Home Latest ചെയ്തതെല്ലാം നിൻറെ ഭാര്യയാ .

ചെയ്തതെല്ലാം നിൻറെ ഭാര്യയാ .

0

കല്യാണം കഴിഞ്ഞു ആദ്യവിരുന്നൊക്കെ കഴിഞ്ഞു പോരാൻനേരം അവളുടെ അച്ഛൻ എന്നോടുപറഞ്ഞു ” ഞങ്ങൾക്ക് ആകെയുള്ളൊരുമോളാ അതുകൊണ്ടുതന്നെ കുറച്ചധികം ലാളിച്ചു അതിൻറെ കുറച്ചു കുറുമ്പ് അവൾക്കുണ്ട് എന്നാലും ആള് പാവമാണെട്ടോ അവളെ വേദനിപ്പിക്കരുത് ,അവളുടെ കണ്ണുനിറഞ്ഞാൽ പിന്നെ …” പാവം സങ്കടം കാരണം വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അതുകണ്ടപ്പോൾ എനിക്കും വിഷമമായി .

ഇറങ്ങാൻനേരം അവിടെ കൂട്ടക്കരച്ചിൽ അറിയാതെ എന്റെ കണ്ണും നിറഞ്ഞു,വീട്ടിലേക്കുള്ള യാത്രയിൽ അവളൊന്നും മിണ്ടിയില്ല,വെറുതെ പുറത്തേക്കുനോക്കിയിരുന്നു.വീട്ടിൽ എത്തിയിട്ടും അവളുടെ മുഖത്തൊരു സന്തോഷക്കുറവ്, അവൾ അധികസമയവും അമ്മയുടെ അടുത്തായിരുന്നു,

രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അവളുടെ വിഷമമൊക്കെ മാറി ,പക്ഷെ കുറുമ്പുകാരിയാണെന്നുപറഞ്ഞിട്ട് ഇതുവരെയും അങ്ങനൊന്നും കണ്ടില്ല,,രണ്ടുദിവസംകൊണ്ടുതന്നെ അവൾ അമ്മയെകയ്യിലെടുത്തു ,ഇപ്പൊ അവളെക്കുറിച്ചുപറയുമ്പോൾ അമ്മക്ക് നൂറുനാവാണ്,കൊള്ളാം ഇങ്ങനൊരു ഭാര്യയെ ആരും കൊതിച്ചുപോകും.എനിക്കും തെല്ലൊരഹങ്കാരം തോന്നി .

വാട്സാപ്പിലും ഫേസ്ബുക്കിലും വളരെ സജീവമായിരുന്നുഞാൻ , കല്യാണത്തിനുമുന്പേ കൂട്ടുകാർ മുന്നറിയിപ്പുതന്നിരുന്നു , ” മോനെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ് അവൾക്ക് കാര്യങ്ങളൊക്കെ പെട്ടെന്ന് പിടുത്തംകിട്ടും അതുകൊണ്ടുതന്നെ നിൻറെ പെൺപിള്ളേരോടുള്ള ചാറ്റിങ് പരുപാടിയൊക്കെ സ്റ്റോപ്പ് ചെയ്തോ അല്ലെങ്കിൽ പണികിട്ടും ” അതുകൊണ്ടുതന്നെ കല്യാണത്തിനുമുന്പേ ഞാൻ അത്യാവശ്യം മുൻകരുതലെടുത്തിരുന്നു .

പക്ഷെ ഇത്രയും ദിവസമായിട്ടും അവൾ എൻറെ മൊബൈൽ ഒന്നെടുത്തുനോക്കുന്നതുപോലും കണ്ടില്ല ,ഇവൾ തനി ബുദൂസുതന്നെ ഞാൻ മനസ്സിൽ കരുതി,ഞാൻ പതുക്കെ പതുക്കെ വീണ്ടും വാട്സാപ്പിലും ഫേസ്ബുക്കിലു മൊക്കെ സജീവമായിത്തുടങ്ങി.കൂട്ടുകാർക്ക് പലർക്കും എന്നോട് തെല്ലസൂയയൊക്കെ തോന്നിത്തുടങ്ങിയിരുന്നു ..അവരെപ്പോഴും പറയും
” ഹോ കല്യാണം കഴിഞ്ഞിട്ടും ഇവനുമാത്രം ഒരുമാറ്റവുമില്ലല്ലോ ..”

