Home Article വന്ധ്യത ചികിത്സിക്കാം ഫലപ്രദമായി

വന്ധ്യത ചികിത്സിക്കാം ഫലപ്രദമായി

0

എപ്പോഴാണു ദമ്പതിമാർ വന്ധ്യതാചികിത്സ ആരംഭിക്കേണ്ടത്? ഡോക്ടർമാർ സ്ഥിരമായി കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെ മൂന്നു മുതൽ ആറുമാസം ബന്ധത്തിലേർപ്പെട്ടടിട്ടും സ്ത്രീ ഗർഭിണിയായില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയുന്നതിന് പരിശോധന ചെയ്യണം. ഒരു ഗൈനക്കോളജിസ്റ്റിനെയോ ഫെർട്ടിലിറ്റി സ്പെഷലിസ്റ്റിനെയോ കാണുന്നതാണു നല്ലത്. ഗൈനക്കോളജിയിൽ ബിരുദാനന്തരബിരുദവും വന്ധ്യതാ ചികിത്സയിൽ പ്രത്യേക പരിശീലനവും നേടിയ ഡോക്ടർമാരാണു ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകൾ.

ആദ്യപരിശോധന
പ്രാഥമിക പരിശോധനയുടെ ഭാഗമായി ഡോക്ടർ സ്ത്രീയുടെ ആർത്തവസംബന്ധമായ വിവരങ്ങൾ ചോദിച്ചറിയും. പ്രത്യുൽപാദനാവയവങ്ങളുടെ ആരോഗ്യസ്ഥിതി മനസിലാക്കാനായി യോനീപരിശോധനയും നടത്തും. അൾട്രാസൗണ്ട് സ്കാൻ വഴി ഗർഭാശയത്തെയും അണ്ഡാശയത്തെയും കൂടുതൽ വ്യക്തമായി മനസിലാക്കാനാകും. അണ്ഡം പുറത്തുവരുന്നതിനു മൂന്നു ദിവസം മുമ്പും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളും ആണ് ഒരു ആർത്തവചക്രത്തിലെ പ്രത്യുത്പാദനക്ഷമതയുള്ള ദിവസങ്ങൾ.

അതിൽതന്നെ ഏറ്റവും ഉത്തമമായ ദിവസങ്ങൾ അണ്ഡവിസർജനത്തിനു മുമ്പുള്ള 24 മണിക്കൂറും അതിനുശേഷമുള്ള 24 മണിക്കൂറുമാണ്. വ്യക്തമായ പ്ലാനിങ്ങോടെ ഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികൾ ഈ ദിവസങ്ങളിൽ മാത്രം ബീജനിക്ഷേപത്തിനു ശ്രമിക്കുന്നതാണ് ഉത്തമം. അതുമൂലം ബീജസങ്കലന സമയത്ത് അണ്ഡവും ബീജവും ഏറ്റവും മികച്ച ആരോഗ്യസ്ഥിതിയിലായിരിക്കും. അതുവഴി ജനിക്കുന്ന ഭ്രൂണത്തിന്റെ ആരോഗ്യത്തിന് ഉത്തമസാഹചര്യം ഒരുക്കാനും സാധിക്കും.

സ്കാനിങ്ങിൽ ഗർഭാശയത്തിനും അണ്ഡാശയത്തിനും പ്രശ്നങ്ങളൊന്നും ഇല്ല എന്നും അണ്ഡവിസർജനം ക്രമമായി നടക്കുന്നുവെന്നും ആദ്യം ഉറപ്പാക്കണം. മൂന്നോ നാലോ ദിവസം ശുക്ലം പുറത്തുപോകാതിരുന്ന ശേഷമാണു പുരുഷൻ ശുക്ലപരിശോധന നടത്തേണ്ടത്. ഇതിൽ 2—4 മില്ലി ശുക്ലം ഉണ്ടായിരിക്കണം. ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ 60 മില്യൺ ബീജവും അതിൽ 60 ശതമാനത്തിനു നല്ല ചലനശേഷിയുമുണ്ടെങ്കിൽ അണ്ഡവിസർജന സമയം മനസിലാക്കി ബന്ധപ്പെടാൻ ശ്രമിക്കാം.

