വേണി – ഭാഗം 3
രചന : മൈഥിലി മാധവ്
Part – 1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Part – 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൻറെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെന്ന് ഉത്തര ഇടയ്ക്കിടെ പറയുന്നുണ്ട് ഇപ്പോൾ. അത് ഉമാദത്തന്മായി നിൻറെ വിവാഹം ഉറപ്പിച്ചിരിക്കുന്നതുകൊണ്ടാ പെണ്ണേ…, എന്നു പറഞ്ഞ് ഞാൻ അവളെ കളിയാക്കി രക്ഷപ്പെടും…..
**************************
” ഉണ്ണി….. നീ ഇന്ന് ചൂരൽക്കാടിനടുത്ത് പോയോ…?”
അച്ഛൻറെ സ്വരത്തിൽ കുറച്ച് ദേഷ്യം മിഴിച്ചുനിന്നു, അതുകൊണ്ടുതന്നെ കള്ളം പറയാനായില്ലെനിക്ക്.
” ഉവ്വ്… ഞാൻ വെറുതെ….. അവിടംവരെ….”
” ഇതിപ്പോ കുറെയായി നിന്നെ അവിടെ വച്ചു കണ്ടെന്ന് ഓരോരുത്തരു പറഞ്ഞു തുടങ്ങിയിട്ട്… നിനക്കറിവുള്ളതല്ലേ അവിടെ ദുഷ്ടശക്തിയുണ്ടെന്ന്…? യക്ഷിയാണെന്ന് ഉറപ്പാണ്.”
അച്ഛൻറെ വാക്കുകൾ അവസാനിക്കും മുൻപേ എൻറെ സ്വരം അച്ഛനു മേൽ ഉയർന്നു…,
” ദുഷ്ടശക്തില്ല അതെന്റെ വേണിയാണ്… പാവാണവൾ…. ”
എൻറെ വാക്കുകൾക്കു മുന്നിൽ അച്ഛൻ പകച്ചുനിന്നു. തൂണിന്റെ ഓരംപറ്റി അമ്മയും ഉത്തരയും നിൽക്കുന്നത് ഞാൻ അപ്പോഴാണ് കണ്ടത്. നാവിൽ നിന്ന് വീണ അബദ്ധത്തെക്കുറിച്ചോർത്തപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരൂഹവും കിട്ടിയില്ല..
അച്ഛൻ ഒന്നും മിണ്ടാതെ പുറത്തുപോയി.
**************************
ശങ്കരൻ നമ്പൂതിരിയും അച്ഛനും തമ്മിൽ ഉണ്ടായ സംഭാഷണം അമ്മയിൽനിന്ന് ഉത്തരയും അവളിൽനിന്ന് ഞാനും അറിഞ്ഞു. വേണിയെ ഒഴിപ്പിച്ചു വിടാനുള്ള ഉപായങ്ങളാണ് അവർ ഒരുക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.!
എങ്ങിനെയും വേണിയെ രക്ഷിക്കണം, അവളില്ലാതെ ഈ ഉണ്ണിക്ക് ഇനി ഒരു നിമിഷം പോലും ജീവിക്കാനാകില്ല… !!! ഞാൻ എല്ലാം മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞിരുന്നു…….
എല്ലാവരുടെയും വാക്കുകൾ ധിക്കരിച്ച് ഞാനിന്നും വേണിയെക്കാണാൻ പോകാനൊരുങ്ങി… ഇന്നത്തെ യാത്രയിൽ ചൂരൽക്കാടെന്ന ലക്ഷ്യസ്ഥാനം ഏറെ ദുർഘടം പോലെ തോന്നി എനിക്ക്…!!!
ചൂരൽക്കാടിന് അടുത്തെത്തിയപ്പോൾ എവിടെ നിന്നോ കേട്ട മന്ത്രോച്ചാരണങ്ങൾ എൻറെ കേൾവിയും കാഴ്ചയും ഒന്നിച്ച് വലിഞ്ഞുമുറുക്കുന്നതായി തോന്നിയെനിക്ക്…
ആ അവസ്ഥയിലും വേണിയുടെ അടക്കിപ്പിടിച്ച തേങ്ങൽ പാലച്ചോട്ടിന്റെ ഏതോ കോണിൽ നിന്ന് വ്യക്തമായി കേൾക്കാൻ കഴിഞ്ഞെനിക്ക്.
