Home Latest വിശപ്പിന്റെ വില അറിയുന്നവനെ മറ്റൊരാളെ മനസ്സറിഞ്ഞു ഊട്ടാൻ കഴിയൂ

വിശപ്പിന്റെ വില അറിയുന്നവനെ മറ്റൊരാളെ മനസ്സറിഞ്ഞു ഊട്ടാൻ കഴിയൂ

0

” അല്ല അപ്പുവേയ് നീയിവിടെ പന്തും തട്ടി നടക്കുവാണോ… ? നിന്റെ അമ്മ എത്ര നേരായി നിന്നെ അന്വക്ഷിക്കണൂ .. ?

പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിടെ ചോദ്യം.. സ്കൂളിൽ നിന്ന്‌ വന്നപാടെ ഇറങ്ങിയതാണ് കളിക്കാൻ… ഇനിയും യൂണിഫോം പോലും മാറിട്ടില്ല..

” യ്യോ… അമ്മ വന്നോ.. ?

” മ്മ്… നീയിവിടെ ചുറ്റി തിരിയാണ്ട് വേഗം വീട്ടിലോട്ടു ചെല്ല്…. ”

” ദേ… പോകുവാ കാർത്തുവേച്ചിയേ… ”

ദേഹത്തെ ചെളിയൊക്കെ കഴുകി കളഞ്ഞ് നേരെ വീട്ടിലേക്ക് ഓടി.. അടുക്കളയിൽ എന്റെ ലക്ഷ്മിയമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. എന്നെ കാണാത്തതിന്റെ ദേഷ്യം വീട്ടിലെ പാത്രങ്ങളോടൊക്കെ തീർക്കുവാ..

” ലക്ഷ്മിക്കുട്ടിയേ…
ഇത്തിരി മയത്തിലൊന്ന്‌ നീട്ടി വിളിച്ചു…

” നീ ഇത് എവിടെ പോയി കിടക്കുവായിരുന്നെടാ ചെക്കാ… ? വാതിലും ജനലുമൊക്കെ തുറന്നിട്ടിട്ടു അവൻ ലോകം ചുറ്റാൻ പോയേക്കുന്നു.. വല്ല കള്ളന്മാരും കയറിയിരുന്നെങ്കിലോ.. ?
മാതാശ്രീ നല്ല ചൂടിലാണ്..

” പിന്നേയ്.. ഇവിടെ കോടികൾ ഇരിക്കുവല്ലേ മോഷ്ടിക്കാൻ… ഒന്ന് പോയെ ന്റെ ലക്ഷ്മിയമ്മേ… ആകെക്കൂടി ഇത്തിരി പൊന്നുള്ളത് ന്റെ സുന്ദരിയമ്മേടെ ഈ കുഞ്ഞു മൂകുത്തിയിൽ അല്ലേ.. ? അത് കള്ളന്മാര് എങ്ങനെ മോഷ്ടിക്കുമെന്നാ…?

” തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നില്ക്കണ്ട .. കേട്ടല്ലോ… ”

” ഓഹ്.. ഇല്ലേയ്… നിർത്തി… നിക്ക് വല്ലതും തരുവോ ? വിശക്കുന്നു.. സ്കൂളിൽ നിന്നു വന്നിട്ട് ഒന്നും കഴിച്ചില്ല.. ”

” കുളിച്ചിട്ട് വാ.. അമ്മ കഞ്ഞി എടുത്ത്‌ വെക്കാം… ”

കുഴലുകൊണ്ട് അടുപ്പിലെ തീ ഒന്നുടെ ഊതി കത്തിച്ചുകൊണ്ട് അമ്മ പറഞ്ഞു..
അച്ഛൻ പോയതിൽ പിന്നെയാ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്… കടങ്ങളൊക്കെ തീർത്തു വന്നപ്പോൾ ലക്ഷ്മിയമ്മേടെ കയ്യിൽ ആ മൂകുത്തി മാത്രേ ശേഷിച്ചുള്ളൂ…

രാത്രിയിൽ എന്റെ കൂടെ വന്നിരിക്കുന്നതല്ലാതെ അമ്മ ആഹാരം കഴിച്ചിരുന്നില്ല.. പിന്നെ കഴിച്ചോളാം എന്നും പറഞ്ഞ് എന്നെയും നോക്കി ഇരിക്കും.. ഞാനുറങ്ങിയാലും ലക്ഷ്മിയമ്മടെ അടുക്കള പണി തീർന്നിട്ടുണ്ടാവില്ല.. പാത്രങ്ങളുടെ ഒച്ചയും അനക്കവും അവിടെ നിന്ന്‌ കേട്ടുകൊണ്ടേയിരിക്കും ..