രണ്ടുമൂന്നു മാസമെങ്കിലും ഇതിനുവേണ്ടി പരിശ്രമിക്കണം. എന്നിട്ടും ഗർഭധാരണം സാധ്യമായില്ല എങ്കിൽ അണ്ഡവാഹിനിക്കുഴലുകളിൽ തടസമുണ്ടോ എന്നറിയാനായി ട്യൂബൽ പേറ്റൻസി ടെസ്റ്റ് നടത്തണം.

തടസം കണ്ടെത്താം 
അണ്ഡവാഹിനിക്കുഴലിലെ തടസം കണ്ടുപിടിക്കാനായി രണ്ടു രീതികളാണുള്ളത്. ഏറ്റവും ലളിതവും വേദന കുറഞ്ഞതും സ്കാനിൽ കൂടി നോക്കിക്കൊണ്ടു ഗർഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും മരുന്ന് കടത്തിവിട്ടു തടസം ഉണ്ടോ എന്നു പരിശോധിക്കുകയാണ്. തടസം കൂടാതെ മരുന്ന് ഉള്ളിലേക്കു പോകുന്നുണ്ടെങ്കിൽ അണ്ഡവാഹിനിക്കുഴലുകൾക്കു തടസമില്ല എന്ന് അനുമാനിക്കാം. ചിലതരം തടസങ്ങൾ ഈ ടെസ്റ്റു വഴി മാറിക്കിട്ടും. അതിനാലാണ് ഈ ടെസ്റ്റ് കഴിയുന്നതോടെ പലർക്കും ഗർഭധാരണം സാധ്യമാകുന്നത്.

ഗർഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും റേഡിയോ ഒപോക് ഡൈ ഇൻജക്ട് ചെയ്തശേഷം എക്സ്റേ എടുത്തും ഈ ടെസ്റ്റ് നടത്താം. അതിന് HSG (Hystero Salphingo gram) എന്നാണു പറയുന്നത്. ഈ ടെസ്റ്റ് നടത്തുമ്പോൾ അതിനുപയോഗിക്കുന്ന മരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ വളരെ അധികം വേദന അനുഭവപ്പെടും എന്നതാണ് ഈ ടെസ്റ്റിന്റെ പ്രധാന ദോഷം. സ്കാൻ വഴി വേദന ഇല്ലാത്ത രീതിയിൽ ട്യൂബൽ ബ്ലോക്ക് ചെക്കു ചെയ്യുന്നതാണു കൂടുതൽ അഭികാമ്യം.

ബീജനിക്ഷേപം നടക്കാതിരുന്നാൽ
ലിംഗത്തിന്റെ സ്വാഭാവിക വൈകല്യം മൂലം ചില പുരുഷന്മാർക്കു ശരിയായി ബീജനിക്ഷേപം നടത്താനാകാത്ത അവസ്ഥ ഉണ്ടാകാം. കുഴപ്പമൊന്നുമില്ലെങ്കിലും ചിലപ്പോൾ ശരിയായ ലൈംഗികബന്ധവും ബീജനിക്ഷേപവും സാധ്യമാക്കാതെ വരാം. ഇതിൽ പ്രധാന മാനസിക സംഘർഷം കൊണ്ടു പ്രത്യേകിച്ചും അണ്ഡവിസർജന ദിവസങ്ങിൽ ബീജനിക്ഷേപം സാധ്യമാകാത്ത അവസ്ഥയാണ്. മിക്കവരിലും മരുന്നുകൊണ്ട് ഇതു ചികിത്സിച്ചു മാറ്റാവുന്നതാണ്.

