Home Latest ചിത്തഭ്രമം

ചിത്തഭ്രമം

0

ചിത്തഭ്രമം

“ഡോക്ടർ കുറച്ചു ദിവസങ്ങളായിട്ടു എന്റെ ഉറക്കം ശരിയാവുന്നില്ല..” വിനോദ് പറഞ്ഞു..

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ടു ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി.. ഇരുണ്ട നിറത്തോടു കൂടിയ ഒരു ചെറുപ്പക്കാരൻ..ഷേവ് ചെയ്തിട്ടു നാളുകളായെന്നു കണ്ടാലറിയാം…

ഡോക്ടർ നഴ്സിനോടായി പറഞ്ഞു..” എട്ടാം വാർഡിലെ പേഷൃന്റിനെ ഷോക്ക് റൂമിലേക്കു മാറ്റിക്കൊളളാൻ രശ്മിയോടു പറയൂ…

നഴ്സ്: ” രശ്മി ഒരാഴ്ചയായി ലീവിലാണ് സാർ”

ഡോക്ടർ: “ശരി..എന്നാൽ താൻ തന്നെ നോക്കിയാൽ മതി…”

“എത്ര നാളായിതു തുടങ്ങീട്ട്?” ഡോക്ടർ വിനോദിനോടായി ചോദിച്ചു..

വിനോദ്: “ഏകദേശം അഞ്ചു ദിവസമായി ഡോക്ടർ”..

ഡോക്ടർ: “ശരി..എന്താണ് നിങ്ങൾക്ക് ഉറക്കത്തിനു തടസ്സമായിട്ടു അനുഭവപെടുന്നത്?”…

വിനോദ്: “ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നതു പോലെ!..എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല!…കട്ടിലിനടിയിൽ നിന്ന് ആരുടേയോ നിലവിളി കേൾക്കുന്നപ്പോലെ!.. ”

കുറച്ചു കുഴപ്പം പിടിച്ച കേസാണെന്നു ഡോക്ടർക്കു തോന്നി…കാഴ്ചയിൽ അയാൾക്ക് പ്രശ്നങ്ങളൊന്നും തോന്നുന്നുമില്ലതാന്നും…

ഡോക്ടര്‍: “താങ്കൾ വിവാഹിതനാണോ?”
വിനോദ്: “അതെ ഡോക്ടർ”
ഡോക്ടർ: “ഭാര്യ?”
വിനോദ്:”കൂടെയുണ്ട്..”
ഡോക്ടർ: “അവർക്കറിയില്ലേ ഈ പ്രശ്നം?”

വിനോദ്: “ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല!”

ഡോക്ടർ: “ഓ…ഐ.സീ…താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്?”

വിനോദ്: “ഒരു പ്രൈവറ്റ് കമ്പനിയിൽ”
ഡോക്ടർ: “കുട്ടികളുണ്ടോ?
വിനോദ്: “ഇല്ല..ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് മാസമായതേയുളളൂ”..

ഡോക്ടർ: “വിരോധമില്ലെങ്കിൽ
ഭാരൃയുമായുളള പിണക്കത്തിനു കാരണം ഒന്നു വിവരിക്കാമോ?”…

വിനോദ്: ” ഞങ്ങളുടേത് അറേയ്ഞ്ചഡ് മാരേജ് ആയിരുന്നു…വർഷങ്ങൾക്കു മുൻപ് മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ആളായിരുന്നു ഞാൻ.. അതുമറച്ചു വച്ചാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത്..

പക്ഷെ കഴിഞ്ഞ പത്തു വർഷത്തോളമായി എനിക്കു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.. അവളെങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു.. അന്നു മുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല..അവളെ എനിക്കു ജീവനാണ് ഡോക്ടർ”..

ഡോക്ടറിനു ഏകദേശം കാര്യങ്ങൾ പിടികിട്ടി..ഭാര്യയുമായി രമ്യതയിലായാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കുളളൂ എന്ന് ഡോക്ടർക്ക് തോന്നി…

ഡോക്ടർ: “താങ്കളുടെ പ്രശ്നം സിംമ്പിളാണ്..ഭാര്യ തന്നെ വിട്ടുപോകുമോന്നുളള ഭയത്താൽ ഉണ്ടായിട്ടുളള ഒരു തരം ഡിപ്രഷനാണിത്..

കുഴപ്പമില്ല..ആട്ടെ വീട്ടുകാർക്കറിയാമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്ന്?”

വിനോദ്: “ഇല്ല ഡോക്ടർ..”

