Home Latest ഹൃദയത്തിൽ ഇടം നേടിയവർ

ഹൃദയത്തിൽ ഇടം നേടിയവർ

0

ഒരു പകൽ സ്വപ്നത്തിന്റെ മായക്കാഴ്ചയിൽ ലയിച്ച മയക്കത്തിനിടെയാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്.

സ്വപ്നത്തിലെങ്കിലും സാക്ഷാത്ക്കാരം തേടിയ മോഹങ്ങളെ പാതി വഴിയിൽ ഇല്ലാതാക്കിയത് ആരാവാം എന്ന നീരസത്തിൽ വാതിൽ തുറന്നു.

തൂത്ത് വാരാനും തുടക്കാനുമുള്ള സാമഗ്രികളുമായി ഒരു ക്ഷമാപണ ഭാവത്തോടെ ചക്കിയമ്മ.

പതിവില്ലാതെ ഈ സമയത്തെന്തേ എന്ന ചോദ്യം മനസിൽ ഉയർന്നപ്പോഴേക്കും അവർ പറഞ്ഞ, ” നാളെ ഒരു സ്ഥലം വരെ പോവാനുണ്ട് ,അതാ ഇപ്പോ വന്നേ, മോൾക്ക് ബുദ്ധിമുട്ടായോ?”

ഹേയ് ,അങ്ങനൊന്നും ഇല്ല എന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് ഇറങ്ങി.

ഉറക്കച്ചടവോടെ ബാൽക്കണിയിൽ ചെന്നിരുന്നപ്പോൾ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് ശരവേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു.

ഇവരെ എപ്പോൾ കണ്ടാലും എന്റെ മനസിൽ തെളിയുന്നത് സരോജിനി ചേച്ചിയുടെ മുഖമാണ്.
രണ്ടാൾക്കുമിടയിൽ ഒരു പാട് സമാനതകളുണ്ട്.

ചേച്ചിയെക്കാൾ പ്രായാധിക്യത്തിലാണ് ഇവരെ കണ്ടതെന്ന വ്യത്യാസമാണ് വിളിയിലുള്ള മാറ്റത്തിന് കാരണം.

എപ്പോഴും ഒരു യന്ത്രം കണക്കെ ജോലി ചെയ്തിരുന്ന സരോജിനിയേച്ചിയോട് എനിക്ക് സഹതാപം കലർന്ന സ്നേഹമായിരുന്നു.

മെല്ലെ അടുത്ത് കൂടി ചോദിക്കുന്ന എന്റെ നൂറു കൂട്ടം ചോദ്യങ്ങൾക്ക് ജോലിക്കിടയിലും അവർ ക്ഷമയോടെ ഉത്തരങ്ങൾ തരുമായിരുന്നു.

അവർക്ക് കൊടുത്തിരുന്ന പഴയ വസ്ത്രങ്ങൾക്കുള്ളിൽ ചോക്ളേറ്റ്സും പേനകളുമെല്ലാം ഒളിപ്പിച്ചു കൊടുത്ത് സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ,

കാവിലെ ഉൽസവത്തിന് തിളക്കമുള്ള വളകളും മാലകളുമൊക്കെ വാങ്ങി സൂക്ഷിച്ചു വെച്ച് എന്റെ വരവ് കാത്തിരിക്കുമായിരുന്നു അവർ.

ഒരു പ്രത്യേകരീതിയിൽ കെട്ടിവെക്കുന്ന അവരുടെ തലമുടി ഒരിക്കൽ അഴിച്ച് അതേ രീതിയിൽ കെട്ടിവെക്കാൻ ഭഗീരഥപ്രയത്നം നടത്തുന്ന എന്നെ കണ്ടു വന്ന ഉമ്മുമ്മ ചീത്ത പറഞ്ഞത് എന്നേക്കാൾ അവരെ സങ്കടത്തിലാക്കി.

പിന്നാലെ വന്ന് ഉമ്മുമ്മ എന്നോട് ചോദിച്ചു , ”വൃത്തിയും വെടിപ്പും ഇല്ലാത്ത കൂട്ടങ്ങൾടെ മുടിയിലാ അന്റെ കളി?

” ഓര്ക്ക് വൃത്തിയുള്ള തോണ്ടല്ലെ നമ്മുടെ മുറ്റവും തൊടിയുമൊക്കെ ഇങ്ങനെ വൃത്തിയാക്കിയിടണത്?

