Home Latest ദേഹമാസകലം ചോരയുമായി വന്ന അയാളെ കണ്ടു ഞാൻ ഇരുന്ന ഇരുപ്പിൽ ചാടി എഴുന്നേറ്റു…

ദേഹമാസകലം ചോരയുമായി വന്ന അയാളെ കണ്ടു ഞാൻ ഇരുന്ന ഇരുപ്പിൽ ചാടി എഴുന്നേറ്റു…

0

രചന : Sreejith Achuz

പതിവ് പോലെ സ്റ്റേഷനിലെ ഫയൽസ് നോക്കുന്നതിനിടെ ആണ് ചോര പുരണ്ട കത്തിയുമായി ഒരാൾ കയറി വരുന്നത്…

രാത്രി ആയതിനാൽ ബാക്കി ഉള്ളവരെ ഞാൻ നൈറ്റ്‌ പെട്രോളിങ്ങിനു പറഞ്ഞു വിട്ടിരുന്നു.. എനിക്ക് കൂട്ടായി ആകെ സ്റ്റേഷനിൽ ഉണ്ടായത് കോൺസ്റ്റബിൾ രാഘവേട്ടൻ ആയിരുന്നു….

ദേഹമാസകലം ചോരയുമായി വന്ന അയാളെ കണ്ടു ഞാൻ ഇരുന്ന ഇരുപ്പിൽ ചാടി എഴുന്നേറ്റു.. രാഘവേട്ടൻ അല്പം ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കി നിന്നു..

സാർ… എന്നെ അറസ്റ്റ് ചെയ്യൂ.. ഞാനിപ്പോ ഒരു കൊലപാതകി ആണെന്ന് അയാൾ പറയുമ്പോഴും ആ മനുഷ്യന്റെ ശബ്ദത്തിലെ ദൃഢത എന്നെ വല്ലാതെ അത്ഭുതപെടുത്തിയിരുന്നു…

രാഘവേട്ടനോട് അയാൾക്ക്‌ കുടിക്കാൻ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടു വരാൻ പറഞ്ഞു വിട്ടു സ്റ്റേഷനിൽ കിടന്ന ഒരു കസ്സേരയിൽ ഞാൻ അയാളെ പിടിച്ചിരുത്തി…

രാഘവേട്ടൻ കൊണ്ടു വന്ന വെള്ളം അയാൾ ആർത്തിയോടെ വായിലേക്ക് കമഴ്ത്തി.. കുറച്ചു കഴിഞ്ഞു അയാളുടെ അടുത്ത് ചെന്നു ഇരുന്നിട്ട് എന്താ സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു…

എന്റെ മകളെ കൊന്നവനെ ഞാൻ കൊന്നു സാറേ.. എന്റെ ഈ കൈകൾ കൊണ്ടു മതി വരുവോളം ഞാൻ അവന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയെന്നു അയാൾ പറയുമ്പോഴേക്കും ഒരച്ഛന്റെ നിയമം അയാൾ നടപ്പിലാക്കി കഴിഞ്ഞതാണെന്നു എനിക്ക് മനസ്സിലായിരുന്നു…

എന്റെ പേര് മധു എന്നാ സാറേ.. കൃഷിപ്പണി ആ ജോലി… സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കുറേ നേർച്ചകൾ നേർന്നിട്ടാ 12 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ഒരു മകൾ ജനിച്ചത്….

അവളുടെ അമ്മേ പോലെ സുന്ദരി ആയിരുന്നു എന്റെ മോളും… എല്ലാവരെയും സ്നേഹിക്കാൻ അറിയാവുന്ന പാവം… എന്നിട്ടാ എന്റെ കൊച്ചിനെ അവളുടെ ട്യൂഷൻ സാർ പിച്ചി ചീന്തി കൊന്നു കളഞ്ഞതെന്നു പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു…

കേസ് നടത്തി..കാശിന്റെ അഹങ്കാരത്തിൽ വലിയ വക്കിലിനെ വെച്ചു വാദിച്ചു.. അയാൾ കള്ള തെളിവുകൾ ഓരോന്ന് അക്കമിട്ടു നിരത്തിയപ്പോൾ നിരപരാധി എന്നു പറഞ്ഞു എന്റെ മോളെ കൊന്നവനെ നിയമം വെറുതെ വിട്ടു സാറേ….

