Home Latest ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരെയും സൂക്ഷിക്കേണ്ടതുണ്ട്…

ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരെയും സൂക്ഷിക്കേണ്ടതുണ്ട്…

1

രചന  : Unais bin Basheer

ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് ട്ടോ,.

പുറത്തെ കാഴ്ചകയിലേക്ക് കണ്ണുനട്ടിരിക്കുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാനൊന്ന് പകച്ചു, ദൈവമേ ഇതേതാ ഈ അവതാരം, ഇതിനുമുന്നെ ഇങ്ങനെ ഒരുത്തനെ ഈ ഭൂലോകത്തു തന്നെ ഞാൻ കണ്ടിട്ടില്ലല്ലോ..
ആളെ കണ്ടാൽ ഒരു പത്തു പതിനെട്ട് വയസ്സൊക്കെ തോന്നിക്കും, ഏതോ സ്കൂൾ യൂണിഫോമാണ് വേഷം. മീശമുളച്ചുവരുന്നതേയുള്ളു, എങ്കിലും എന്റെയുള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നുവരുന്നത് ഞാനറിഞ്ഞു,

ഇവൻ ഇതെപ്പോ അടുത്തുവന്നിരുന്നു..
പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിൽ സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിൽ ഉള്ളതിനെയെല്ലാം അങ്ങ് മറക്കും, അവൻ വന്നിരിക്കുന്നത് കണ്ടിരുന്നേൽ എന്തേലും പറഞ്ഞു ഒഴിവാക്കാമായിരുന്നു, അല്ലേൽ എനിക്ക് സീറ്റ് മാറിയിരിക്കാമായിരുന്നു.

ഞാൻ ഒന്ന് ചുറ്റിലും നോക്കി.
ബസ്സിൽ അങ്ങിങ്ങായി വേറെയും ഒഴിഞ്ഞ സീറ്റുകൾ കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്തുതന്നെ വന്നിരുന്നത് എന്നിൽ ഒരു ഭയം ഉണ്ടാക്കി,

ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരെയും സൂക്ഷിക്കേണ്ടതുണ്ട്.
ഞാൻ കയ്യിലെ ബാഗിൽ മുറുകെ പിടിച്ചു മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു,
ആള് അപ്പോഴും കണ്ണിമ ചിമ്മാതെ എന്നെത്തന്നെ നോക്കി ഒരേയിരുപ്പാണ്.
അകത്തു ഉയർന്നുപൊങ്ങുന്ന ഭയം പുറമെ കാണിക്കാതെ ഞാനവനെ ഒന്ന് ദഹിപ്പിച്ചു നോക്കി, ‘എന്താടാ..
എന്റെ ചോദ്യത്തിന് അല്പം കനമുണ്ടായിരുന്നു,

ചേച്ചീടെ പേരെന്താ, വളരെ സൗമ്യതയോടെയാണ് അവൻ അതിന് മറുപടിയെന്നോണം ചോദിച്ചത്,
അറിഞ്ഞിട്ടെന്തിനാ.. ഞാൻ ഒട്ടും കനം കുറച്ചില്ല.
കല്യാണം കഴിക്കാൻ.
പതറാതെയുള്ള അവന്റ്റെ മറുപടി കേട്ട് എന്റെ നാക്ക് ഉൾവലിഞ്ഞു…
ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണ്.. ഇതാണോ ന്യൂ ജനറേഷൻ..
ചെക്കൻ മുട്ടേന്ന് വിരിഞ്ഞിട്ടില്ല. അപ്പോഴേക്കും കല്യാണമോഹം മനസ്സിൽ കൊണ്ട് നടക്കുന്നു..
കേട്ടത് വിശ്വാസം വരാതെ ഞാൻ അവനെ അടിമുടിയൊന്ന് നോക്കി.

ചേച്ചി എന്താ ഇങ്ങനെ നോക്കുന്നെ. കല്യാണം എന്ന് കേട്ടിട്ടില്ലേ. മേരേജ് എന്ന് ഇംഗ്ലീഷിൽ പറയും. മനസ്സിലായോ..
അതോ ഇനി ചേച്ചീടെ മേരേജ് കഴിഞ്ഞത് കൊണ്ടാണോ ഇങ്ങനെ നോക്കുന്നത്..
ഹ കഴിഞ്ഞതാണ് ഒരു കുട്ടിയും ഉണ്ട് എന്തെ..
കിട്ടിയ പിടിവള്ളിയിൽ ഞാൻ മുറുകെ പിടിച്ചു.
അത് കേട്ടപ്പോൾ ചെക്കന്റെ മുഖത്തെ പ്രസന്നത മങ്ങിവരുന്നത് ഞാൻ കണ്ടു.. ഹാവൂ..
രക്ഷപ്പെട്ടെന്ന തോന്നുന്നേ. എന്റെ ഉള്ളിലൊരു നിശ്വാസം കുളിർന്നു.

