rudhra

തോളിലെ തുണി സഞ്ചി കണ്ടിട്ടാണോ അതോ പഴകി തേഞ്ഞ ഒറ്റ നിറ സാരി കണ്ടിട്ടോ… ഓട്ടോ യിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ആ ഓട്ടോക്കാരൻ എന്നോട് ചോദിച്ചു

“നിങ്ങൾക്ക് കഥകളെഴുതാൻ അറിയാമോ..? ”

ഞാനതിനു മറുപടി പറഞ്ഞില്ല.. പറയാൻ എന്റേ മാനസികാവസ്ഥ അനുവദിച്ചില്ല എന്ന് വേണം പറയാൻ…

കേവലം ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള ഒരു സ്ത്രീ യെ ഇങ്ങനൊരു വേഷത്തിൽ കണ്ടാൽ കാണുന്നവർക്ക് ഇങ്ങനേയും ഒരു ചിന്തയുണ്ടാകുമോ എന്ന് ഞാൻ അന്ധാളിച്ചു…

“എനിക്ക് ഏറ്റവും ശബ്ദമുള്ളിടത്തു പോകണം ”
ഓട്ടോ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങവേ ഞാൻ പറഞ്ഞു..

പുതുമയുള്ള എന്തോ കേട്ട ഭാവത്തിൽ അവൻ എന്നെ തിരിഞ്ഞു നോക്കി..

ശബ്ദമുള്ളിടത്തോ??

അതെ !ഏറ്റവുമധികം ശബ്ദം കേൾക്കുന്നിടത്തു പോകണം..,

“ശെരി കൊണ്ടുപോകാം…. പക്ഷെ നിങ്ങൾ കഥകളെഴുതാറുണ്ടോ?? ”

വീണ്ടും ചോദ്യമാവർത്തിക്കപ്പെട്ടു…

എന്റെ തന്നെ പ്രായമുള്ള മറ്റൊരാളോടുള്ള എന്റെ വിരക്തി കൊണ്ടാവാം, ഇത്തവണയും ഞാൻ മൗനത്തിൽ ചേക്കേറി…

വിളർച്ച ബാധിച്ച എന്റെ തളർന്ന കണ്ണുകളിലേയ്ക്ക് പാളി നോക്കിക്കൊണ്ടു അവൻ വണ്ടിയെടുത്തു… പിന്നീടൊന്നും മിണ്ടിയില്ല….

The app was not found in the store. :-(

സ്വതവേ ശബ്ദമുഖരിതമായ നഗരത്തിന്റെ ഊടു വഴികളിലൂടെ അവന്റെ മുച്ചക്ര വണ്ടി ഓടി കൊണ്ടിരുന്നു…

തിരക്കുള്ള ഏതോ ഒരു റെയിൽവേ സ്റ്റേഷനിൽ 4 സ്ഥലത്തേക്കുള്ള 4 തീവണ്ടികൾ ഒന്നിച്ചു പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴായിരുന്നു അവൻ എന്നെ അവിടെ കൊണ്ടിരിക്കയത്…

