Home Health ശ്രദ്ധിച്ചാൽ പിസിഒഡി അപകടകരമാകാതെ നിയന്ത്രിച്ചു നിർത്താം

ശ്രദ്ധിച്ചാൽ പിസിഒഡി അപകടകരമാകാതെ നിയന്ത്രിച്ചു നിർത്താം

0

പിസിഒഡി രോഗികളുടെ എണ്ണത്തിൽ നാൾക്കുനാൾ വർധനയുണ്ടാകുന്നതായാണു കണക്കുകൾ. പുതിയ കാലത്തിന്റെ ജീവിത രീതിയാണ് ഇതിനു കാരണം. ഒന്നു ശ്രദ്ധിച്ചാൽ പിസിഒഡി അപകടകരമാകാതെ നിയന്ത്രിച്ചു നിർത്താം.

ഓവുലേഷൻ (അണ്ഡവിസർജനം) പ്രക്രിയ പകുതി വഴിയിൽ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തിൽ മുഴകൾ (സിസ്റ്റ്) രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി. പകുതി വഴിയിൽ ഓവുലേഷൻ അവസാനിക്കുന്നതിനാൽ അണ്ഡങ്ങൾ വളർച്ചയുടെ പകുതിയിൽവച്ചു കുമിളയായി അണ്ഡാശയത്തിൽ അവശേഷിക്കുന്നു. സാധാരണഗതിയിൽ ഈ കുമിളകളിൽ ഒന്നു പൂർണവളർച്ചയെത്തി പൊട്ടിയാണ് ഓവുലേഷൻ നടക്കുന്നത്. അണ്ഡവളർച്ച പൂർത്തിയാകാതെ നിൽക്കുന്നതു കൊണ്ടു സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് കൂടുന്നു.

കാരണങ്ങൾ
∙ വ്യായാമമില്ലായ്മ, അമിതഭാരം
∙ കൊഴുപ്പ് നിറഞ്ഞ ഭക്ഷണ പദാർഥങ്ങൾ, ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് തുടങ്ങിയവയുടെ അമിത ഉപയോഗം
∙ പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്
∙ ശരീരത്തിലെ ഹോർമോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം

ശ്രദ്ധിക്കാൻ…
∙ നന്നായി വ്യായാമം ചെയ്യുക– ശരീരം മുഴുവൻ ഇളകുന്ന തരത്തിലുള്ള വ്യായാമ രീതി തിരഞ്ഞെടുക്കുക. ഉദാ: എയ്റോബിക്, യോഗ ∙ ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് പൂർണമായി ഒഴിവാക്കുക
∙ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ധാരാളം ഉപയോഗിക്കുക
∙ പൊറോട്ട പോലുള്ള മൈദയടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക
∙ ശരീരഭാരം ആരോഗ്യകരമായ രീതിയിൽ നിലനിർത്തുക
∙ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക

തടി കൂടുമ്പോൾ ശ്രദ്ധിക്കുക
∙ അമിതഭാരമാണു പിസിഒഡിയുടെ പ്രധാനലക്ഷണം. തടി വല്ലാതെ കൂടുമ്പോൾ തന്നെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക. മെലിഞ്ഞ ആളുകളിൽ ഈ രോഗം വരില്ല എന്നു കരുതാനാകില്ല. എങ്കിലും സാധ്യത കുറവാണ്.
∙ ആർത്തവത്തിലെ ക്രമമില്ലായ്മ– ആർത്തവമില്ലാതിരിക്കുക, രണ്ടോ മൂന്നോ മാസത്തിനിടയിൽ മാത്രം ആർത്തവമുണ്ടാകുക, ഇങ്ങനെ ഇടവേളയ്ക്കു ശേഷം ഉണ്ടാകുമ്പോൾ രക്തസ്രാവം വളരെയധികം കൂടുക, ആർത്തവദിവസം കൃത്യമല്ലാതിരിക്കുക, രക്തസ്രാവം വല്ലാതെ കുറയുക

വന്ധ്യത
∙ പുരുഷ ഹോർമോൺ ആയ ആൻഡ്രോജൻ കൂടുന്നതിനാൽ നെഞ്ച്, താടി തുടങ്ങിയ ഇടങ്ങളിൽ അമിതമായി രോമം വളരുക
∙കഴുത്തിന് പിന്നിൽ കറുത്ത പാടുകൾ രൂപപ്പെടുക
∙ മുഖക്കുരു, മുടികൊഴിച്ചിൽ
∙ കടുത്ത ഉത്കണ്ഠ, വിഷാദം

പിസിഒഡി വളർന്നാൽ
കൃത്യമായ ചികിൽസയും ശ്രദ്ധയും നൽകാതിരുന്നാൽ ഈ അസുഖം കൂടുതൽ അപകടകരമാകും. വന്ധ്യതയാണ് ഇതു മൂലമുണ്ടാകുന്ന ഏറ്റവും പ്രധാന പ്രശ‍്നം. ഇതിനു പുറമേ രക്തസമ്മർദം, പ്രമേഹം, എൻഡോമെട്രിയൽ കാൻസർ, ഉയർന്ന കൊളസ്ട്രോൾ, സ്തനാർബുദം, ഉറങ്ങുമ്പോൾ ശ്വസനഗതി ക്രമമല്ലാതിരിക്കുക തുടങ്ങി ഹാർട്ട് അറ്റാക്ക് വരെ പിസിഒഡി നിയന്ത്രിക്കാതിരുന്നാൽ സംഭവിച്ചേക്കാം. പിസിഒഡി എന്ന രോഗത്തെ പൂർണമായി ഭേദമാക്കാൻ സാധിക്കില്ല. പക്ഷേ കൃത്യമായി ചികിൽസ നൽകിയാൽ രോഗം കൂടുതൽ സങ്കീർണമാകാതിരിക്കും. രോഗിയുടെയും രോഗത്തിന്റെ അവസ്ഥയും പരിഗണിച്ചാണു ചികിൽസ നിർണയിക്കുക.

ഹോർമോൺ പ്രശ്നങ്ങൾ, വന്ധ്യത, ക്രമമല്ലാത്ത ആർത്തവം, ഓവുലേഷൻ നടക്കാതിരിക്കൽ തുടങ്ങിയവയെല്ലാം പരിഗണിച്ചാണു ചികിൽസ നിർണയിക്കുക. വ്യക്തിയുടെ പ്രായം പോലുള്ള ഘടകങ്ങളും നിർണായകമാണ്. ചില സാഹചര്യങ്ങളിൽ പിസിഒഡി പരിഹരിക്കാൻ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ നടത്താറുണ്ട്. മരുന്നുകൊണ്ട് ഓവുലേഷൻ നടക്കാതിരിക്കുന്നവരിൽ മാത്രമാണിതു ചെയ്യുക. വന്ധ്യതയ്ക്കുള്ള ചികിൽസാമാർഗമായാണിതു ചെയ്യുന്നത്. ഒരിക്കൽ ഭേദമായാൽ പോലും രോഗം തിരിച്ചുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയയാകാനും ഡോക്ടറുടെ നിർദേശ പ്രകാരം ആവശ്യമായ ചികിൽസ നടത്താനും പ്രത്യേകം ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here