ആരതികൊച്ചെ ഇറങ്ങുന്നില്ലേ. അടുത്ത സ്റ്റോപ്പ് അമ്പലപ്പടിയാണ്.
അച്ഛന്റെ സുഹൃത്തും ബസ്സിലെ കണ്ടക്ടറുമായ വാസു ചേട്ടന്റെ ചോദ്യത്തിന് ഞാൻ ഒരു ചെറു പുഞ്ചിരി നൽകി.
ആ ഇറങ്ങാൻ നിക്ക വാസുവേട്ട. ബസ് ഒന്ന് നിന്നോട്ടെ എന്നുകരുതിയാ..
ഹ പതിയെ ഇറങ്ങിയാൽ മതി.
അല്ല.. നിന്നെ ഇന്നലെ ഒരു കൂട്ടർ വന്നു പെണ്ണ് കണ്ടെന്ന് നിന്റെ ‘അമ്മ പറഞ്ഞൂലോ. ഇന്ന് രാവിലെ അമ്പലത്തിൽ വെച്ച് നിന്റെ അമ്മയെ ഞാൻ കണ്ടാർന്നു. അപ്പോഴാ പറഞ്ഞത്. അവർക്കും പണ്ടവും പണവും തന്നെയാണല്ലേ മുഖ്യം.
സാരല്യ. വിധി അടുത്തിട്ടില്ലെന്ന് കരുതിയാൽ മതി. നല്ലത് ദൈവം കൊണ്ടുത്തരും…
ഇത്രയും പറഞ്ഞു ഒരു നെടുവീർപ്പോടെ വാസുവേട്ടൻ അടുത്ത ടിക്കറ്റും തിരഞ്ഞു പിറകിലേക്ക് പോയി.

എന്നാലുമെന്റെ വാസുവേട്ട ഈ ചതി എന്നോടിത് വേണ്ടായിരുന്നു. ഒരുവിധം രക്ഷപ്പെട്ടെന്നു കരുതിയതാണ് ഇതിപ്പോ..
ഞാൻ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. അവനെന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ട്,
എനിക്കറിയാമായിരുന്നു കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ല എന്ന്..
ഹ അറിയാമായിരുന്നല്ലേ.. നന്നായി. സാറൊന്ന് മാറി തരുവോ എനിക്ക് ഇറങ്ങണം..
ഹ ഇപ്പൊ ഇറങ്ങിക്കോ. പക്ഷെ നാളെ ഒരു സർപ്രൈസ് ഉണ്ട്, കല്യാണക്കാര്യം ഞാൻ കളിയായി പറഞ്ഞതൊന്നുമല്ല.
ഒന്ന് പോടാ ചെക്കാ വെറുതെ മനുഷ്യനെ മെനക്കെടുത്താതെ…

വീട്ടിലെത്തിയിട്ടും അവനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സിൽ. എന്തൊരു ജന്മമാണ് എന്റെ ഈശ്വര, എന്തിനാ വെറുതെ ഇങ്ങനെയുള്ളതീങ്ങളെ ഇങ്ങോട്ടയക്കുന്നെ,
നാളെ എന്തോ സർപ്രൈസ് ഉണ്ടെന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്ത് കുരിശും കൊണ്ടാണാവോ വരുന്നത്, ന്റെ കണ്ണാ. എനിക്ക് പറയാൻ നീയേ ഉള്ളു. എന്റെ കാര്യങ്ങളൊക്കെ അറിയുന്നതല്ലേ നിനക്ക് ന്നിട്ടും എന്തിനാ ഈ പരീക്ഷണം.
…………………………………………………………..

ബസ് ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നുന്നത് ഞാനറിഞ്ഞു. എവിടുന്നാണാവോ അവൻ കയറുന്നത്. സർപ്രൈസ് എന്നൊക്കെ പറഞ്ഞിട്ട് ചെക്കൻ വെറുതെ ആളെ പേടിപ്പിക്കാൻ.

‘അതേയ് ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കാവോ.
ഈ ചേച്ചിയോട് ഒരു പേഴ്സണൽ കാര്യം പറയാനുണ്ട്.