ഡോക്ടർ: “എന്നാൽ ഉടൻ അവരെ അറിയിക്കണം എന്നിട്ട് അവരോട് തന്റെ ഭാര്യയുമായി സംസാരിക്കാൻ പറയു…”

വിനോദ്: “അതിന് എനിക്ക് അച്ഛൻ മാത്രമേയുളളൂ.. അച്ഛന്റെ സുഹൃത്തിന്റെ മകളാണ് എന്റെ ഭാര്യ..അവരെല്ലാവരും ബോംബെയിൽ സെറ്റിൽഡാണ്..അവിടെ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം..എനിക്ക് നാടിഷ്ടമായതു കൊണ്ടാണ് ഇവിടേക്കു ട്രാൻഫർ വാങ്ങിച്ചത്..

ഡോക്ടർ:”എന്നാൽ..അവരെ ഫോൺ വിളിച്ചു അറിയിക്കണം..ആരെങ്കിലും നിങ്ങളുടെ ഭാര്യയുടെ അടുത്ത് സംസാരിച്ചാലേ ഈ പ്രശ്നത്തിനൊരു പരിഹാരമാകുകയുളളൂ..

വിനോദ്: “പ്ലീസ് ഡോക്ടർ..അവരുടെ വിചാരം ഞങ്ങളിവടെ സന്തോഷത്തോടെ കഴിയുകയാണെന്നാണ്..അവരറിയാതെ ഈ പ്രശ്നം തീർക്കാനാണ് ഞാൻ ഡോക്ടറുടെ അടുത്ത് വന്നത്..ഡോക്ടർ പറഞ്ഞാൽ അവളൾക്കു മനസ്സിലാവും എനിക്കൊരു പ്രശ്നവുമില്ലെന്ന്..അതിനാലാണ് ഞാൻ ഡോക്ടറുടെ അടുത്തു തന്നെ വന്നത്.. എന്നെ സഹായിക്കണം സാർ..എനിക്കവളെ വിട്ടു പിരിയാൻ വയ്യ..”

അതുപറഞ്ഞ് അയാൾ പൊട്ടി കരയുവാൻ തുടങ്ങി..

ഡോക്ടർക്ക് അയാളുടെ അവസ്ഥ കണ്ട് മനസ്സലിവുതോന്നി..ഇതുപോലത്തെ എത്രയോ കേസുകൾ താൻ പരിഹരിച്ചിരിക്കുന്നു..ശരിക്കും ചികിത്സ വേണ്ടത് കൂടെ ഉളളവർക്കാണ് അല്ലാതെ രോഗികൾക്കല്ല..

“ശരി..അവരേയും കൂട്ടി ഞായറാഴ്ച വരൂ..നമുക്ക് നോക്കാം..തല്ക്കാലം ഞാൻ സ്ലീപ്പിംഗ് ടാബ്ലറ്റിനു കുറിക്കുന്നുണ്ട്..” ഡോക്ടർ പറഞ്ഞു..

“ശരി സാർ..താങ്ക്സ്..ബുദ്ധിമുട്ടില്ലെങ്കിൽ സാറിന്റെ ഫോൺ നമ്പർ ഒന്നു തരാമോ?”
വിനോദ് ചോദിച്ചു…

“അതിനെന്താ…ഡോക്ടർ പറഞ്ഞു…”

ഡൂട്ടി കഴിഞ്ഞതിനു ശേഷം പതിവായി ക്ലബിൽ പോകുമായിരുന്നു ഡോക്ടർ..അന്നു
സുഹൃത്തിന്റെ പാർട്ടിക്കു ശേഷം കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
രാത്രി ഏകദേശം പതിനൊന്നുമണിയായി ക്കാണും…ഡോക്ടറുടെ ഫോൺ റിംഗ് ചെയ്തു..

അപ്പുറത്ത് വിനോദ് ആണ്..

“ഡോക്ടർ ഞാനവളോട് കാരൃങ്ങളവതരിപ്പിച്ചു. എല്ലാം കേട്ടിരുന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല.. അവൾ വരുമെന്നു തോന്നുന്നില്ല.. ഞാനാകെ നിരാശനാണ്..ഞാൻ മരിക്കാൻ പോകുന്നു ഡോക്ടർ..”

ഡോക്ടർ വണ്ടി റോഡ് സൈഡിലേക്കു ഒതുക്കി നിർത്തി..

ഡോക്ടർ: “വിനോദ് താങ്കളവിവേകമൊന്നും കാണിക്കരുത്..എന്തിനും വഴിയുണ്ടാക്കാം… പറഞ്ഞു തീരുന്നതിനു മുമ്പേ അയാൾ ഫോൺ കട്ട് ചെയ്തിരുന്നു..

പിന്നീട് ഒരുപാടു തവണ വിളിച്ചു നോക്കിയെങ്കിലും അയാൾ ഫോണെടുത്തില്ല..

ഡോക്ടർ പരിഭ്രാന്തനായി..ഉടൻ എന്തെങ്കിലും ചെയ്തേ പറ്റൂ..