ലൈംഗികമായി ബീജനിക്ഷേപം സാധിക്കുന്നില്ലെങ്കിൽ ശുക്ലം അണുവിമുക്തമായ പാത്രത്തിൽ ശേഖരിച്ചു യോനിയിലോ ബീജം വേർതിരിച്ച ശേഷം ഗർഭാശയത്തിനുള്ളിലോ നിക്ഷേപിച്ചു ഗർഭധാരണം സാധ്യമാക്കാം. സ്ത്രീകൾക്കു ലൈംഗികബന്ധത്തോടോ, ഗർഭധാരണത്തോടോ ഉള്ള ഭയം മൂലമോ മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ മൂലമോ യോനിക്കു ചുറ്റുമുള്ള മസിലുകൾ ലൈംഗികബന്ധസമയത്തു വികസിക്കാത്ത അവസ്ഥയിലും ബീജനിക്ഷേപം സാധ്യമാകാതെ വരാം. മരുന്നുകൊണ്ടും കൗൺസലിങ് വഴിയും ഇതിനു പരിഹാരം കാണാനാകും. ദമ്പതികൾ ചിലപ്പോൾ ഇതു മനസിലാക്കുകയോ ഡോക്ടറോടു പറയുകയോ ചെയ്യാറില്ല. ഇത്തരം അവസരങ്ങളിൽ ആർത്തവചക്രത്തിലെ പ്രത്യുൽപാദനക്ഷമതകൂടിയ ദിവസങ്ങളിൽ (അണ്ഡവിസർജനത്തോടടുത്ത ദിവസം) പോസ്റ്റ് കോയിറ്റൽ ടെസ്റ്റ് വഴി ഇതു കണ്ടുപിടിക്കാനാകും.

അണ്ഡവിസർജനം ഇല്ലെങ്കിൽ
സ്കാനിങ്ങും ഫോലിക്കുലാർ സ്റ്റഡിയും നോക്കി അണ്ഡവളർച്ചയും വിസർജനവും (ഓവിലേഷൻ) നടക്കുന്നില്ല എന്നു മനസിലായാൽ കാരണം കണ്ടുപിടിക്കാനായി രക്തപരിശോധന നടത്തണം. പ്രത്യുത്പാദന ക്ഷമതയെ ബാധിക്കുന്ന ഹോർമോണുകളുടെ സ്ഥിതി മനസിലാക്കുകയാണു പ്രധാന ലക്ഷ്യം. രക്തപരിശോധനയിൽ കണ്ട അപാകത പരിഹരിക്കപ്പെട്ടാലും ഓവുലേഷൻ ശരിയാകാതെ വരാം.

ഇങ്ങനെയുള്ളവരിൽ ശരീരത്തിന്റെ ബോഡിമാസ് ഇൻഡക്സ് നോക്കി അമിതഭാരമോ തൂക്കക്കുറവോ ഉണ്ടോ എന്നു നോക്കണം. ബോഡിമാസ് ഇൻഡക്സ് 19നും 24നും ഇടയിലായിരിക്കുന്നതാണ് ഉത്തമം. അമിതഭാരക്കാരിൽ തൂക്കം കുറയ്ക്കാനും തീരെ മെലിഞ്ഞവരിൽ തൂക്കം കൂട്ടാനും വേണ്ട നിർദേശങ്ങളും ചികിത്സയും നൽകാം. രക്തപരിശോധനയിലും ശരീരപരിശോധനയിലുമുള്ള അപാകതകൾ പരിഹരിച്ചിട്ടും അണ്ഡവളർച്ച ഇല്ലാത്തവരിൽ അണ്ഡവളർച്ച കിട്ടാനായി ഓവുലേഷൻ ഇൻഡക്ഷൻ മരുന്നുകൾ ഉപയോഗിക്കാം.

നീർക്കെട്ട് ഉണ്ടായാൽ
ചിലരിൽ ഓവുലേഷനുവേണ്ടി ഗുളികയും ഇൻജക്ഷനും എടുക്കുമ്പോൾ പാകമായ അണ്ഡങ്ങൾ കൂടാതെ ചെറിയ അണ്ഡങ്ങൾ ഉണ്ടായി ഗർഭകാലത്ത് നീർക്കെട്ടും സിസ്റ്റും ഉണ്ടാകാം. ഈ അവസ്ഥയ്ക്ക് ഒവേറിയൻ ഹൈപ്പർസ്റ്റിമുലേഷൻ സിൻഡ്രോം എന്നാണു പറയുന്നത്. ശരിയായ പരിചരണവും മരുന്നുകളും ഉണ്ടെങ്കിൽ മൂന്നാഴ്ചകൾ കൊണ്ടു നീർക്കെട്ട് മാറും.