” ന്നാലും ഓര് കാഫിറല്ലേ? ” –

അതെന്താ കാഫിറ്ന്ന് പറഞ്ഞാല്? ” – ഓര് ഹിന്ദുക്കളാണെന്ന് ”

” അതോണ്ട്? ” –

”തൊട്ടും മിണ്ടിയും വല്ലാണ്ട് പിന്നാലെ കൂടേണ്ട ” –

” അപ്പോ മൂത്തേടത്തെ ദേവകിയമ്മ ഹിന്ദുവല്ലേ ?

ഓര് നമ്മളെ വീട്ടിൽ വരുന്നുണ്ടല്ലോ ,കോലായിലും അകത്തുമൊക്കെ ഇരിക്കുന്നുണ്ടല്ലോ ,ഓര്കാഫിറല്ലേ? ”

– അയിന് ഓര് നായന്മാരല്ലേ, ഇവറ്റോളെ പോലെ അല്ലാലോ ”,

‘ അപ്പോ നായന്മാര് കാഫിറല്ലേ?!!”

ഇങ്ങനെ എന്റെ തീരാ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ഉമ്മുമ്മ പറയും ” ന്റെ പൊന്നാര മോളെ ന്നൊന്ന് വെറുതെ വിട് ”

അവരോടുള്ള ദേഷ്യം കൊണ്ടോ ഇഷ്ടക്കുറവ് കൊണ്ടോ ഒന്നുമല്ല ഉമ്മുമ്മ ഇങ്ങനെ പറയുന്നത് , മുൻഗാമികളുടെ യാഥാസ്ഥിതിക മനോഭാവവും അറിവില്ലായ്മയും ചേർന്ന് നെയ്തെടുത്ത മിഥ്യാധാരണകളുടെ ഇടയിലെ ഒരു കണ്ണി മാത്രമായിരുന്നു എന്റെ ഉമ്മുമ്മ എന്ന് കാലം പോകവേ തിരിച്ചറിയുന്നു.

ഉമ്മച്ചി വീട്ടിൽ ആഘോഷ കാലമായാൽ ഏറ്റവുമധികം കഷ്ടപ്പെടുന്നത് സരോജിനെയേച്ചിയും കൂട്ടരുമായിരുന്നു.

പടിപ്പുര മുതൽ പിന്നാമ്പുറം വരെ നീളുന്ന വൃത്തിയാക്കൽ മഹാമഹം ആഴ്ചകളോളം നീളും.

. മൈലാഞ്ചി കല്യാണത്തിന്റെയും മൃഷ്ടാന്നത്തിന്റെയും ആലസ്യത്തിൽ വീട് മുഴുവൻ ഉറങ്ങുമ്പോഴും കരിപുരണ്ട പാത്രങ്ങളോട് മല്ലിട്ട് രാവ് പകലാക്കി മാറ്റുമായിരുന്നു പാവങ്ങൾ.

ഒരു ഓണക്കാല അവധിക്ക് തലശ്ശേരിയിൽ ചെന്നപ്പോൾ ചേച്ചിക്ക് ഓണാഘോഷത്തിനായ് കുറച്ചു സാധങ്ങളൊക്കെ കൊടുത്തു വിടാനുള്ള ഒരുക്കത്തിലായിരുന്നു ഉമ്മുമ്മ.

അടുക്കള ജോലിയിൽ സഹായിയായ ഒരു ഇത്ത അതുമായി പോകുന്നത് കണ്ടപ്പോൾ ഞാൻ ഉമ്മുമ്മയോട് താണുകേണപേക്ഷിച്ച് കൂടെ പോകാനുള്ള സമ്മതം വാങ്ങി.

അകത്തേക്കൊന്നും കേറണ്ട, ചായേം വെള്ളമൊന്നും കുടിക്കേം വേണ്ട എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ പിറകെ വന്നു.

ഇത്രയൊക്കെ പറഞ്ഞിട്ട് ഒരു ചാക്ക് നിറയെ പല വ്യഞ്ജനങ്ങളും പച്ചക്കറികളും കൊടുത്ത് വിടുന്നതിലെ വിരോധാഭാസം അന്നറിയാൻ കഴിഞ്ഞില്ലെങ്കിലും, താൻപോരിമയുടെയും ജാതി പെരുമയുടെയും ക്ലാവ് പിടിച്ചതെങ്കിലും സഹജീവി സ്നേഹത്തിന്റെ ഒരു തിരിനാളം ഉമ്മുമ്മയുടെ ഉള്ളിലുണ്ടായിരുന്നു.

