Home Article ‘എനിക്കിഷ്ടമാണ് പെണ്ണിനെ’

‘എനിക്കിഷ്ടമാണ് പെണ്ണിനെ’

0

‘ഒരു നെഞ്ചൊട്ടിയ പെണ്ണാണ് അത് അവൾ അനക്ക് ശരിയാകില്ല..
പെണ്ണായാൽ കുറച്ചു ചന്തിയും മുലയുമൊക്കെ വേണം..

‘സ്വകാര്യം പറയുകയാണെങ്കിലും ഉറക്കെ പറയുന്ന അമ്മായി പെണ്ണിനെ കണ്ട വീട്ടിൽ നിന്ന് തന്നെ അങ്ങനെ വിളിച്ചു പറയുമ്പോൾ അവിടെയുള്ളവർ ആരെങ്കിലും ഒരു പക്ഷേ പെണ്ണ് തന്നെ അത് കേട്ടിരിക്കാം എന്ന് അബുവിന് ഉറപ്പായിരുന്നു..

‘എനിക്കിഷ്ടമാണ് പെണ്ണിനെ നിങ്ങൾ ഞാൻ തന്ന ആഭരണം അവളെ അണിയിച്ചു പോരൂ എന്നവൻ തീർത്ത് പറഞ്ഞു..

‘പെണ്ണിനെ കാണാൻ ചെന്ന പെണ്ണുങ്ങൾ
അവൻ പറഞ്ഞത് പോലെ ചെയ്തു…

‘ഇട്ട് മൂടാൻ സ്വത്ത് ഉണ്ട് അവളുടെ വാപ്പയുടെ കൈയ്യിൽ ഒറ്റ മോളും..
ഗൾഫിൽ നിന്ന് വന്നപ്പോൾ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ ഒരു പണക്കാരി പെണ്ണിനെ കെട്ടണം…
പെണ്ണ് കാണാൻ കുറച്ചു രസം കുറഞ്ഞാലും..

‘ഉള്ളിലെ ചിന്തകൾ ആരോടും പറഞ്ഞില്ല..
സ്കൂൾ പഠിപ്പ് കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയ അദ്ധ്വാനമാണ്..
ലക്ഷം എണ്ണി കൊടുത്താണ് ഒരു വിസ കിട്ടിയതും എന്നിട്ടോ പറഞ്ഞ ശമ്പളവുമില്ല ദുരിതങ്ങൾ വേറെയും..
കാൻസൽ ചെയ്താണ് പോന്നത്..

‘വീടും പറമ്പും ഓഹരി വെക്കുന്നതിനു മുമ്പ് തള്ളയെ നല്ലോണം സോപ്പിട്ട് കൂടിയിരുന്നു..

‘എന്നിട്ടോ ഭാഗം വെച്ചപ്പോൾ എനിക്ക് പുറകിലുള്ള സ്ഥലവും ഏട്ടന്മാർക്ക് മുമ്പിലുള്ളതും അവരദ്ധ്വാനിച്ചുവാങ്ങിയതാണെത്രെ വീടും സ്ഥലവുമെല്ലാം..
ഞാനന്ന് ചെറിയ കുട്ടിയായിരുന്നു പോലും..
അതെന്റെ കുറ്റമാണോ..
ഭാഗം വെച്ചത് തുല്യമാണ് മുമ്പിലുള്ളത് ഏട്ടന്മാർക്ക് കൊടുത്തെന്നെ ഉള്ളൂ..
എന്നൊക്കെ അളക്കാൻ വന്ന മാഷ് പറഞ്ഞു..

‘മാഷ് പറഞ്ഞിട്ട് വേണം എനിക്ക് മനസ്സിലാകാൻ..
കിട്ടിയാൽ കിട്ടി എന്ന രീതിയിൽ ഒന്ന് കളിച്ചതല്ലേ..
ഉപ്പ എപ്പോഴും പറയാറുണ്ടെത്രെഞാനൊരു വിളഞ്ഞ വിത്താണ് എന്ന്..

‘ഉപ്പ തമാശക്ക് പറഞ്ഞിട്ടുണ്ടെന്ന് കരുതി ഏട്ടന്മാർ അതെപ്പോഴും പൊലിപ്പിച്ചു പറയണോ…?

‘തറവാട് വീട് എന്നോട് എടുക്കാൻ പറഞ്ഞു..
പക്ഷേ ഉമ്മയുടെ മരണ ശേഷം മാത്രം അത് വരെ ഉമ്മയെ നോക്കണം..