എന്റെ അടുത്തിരിക്കുന്ന ഏതോ ഒരു ചേച്ചിയോട് അവനങ്ങനെ പറയുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിലൊരു ഇടിവെട്ടി,
ഇവനിത് എവിടുന്ന് വന്നു, ബസ് നിന്നതും കയറിയതുമൊന്നും ഞാൻ അറിഞ്ഞില്ലാലോ.
അടുത്തിരിക്കുന്ന ചേച്ചി എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ഞാനവരെ തടഞ്ഞു.

‘വേണ്ട വേണ്ട ഇത് ലേഡീസിന്റെ സീറ്റ് ആണ്. ചേച്ചി അവിടെ ഇരുന്നോ. അവൻ വേണമെങ്കിൽ മുന്നിലെ സീറ്റിൽ ഇരുന്നോട്ടെ.

‘അതിന് എനിക്ക് ഇരിക്കാൻ വേണ്ടിയല്ല..
‘പിന്നെ..
‘എന്റെ അമ്മക്കാണ്. ദാ അവിടെ ഇരിക്കുന്നത് കണ്ടില്ലേ.

അവൻ കൈചൂണ്ടിയ സീറ്റിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു സ്ത്രീ ഞങ്ങളെ തന്നെ നോക്കി ചിരിക്കുന്നു. അവൻ അവരെ കൈനീട്ടി വിളിച്ചപ്പോൾ അവർ ഉടനെ എഴുനേറ്റ് അടുത്തേക്ക് വന്നു, അപ്പോഴേക്കും അടുത്തിരുന്ന ചേച്ചി സീറ്റൊഴിഞ്ഞു കൊടുത്തിരുന്നു.
ദൈവമേ ഈ വട്ട് ഫാമിലി പാക്കേജ് ആണോ. ഈ ചെക്കന്റെ ഓരോ പ്രാന്തിന് ഈ പെണ്ണുംപിള്ളയിതെന്ത് ഭാവിച്ചാണ്..
അവർ എന്റെ അടുവത്തുവന്നിരുന്നു എന്നെ ആകെയൊന്ന് നോക്കി..

‘ആരതി എന്നാണല്ലേ പേര്. കാര്യങ്ങളെല്ലാം അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇനി മോളെ ഇഷ്ടം കൂടെ അറിഞ്ഞാൽ മതി, എന്നിട്ട് വേണം ഇവന്റെ അച്ഛനെയും കൂട്ടി മോളെ വീട്ടിലേക്ക് വരാൻ.

എന്റെ കൃഷ്ണ ഇവരോട് ഞാനിപ്പോ എന്താ പറയാ. എന്ത് പറഞ്ഞാലാണ് ഇവരൊന്ന് ഒഴിവായി പോകുന്നെ, ഈ ചെള്ള് ചെക്കന്റെ കയ്യിലെങ്ങാനും എന്നെ കിട്ടിയാൽ എനിക്ക് പ്രസവിക്കാൻ മാത്രമേ നേരം കാണു, എന്റെ കണ്ണാ ഒരു വഴി നീ കാണിച്ചുതാ..

‘അത്.. അമ്മെ എനിക്ക് ഇപ്പൊതന്നെ 23 വയസ്സായി, ഇവൻ.. പറഞ്ഞു മുഴുവിക്കാൻ അവർ അനുവദിച്ചില്ല

‘വയസ്സൊന്നും ഞങ്ങൾക്ക് പ്രശ്നം ഇല്ല. മോൾക്ക് എന്തെങ്കിലും ഇഷ്ടക്കേടുണ്ടെൽ മാത്രം പറഞ്ഞാൽ മതി. അടുത്ത ആഴ്ച അവൻ ലീവിന് വരുന്നുണ്ടേ, അതിനുമുന്നെ കണ്ടുവെക്കണം എന്നാണ് അവന്റെ ഓഡർ. മോള് നല്ലപോലെ ആലോചിച്ചൊരു തീരുമാനം പറഞ്ഞാൽ മതി.

ലീവിന് വരുവേ.. അപ്പൊ ചുമക്കേണ്ടത് ഈ കുരിശല്ലേ..
സംഭവിക്കുന്നത് എന്താ എന്ന മനസ്സിലാകാതെ ഞാൻ ചുറ്റും നോക്കി. പിന്നിലെ സീറ്റിൽ എന്നെത്തന്നെ നോക്കി ചിരിച്ചിരിക്കുന്നുണ്ട് അവൻ.