ഒപ്പം അവളുടെ സാമീപ്യവും അനുഭവിച്ചറിയാനും……..!
ആ നിമിഷത്തെ അവളുടെ സാമീപ്യം എനിക്ക് എവിടെനിന്ന് കുറച്ചു ശക്തി പ്രദാനം ചെയ്തു, എവിടെനിന്നോ എന്നിലേക്ക് വന്നടിഞ്ഞ ശക്തിയുടെ തീവ്രതയിൽ ഞാൻ ഉറക്കെ വിളിച്ചു വേണീ…………….. !!!
**************************
ആ നിമിഷം വീശിയടിച്ച കാറ്റിൽ ചൂരൽക്കാടാകെ ആടിയുലഞ്ഞു. അയ്യപ്പൻറെ നടയിലെ മണികളെല്ലാം ഒന്നിച്ചു മുഴങ്ങി…., കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇടിമുഴക്കങ്ങൾ ഉണ്ടായി.., പാലചുവട്ടിലേക്ക് ഓടിയെത്തിയ ഞാൻ കണ്ടത് വാടിയ പാലപ്പൂ പോലെ നിലത്തു കിടക്കുന്ന എൻറെ വേണിയെയാണ്, ഓടിപ്പോയി ഞാൻ അവളെ വാരിപുണർന്നു….!
“വേണീ….. നിനക്കെന്തുപറ്റി..?”
” ഉണ്ണിയേട്ടാ…. പറ്റണില്ലെനിക്ക് …. ഈ മന്ത്രോച്ചാരണങ്ങൾക്ക് നടുവിൽ പിടിച്ചുനിൽക്കാനാവില്ലെനിക്ക്…..
വേണി പോവാണ് ഉണ്ണിയേട്ടാ…. വിഷമിക്കരുത്, ഒരിക്കലും….. ഈ ജന്മത്തിലും ഒന്നിക്കാൻ കഴിയില്ല നമുക്ക്…. വീണ്ടും ജന്മമുണ്ടെങ്കിൽ അന്നും ഞാൻ ഉണ്ണിയേട്ടനെ വേണിയായിത്തന്നെ പിറക്കും…!”
“വേണീ….. നീയില്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല… ”
” ജീവിക്കണം ഉണ്ണിയേട്ടാ… എന്തായാലും ഞാൻ ഒരു ആത്മാവ് മാത്രമാണ്….. വെറുമൊരു പാലമരത്തിൽ താമസമാക്കിയവൾ.., എനിക്കിന്ന് ഈ പാല പോലും ഉപേക്ഷിച്ചു പോയേ പറ്റൂ….!!”
എൻറെ വേണി എന്നെ ചേർത്ത് പിടിച്ച് ഒന്നു പൊട്ടിക്കരഞ്ഞു…. ശങ്കരൻ നമ്പൂതിരിയുടെ മന്ത്രോച്ചാരണങ്ങൾക്ക് ശക്തി കൂടിവരികയാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു….
എൻറെ വേണിയെ രക്ഷിക്കാൻ എന്തും ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു., അതുകൊണ്ടുതന്നെ ശങ്കരൻ നമ്പൂതിരിയുടെ പൂജ മുടക്കാൻ ഞാൻ തീർച്ചപ്പെടുത്തി !
അപ്പോഴും ഏതോ കോണിൽ നിന്ന് പാഞ്ഞെത്തുന്ന കാറ്റുപോലെ അദ്ദേഹത്തിൻറെ മന്ത്രോച്ചാരണങ്ങൾ അവിടെമാകെ മുഴങ്ങി നിന്നു!!!!