കുറച്ചു സമയത്തിനു ശേഷം വീണ്ടും ഒരു തവണ കൂടി വിളിച്ചു നോക്കി.. ഇത്തവണ വിനോദ് ഫോണെടുത്തു.

ഡോക്ടർ; “വിനോദ് പ്ലീസ്..ഞാൻ പറയുന്നതു കേൾക്കണം..ഞാൻ സംസാരിക്കാം നിങ്ങളുടെ വൈഫിനോട്..എവിടെയാണ് നിങ്ങളുടെ വീട്?”

വിനോദ്: “താങ്ക്സ് ഡോക്ടർ..പക്ഷെ അവൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല..അത്രയധികം എന്നെ വെറുത്തതു കൊണ്ടാകാം”…

ഡോക്ടർ: “അതിനെ പറ്റി പേടിക്കണ്ട ഞാൻ സമ്മതിപ്പിച്ചോളാം..ഞാൻ വാക്കു തരുന്നു..പ്ലീസ്”

വിനോദ്: “ഓക്കെ! ഞാൻ ഡോക്ടറെ വിശ്വസിക്കുന്നു…അഡ്രസ്സ് കുറിച്ചോളൂ..”

ടൗണിൽ നിന്ന് മാറി ഒരു പഴയ ഹൗസിംഗ് ബോർഡിനകത്തായിരുന്നു അയാളുടെ വില്ല..വില്ലാ നമ്പർ പതിനാല്..വീടിനു പുറത്തെല്ലാം ചവറുകൾ കുന്നുകൂടിയിരുന്നു… ഡോക്ടർ കോളിംഗ് ബെല്ലിൽ വിരലമർത്തി..

വിനോദാണ് വാതിൽ തുറന്നത്..വീടിനുളളിൽ കയറിയതും വല്ലാത്തൊരു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു..

“വരൂ ഡോക്ടർ ഇരിക്കൂ.. ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു…ടീയാണോ കോഫിയാണോ കുടിക്കാനെടുക്കേണ്ടത്?വിനോദ് ചോദിച്ചു..

ഡോക്ടർ സോഫയിൽ ഇരുന്നു..” നോ താങ്ക്സ്
നിങ്ങൾ വൈഫിനെ വിളിക്കൂ..”

“ഓക്കെ ഞാൻ വിളിക്കാം”..എന്നു പറഞ്ഞ് അയാൾ ഗോവണി കയറി മുകളിൽ പോയി..

കുറച്ചു സമയത്തിനു ശേഷം വിനോദ് തിരിച്ചു വന്നു..”സാർ പോയ്ക്കോളൂ..അവൾ ഞാൻ പറയുന്നതു കേൾക്കുന്നില്ല..എന്റെ മരണം കൊണ്ടേ ഇതിനൊരു പരിഹാരം കണ്ടെത്താനാവൂ”

ഡോക്ടർ: “എന്താ വിനോദ് ഇത്..കാരൃങ്ങൾ പരിഹരിക്കാനല്ലേ ഞാനിവിടെ ഈ രാത്രി തന്നെ വന്നിരിക്കുന്നത്.. സാരമില്ല ഞാൻ മുകളിലേക്കു വരാം”

വിനോദ്: “വേണ്ട..സാർ..സാറിന്റെ സമയം വെറുതെ പാഴാക്കണ്ട..പോയ്ക്കൊളളൂ..
എന്റെ തല പെരുക്കുന്നപോലെ”

“ശരി..വിനോദ് ഇവിടെയിരുന്നോളൂ..ഞാൻ പോയി സംസാരിക്കാം..” എന്നു പറഞ്ഞ് ഡോക്ടർ മുകളിലേക്കു പടികൾ കയറി…

അകത്തെ ഒരു മുറിയിൽ നിന്നും നേർത്ത പ്രകാശം വരുന്നുണ്ടായിരുന്നു..അടുക്കും തോറും വല്ലാത്ത ഒരു ദുർഗന്ധം മൂക്കിലേക്കു തുളഞ്ഞു കയറിക്കൊണ്ടിരുന്നു..മുറിയിൽ പക്ഷെ ഡോക്ടർക്ക് ആരേയും കാണുവാൻ സാധിച്ചില്ല..

ഡോക്ടർക്കെന്തോ പന്തികേടു തോന്നി..ഒരു മെന്റൽ പേഷൃന്റിന്റെ വാക്കും വിശ്വസിച്ചാണ് താനിവിടെ നിൽക്കുന്നതെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഭയപെടുത്താൻ തുടങ്ങി..