എപ്പോഴാ അമ്മ ഉറങ്ങുന്നതെന്നു പോലും ഞാൻ അറിഞ്ഞിരുന്നില്ല.. രാവിലെ ഞാൻ ഉണരുന്നതിനു മുൻപേ അമ്മ പണിക്ക് പോവാനും തയ്യാറായി കഴിയും…
ക്ലാസ്സിൽ പോകുമ്പോൾ എന്നും എന്റെ വയറു കാലിയായിരുന്നു. പക്ഷേ അത് ഒരിക്കലും ന്റെ അമ്മയുടെ കുറ്റമല്ല.. ലക്ഷ്മിക്കുട്ടിക്ക് ചെയ്യാൻ പറ്റുന്നതിനും പരിമിതികളുണ്ട്..

ഒഴിഞ്ഞ വയറുമായി സ്കൂളിലേക്ക്‌ നടക്കുമ്പോൾ പുതുതായി പണിതുയർത്തുന്ന ഒരു വീട്ടിൽ കല്ല്‌ ചുമക്കുന്ന ന്റെ ലക്ഷ്മിയമ്മയെ എനിക്ക് കാണാമായിരുന്നു. എന്നെ കാണുമ്പോൾ ആ മുഖത്ത് വിരിയുന്ന ചിരിയിൽ ഞാനെന്റെ വിശപ്പു പോലും മറന്നു പോകും.

ആ വഴിയിൽ തന്നെയാണ് നായരേട്ടന്റെ ചായക്കട.. അവിടേക്ക് പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. കണ്ണാടി ചില്ലിനുള്ളിൽ ഇരിക്കുന്ന പലഹാരങ്ങളെ ഇമവെട്ടാതെ നോക്കി നിൽക്കുന്നതും എനിക്ക് സഹജം.

അതിനെയും പിന്നിലാക്കി മുന്നോട്ട് നടക്കുമ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാളുണ്ട്. സ്കൂളിന്റെ മതിലിനോട്‌ ചേർന്ന പൊതുടാപ്പ്‌.. അവനൊരിക്കലും എന്റെ വിശപ്പിനെ കണ്ടില്ലാന്നു നടിച്ചില്ല. വയറു നിറയെ വെള്ളം കുടിക്കുമ്പോൾ വിശപ്പിനു തെല്ലൊരു ആശ്വാസം കിട്ടും.

ഉച്ചകഞ്ഞിയുള്ളത് കൊണ്ട് ക്ലാസ്സിൽ പോകാൻ എനിക്കൊരു മടിയും തോന്നിട്ടില്ല. ആ കഞ്ഞി കൊണ്ട് വേണം രാത്രി വരെ പിടിച്ചു നിൽക്കാൻ. ഇതിനിടയിൽ എന്റെ ലക്ഷ്മിയമ്മ ഉച്ചവെയിലും കൊണ്ട് ക്ഷീണിച്ചു നില്ക്കുന്നുണ്ടാവും.

പതിവ് പോലെ രാത്രി അമ്മ ഭക്ഷണം കഴിക്കാതിരുന്നു.. എന്താണ് അതിന്റെ കാരണമെന്ന് അറിയാൻ വേണ്ടിയാ അടുക്കളയിൽ എത്തിയത്.. കഞ്ഞികലത്തിലേക്ക്‌ കണ്ണുടക്കിയപ്പോഴാണ് എന്നും രാത്രി അതിൽ ഒന്നും അവശേഷിച്ചിരുന്നില്ല എന്ന്‌ ഞാനാദ്യമായി അറിഞ്ഞത്‌.
എന്റെ വയറു നിറച്ചിട്ട് അമ്മ പട്ടിണി കിടക്കുവായിരുന്നു വെന്ന്‌ മനസ്സിലായപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.