എൻറെ വേണിയെ രക്ഷിക്കാൻ ഞാൻ വേഗം ഇല്ലത്തേക്ക് പോയി, അവിടെ അച്ഛനും അമ്മയും ഉത്തരയും ഒക്കെ ഉണ്ടായിരുന്നു… ഒരു ഭ്രാന്തനെ പോലെ ഞാൻ മന്ത്രക്കളം തല്ലിത്തകർത്തു…. അമ്മയും ഉത്തരയും പകച്ചു നിന്നു… എന്നെ തടഞ്ഞു നിർത്താനുള്ള അച്ഛൻറെ ശ്രമം വിഫലമായി……. ശങ്കരൻ നമ്പൂതിരി മാത്രം ശാന്തനായി ഇരിക്കുകയായിരുന്നു….!!
” എൻറെ വേണിയെ പറഞ്ഞു വിടരുത്…. പാവമാണ്. ..,പാവമാണ് അവൾ…. എൻറെ ജീവനാണ്..!!”
വീണ്ടും ഞാൻ അവിടെനിന്ന് ഓടി ചൂരൽക്കാടിനടുത്തെത്തി പൂജ മുടക്കാൻ ആയതിൽ ചെറിയൊരാശ്വാസം എൻറെ ഉള്ളിൽ തോന്നി.
**************************
പാലയുടെ സമീപം എത്തിയ എനിക്ക് എൻറെ ആത്മനിയന്ത്രണം പോലും നഷ്ടപ്പെട്ടു…,
പാലമരം ഉണങ്ങിക്കരിഞ്ഞു നിൽക്കുന്നു, ഇത്ര ചെറിയ സമയം കൊണ്ട്..!
എൻറെ വേണിയെ എനിക്ക് അവിടെ ഒന്നും കാണാൻ സാധിച്ചില്ല…., ഞാൻ ഉച്ചത്തിൽ അലറി വിളിച്ചു….
“വേണീ…… വേണീ……”
എൻറെ ശബ്ദം പാറകളിൽ ചെന്ന് പഠിച്ച പ്രതിധ്വനി മുഴങ്ങി!
**************************
നാളുകൾ കുറച്ച് കഴിഞ്ഞ് പോയിരുന്നു. എല്ലാവരും വേണിയെ മറന്നെന്നു തോന്നുന്നു. എനിക്ക് മാത്രം അതിന് ആയിട്ടില്ല.. ഒരിക്കലും അതിന് കഴിയുകയുമില്ല.. ഉത്തരയുടെ വിവാഹത്തിന് ദിവസം നിശ്ചയിച്ച് കഴിഞ്ഞിരിക്കുന്നു….
” ഇനി ഉണ്ണിക്കൂടെ പറ്റിയ ഒരു പെണ്ണിനെ നോക്കണമെന്ന് ” ആരോ പറയുന്നത് ഞാൻ കേട്ടു, സ്വരം ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ അത് ചെറിയമ്മയും അമ്മയും തമ്മിലുള്ള സംഭാഷണം ആണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…
” അന്നത്തെ പൂജയ്ക്കുശേഷം ഉണ്ണിക്ക് വല്ലപ്രശ്നോം ഉണ്ടായോ ഏടത്തിയെ..?”
” ഇല്ല അയ്യപ്പ കടാക്ഷം കൊണ്ട് ഒരു കുഴപ്പവും ഇല്ല, ഇപ്പോ അവൻ പഴയപടിയായി മാറി വരുന്നുണ്ട്..”
പഴയ പടിയോ…. ഞാനോ… ഒരിക്കലുമില്ല, എൻറെ വേണിയെ ഉണ്ണിക്ക് ജീവനുള്ള കാലത്തോളം മറക്കാൻ സാധിക്കില്ലെന്ന് ഞാൻ മനസ്സിലോർത്തു!
അവർ വീണ്ടും തുടർന്നു
” ഇനി ഒരിക്കലും അത് തിരിച്ചു വരത്തില്ലല്ലോ അല്ലേ ഏട്ടത്തിയെ?”