എന്റെ മോള് പോയതിൽ പിന്നെ അരയ്ക്കു താഴേക്കു തളർന്നു കിടപ്പിലായതാ സാറേ എന്റെ ഭാര്യ… നമ്മുടെ മോൾക്ക്‌ സംഭവിച്ചത്… ഇനി മറ്റൊരാൾക്കും സംഭവിക്കരുത്… അവനെ കൊല്ലണമെന്ന് അവൾ എന്നോട് പറയുമ്പോഴേക്കും ഞങ്ങൾക്ക് കിട്ടാതെ പോയ നീതി നടപ്പാക്കാൻ ഞാൻ തന്നെയാ നല്ലതെന്നു എനിക്ക് തോന്നി…

എന്റെ മോള് അനുഭവിച്ച വേദനയേക്കാൾ കൂടുതൽ അവനെ അറിയിച്ചു കൊണ്ടു.. ഇഞ്ചിഞ്ചായി ഞാൻ അവനെ കൊന്നു സാറേ… എനിക്കിനി ധൈര്യമായി നിങ്ങൾക്ക് മുൻപിൽ കീഴടങ്ങാം. എന്റെ മോളുടെ ആത്മാവിനു ഇപ്പോ ശാന്തി കിട്ടി കാണും…

അയാൾ പറഞ്ഞതത്രയും കേട്ടു കുറച്ചു നേരം മിണ്ടാതെ ഇരുന്ന ഞാൻ അയാളോട് വീട്ടിൽ വേറെ ആരൊക്കെ ഉണ്ടെന്നു ആണ് ചോദിച്ചത്..

ഞങ്ങൾക്ക് വേറെ ആരും ഇല്ല സാറേ.. രണ്ടു ജാതിയിൽപ്പെട്ട എന്റെയും അവളുടെയും പ്രേമ വിവാഹം ആയിരുന്നു…അതോടെ വീട്ടുകാർ ഞങ്ങളെ ഉപേക്ഷിച്ചു… അത് കഴിഞ്ഞാ ഞങ്ങളുടെ മകൾ ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.. സന്തോഷം നിറഞ്ഞ ഞങ്ങളുടെ കുടുംബത്തെ ഒറ്റ രാത്രി കൊണ്ടു അവൻ നശിപ്പിച്ചെന്നു പറഞ്ഞു ആ മനുഷ്യൻ എന്റെ മുൻപിൽ വാവിട്ടു കരഞ്ഞു..

പതിയെ അയാളുടെ തോളത്തു തട്ടി കുറച്ചു നേരം ആശ്വസിപ്പിച്ചിട്ട് അയാളുടെ കൈയിൽ ഉള്ള കത്തി ഞാൻ മേടിച്ചു വെച്ചിട്ട്.. അദ്ദേഹത്തോട് വീട്ടിലേക്കു പൊയ്ക്കോളാൻ ഞാൻ പറഞ്ഞത് കേട്ടു ആ മനുഷ്യനും രാഘവേട്ടനും ഒരു പോലെ ഞെട്ടി…

അമ്പരപ്പോടെ എന്നെ നോക്കിയ ആ മനുഷ്യനോട്.. താങ്കൾ ജയിലിൽ പോയാൽ പിന്നെ വേറെ ആരുണ്ട് തന്റെ ഭാര്യക്ക്… അരയ്ക്കു താഴെ തളർന്നു കിടക്കുന്ന അവർക്ക് താങ്കളെ പോലെ ഒരു ഭർത്താവ് ആവശ്യമാണ്… കേരളാ പോലീസിലെ തെളിയാതെ കിടക്കുന്ന ആയിരത്തോളം കേസിൽ ഒന്നായി ഞാൻ ഇത് മാറ്റിക്കോളാം എന്നു പറഞ്ഞു കഴിയുമ്പോഴേക്കും ആ മനുഷ്യൻ എന്റെ കാലിൽ വീണു കരഞ്ഞു കഴിഞ്ഞിരുന്നു…

അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്റെ കൈയിൽ പിടിച്ചു ആ മനുഷ്യൻ.. സാറിനു ഒരു മോളുണ്ടെങ്കിൽ അവൾക്കു ദൈവം ഒന്നും വരുത്തില്ല എന്നു പറഞ്ഞു അയാൾ നടന്നകലുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

സാർ ഇത് എന്താ ചെയ്തത്. നിയമത്തിനു മുൻപിൽ അയാൾ ഒരു കൊലയാളി തന്നെ ആണ്.. അയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആകണമായിരുന്നു എന്ന രാഘവേട്ടന്റെ ചോദ്യം കേട്ടു ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു…

നിയമത്തിന്റെ വഴിയേ പോയ ആ അച്ഛന് കിട്ടാതെ പോയ നീതി ആണ് ആ മനുഷ്യൻ ഇപ്പൊ നടപ്പിലാക്കിയതും.. നിയമത്തിന്റെ മുൻപിൽ ആ മനുഷ്യൻ തെറ്റുകാരൻ ആയിരിക്കാം… പക്ഷേ മനസാക്ഷി എന്ന കോടതിയിൽ ആ അച്ഛന്റെ നിയമം ആണ് ശരി….

തെളിവുകൾ ഇല്ലെന്നു പറഞ്ഞു കൊടും കുറ്റവാളികളെ ഇവിടുത്തെ നിയമം വെറുതെ വിടുമ്പോൾ തങ്ങളുടെ മകൾക്കു വന്ന ഗതിയോർത്തു കരയാൻ നിക്കാതെ… കിട്ടാതെ പോയ നീതി തനിക്കു നേടി എടുത്ത ആ അച്ഛൻ ചെയ്തതാണ് ശരി എന്നു മനസ്സിലാക്കാൻ ഒരു പോലീസ്‌കാരൻ ആയിട്ടല്ലാതെ.. സാധാരണ ഒരു മനുഷ്യൻ ആയി ചിന്തിച്ചു കഴിഞ്ഞാൽ രാഘവേട്ടന് അത് മനസ്സിലാകും..

കാമം മൂത്തു പെണ്ണിന്റെ തുണി അഴിക്കാൻ നോക്കുന്നവന്മാർക്ക് പേടിപ്പെടുത്തുന്ന തരത്തിൽ എന്നിവിടെ നിയമം വരുന്നോ അന്നേ പെണ്ണിനൊരു സംരക്ഷണം കിട്ടു എന്നു ഞാൻ പറഞ്ഞു കഴിയുമ്പോഴേക്കും രാഘവേട്ടൻ എനിക്ക് തന്നു കഴിഞ്ഞിരുന്നു.. മനസ്സ് നിറഞ്ഞു കൊണ്ടൊരു സല്യൂട്ട്….

ബാക്കി ഉള്ള ജോലികൾ ചെയ്തു തീർക്കാനായി രാഘവേട്ടൻ അകത്തേക്ക് പോയി കഴിഞ്ഞു എന്നു ഉറപ്പിച്ച ഞാൻ… സാവധാനം എന്റെ പോക്കറ്റിൽ കിടക്കുന്ന പേഴ്സ് എടുത്തു….

അതിൽ ഉണ്ടായിരുന്നു.. പുഞ്ചിരിയോടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പത്താം ക്ലാസ്സുകാരി പെണ്ണിന്റെ ചിത്രം… ആ ഫോട്ടോയിൽ നോക്കി കണ്ണു നിറച്ചു കൊണ്ടു ഞാൻ പറഞ്ഞു….

“പണ്ട് മോൾക്ക്‌ വേണ്ടി അച്ഛൻ നടപ്പിലാക്കിയ നീതി ഇന്ന്… സ്വന്തം മകൾക്കു വേണ്ടി വേറൊരച്ചനും നടപ്പിലാക്കി എന്നു “…

LEAVE A REPLY

Please enter your comment!
Please enter your name here