അങ്ങിനെ സന്തോഷകരമായി ജീവിതം മുന്പോട്ടുപോകുകയായിരുന്നു ,വീട്ടിലെത്തിയാൽ ഏട്ടാ ഏട്ടാ എന്നുപറഞ്ഞു ആളെപ്പോഴും പുറകെയുണ്ടാവും, അവൾ കോളേജിലെ വിശേഷങ്ങളൊക്കെ പറയും. ഇടക്കിടക്ക് അവളെ ദേഷ്യം പിടിപ്പിക്കൽ എൻറെ ഒരു ശീലമായിരുന്നു , വഴക്കുകൂടി ഇരിക്കുന്ന അവളെ കാണാൻ ഒരു പ്രത്യേക രസമാണ് …വഴക്കുകൂടിയാൽ വാശിപിടിച്ചിരിക്കുന്ന കുട്ടിയെപോലെയാണ് .പാവം പുറമേ കാണിക്കുന്ന വഴക്കുമാത്രമേയുള്ളു ,ഒരു സോറി പറഞ്ഞു അടുത്തുചെന്നാൽ മതി അവള് ഹാപ്പിയാകും, പിന്നെ കുറച്ചുസമയത്തേക്ക് ഭയങ്കര സ്നേഹമാണ്.

ഒരുദിവസം രാത്രി അവളെന്റെ മൊബൈൽ ഒന്നുചോദിച്ചു ,എനിക്ക് ഔട്ട്ഗോയിംഗ് ഫ്രീയാണ് വീട്ടിലേക്ക് വിളിക്കാനാകും എന്നാണ് ഞാൻ കരുതിയത് ,അതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധിച്ചതുമില്ല. ” ഏട്ടാ ഏതാ ഈ മായ ” അപ്രതീക്ഷിതമായചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി , ” മായ ..ഓ അതെൻറെ ഒരു ഫ്രണ്ടാണ് .” ഞാൻ ഞെട്ടൽ പുറത്തുകാണിച്ചില്ല , അവൾ മൊബൈലിൽ എന്തൊക്കെയോ നോക്കുന്നുണ്ട് ..” ഈ നീതു …അച്ചു ഇവരെല്ലാം ഫ്രണ്ട്സ് ആയിരിക്കും അല്ലെ ” അവൾ വീണ്ടും ചോദിച്ചു ..എല്ലാം കൈവിട്ടുപോയെന്നെനിക്കു മനസ്സിലായി ,ഞാൻ പതുക്കെ തലയാട്ടുകമാത്രം ചെയ്തു .

അവളുടെ കയ്യി ലിരിക്കുന്ന എൻറെ മൊബൈലിലേക്ക് നോക്കാൻപോലും എനിക്കുപേടിയായി “ചാറ്റിങ്ങിലൊക്കെ പറയുന്ന “ബുദൂസ് ” ഞാൻ തന്നെയാണല്ലോ അല്ലെ ” ഞാൻ ഒന്നും മിണ്ടിയില്ല ,അവൾ എന്റെ അടുത്തേക്ക് വന്നു …” ഇതെന്താ ഏട്ടാ ഈ പെൺകുട്ടികളോട് ചാറ്റുചെയ്തുകഴിയുമ്പോൾ UM ..UM എന്നുപറഞ്ഞു നിർത്തുന്നത് ” എൻറെ തൊണ്ടവരണ്ടു…” അതുപിന്നെ . ഈ ഗ്രൂപ്പിലൊക്കെ ഞാൻ ചുമ്മാ ” പറഞ്ഞുതീരുന്നതിനു മുൻപേ അവളുടെ കയ്യിലിരുന്ന പുസ്തകം എൻറെ തല തകർത്തതും ഒപ്പമായിരുന്നു പുസ്തകമായിരുന്നതുകൊണ്ടാകും നല്ല ഒച്ചകേട്ടു ..അടിച്ചതിൻറെ ഒപ്പം അവൾ അയ്യോ എന്നൊരുക്കരച്ചിലും .ഒച്ചയും കരച്ചിലും കേട്ട് അമ്മ ഓടിവന്നു .

“എന്താ മോളെ പറ്റിയെ ” വേദനയൊന്നുമില്ലെങ്കിലും അടികൊണ്ടതിന്റെ അമ്പരപ്പ് എനിക്ക്മാറിയിരുന്നില്ല, ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല ” എൻറെ മോളെ നോവിച്ചാലുണ്ടല്ലോ ” എൻറെ ചെവിയിൽ നല്ലൊരു തിരുമ്മും തന്ന് അമ്മപോയി , ഞാനവളുടെനേരെ ദയനീയമായി നോക്കി ”അയ്യോടാ നന്നായി വേദനിച്ചോ ” അവളെന്നെ നോക്കിചിരിച്ചു ..അവൾ വീണ്ടും അടുത്തേക്ക് വന്നു ഞാൻ വീണ്ടും പുസ്തകത്തിലേക്കുനോക്കി ” സിമ്പിൾ മാത്തമാറ്റിക്സ് ” അല്ലെങ്കിലും എൻറെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റിയിരുന്നു.