ശസ്ത്രക്രിയ എപ്പോൾ? 
ഗർഭാശയത്തിലോ അണ്ഡാശയത്തിലോ വലിയ മുഴകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനായി ശസ്ത്രക്രിയ വേണ്ടിവരാം. അണ്ഡവാഹിനിക്കുഴലുകൾക്കു തടസം ഉണ്ടെങ്കിലോ, ആന്തരികാവയവങ്ങൾ ഒട്ടിപ്പിടിച്ചിരുന്നാലോ താക്കോൽദ്വാരശസ്ത്രക്രിയ ചെയ്യുന്നതാണ് ഉത്തമം. എൻഡോമെട്രിയോസിസ് (ഗർഭാശയത്തിനുള്ളിലെ എൻഡ്രോംമെട്രിയം ഗർഭാശയത്തിനു പുറത്തും അണ്ഡാശയത്തിലും വളരുകയും അവിടെ രക്തം കെട്ടിനിന്നു സിസ്റ്റും ഒട്ടലും ഉണ്ടാകുന്ന അവസ്ഥ) എന്ന രോഗവും വയറിനുള്ളിലുണ്ടാകുന്ന അണുബാധയും മൂലമാണു സാധാരണയായി ഒട്ടലുകൾ ഉണ്ടാകുന്നത്.

ആർത്തവത്തിനു മുമ്പുള്ള ദിവസങ്ങളിൽ അടിവയറിനും നടുവിനും വേദന, ഗർഭാശയത്തിനു വേദനയും തടിപ്പും ഉണ്ടാകുക, അണ്ഡാശയത്തിൽ രക്തം കെട്ടി നിന്നുണ്ടാകുന്ന മുഴകൾ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി താക്കോൽദ്വാരശസ്ത്രക്രിയ ആവശ്യമാണ്.

ചെറിയ മുറിവിൽക്കൂടി ചെയ്യാം എന്നതിനാലും അധികം വിശ്രമം ആവശ്യമില്ലാത്തതിനാലും പലപ്പോഴും ഈ ശസ്ത്രക്രിയ അനാവശ്യമായും നടത്തപ്പെടാറുണ്ട്. ഗർഭാശയത്തിലും അണ്ഡാശയത്തിലും നടത്തെപ്പെടുന്ന ശസ്ത്രക്രിയകൾ ഉപകാരത്തിനൊപ്പം ഉപദ്രവും ഉണ്ടാക്കാൻ സാധ്യതയുണ്ട് . PCOSയുടെ ചികിത്സയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയിൽ അണ്ഡാശയത്തിൽ ഇലക്ട്രിക് സൂചികളുപയോഗിച്ചു കരിക്കുന്ന ചികിത്സ ഒരു കാലത്തു വളരെ പ്രചാരം നേടിയിരുന്നു. ഇത് അണ്ഡാശയത്തിനു കേടുണ്ടാക്കുക മാത്രമല്ല പിന്നീടു മരുന്നു ചികിത്സ ചെയ്താൽ പോലും പ്രയോജനമില്ലാതെയും വരും.

ഗർഭാശയത്തിലെ ചെറിയ മുഴകൾ പ്രത്യേകിച്ചും ഗർഭാശയത്തിനു പുറത്തോട്ടു വളരുന്നവ ഗർഭസാധ്യത കൂട്ടാനായി ഓപ്പറേഷൻ ചെയ്തുകളയുന്നതുകൊണ്ട് ഉപകാരത്തിൽ കൂടുതൽ ഉപദ്രവം ഉണ്ടാകാം. വലിയ മുഴകൾ അതായത് അഞ്ചുസെന്റീമീറ്ററിലും വലുതും ഉള്ളിലേക്കു വളരുന്നതുമായ മുഴകൾ താക്കോൽദ്വാരശസ്ത്രക്രിയയോ, സാധാരണ ശസ്ത്രക്രിയയോ വഴി മാറ്റേണ്ടത് ആവശ്യമായി വരാം.