” ലക്ഷ്മിക്കുട്ടിയേ.. എനിക്ക് ഇന്ന് എന്തോ തീരെ വിശപ്പില്ലാട്ടോ…. അതുകൊണ്ട് കഞ്ഞി വേണ്ട… ഞാൻ ഉറങ്ങാൻ പോവാ… ”

” അപ്പു.. നീ കഴിച്ചിട്ട് കിടന്നാൽ മതി…
അപ്പുവേ… നീ കേൾക്കുന്നുണ്ടോ…

ലക്ഷ്മിയമ്മയുടെ സംസാരം ഞാൻ കേൾക്കാത്ത മട്ടിൽ കമന്നുകിടന്നു.. എപ്പോഴാ ഉറങ്ങി പോയതെന്നു അറിയില്ല…

പിന്നീടുള്ള ഓരോ രാത്രിയും ഓരോരോ കാരണങ്ങൾ പറഞ്ഞു ഞാൻ ഭക്ഷണം മുഴുവൻ കഴിക്കാതെ പോകും.. ആ കഞ്ഞികൊണ്ട് എന്റെ അമ്മയുടെ അര വയറെങ്കിലും നിറയട്ടെന്നു കരുതി..

ഒരുദിവസം രാവിലെ മടങ്ങിയ ഒരു 50 രൂപാ നോട്ട് ന്റെ കൈയിൽ വച്ചുതന്നിട്ട് ലക്ഷ്മിയമ്മ പറയുവാ

” ഇന്ന് നായരേട്ടന്റെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് സ്കൂളിൽ പോയാൽ മതിട്ടോ… ” ന്ന്‌

അമ്മയ്ക്ക് എവിടുന്ന്‌ പൈസ കിട്ടിയെന്ന്‌ എനിക്ക് ചോദിക്കേണ്ടി വന്നില്ല… കാരണം വെള്ള കല്ലിന്റെ മൂകുത്തി അവിടെ നിന്നും അപ്രത്യക്ഷമായത്‌ തലേന്നെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു..

എന്തിനു അത് വിറ്റു എന്ന് ഞാൻ തിരക്കിയില്ല…. എനിക്കറിയാം എന്റെ ലക്ഷ്മിയമ്മയെ … നിവർത്തികേട് കൊണ്ടാവും..

50 രൂപ പോകറ്റിൽ ഇട്ട് മനസ്സിലൊരു നൂറു ചിന്തകളുമായി ഞാൻ നായരേട്ടന്റെ കടയെ ലക്‌ഷ്യമാക്കി നടന്നു.. കടയിൽ എത്താറായപ്പോഴാണ് പ്രായമായ ഒരു വൃദ്ധൻ ഭാണ്ഡകെട്ടും തോളിലിട്ട് എനിക്ക് അഭിമുഖമായി വന്നത്.. നന്നേ അവശനാണ്.. എനിക്ക് അരികിൽ എത്തിയപ്പോഴേക്കും അദ്ദേഹം കുഴഞ്ഞു വീണുപോയി.. ആളുകളൊക്കെ കൂടി തട്ടി വിളിച്ചിട്ടും അദ്ദേഹം കണ്ണ് തുറക്കുന്നില്ല. കുറച്ചു വെള്ളം തളിച്ചപ്പോൾ അയാൾ ഉണർന്നു..

” എന്തുപറ്റി അച്ഛാ.. ?
നാവിൽ ആദ്യം അങ്ങനെ ആണ് വന്നത്..

” ഭക്ഷണം കഴിച്ചിട്ട് 2, 3 ദിവസായി മോനെ.. അതാ പെട്ടന്ന് തലചുറ്റിയത്.. ”

വടിയിൽ ഊന്നി എണീക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ ഞാൻ പിടിച്ചുയർത്തി. അയാൾ പോകാൻ തുടങ്ങുമ്പോൾ ഞാൻ എന്റെ പോകറ്റിൽ കൈവെച്ചു പരതി.. കണ്ണാടി ചില്ലിനുള്ളിലെ പലഹാരങ്ങളെ ഒന്നൂടെ നോക്കി.. പക്ഷേ കൊതി തോന്നിയില്ല. പൈസ ആ അച്ഛന്റെ കൈയിൽ ഏല്പിച്ചിട്ട്‌ ഞാൻ മുന്നോട്ട് നടന്നു നീങ്ങി.. പഴയ പൊതുടാപ്പിനരുകിലേക്ക്‌…

[ വിശപ്പിന്റെ വില അറിയുന്നവനെ മറ്റൊരാളെ മനസ്സറിഞ്ഞു ഊട്ടാൻ കഴിയൂ..]

Kavitha..

LEAVE A REPLY

Please enter your comment!
Please enter your name here