മേഡം… !! ഇത്രയും ശബ്ദം മതിയാകുമോ എന്ന് ചോദിച്ചു കൊണ്ട് അവൻ ചെവി പൊത്തി…

ഉച്ചഭാഷിണി ഉറക്കെ ഉറക്കെ ട്രെയിൻ വിവരങ്ങൾ വിളിച്ചു പറഞ്ഞു… 4 ചൂളം വിളികൾ… ട്രെയിൻ കയറാൻ വന്നവരുടെ ശബ്ദങ്ങൾ.. ബിരിയാണിക്കാരനും.. കാപ്പിക്കാരനും.. ഒരു ദാക്ഷണ്യവുമില്ലാതെ ചെവി പൊട്ടുമാറു ഉറക്കെ വിളിച്ചു… ഇരുമ്പ് ട്രോളികൾ പ്ലാറ്റഫോമിലെ തറയോടിന് മുകളിൽ കൂടി കടുത്ത ശബ്ദമുണ്ടാക്കി കടന്നു പോയി … ട്രെയിനുകൾ പുറപ്പെട്ടു… ചുറ്റുമുള്ളവരുടെ കണ്ണുകൾ ശബ്ദം കൊണ്ട് ചുരുങ്ങുന്നതു ഞാൻ കണ്ടു… ഇടയ്ക്ക് കടന്നു വന്ന ചരക്കു തീവണ്ടി എല്ലാപേരെയും അലോസരപ്പെടുത്തിയപ്പോൾ എനിക്കതു കുറച്ചു കുളിർമ തരാതിരുന്നില്ല.. ഒരു സാധാരണ മനുഷ്യന് താങ്ങാനാവുന്നതിലും വലിയ ശബ്ദകോലാഹലം അവിടെയുണ്ടായിരുന്നു… പക്ഷെ എന്റെയുള്ളിലെ നിലവിളികൾ ഒരിക്കലും ആ ശബ്ദത്തിൽ തോറ്റില്ല… അതിലുമുറക്കെ ഞാൻ എന്റെയുള്ളിൽ എന്റെ തന്നെ നിലവിളികൾ കേട്ടു…

തിരികെ ഓട്ടോയിലേയ്ക്ക് ചെന്ന് കയറി… “ഇതിലുമുറക്കെ ശബ്ദമുള്ളിടത്തു പോകണം… ”

അവന്റെ അന്ധാളിപ്പ് എനിക്ക് മനസിലാകുമായിരുന്നു…

ഇത്രയേറെ ഹീനയമായ ശബ്ദങ്ങൾ കേട്ടിട്ടും.. ഇതിലുമുറക്കെ എന്ന് ചോദിക്കുന്നോ… എന്ന ചോദ്യം ആ കണ്ണുകൾ വിളിച്ചു പറഞ്ഞു…

പോകണം !! എന്ന് ഞാൻ ആവർത്തിച്ചു..

നിരാശ പടർന്ന മുഖത്തെ പുഞ്ചിരി കൊണ്ട് മറച്ചു.. അവൻ വണ്ടിയെടുത്തു…

ഇനിയെങ്ങോട്ട് എന്ന ചിന്ത അവനിൽ പടരുന്നത് ഞാൻ കണ്ടു..

പക്ഷെ എന്നിലെ വിരക്തി അവനോട് മിണ്ടാൻ അനുവദിച്ചില്ല…

8 ദിക്കിലും ഉച്ചഭാഷിണി വെച്ച പൂരപ്പറമ്പിന്റെ… 8 ഉച്ചഭാഷിണി ശബ്ദങ്ങളും ഒന്നിച്ചു ചേരുന്ന..എന്ത് ശബ്ദമാണെന്ന് ഒരു മനുഷ്യനും വേർതിരിച്ചറിയാൻ പറ്റാത്ത സ്ഥലത്ത് അവനെന്നെ കൊണ്ട് വിട്ടു… ഒരു നിമിഷം ഞാൻ കണ്ണടച്ചു… ഇല്ല.. അലറിക്കരഞ്ഞു കൊണ്ടോടുന്ന എന്റെ നിലവിളികൾ തന്നെ അവിടെയും ജയിച്ചു… ആ ഓർമയിൽ എന്റെ മാറിടം വല്ലാതെ വിങ്ങി വേദനിച്ചു… തുന്നി ചേർത്ത് വെച്ച ചുണ്ടിലെ തുന്നൽ പിന്നെയും നീറാൻ തുടങ്ങി…

 

ഇല്ല !! ഇനിയും….

ഇത്തവണ അവനിൽ നിരാശ കണ്ടില്ല..