” ഇല്ലെന്നും ഉണ്ടെന്നും പറയാൻ പറ്റത്തില്ല. ”
അമ്മ സ്വരം കുറച്ചു താഴ്ത്തി പറഞ്ഞു.
ഞാൻ കുറച്ചുകൂടി ശ്രദ്ധയോടെ അവരുടെ സംഭാഷണം ശ്രദ്ധിച്ചു.
” ശങ്കരൻ നമ്പൂതിരി പറഞ്ഞ എന്താന്നുവച്ചാ, ഇത് ജന്മാന്തരങ്ങളായി ഉള്ള കഥ എന്നൊക്കെയാണ്”
“ആഹ്… ഏടത്തി കുട്ടികളുടെ അച്ഛൻ നമ്പൂതിരി പ്രശ്നം വെച്ച് പറഞ്ഞ കഥയൊക്കെ എന്നോട് പറഞ്ഞു.. പൂജ കഴിഞ്ഞ പിന്നെ
ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…, ഇതേപ്പറ്റി എന്ത് ചോദിച്ചാലും ഒഴിഞ്ഞുമാറിയങ്ങ് പോകും…”
“ങും… പൂജയ്ക്കുശേഷാ നമ്പൂതിരി ബാക്കി കഥയൊക്കെ പറഞ്ഞേ…, ആ പെൺകൊച്ചിന്റെ ശരീരം പിന്നെ ആരോ പാലമേൽ നിന്ന്മാറ്റി പഴയ ഇല്ലാത്ത് കൊണ്ടുപോയി മറവുചെയ്തത്രേ, ആ കുട്ടിയുടെ ഏട്ടനോ മറ്റോ ആണ്…, ഇല്ലം മുടിഞ്ഞുപോട്ടെ എന്ന് ശപിച്ചു അവളെ അവിടെ മറവ് ചെയ്ത് അവനും മരിച്ചുവത്രേ.. ”
” അതെയോ, വിശ്വസിക്കാനേ പറ്റണില്ല ഒന്നും, അല്ലേ ഏട്ടത്തി..”
“അതേ….. ഇത്ര പതിറ്റാണ്ട് കഴിഞ്ഞിട്ടും വേണിയുടെ ശരീരം നശിക്കാണ്ട് മറവ് ചെയ്ത അതേ സ്ഥലത്ത് ഉണ്ടത്രേ…!
ഉണ്ണി ആ ശരീരത്തെ ഒന്ന് സ്പർശിച്ചാൽ, അവളുടെ ആത്മാവ് ശരീരത്തിൽ വീണ്ടും ചേക്കേറുമാത്രേ, അവൾക്ക് വേണോങ്കിൽ പിന്നുളള കാലം മനുഷ്യനായി ജീവിക്കാമെന്നാ നമ്പൂരി പറഞ്ഞേ…. !”
കേട്ട വാക്കുകളെ വിശ്വസിക്കാനായില്ല എനിക്ക്!ഭിത്തിയുടെ മറുതലയ്ക്കൽ ഞാനുണ്ടെന്നറിയാതെ അമ്മയും ചെറിയമ്മയും തമ്മിൽ പങ്കുവച്ച വിവരങ്ങൾക്ക് എൻറെ ജീവനെക്കാളേറെ വിലയുണ്ടെന്ന് എനിക്കാനിമിഷം തോന്നി….!!!!
( തുടരും)
മേഡം,
വേണിയെന്ന കഥ എനിക്ക് ഏറെ ഇഷ്ടമാകുന്നു. യക്ഷി കഥകൾ കേൾക്കവാനും, വായിക്കവാനും തൽപരനുമാണ്, അതു മാത്രമല്ല ഒരു പ്രണകഥ കൂടി ആകുമ്പോൾ കഥ യോടുള്ള ഇഷ്ടം കൂടുക തന്നെ ചെയ്യും. വേണിയുടെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
oru peannintae kadha its really thrilling.ethryum veagam athintae baki post cheayu madam
Adutha part eppo post cheyyum
കൊള്ളാം വേണിയുടെ next part waiting……