‘ഞാൻ വേണ്ടെന്ന് പറഞ്ഞു..
ആരോഗ്യമൊക്കെ ഉണ്ടെങ്കിലും എല്ലാ വിധ അസുഖങ്ങളും ഉണ്ട്..
മരിക്കും വരെ നോക്കേണ്ടിയും വരും അതൊരു നഷ്ട കച്ചവടമാണ്..
മാസാ മാസം ഡോക്ടറെ കാണിക്കണം മരുന്ന് ഡോക്ടർ ഫീസ്..

‘അത് മൂത്ത ഏട്ടൻ ഏറ്റു..
ഞാനെപ്പോഴും അവന്റെ പൊട്ടത്തരം ആലോചിക്കും.. !

‘ഉപ്പ മരിച്ച അന്ന് മുതൽ വീടിന്റെ കാര്യം ഏറ്റെടുത്തതാണ് ഒന്നും സമ്പാദിച്ചിട്ടില്ല ഉമ്മയുടെ കാര്യവും അനിയന്മാരുടെ കാര്യവും നോക്കി കാലം കഴിച്ചു..

‘കല്യാണം കഴിച്ചതോ..
അവനേക്കാളും കഷ്ടത ഉള്ളിടത്ത് നിന്നും എന്നാലും നല്ല സ്വഭാവമാണ് ഇത്താക്ക്..
സ്വഭാവം ഉണ്ടായിട്ടെന്താ അവിടെ നിന്നൊന്നും ഒന്നും കിട്ടിയിട്ടുമില്ല ഇനി കിട്ടാനുമില്ല വാടക വീട്ടിലാണ് അവരുടെ വീട്ടുകാർ താമസിക്കുന്നത്..

‘ഞാൻ ചെറിയ അനിയനല്ലേ എന്ന പരിഗണ എപ്പോഴും എനിക്ക് തന്നു..
എന്നോ ആരോ കൊടുത്ത ഒരു വാച്ച് പോലും എനിക്കാണ് തന്നത്..

‘ആദ്യമായി ഗൾഫിലേക്ക് പോകുമ്പോൾ അവൻ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു..
കാരണം അവൻ കരച്ചിൽ അമർത്തി വെക്കാൻ പെട്ട പാട് ശരിക്കും ഞാനറിഞ്ഞു..

‘എന്നിട്ടും മുൻ ഭാഗത്തെ സ്ഥലം കൊടുക്കുമ്പോൾ തല്ല് കൂടിയത് ഞാനായിരുന്നു..
അവൻ വിട്ട് തരാം എന്ന് പറഞ്ഞപ്പോൾ ഉമ്മയാണ് തടുത്തത്..
തള്ളയെ കൈയ്യിൽ കിട്ടും..

‘ഉപ്പയുടെ ഹോസ്പിറ്റൽ ചെലവിന് ഏട്ടന്റെ പെണ്ണിന്റെ സ്വർണ്ണമൊക്കെ പണയം വെച്ചിരുന്നു..
അതും അവൻ പറഞ്ഞിട്ടില്ല ഞാൻ ഓർമിപ്പിച്ചിട്ടുമില്ല..

‘ഓർമ്മയുണ്ടെങ്കിലും അവൻ പറയില്ല..
അതാണ് അവനൊരു പൊട്ടൻ ആണെന്ന് പറയുന്നത്.. !

‘ഒന്ന് രണ്ട് പെണ്ണ് കാണിച്ചപ്പോൾ തന്നെ ബ്രോക്കർക്ക് കാര്യം മനസ്സിലായിരുന്നു..

‘ഒരു കുട്ടിയുണ്ട് കാണാൻ ഭംഗിയൊക്കെയുണ്ട് പക്ഷേ ഒന്നും ശരിയാകുന്നില്ല..
നിനക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ നീ രക്ഷപ്പെടും അത്രയും പൈസക്കാരാണ്..

‘എനിക്കാ ബ്രോക്കറിന്റെ ബുദ്ധിയിൽ അഭിമാനം തോന്നി ഇതാണ് ബ്രോക്കർ..

‘വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനസ്സിലായി..
കൊട്ടാരം പോലൊരു വീട്..
രണ്ട് മൂന്ന് കാറുകൾ ഇവരുടെ തന്നെ ആണാവോ അതുറപ്പാക്കേണ്ടതുണ്ട്..
അല്ലെങ്കിൽ ഫഹദ്ഫാസിൽ അഭിനയിച്ച പടത്തിലെ പോലെയാകും..