അവൻ സന്തോഷത്തോടെ എന്നെ, മൃഗങ്ങളെ ഓടിച്ചിട്ട് തലവെട്ടി മാംസങ്ങളാക്കി റാത്തൽ കണക്കിൽ വെട്ടി വിൽക്കുന്ന, മത്സ്യ തൊഴിലാളികൾ പരസ്പരം ഉച്ചത്തിൽ ചീത്ത പറയുന്ന, വലിയ വലിയ വ്യവഹാരങ്ങളുടെ ഇടമായ പൊതു ചന്തയിലേയ്ക്കും… അവിടുന്ന് നാട്ടിലെ തന്നെ ഏറ്റവും ശബ്ദ കോലാഹലമുള്ള സിനിമ കൊട്ടകയിലേയ്ക്കും കൊണ്ട് പോയി… സിനിമ കോട്ടയ്കക്കുള്ളിൽ വലിയ വലിയ ശബ്ദങ്ങൾക്കിടയിലും ഞാൻ പതറി ഇരുന്നു… പുരുഷന്മാരുടെ കൈകളോടുള്ള എന്റെ ഭയം എന്നെ കൊണ്ട് സഞ്ചിയ്ക്കുള്ളിൽ നിന്നും പേനാക്കത്തി എടുപ്പിച്ചു…

പക്ഷെ ജീവിതത്തിലാദ്യമായി ഞാൻ അപ്പോൾ സുരക്ഷയനുഭവിച്ചു… കേവലം എന്റെ തന്നെ പ്രായമുള്ള… തിളയ്ക്കുന്ന യൗവനമുള്ള ഒരുവൻ ആയിട്ട് കൂടിയും എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന്.. അവൻ എന്നെ സംരക്ഷിച്ചു… ഉരുകിയൊലിക്കുന്ന പിങ്ക് നിറത്തിലുള്ള ഒരു കോൺ ഐസ്ക്രീം അവൻ എനിക്ക് വെച്ചു നീട്ടിയപ്പോൾ, പിന്നെയും സുരക്ഷയുടെ വന്മതിലുകൾ ഞാൻ കണ്ടു…. അതിന്റെ തണുപ്പിലും ഉള്ളിലെ മുറവിളികൾ കുറഞ്ഞിരുന്നില്ല….
പക്ഷെ ചുണ്ടിലെ തുന്നലിൽ നിന്ന് ഇത്ര നാളുകൾക്കു ശേഷം അന്നാദ്യമായി രക്തച്ചുവ ഞാൻ അറിഞ്ഞില്ല..

അവിടുന്നും ശബ്ദമാനങ്ങളുള്ള പലയിടങ്ങളിലും ഞങ്ങൾ അലഞ്ഞു നടന്നു…കോടതി വരാന്തകൾ.. കടൽ കരകൾ ഒക്കെ.. പക്ഷെ ഒരിടത്തു പോലും എന്നെ ജയിക്കാൻ ശബ്ദങ്ങൾക്കായില്ല…..

കരയാൻ കണ്ണീരു പോലും ബാക്കിയില്ലാത്ത എന്നിലെ ഭ്രാന്തമായ വികാരങ്ങൾ എന്നെ ഉന്മൂലനം ചെയ്യാൻ തക്കവണ്ണം പൊന്തി വരാൻ തുടങ്ങിയിരുന്ന നേരത്താണ് അവൻ വിളിച്ചത്..

“ഇതിൽ കൂടുതൽ സ്ഥലങ്ങൾ എനിക്കറിയില്ല മേഡം… എനിക്കൊന്നു വിശ്രമിക്കണം.. ”

“മ്മ് ”

ആൾ തിരക്ക് കുറഞ്ഞ പൊതുവഴിയിലെ ഇലപൊഴിഞ്ഞ സൈപ്രസ് മരത്തിന്റെ കീഴെ ഓട്ടോ നിർത്തിയിട്ട്…കുപ്പിയിലെ വെള്ളത്തിൽ മുഖം നനച്ചു അവൻ സീറ്റിൽ ഉറങ്ങാൻ കിടന്നു…