” ഇന്നത്തോടെ ഈ പരിപാടിയൊക്കെ നിർത്തിക്കോണം അല്ലെങ്കിലുണ്ടല്ലോ ..ഇനി പുസ്തകംകൊണ്ടായിരിക്കില്ല കിട്ടുക കേട്ടോ ” ..വീണ്ടും അവളുടെ മുഖത്ത് പഴയഗൗരവം ” ഞാൻ അറിയാതെ തലയാട്ടിപ്പോയി ..എന്റീശ്വരാ എന്തൊരുമാറ്റം ..ഇവളാര് മണിച്ചിത്രത്താഴിലെ നാഗവല്ലിയോ ഞാൻ മനസ്സിലോർത്തു.

അതോടെ ചാറ്റിങ്ങ് പരിപാടിയൊക്കെ ഞാൻ നിർത്തി ,ഒരുപാടുപേരെ ബ്ലോക്കും അൺഫ്രണ്ടുമൊക്കെ ചെയ്യേണ്ടിവന്നു.
.
ഞാൻ നടന്നതൊന്നും കൂട്ടുകാരോട് പറഞ്ഞില്ല ..പക്ഷെ അപ്പോഴും ഒരുപ്രശ്നം ബാക്കിനിന്നു , അമ്മ നാട്ടിൽ ഉത്സവത്തിന് പോകുന്നദിവസ്സം ഞങ്ങളെല്ലാവരുംകൂടി വീട്ടിൽവച്ചോരു പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു..അവളെ വീട്ടിൽ പറഞ്ഞുവിടാം എന്നൊക്കെയായിരുന്നു പ്ലാൻ …ഇനിയിപ്പോ ഒന്നും നടക്കുന്നമട്ടില്ല .അവൾ വീട്ടിൽ പോയില്ലെങ്കിലും വീട്ടിൽവച്ച് പാർട്ടിനടന്നു ..ആദ്യം ഡീസെന്റായി തുടങ്ങിയെങ്കിലും പലരും ഓവറായി .മൊത്തം കുളമായി . പക്ഷെ പ്രതീക്ഷിച്ചപോലെ അവൾ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല ..അങ്ങനൊരു സംഭവം നടന്നതായിപ്പോലും അവൾ ഭാവിച്ചില്ല .

പിറ്റേദിവസം കൂട്ടുകാരെ കണ്ടപ്പോൾ ആരും എന്നെ ശ്രദ്ധിച്ചതുപോലുമില്ല ..ഇവർക്കിതെന്തുപറ്റി ഞാൻ മനസ്സിലോർത്തു.

” അല്ല ഇതെന്താ ആരും ഒന്നും മിണ്ടാത്തത് ” എൻറെ ചോദ്യം കേട്ടതും അവരെന്നെ രൂക്ഷമായിനോക്കി

” എന്നാലും നീ ഞങ്ങളോട് ഈ ചതിചെയ്യരുതായിരുന്നു വീട്ടിൽ വിളിച്ചുവരുത്തി ഈ കൊലച്ചതി ചെയ്യരുതായിരുന്നു ”

എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടുത്തവും കിട്ടിയില്ല .. ” എന്താപറ്റിയതെന്ന് തുറന്നുപറ ഞാനെന്തുചെയ്തെന്നാ ” എനിക്ക് ശരിക്കും ദേഷ്യം വന്നു .

” നീ ഒന്നും ചെയ്തില്ല ..പക്ഷെ ചെയ്തതെല്ലാം നിൻറെ ഭാര്യയാ ..”

” അവളോ ..അവളെന്തുചെയ്തു ”
” ഇന്നലെ ഞങ്ങളവിടെനിന്നിറങ്ങിയതും നിൻറെ ഭാര്യ ഞങ്ങളുടെയെല്ലാം വീട്ടിൽ വിളിച്ചിരുന്നു ”

” എന്നിട്ട് എനിക്കാകെ ആകാംഷയായി ..” അവൾ ഓരോരുത്തരുടേയും വീട്ടിലെ ഫോൺ നമ്പർ ചോദിച്ചത് അവ്യക്തമായി എനിക്കോർമ്മവന്നു .

അവൾ ഞങ്ങളുടെയെല്ലാം വീട്ടിൽ വിളിച്ചു എല്ലായിടത്തും ഒരേ ഡയലോഗ് ” ഇവിടെനിന്നിറങ്ങിയപ്പോൾ ചേട്ടൻ കുറച്ചുഓവറായിരുന്നു വീട്ടിലെത്തിയോ എന്നറിയാനായി വിളിച്ചതാണ് ” ഇതിൽകൂടുതലെന്തുവേണം . ഇന്നലെ ഞങ്ങൾക്ക് ശരിക്കും ശിവരാത്രിയായിരുന്നു , ഇങ്ങനൊരു മന്ദബുദ്ധിയെയാണല്ലോ നിനക്കുകിട്ടിയത് .