‘വീടിനുള്ളിലും പണക്കൊഴുപ്പിന്റെ അടയാളങ്ങൾ പെണ്കുട്ടി മുമ്പിൽ വന്ന് നിന്നപ്പോൾ
നന്നായി ഒന്ന് ഞെട്ടിയെങ്കിലും വെളിയിലേക്ക് കാണിച്ചില്ല..

‘ഒരു കൊള്ളിയിൽ ഒരു ശീല ചുറ്റിയാൽ എങ്ങനെ അത് തന്നെ മുഖവും അത് പോലെ കൂർത്തിട്ടാണ്…

‘പേരും പഠിപ്പുമൊക്കെചോദിച്ചറിഞ്ഞു…
വിദ്യാഭാസമൊക്കെ വേണ്ടുവോളമുണ്ട്..
കാർ പോർച്ചിൽ കിടക്കുന്ന കാറിന്റെ കമ്പനി ഇപ്പോഴാണ് ഓർമ്മ വന്നത് range rover..
മൂന്നര കോടിയോളം വരും..

‘ബ്രോക്കറിനോട് ഇഷ്ടമായെന്ന് പറഞ്ഞു വീട്ടിലേക്ക് പോയി..
ഞാനൊരു ആയിരം എടുത്ത് നീട്ടിയെങ്കിലും വാങ്ങിയില്ല നിനക്ക് ഇഷ്ടപ്പെട്ടില്ലേ എനിക്കൊന്നും വേണ്ട..
അവിടെ നിന്ന് കിട്ടും എനിക്ക്…
ബ്രോക്കർ ഒരു ചിരിയോടെ കടന്ന് പോയി…

‘ആ കേസാണ് അമ്മായി മൂടില്ല,ചന്തിയില്ലഎന്നൊക്കെ പറഞ്ഞു മുടക്കാൻ നോക്കുന്നത്…

‘കുറച്ചു കഴിഞ്ഞപ്പോൾ സ്വർണ്ണം കെട്ടാൻ പോയവർ വന്നു..
ആരും ഒന്നും മിണ്ടിയില്ല..
ഞാൻ ഗൗരവം പിടിച്ചിരുന്നു..

‘പക്ഷേ അമ്മായിക്ക് ആ വക കൂസലൊന്നുമില്ല..
എടാ.. !
പണം കണ്ട് പെണ്ണ് കെട്ടിയവരൊന്നും ജീവിതത്തിൽ ഒരു സുഖവും അനുഭവിച്ചിട്ടുണ്ടാകില്ല..

‘നിന്റെ ഓഹരി വിറ്റാൽ കിട്ടില്ലേ നിനക്ക് നല്ലൊരു വീടിനും കാറിനുമുള്ള പൈസ…

‘നീയും അവളും പോകുന്നത് കണ്ടാൽ ഒരു കൊതുമ്പ് കൈ പിടിച്ചു പോകുന്ന പോലുണ്ടാകും..

‘ഞാനൊന്നും മിണ്ടിയില്ല..
അമ്മായിക്ക് എന്ത് range rover…!!

‘കല്ല്യാണം ആഘോഷ പൂർവ്വം തന്നെ നടന്നു..

‘നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പത്ത് ലക്ഷമായിരുന്നു അവർ കൊണ്ട് തന്നത്..

‘പെണ്ണിന്റെ വീട്ടിൽ പോയവരൊക്കെ കണ്ണ് തള്ളി..
അറബികൾ ഒക്കെ കല്യാണത്തിന് വന്നിരുന്നു എന്നൊക്കെയുള്ള ആശ്ചര്യ വർത്തമാനങ്ങൾ അബുവും കേൾക്കുന്നുണ്ടായിരുന്നു..

‘അബുവിന് പോകാൻ പുതിയൊരു കാറാണ് പെണ്ണിന്റെ വാപ്പ കൊടുത്തു വിട്ടത്..

‘ഇത് സ്ത്രീധനമായി തന്നതാണോ എന്ന് ചൊറിയൻ മുസ്തഫ ചോദിച്ചപ്പോൾ
ഹേയ് നമ്മൾ സ്ത്രീധനമൊന്നും ചോദിച്ചിട്ടില്ല..
പിന്നെ അവർ അവരുടെ മകൾക്ക് എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ നമ്മളെന്തിനാ തടയുന്നേ..
നമുക്കും ഒരു അന്തസ്സില്ലെ..