മരത്തിന്റെ ഇടതു ഭാഗത്തു താഴേക്ക് പോകുന്ന വഴിയിലൂടെ ഞാൻ ഇറങ്ങി നടന്നു…
ചെറിയ ചെറിയ കുറെ കടകൾ കണ്ടു…
അതിനുള്ളിൽ എന്തായിരിക്കുമെന്ന ആകാംക്ഷയിൽ ഞാൻ അവിടേക്ക് വേഗത്തിൽ വേഗത്തിൽ നടക്കാൻ തുടങ്ങി… കാറ്റിന്റെ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവുമില്ലാത്ത ആ ഇടം എന്നെ വല്ലാതെ അലോസരപ്പെടുത്തുമെന്ന് ഞാൻ ചിന്തിച്ചു.. പക്ഷെ മുന്നോട്ട് പോകുന്തോറും ഞാൻ ഇത് വരെ അറിയാത്ത സമാധാനം അറിയാൻ തുടങ്ങി…

ഓരോ കടകളിലും നിരവധി പുസ്തകങ്ങൾ നിര യായി അടുക്കി വെച്ചിരിക്കുന്നത് കാണായി.. മുന്നോട്ട് നടന്നു… കടകളുടെ മധ്യത്തിൽ… ഒരു പുസ്തകമെടുത്തു തുറക്കുമ്പോൾ.. 5 വർഷത്തിന് ശേഷം ആദ്യമായി എന്റെ ഉള്ളിലെ അലർച്ച ശമിച്ചു… മാറിടത്തിലെ പഴുപ്പ് കുത്തിയ വേദന ഇല്ലാതായി… ചുണ്ടിലെ തുന്നൽ പാടും… വയറ്റിലെ കീറലും.. അടിവയറ്റിലെ പൊള്ളലും. അങ്ങനെ ദേഹമാസകലം 5-6 വർഷമായി അനുഭവിച്ചു പോന്നിരുന്ന എന്റെ വേദനകൾ കൂടഴിച് പോകും പോലെ….

ഞാൻ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചു…. എന്റെ ഉള്ളിലെ ശബ്ദത്തേക്കാൾ ഉച്ചസ്ഥായിയിൽ ഞാൻ ആദ്യമായി ശബ്ദം കേട്ടു…. പുസ്തകങ്ങൾക്കുള്ളിൽ നിന്നു സ്ത്രീയും പുരുഷനും നപുംസകങ്ങളും കരഞ്ഞു.. എന്നേക്കാൾ ഉറക്കെ.. അവർ ഉറക്കെ ഉറക്കെ എന്തൊക്കെയോ ജല്പനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു…
പുറമെ ശബ്ദങ്ങളില്ലാതെ ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്നിടം പുസ്തകമാണെന്ന് ഞാൻ മനസിലാക്കി…. ഞാൻ ചെവി പൊത്തിയില്ല.. ആ കരച്ചിലുകൾ എന്റെ 5 വർഷത്തെ നിലവിളികളെ തോല്പിക്കും വരെ ഒരു ഉന്മാദിനിയെപ്പോലെ ഞാൻ പുസ്തകങ്ങൾക്കിടയിൽ നിന്നു…..

സമയമേറെ കടന്നിരിക്കണം… എന്നെ കാണാതെ അവൻ തിരക്കി വന്നു .. അപ്പോൾ ഞാൻ 6 വർഷങ്ങൾക്കിപ്പുറം ആദ്യമായി ചിരിച്ചു…