അടുക്കള ഭാഗത്തെ ഇറയത്തെ പടിയിലിരുന്ന് ഭക്ഷണം കഴിക്കാറുള്ള ചേച്ചിയെ ഞാൻ നിർബന്ധിച്ച് കസേരയിലിരുത്താൻ ശ്രമിക്കുമ്പോൾ കളിയാക്കി പറയാറുണ്ടായിരുന്നു, ”സരോജിനിയേ, യ്യ് പോവുമ്പോ ഇവളെ കൂടി കൊണ്ടു പൊയ്ക്കോ ട്ടോ” എന്ന് .

പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺപാത അക്കരെയുള്ള കുന്നിൻ ചെരിവിലൂടെ ചാഞ്ഞും ചെരിഞ്ഞും മുന്നോട്ട് പോവുന്നു.
റോഡിനിരുവശത്തും താഴോട്ടും മേലോട്ടുമായ് മണ്ണു തേച്ചതും ഓടിട്ടതുമായ കുറെ ചെറിയ വീടുകൾ , എല്ലാ വീട്ടിലേക്കും മണ്ണും കരിയും ചാണകവും തേച്ച് ഭംഗിയാക്കിയ കുഞ്ഞു പടിക്കെട്ടുകൾ.

എല്ലുമുറിയെ ജോലി ചെയ്ത് മടുക്കുമ്പോഴും സ്വന്തം വീട് ഇത്രയും ചന്തം തികച്ച ആ മനുഷ്യരോട് ബഹുമാനം തോന്നി.

അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അമ്പരപ്പും സന്തോഷവും കലർന്നൊരു ഭാവമായിരുന്നു ചേച്ചിക്ക് .

കോലായിൽ ഇട്ടിരുന്ന കസേര പിന്നെയും പിന്നെയും തുടച്ച് നീക്കിയിട്ടു. എന്താണ് ചെയ്യേണ്ടതെന്ന വേവലാതിയിലായിരുന്നു അവർ.

അകത്ത് പോയി അൽപസമയം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രണ്ട് ഗ്ലാസ്സ് വെള്ളം ഉണ്ടായിരുന്നു കൈയിൽ. അത് വാങ്ങിക്കാൻ എന്റെ കൈകൾ നീണ്ടപ്പോൾ പിറകിൽ നിന്നു ഇത്ത തോണ്ടുന്നു.

ഒന്നും അറിയാത്ത ഭാവത്തിൽ ഗ്ലാസുകളിലൊരെണ്ണം അവർക്ക് നേരെ നീട്ടി. മഹാപാപം ചെയ്യുന്ന മട്ടിൽ അവരത് വാങ്ങി.

പച്ച വെളളത്തിൽ പഞ്ചസാര കലക്കിയതാണെന്ന് കുടിക്കുമ്പോൾ മനസിലായി . ഞാൻ കാലിയാക്കിയ ഗ്ലാസ്സുമായി സരോജിനിയേച്ചി അകത്തേക്ക് പോയ സമയത്ത് ഇത്തയുടെ കൈയിലുണ്ടായിരുന്ന വെള്ളം മുറ്റത്തെ മണ്ണിനെ നനയിച്ചു.

തിരിച്ചുപോരുമ്പോൾ റോഡരികിലെ വലിയ കിണറു വരെ ചേച്ചിയും കൂടെ പോന്നു.

വൈകുന്നേരത്തെ കുളിയിൽ നിന്നും മാറി നിൽക്കുന്ന കുറുമ്പൻമാരെ പേര് ചൊല്ലി വിളിക്കുന്ന അമ്മമാരുടെ ശബ്ദവും,

ദൂരെ കറുത്തിരുണ്ട മേഘങ്ങളിൽ നിന്നും മഴയുടെ വരവറിഞ്ഞ് ഉറക്കെ അമറുന്ന പശുക്കളുടെ കയറും പിടിച്ചു പോകുന്ന ചേട്ടൻമാരെയും ഇന്നലെ കണ്ടതുപോലെ.

”മോളേ, എന്നാ ഞാൻ പോവാണ് ട്ടോ ” ചക്കിയമ്മയുടെ ശബ്ദം എന്റെ ഓർമ്മകളുടെ കുത്തൊഴുക്കിനെ തടഞ്ഞു നിർത്തി.