അണ്ഡാശയത്തിലുള്ള ചെറിയ നീർക്കെട്ടുകൾക്കായി തിരക്കിട്ട് താക്കോൽദ്വാരശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ല. 5 സെന്റീമീറ്ററിൽ കുറവുള്ള സിസ്റ്റുകൾ മിക്കവയും രണ്ടു മൂന്നു മാസം കൊണ്ട് ചിലപ്പോൾ തനിയെയോ, മരുന്നുപയോഗിച്ചുള്ള ചികിത്സ വഴിയോ മാറാൻ സാധ്യതയുണ്ട്. ഗർഭാശയഅറയ്ക്കകത്തേക്കു വളരുന്ന മുഴകൾ, ഗർഭാശയത്തിനകത്തുള്ള ഒട്ടലുകൾ, ജന്മനായുള്ള സെപ്റ്റം എന്നിവ മാറ്റാൻ യോനിവഴി ഗർഭാശയത്തിനുള്ളിലേക്ക് ഹിസ്റ്ററോസ്കോപ്പ് കടത്തി അതിലൂടെ നടത്തുന്ന ശസ്ത്രക്രിയ വേണ്ടിവരും.

ബീജദാനം
മറ്റു ചികിത്സകൾ കൊണ്ടു ഗർഭധാരണം സാധ്യമാകാതെ വരുമ്പോഴാണ് ദാനം ചെയ്യപ്പെട്ട ബീജമുപയോഗിച്ചു ഗർഭധാരണം ആവശ്യമായി വരുന്നത്. ദാനം ചെയ്ത ബീജം ഉപയോഗിക്കാൻ ദമ്പതികൾ തീരുമാനിക്കുമ്പോൾ വളരെ വ്യക്തമായ കാഴ്ചപ്പാടോടെ ഭാര്യയും ഭർത്താവും ആലോചിച്ചെടുത്ത തീരുമാനം ആകണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തിയാൽ അതിലെ സ്വകാര്യത നഷ്ടപ്പെടും. ബീജബാങ്കിൽ നിന്നുള്ള ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന ബീജമാണ് ഉപയോഗിക്കേണ്ടത്. ഇതിൽ ദാതാവിന്റെ വിവരങ്ങൾ രഹസ്യമായിരിക്കും. മറ്റൊരാളുടെ ബീജം സ്വീകരിക്കും മുമ്പ് തന്റെ ഭാര്യയ്ക്കു വന്ധ്യതാപ്രശ്നങ്ങളുണ്ടോയെന്നു വിശദമായി പരിശോധിക്കേണ്ടതാണ്.

അണ്ഡദാനവും സരോഗസിയും
അണ്ഡാശയത്തിൽ അണ്ഡങ്ങളില്ലാത്ത അവസ്ഥ ഉണ്ടാകാം. 40 വയസിനു ശേഷമോ ചിലരിൽ ചെറുപ്രായത്തിൽ തന്നെയോ രോഗം മൂലം അണ്ഡാശയം മാറ്റേണ്ടിവരാം. കാൻസർ ചികിത്സയുടെ പാർശ്വഫലമായും ഇങ്ങനെ സംഭവിക്കാം. ഈ ഘട്ടത്തിൽ ദാനം ചെയ്ത അണ്ഡവും ഭർത്താവിന്റെ ബീജവും ഉപയോഗിച്ചു ബീജസങ്കലനം നടത്തി ഭ്രൂണത്തെ ഭാര്യയുടെ ഗർഭാശയത്തിൽവച്ചു കുഞ്ഞിനു ജന്മം നൽകാനാവും.

ഗർഭാശയത്തിനു ജന്മവൈകല്യങ്ങളോ, രോഗം മൂലം ഗർഭാശയം മാറ്റേണ്ടിവരുകയോ ചെയ്താൽ ദമ്പതികളുടെ തന്നെ അണ്ഡവും ബീജവുമുപയോഗിച്ചു ബീജസങ്കലനം നടത്തി ഭ്രൂണത്തെ മറ്റൊരാളുടെ ഗർഭാശയത്തിൽവച്ചു വളർത്തി കുഞ്ഞിനു ജന്മം നൽകാനാവും. ഇതിന് Surrogacy അഥവാ വാടകഗർഭപാത്രം എന്നാണു പറയുന്നത്.