‘അബു നിഷ്കളങ്കമായി അവിടെ കൂടി നിന്നവരോട് ചോദിച്ചു..
അവർക്കൊക്കെ അറിയാമായിരുന്നു അബു ആരാണെന്ന്..

‘പൈസ കുറച്ചു കൂടിയാലും ലേശം മുന്തിയ കോട്ട് തന്നെ അബു വാങ്ങി..

‘പുതിയാപ്ലയെ കാണാൻ ജനങ്ങളുടെ തിക്കും തിരക്കും..
കൈയ്യിനോ കാലിനോ വല്ല വൈകല്യവുമുണ്ടോ കണ്ണ് കാണുന്നുണ്ടോ ചെവി കേൾക്കുന്നുണ്ടോ..
പലരുടെയും കുശുകുശുക്കൽ അബു കേൾക്കുന്നുണ്ടായിരുന്നു..

‘നല്ലൊരു ചെക്കൻ വിലക്കെടുത്തതാകും അല്ലാതെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരോക്കെ തനിക്ക് എന്ത് കുറവുണ്ടെങ്കിലും കെട്ടുന്ന പെണ്ണ് തികഞ്ഞവലാകണം എന്ന് ചിന്തിക്കുന്നവരല്ലേ..

‘അബു എവിടേക്കും ശ്രദ്ധിച്ചില്ല..
വിലക്കെടുത്തത് തന്നെയാണ് എന്താ പുളിക്കുമോ ഒരു കാറും പത്തു ലക്ഷവും ഇപ്പോൾ തന്നെ കിട്ടി ഇനിയെന്തൊക്കെ കിടക്കുന്നു അബു മനസ്സിൽ പറഞ്ഞു..

‘പുതിയെണ്ണിന്റെ കൂടെ വന്ന സുന്ദരിയായ പെണ്കുട്ടികൾ അബുവിന്റ മനസ്സിനെ സ്പർശിക്കാതിരുന്നില്ല..

‘ആദ്യ രാത്രിയിൽ പാലുമായി അവൾ കടന്ന് വരുമ്പോൾ അബു അവൾ അലമാരയിൽ അഴിച്ചു വെച്ച സ്വര്ണാഭരങ്ങളുടെ കണക്ക് എടുക്കുകയായിരുന്നു..
എങ്ങനെ നോക്കിയാലും നൂറ് പവന്റെ പുറത്ത് വരും..
അവന് സന്തോഷമായി…

‘തുമ്പി കല്ലെടുത്ത് വരുന്ന പോലെയായിരുന്നു അവളൊരു ഗ്ലാസ്സ് പാലുമായി വന്നത്..

‘ഒന്ന് കെട്ടി പിടിച്ചാൽ പോലും അവൾക്ക് ശ്വാസം കിട്ടുമോ എന്ന് അബു ഭയപ്പെട്ടു..

‘അവളോട് ഓരോന്ന് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അബു വീണ്ടും ഞെട്ടിയത് സ്വകാര്യം ഒന്നും പറഞ്ഞാൽ കേൾക്കില്ല ഉറക്കെ പറയണം ചെവി പതുക്കെയാണ്…

‘കൂടാതെ സംസാരിക്കുമ്പോൾ വിക്കലുമുണ്ട്..

‘അബുവിന്റെ തൊണ്ട വരണ്ടു നാക്കൊട്ടി..
ഇനിയെന്തൊക്കെ കുറവുകൾ ആണാവോ…?

‘അമ്മായിയുടെ വാക്കുകൾ ഓർമ്മ വന്നു..
പണം നോക്കി കെട്ടിയാൽ ജീവിതത്തിൽ ഒരു സുഖവും കിട്ടില്ല..

‘രാത്രീയേറെ കഴിഞ്ഞിട്ടും അബുവിന് ഉറക്കം വന്നില്ല ചെവിയും കേൾക്കുന്നിൽ..
വിക്കും ഇതൊന്നും ബ്രോക്കർ പറഞ്ഞില്ലല്ലോ..
കാശ് കൊടുത്തപ്പോൾ വാങ്ങാത്തത് ഇപ്പോഴാണ് മനസ്സിലായത്
ഒരു സംഖ്യ വാങ്ങിയിട്ടുണ്ടാകും..

‘അബു ഓരോന്ന് ചിന്തിച്ചിട്ടു ഒന്ന് മയങ്ങി പോയപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നത്..
നോക്കുമ്പോൾ അവളതാ വായിൽ നരയും പതയും വന്ന് കണ്ണ് തുറിച്ചു അപസ്മാരം വന്ന പോലെ..