വീട്ടിലെ ആ ബാലവൃദ്ധം ജനങ്ങളും പേര് വിളിച്ചിരുന്ന അവരെ ‘അമ്മ എന്ന് കൂട്ടി വിളിച്ചതു മുതൽ എന്നോട് ഒരു പ്രത്യേക അടുപ്പമായിരുന്നു അവർക്ക് .

എല്ലാ വർഷവും വെക്കേഷനു മുന്നോടിയായ് വീട്ടിലെ ശുദ്ധികലശം നടത്തുന്നത് അവരാണ്.

അവരുടെ വേതനമായ് ഒരു നിശ്ചിത തുക ഇല്ലായെന്നും അന്നന്നു കൊടുക്കുന്നതിനു പകരം എല്ലാം കൂടി ചേർത്ത് എപ്പോഴെങ്കിലും എന്തെങ്കിലും കൊടുക്കുക എന്നൊരു സമ്പ്രദായമാണ് ഉള്ളതെന്നും അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി.

അദ്ധ്വാനിക്കുന്നവന്റെ വിയർപ്പു വറ്റുന്നതിന് മുൻപ് അവർക്കുള്ള കൂലി കൊടുക്കണമെന്ന മഹദ് വചനം അറിയാവുന്ന സമുദായ സ്നേഹികൾ , അതൊരു താഴ്ന്ന ജാതിക്കാരിയുടെ വിയർപ്പായപ്പോൾ അവഗണിച്ചു.

കാലാകാലങ്ങളായി ചൂഷണം ചെയ്തു പോന്ന ഒരു വിഭാഗത്തിനെ ആധുനിക യുഗത്തിലും അംഗീകരിക്കാൻ മടിക്കുന്ന അവസ്ഥ നേരിൽ കണ്ടപ്പോൾ ഒരിക്കൽ ഉമ്മമ്മയോട് ചോദിച്ചു ,

”അന്നന്ന് അദ്ധ്വാനിച്ച് അന്നം തേടുന്നവരല്ലെ, അവർക്കുള്ള കൂലി ദിവസവും കൊടുക്കുന്നതല്ലേ നല്ലത്? ” ”അതൊന്നും വേണ്ട ,കൂട്ടിവെച്ച് കൊടുക്കുമ്പോ കൊറേ തോന്നിക്കോളും, പിന്നെ ഓൾടെ മോളെ വീടുപണിക്ക് എന്തേലും സഹായിക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ” എന്നായിരുന്നു മറുപടി.

അതു കേട്ടപ്പോൾ കുട്ടിക്കാലത്തെങ്ങോ കണ്ടു മറന്ന അറവുകാരനെയാണ് ഓർമ്മ വന്നത്. നടക്കാൻ മടിക്കുന്ന ആടിന് ഒരു പ്രേരണ എന്നോണം പ്ലാവിലക്കൊമ്പും മുന്നിൽ പിടിച്ചു നടക്കുന്ന കുടില ബുദ്ധിക്കാരനായ അറവുകാരനെ.

വെക്കേഷൻ കഴിഞ്ഞ് തിരികെ പോരുമ്പോൾ ചക്കിയമ്മക്ക് കൊടുക്കാനായ് ഏൽപിച്ചു പോരുന്നതിന്റെ പകുതി പോലും അവർക്ക് കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ സങ്കടമായിരുന്നു. പിന്നീടുള്ള തിരിച്ചുപോരലുകൾക്ക് മുൻപായി തന്നെ ഞാൻ അതിനൊരു രഹസ്യ പരിഹാരം കണ്ടെത്തി.

ഉമ്മമ്മയുടെ അധികാര മോഹത്തെ സംതൃപ്തിപ്പെടുത്താൻ പതിവുപോലെ കൊടുത്തേൽപ്പിച്ചും പോന്നു.

ഇന്ന് ജോലി യെല്ലാം കഴിഞ്ഞ് എന്നോട് പ്രത്യേകമായി യാത്ര പറയാൻ വന്നിട്ടുണ്ടെങ്കിൽ അവർക്കെന്തെങ്കിലും ആവശ്യം ഉണ്ടായേക്കാം എന്നു മനസിലാക്കാനുള്ള അടുപ്പം ഇപ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ട്.

” എവിടെയാ നാളെ പോവാനുള്ളത് എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു.

”എന്റെ മോൾടെ കുട്ടി വയസറിച്ച് വല്യ ആളായതിന്റെ ചടങ്ങുകളൊക്കെയാണ് നാളെ. ഞാൻ അമ്മമ്മയല്ലേ, അവൾക്ക് ഒരു കൂട്ടം ഡ്രസ്സെങ്കിലും വാങ്ങിക്കണം.