“അവളുറങ്ങുകയാണ് ഡോക്ടർ..ഞാൻ വിളിച്ചുണർത്താം”

ഡോക്ടർ ഞെട്ടിതിരിഞ്ഞു നോക്കി..വിനോദ് അതും പറഞ്ഞ് ബെഡ്ഡിനടുത്തേക്കു നടന്നു.. ഡോക്ടറിന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു..

അയാൾ കട്ടിൽ വലിച്ചു നീക്കി..ഞെട്ടലോടെയാണ് ഡോക്ടർ ആ കാഴ്ച കണ്ടത്..ഒരു സ്ത്രീയുടെ ശവശരീരം…

തന്റെ ഹോസ്പിറ്റലിൽ നഴ്സായ രശ്മിയുടെ മൃതദ്ദേഹമാണതെന്ന് മനസ്സിലായതോടെ ഡോക്ടറുടെ ഹൃദയമിടിപ്പു കൂടിക്കൊണ്ടിരുന്നു..

ആഴ്ചകൾക്കു മുമ്പാണ് രശ്മി ആ കാരൃം പറയുന്നത്…അവളുടെ ഭർത്താവിന് സംശയരോഗമാണെന്നും അവരേയും തന്നേയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞ് അവളെ ഉപദ്രവിക്കാറുണ്ടെന്നുളളതും..അയാളവളെ കൊല്ലുമെന്നു അവൾ ഭയന്നിരുന്നു…

വിനോദ് ഡോക്ടറുടെ അടുത്തേക്കു വന്നുകൊണ്ടിരുന്നു…

“കണ്ടോ ഡോക്ടർ നമ്മളിവിടെ വന്നതു പോലും അറിയാതെ അവളുറങ്ങുന്നത്..എനിക്കിതാണ്
ഇഷ്ടപെടാത്തത്…

“എനിക്കവളില്ലാതെ പറ്റില്ല ഡോക്ടർ.. സംസാരിക്കൂ ഡോക്ടർ ഇവളോട്..എന്നിട്ടു പറ എന്നെ വിട്ടു പോകല്ലേന്നു”..

എന്തു ചെയ്യണമെന്നറിയാതെ ഡോക്ടർ പകച്ചു!!

“പ്ലീസ് ഡോക്ടർ..അവളെ പറഞ്ഞു മനസ്സിലാക്കൂ”

ഡോക്ടർ അവിടുന്നു രക്ഷപെടാനായി വാതിലനുടുത്തേക്കു പാഞ്ഞു..വിനോദ് ഉടനെ വന്ന് ഡോക്ടറുടെ കാലിൽ പിടിച്ചു കരഞ്ഞു..

“പ്ലീസ് ഡോക്ടർ ഞങ്ങളെ വിട്ടു പോകരുത്..”

കാലു കുടഞ്ഞ് ഡോക്ടർ അവിടുന്നു താഴേക്കു ഓടി..മുൻ വാതിൽ അകത്തു നിന്നും ലോക്ക് ആയിരുന്നു..

ദേഷൃത്തോടെ ഡോക്ടർ വിനോദിനു നേരെ തിരിഞ്ഞു..” വാതിൽ തുറക്ക് വിനോദ്.. അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും”

“ഡോക്ടർ പ്ലീസ്..ഡോക്ടർ എനിക്കു വാക്കു തന്നതല്ലേ..എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന്.. എന്നിട്ടിപ്പോ? ഡോക്ടർക്കു മാത്രമേ അവളെ തിരുത്താനാവൂ”

“വിനോദ് മര്യാദക്ക് വാതിൽ തുറക്കാനാ പറഞ്ഞത്” അതും പറഞ്ഞ് ഡോക്ടർ പോക്കറ്റിൽ നിന്നും ഫോണെടുത്തു…

“വേണ്ട ഡോക്ടർ..ഇതാ ചാവി” എന്നു പറഞ്ഞ് അയാൾ ചാവി ഡോക്ടർക്കു നേരെയെറിഞ്ഞു..

ചാവിയെടുത്ത് വെപ്രാളത്തിൽ വാതിൽ തുറക്കാൻ ശ്രമിക്കവേ പിന്നിൽ നിന്നും കത്തികൊണ്ടുളള കുത്തേറ്റ് ഡോക്ടർ നിലത്തു വീണു..

നിലത്തു കിടന്നു പിടയുന്ന ഡോക്ടറുടെ മേൽ കയറിയിരുന്നു അയാൾ വീണ്ടും വീണ്ടും ആഞ്ഞുകുത്തി..അവസാനം ഡോക്ടറുടെ പ്രാണൻ പോകുന്നത് കണ്ട് അയാൾ ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ടിരുന്നു….

***സംശയം ഒരു മനോരോഗം തന്നെയാണ്.. വേണ്ട സമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ നിരപരാധികളുടെ ജീവനെടുക്കുന്ന ചിത്തഭ്രമം**

രചന
പ്രവീൺ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here