കയറിയയിടത്തു തിരികെ അവനെന്നെ കൊണ്ടിരിക്കുമ്പോൾ.. എന്റെ കൈയിൽ കാശായി അവശേഷിച്ചതൊക്കെ ഞാൻ അവനു വാരി കൊടുത്തു നടന്നു…. അവനതിൽ നിന്ന് എത്രയെടുത്തെന്ന് എനിക്കറിയില്ല… പുറകിൽ വന്നു ബാക്കി പൈസ എന്റെ കൈ പിടിച്ചു വെച്ചു തന്നപ്പോൾ അന്നാദ്യമായി പുരുഷന്റെ സ്പര്ശനത്തിൽ ഞാൻ ഭയന്നില്ല…. അറിവായ കാലം മുതൽ അച്ഛന്റെ കൈകൾ എന്റെ ദേഹത്തു ഓടി നടക്കുമ്പോൾ ഉണ്ടായിരുന്ന ഭയപ്പാടുകൾ എന്നെ തിരിഞ്ഞു പോലും നോക്കിയില്ല അപ്പോൾ…

ഞാൻ അഗതി മന്ദിരത്തിലെ എന്റെ ഒറ്റമുറിയിൽ മടങ്ങിയെത്തുമ്പോൾ എന്റെ കൈകൾക്കു ബലം വെച്ചിരുന്നു…..

മടക്കി വെച്ചിരുന്ന പേപ്പർ കെട്ടുകൾ പുറത്തെടുത്തു….

പൂർത്തിയാക്കാതെ പോയ കഥകളെല്ലാം കൂട്ടിയിട്ട് തീവെച്ചു..
പേനയിൽ പുതുതായി മഷി നിറച്ചു…

എഴുതി തുടങ്ങി

“വര്ഷങ്ങളോളം അച്ഛനാൽ പീഢിപ്പിക്കപ്പെട്ട്, അച്ഛന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളര്ന്നുണ്ടെന്ന് അറിഞ്ഞ ദിവസം ചുറ്റിക കൊണ്ട് അച്ഛനെന്റെ ചുണ്ടുകളും പല്ലും അടിച്ചു തകർത്തിരുന്നു… ഇടതു മാറിടത്തിന്റെ മുലക്കണ്ണ് പറിച്ചു മാറ്റപ്പെട്ടിരുന്നു… അടി വയറ്റിൽ ഈയം ഉരുക്കി ഒഴിക്കപ്പെട്ടിരുന്നു.. “അച്ഛനാണ് ഉത്തരവാദി ” എന്ന് പറയാൻ നാക്ക് പൊങ്ങിയപ്പോഴൊക്കെ സമൂഹത്തിലെ സ്റ്റാറ്റസ് എന്ന് പറഞ്ഞ അമ്മ പിഴച്ചവളായി എന്നെ മുദ്ര കുത്തി ചായ്പ്പിലെ ഒറ്റമുറിയിലേക്ക് അലർച്ചയോടെ ഞാൻ പറിച്ചു മാറ്റപ്പെട്ടു ”

**************-*******************************

ഒരു മാസത്തിനു ശേഷം പിഞ്ഞിക്കീറിയ എന്റെ സാരിയുപേക്ഷിച് നിറമുള്ള ഒരു സാരി ആദ്യമായി ഉടുത്തു, വിളർച്ച തളർത്തിയ കണ്ണുകളിൽ കണ്മഷി തേച്ചു… ഞാൻ പഴയ ഓട്ടോ സ്റ്റാൻഡിലേക്ക് പോയി..

ഒരുപാട് നേരം അവന്റെ ഓട്ടോ വരാൻ കാത്തു നിന്നു…

അവൻ വന്നിറങ്ങി എന്നെ മേഡം എന്ന് വിളിച്ചപ്പോൾ.. പുഞ്ചിരിച്ചു കൊണ്ട് ഒരു കവർ ഞാൻ അവനു നീട്ടി..

അവനതു വാങ്ങിച്ചു പൊട്ടിച്ചു നോക്കി…..ഒന്നും മനസിലാവാതെ ഉറക്കെ വായിച്ചു

“അച്ഛന്റെ കുഞ്ഞിനെ ഗർഭം കൊണ്ടവളുടെ ആത്മകഥ ”

ചിരിച്ചു കൊണ്ട് ഞാൻ അവനോട് പറഞ്ഞു… ഞാൻ കഥകളെഴുതാറുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here