‘അമ്മ പറയുന്നത് ദാ ഇയാളുടെ കാര്യാ.
അവൻ കയ്യിലെ ഫോൺ എനിക്കുനേരെ നീട്ടി. അതിലെ സ്‌ക്രീനിൽ ഒരു പട്ടാളക്കാരൻ ചിരിച്ചു നിൽക്കുന്നു.

ഹി ഈസ് മൈ ഗ്രേറ്റ് ബ്രദർ.. മൈ റോൾ മോഡൽ മൈ ഹീറോ.. മേജർ ഉണ്ണി ദാമോദർ.
ആള് കാശ്‌മീരിലാണ്. അടുത്ത ആഴ്ച ഇങ്ങെത്തും. ഇയാൾക്ക് വേണ്ടിയാ ചേച്ചിയെ ആലോചിക്കുന്നത്.

ഞാൻ ഒരു നിമിഷം ഫോണിലെ അയാളുടെ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു,

‘ഹലോ. മതി കണ്ടത്. ആ ഫോണിങ്ങുതന്നെ. ഞാൻ ഫോൺ അവനു നേരെ നീട്ടി.
ഇനി പറ അച്ഛനും അമ്മയും വീട്ടിലേക്ക് വരുന്നതിൽ എന്തിങ്കിലും തടസ്സം ഉണ്ടോ. ഇല്ലല്ലോ.
അപ്പൊ വീട്ടിൽ പോയി ഞങ്ങൾക്ക് തരാനുള്ള സ്വർണവും പണവും വേഗം റെഡി ആക്കി വെക്കാൻ പറഞ്ഞോ. അല്ലെ അമ്മെ.

ഈ ചെക്കനെകൊണ്ട് ഞാൻ തോറ്റു. ഒന്ന് മിണ്ടാതിരിയെട അസത്തെ..
മോള് അവൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട. എന്റെ മോന് വേണ്ടത് ഒരു ഭാര്യയെ ആണ്. എനിക്ക് ഒരു മകളെയും. അതിന്റെ അപ്പുറത്തേക്ക് ഒരു ഡിമാൻഡും ഞങ്ങൾക്കില്ല. മാത്രമല്ല ഒരു അച്ഛന്റെ കണ്ണീര് വീണ സ്വർണവും പണവും അവനുവേണ്ടെന്ന് അവൻ തീർത്തു പറഞ്ഞതാണ്, മോള് വീട്ടിൽ പോയി എല്ലാരും ചേർന്ന് നല്ലോണം ആലോചിക്ക്.എന്നിട്ടൊരു തീരുമാനം പറഞ്ഞാൽ മതി. അപ്പൊ ശെരി ഞങ്ങളിറങ്ങുവാ.
…………………………………

‘അമ്മ എന്താ ആലോചിക്കുന്നേ.
അല്ല മോളെ.. ആള് പട്ടാളത്തിൽ ആണെന്നൊക്കെ പറയുമ്പോൾ.. എനിക്കെന്തോ ഒരു പേടി. എനിക്ക് ഈ ലോകത് നീ മാത്രേ ഉള്ളു.

‘എന്റെ അമ്മെ. ഇതുവരെ കാണാൻ വന്നവരൊക്കെ എന്റെ തൂക്കത്തിനൊപ്പം സ്വർണവും പണവും ചോദിച്ചല്ലേ വന്നേ. ഇതിപ്പോ അങ്ങനല്ലാലോ. പിന്നെ ഒരു പട്ടാളക്കാരനെ കാണുമ്പോൾ അല്ലേൽ പട്ടാളക്കാരൻ ആണെന്നറിയുമ്പോൾ പേടിക്കുപകരം ധൈര്യമല്ലേ നമുക്ക് തോന്നേണ്ട, അവർ ഉറങ്ങാതെ കാവലുണ്ട് എന്ന ഒറ്റ കാരണം കൊണ്ടല്ലേ ഇവിടുത്തെ കോടാനുകോടി ജനങ്ങൾ ഉറങ്ങുന്നത്, ആ ഒരു യോഗ്യത മാത്രം പോരെ അമ്മെ ഒരു പട്ടാളക്കാരന്.
‘അമ്മ സമ്മതിച്ചാൽ മാത്രം മതി, എനിക്കൊപ്പം അമ്മയെയും ആ പട്ടാളക്കാരൻ പൊന്നുപോലെ നോക്കും, ഇത്രയും പറഞ്ഞു ഞാൻ അമ്മയുടെ മേലേക്ക് ചാഞ്ഞു, അപ്പൊൾ ചുമരിലെ ഫോട്ടോയിൽ നിന്ന് അച്ഛൻ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു,

ശുഭം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here