ഭ്രൂണം സ്വീകരിക്കാതിരുന്നാൽ
വിവിധകാരണങ്ങളാൽ അമ്മയുടെ ശരീരം ഭ്രൂണത്തെ തിരസ്ക്കരിക്കാം. അമ്മയുടെ പ്രതിരോധസംവിധാനത്തിലെ താളപ്പിഴകൾ മൂലമാണു കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസ്ഥയാണ് ഇംപ്ലാന്റേഷൻ ഫെയ്ലിയർ എന്നറിയപ്പെടുന്നത്. ഇതു പരിഹരിക്കാൻ ഗർഭകാല ഹോർമോണുകൾ നല്ലതാണ്.

കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യത
ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളിലെ പിഴവുമൂലം ശരീരകോശങ്ങൾക്കെതിരായി ആന്റിബോഡി ഉണ്ടാക്കുന്ന അവസ്ഥയെ ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്നാണു പറയുന്നത്.

ഇത്തരം അസുഖങ്ങളായ റുമറ്റോയിഡ് ആർത്രൈറ്റിസ്, ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ് തുടങ്ങിയ സ്ത്രീകളിലാണു കൂടുതലായി കാണപ്പെടുന്നത്. മറ്റ് ശാരീരിക രോഗങ്ങൾ മൂലം സ്ത്രീകളിൽ ആന്റിബോഡികൾ കൂടുതൽ കാണപ്പെടും. കാരണം കണ്ടുപിടിക്കാനാകാത്ത വന്ധ്യതയുടെ പ്രധാന കാരണമായി പുതിയ ഗവേഷണഫലങ്ങൾ ചില വസ്തുതകൾ വിശദീകരിക്കുന്നുണ്ട്. അമ്മയിലെ പ്രതിരോധ സംവിധാനത്തിലുള്ള പിഴവുമൂലം ഓട്ടോ ആന്റിബോഡി മൂലമുള്ള പ്രശ്നങ്ങളും മൂലം വളർച്ചയുടെ ആദ്യഘട്ടത്തിൽ ഭ്രൂണത്തിനു ഗർഭാശയത്തിൽ പിടിച്ചു വളരാനാകാത്തതാണത്രേ കാരണം.

രക്തം കട്ടപിടിക്കുന്നതു കുറയ്ക്കുന്ന ആസ്പിരിന് ഗുളികയും ഇൻജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ വഴി തുടരെയുള്ള അബോർഷനും ഗർഭാശയത്തിൽ വച്ചു കുഞ്ഞു മരിക്കുന്നതും വളർച്ച കുറയുന്നതും തടയാനാകും. മറ്റു വന്ധ്യതാ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനാകാത്ത രോഗികളിൽ ഗർഭധാരണത്തിന്റെ മുമ്പുതന്നെ ഇത്തരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സ തുടങ്ങിയാൽ ഗർഭധാരണ സാധ്യത വർധിക്കുന്നതായാണു പഠനങ്ങൾ കാണിക്കുന്നത്. ഭ്രൂണത്തിനു ഗർഭാശയത്തിൽ പിടിച്ചുവളരാൻ തടസമുണ്ടാക്കുന്ന കാര്യങ്ങൾ മനസിലാക്കാനും കൂടുതൽ ഫലപ്രദമായ ചികിത്സാസമ്പ്രദായങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണു വന്ധ്യതാചികിത്സാ രംഗം.

വന്ധ്യതയെ ദമ്പതികളിൽ ഒരാളുടെ മാത്രം പ്രശ്നമായി കാണാതെ രണ്ടുപേരുടെയും സന്താനോത്പാദനശേഷി വർധിപ്പിക്കാനായി വേണ്ട ചികിത്സ ഒരേ സമയം നൽകുകയും, ഭ്രൂണത്തിന് ഗർഭാശയത്തിൽ ഒട്ടിപിടിച്ചു വളരാൻ വേണ്ട സാഹചര്യമൊരുക്കുകയും ചെയ്താൽ ചികിത്സയിലെ കാലതാമസവും ചിലവും കുറച്ചു വിജയസാധ്യത കൂട്ടാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here