കാര്യങ്ങളുടെ കിടപ്പേതാണ്ടു എനിക്ക് മനസ്സിലായി , ” എടാ അവൾ നമ്മളുദ്ദേശിച്ചപോലൊന്നുമല്ല ” ഞാൻ നടന്നതോരോന്നും അവരോടുപറഞ്ഞു ..

വീട്ടിലെത്തിയപ്പോൾ ചിരിച്ചമുഖവുമായി അവൾ വാതിൽക്കൽ തന്നെയുണ്ടായിരുന്നു , ” അനുക്കുട്ടി ഇന്നലെ നീയെന്തിനാ അങ്ങിനെ ചെയ്തത് ..നിനക്ക് കുട്ടിക്കളി കുറച്ചുകൂടുന്നുണ്ട് ” എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു

” എന്തുപറ്റിയേട്ടാ ഇന്നുനല്ല ദേഷ്യത്തിലാണല്ലോ “..നിഷ്ക്കളങ്കമായിരുന്നു അവളുടെ ചോദ്യം

” നീയെന്തിനാ ഇന്നലെ രാത്രി എൻറെ ഫ്രണ്ട്സിൻറെ വീട്ടിൽ വിളിച്ചത് നീ എൻറെ കാര്യം മാത്രം നോക്കിയാമതി നാട്ടുകാരെ മുഴുവൻ നന്നാക്കാൻ നോക്കേണ്ട ,,അതെങ്ങനെയാ മനസ്സുനിറയെ അഹങ്കാരമാണല്ലോ ’’

എൻറെ ഭാവമാറ്റം കണ്ടിട്ടാവാം അവൾ കുറച്ചുസമയത്തേക്ക് ഒന്നുംമിണ്ടിയില്ല ..പതിവുപോലെ വഴക്കുതീർക്കാൻ ഞാൻ പോയതുമില്ല ,രാത്രി അവൾ റൂമിലെത്തുന്നതിനുമുന്പേ ഞാൻ കിടന്നിരുന്നു..അവൾ എൻറെ അരികിൽ വന്നു കിടന്നു ,പക്ഷെ ഞാൻ അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല,കുറച്ചുകഴിഞ്ഞപ്പോൾ അവൾ മെല്ല എന്നോടുചേർന്നുകിടന്നു പുറത്തു നനവുപടർന്നപ്പോൾ ഞാൻ അവളുടെ നേരെ തിരിഞ്ഞു , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. അതുവരെയുള്ള എന്റെദേഷ്യമെല്ലാം ഒരുനിമിഷം കൊണ്ടില്ലാതായി , ഞാൻ മെല്ലെ അവളെ എന്നോട് ചേർത്തു. കുറച്ചുസമയത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

” ഏട്ടൻ കരുതുംപോലെ ഞാൻ ഒന്നും ആലോചിക്കാതെയല്ല അതുചെയ്തത് ..ഏട്ടൻ ചെയ്തത് ശെരിയാണെന്ന് തോന്നുന്നുണ്ടോ ..വീട്ടിൽ ഭാര്യമാത്രമുള്ളപ്പോൾ കൂട്ടുകാരേയും കൂട്ടിവരിക ,പാതിരാത്രിവരെയിരുന്നു മദ്യപിക്കുക, നിങ്ങളെല്ലാവരും കൂടി എന്തെല്ലാം വൃത്തികേടുകളാ വിളിച്ചികൂവിയതെന്നറിയാമോ, ഒരുനിമിഷമെങ്കിലും ഏട്ടനെന്നെക്കുറിച്ചൊന്നു ചിന്തിക്കാമായിരുന്നില്ലേ ,അതെല്ലാം പോകട്ടെ അവരിലാരെങ്കിലും എന്നോട് മോശമായി പെരുമാറിയിരുന്നെങ്കിലോ യാതൊരുബോധവുമില്ലായിരുന്ന ഏട്ടനത് തടയാൻ കഴിയുമായിരുന്നോ.” അവളുടെ ചോദ്യങ്ങൾക്കൊന്നും എൻറെ കയ്യിൽ ഉത്തരങ്ങളില്ലായിരുന്നു .

അവൾ എനിക്കുശരിക്കും ഒരത്ഭുതമാകുകയായിരുന്നു ,അവൾ വെറും പൊട്ടിപെണ്ണാണെന്ന് കരുതിയ ഞാനാണ് ആനമണ്ടൻ എന്നെനിക്ക് മനസ്സിലായി.ആ ചെവിയിൽ ഒരായിരം സൊറിപറഞ്ഞു അവളെ എന്നോട് ചേർക്കുമ്പോൾ ഇനിയൊരിക്കലും ആ കണ്ണുകൾ നനയിക്കില്ലെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തിരുന്നു .

രചന: Ratheesh Narayanan

LEAVE A REPLY

Please enter your comment!
Please enter your name here