‘അബു വീട്ടിലുള്ളവരെ വിളിച്ചുണർത്തി പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്കൊണ്ട് പോയി.. !

‘ഡോക്ടർ ഇഞ്ചക്ഷൻ കൊടുത്തു അര മണിക്കൂർ കഴിഞ്ഞാൽ പോകാനും പറഞ്ഞു.. !

‘തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആരും ഒന്നും മിണ്ടിയില്ല..

‘പെണ്ണിന് അപസ്മാരമാണ് വേറൊന്നുമല്ല..
വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞു..

‘അബു അവളുടെ അടുത്തിരുന്നു..

‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ..?
അബു ചോദിച്ചു..

‘എനിക്കിത് ഇടക്കൊക്കെ ഉണ്ടാകാറുണ്ട്..
സ്ഥിരം മരുന്ന് കഴിക്കാനുണ്ട്..
കല്ല്യാണ തിരക്കിനിടയിൽ ഗുളിക കഴിക്കാൻ മറന്ന് പോയതാണ്..
വിക്കി വിക്കി അവൾ പറഞ്ഞു തീർത്തു…

‘ബൾബിന്റെ ചുറ്റുപുറവും പുതു മഴയിൽ കിളിർത്ത ഇയ്യാം പാറ്റകൾ ചിറകറ്റ് വീണു.. !

‘പുതു മണ്ണിന്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു..

‘പുറകിലെ പറമ്പിലെവിടെയോ ഒരു കഴുങ് പൊട്ടി വീഴുന്ന ശബ്ദം കേട്ടു..

‘മണ്ട പോയ കഴുങ്ങുകൾ ഏറെയുണ്ട് അവിടെ കുറച്ചൂടെ മഴ ശക്തി കൂടിയാൽ എല്ലാം തലങ്ങും വിലങ്ങും വീഴും…

‘കാലം മുന്നോട്ട് പോയി അബുവിന് ഇപ്പോൾ പണിക്കൊന്നും പോകാനൊന്നും നേരമില്ല..
ഹോസ്പിറ്റലിൽ പോകണം മിക്ക ദിവസവും ചെറുതായൊന്ന് വീണാൽ പോലും എല്ല് പൊടിയുന്ന അസുഖമുണ്ട് ഭാര്യക്ക്..

‘ഉപ്പ സ്വത്തെല്ലാം എഴുതി വെച്ചിരിക്കുന്നത് മോളുടെ പേരിലായിരുന്നു..
ബാങ്കിൽ നിന്ന് കാശെടുക്കണം എങ്കിൽ പോലും അവളുടെ ഒപ്പ് വേണം..

‘ഭാഗം കഴിഞ്ഞത് കൊണ്ട് അബുവിന് വേറെ വീട് വെക്കേണ്ടി വന്നു..
മൂത്ത ജേഷ്ഠന്റെ ഭാര്യയും അബുവിന്റെ ഉമ്മയുമാണ് അവളെ പരിചരിക്കാൻ വരുന്നത്..
ഉമ്മാക്ക് ഇപ്പോഴും യാതൊരു ആരോഗ്യ പ്രശങ്ങളുമില്ല..

‘പണമേറെ ഉണ്ടെങ്കിലും അബുവിന്റെ ജീവിതം ആ പണത്തിന്റെ സുഖം അറിയാതെ കഴിഞ്ഞു പോകുന്നു..
മകളുടെ ഭാവി സുരക്ഷിതമായിരിക്കാൻ ആ പിതാവ് തന്റെ സമ്പാദ്യം ബുദ്ധിപരമായി മകൾക്ക് ഉപകാരപ്പെടും വിധത്തിൽ ക്രമീകരിച്ചിരുന്നു…

‘അബൂ…
ഉമ്മയാണ്..
ഇന്നലെ മരുന്ന് കഴിച്ചില്ല എന്ന് തോന്നുന്നു..
അവളുടെ വായിൽ നിന്ന് നരയും പതയും..

‘അബു അവളെ താങ്ങിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി..

‘സൂര്യൻ ഉദിക്കാൻ മടിച്ചു ഉയർന്ന് വരുന്നുണ്ടായിരുന്നു…
അബു വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…
അബു വീണ്ടും തന്റേതായ തിരക്കുകളിലേക്ക്…

സ്നേഹത്തോടെ

രചന ;  Abdulla Melethil

LEAVE A REPLY

Please enter your comment!
Please enter your name here