എന്തെങ്കിലും കിട്ടിയാൽ വല്യ ഉപകാരമായിരുന്നു. അതു കുറച്ച് തന്നാൽ മതി ശമ്പളം .

” അതിന് ങ്ങടെ ശമ്പളം എത്രയാ??’ കളിയാക്കി യുള്ള എന്റെ ചോദ്യത്തിന് നിസ്സഹായത നിറഞ്ഞ ഒരു ചിരി മാത്രമായിരുന്നു ഉത്തരം.

അറുപതിലധികം പ്രായമുള്ള അവർ അദ്ധ്വാനത്തിന്റെ നാൽപത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.എന്നിട്ടും തന്റെ വിയർപ്പിന്റെ വില കണക്കാക്കാൻ പോലും കഴിയാത്തത്രയും അപകർഷതാബോധത്തിൽ അവരെ തളച്ചിടുന്നതിൽ ഉടയോൻമാർ എന്നേ ജയം കണ്ടിരിക്കുന്നു.

അവകാശങ്ങൾക്ക് ഔദാര്യത്തിന്റെ പുറംചട്ടയണിച്ച് കൊടുത്ത് അവരെ നിശ്ശബ്ദരാക്കിയിരിക്കുന്നു.

അവർക്ക് കാശ് കൊടുക്കാനായി ഷെൽഫ് തുറന്നപ്പോഴാണ് ആയിടെ തയ്പിച്ചുവെച്ച ചുരിദാർ കണ്ണിൽ പെട്ടത്.പെട്ടെന്നുണ്ടായ പ്രേരണയിൽ അതെടുത്ത് കവറിലിട്ടു ,

ഇതൊന്ന് തയ്യൽക്കടയിൽ കൊടുത്ത് ചെറുതാക്കിയാൽ മതിട്ടോ എന്ന് പറഞ്ഞ് കാശിനൊപ്പം കൈയിൽ കൊടുത്തപ്പോൾ , ” അയ്യോ ന്റെ മോളെ ഇത്ര പുതിയതൊന്നും വേണ്ട ” എന്നു പറഞ്ഞ് വെപ്രാളം.

താഴെ അടുക്കളയിൽ എത്തിയപ്പോൾ ചോദ്യരൂപേണ അവരുടെ കൈയിലേക്ക് നോക്കിയ ഉമ്മമ്മയോട് ഞാൻ വേഗം പറഞ്ഞു, ”എന്റെ തയ്പിക്കാനുള്ള ചുരിദാറാണ് , പോകുന്ന വഴിക്ക് കടയിൽ കൊടുക്കാൻ ഏൽപിച്ചതാണ് .”

ദയനീയമായി എന്നെ നോക്കിയ ചക്കിയമ്മേടെ പിന്നാലെ മുറ്റം വരെ ചെന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” ആ ചുരീദാർ എടുക്കുമ്പോൾ ശ്രദ്ധിക്കണേ, ഒന്നും ഞാൻ അറിയാതെ വെച്ചതല്ല , ധൈര്യമായിട്ട് പേരക്കുട്ടിക്ക് കൊടുത്തോളൂ ട്ടോ.” പേരറിയാത്ത സമ്മിശ്ര ഭാവങ്ങളോടെ അവർ എന്നെ നോക്കി.

പിറ്റേന്ന് ടൗണിൽ പോയി തിരിച്ചു വരുമ്പോൾ ഞാൻ ഇക്കക്കയോട് പറഞ്ഞു. ”എന്റെ വെള്ളക്കല്ല് പതിച്ച ആ മോതിരം കാണുന്നില്ല. ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്നു , തെരക്കിനിടയിൽ എവിടെയോ പോയെന്ന് തോന്നുന്നു.

”നിന്റെയൊരു കാര്യം , നീ ഇനി എന്നാ ഒരു കാര്യ ഗൗരവത്തോടെ ജീവിക്കാൻ പഠിക്കിണെ? ”

അങ്ങനെ പലപ്പോഴായി പുകഴ്ത്തി പറയേണ്ടി വന്ന എന്റെ സ്വയംപര്യാപ്തതയെക്കുറിച്ച് ഇക്ക വാചാലനാവുമ്പോൾ എന്റെയുള്ളിൽ ചെറുതെങ്കിലും ഒരു മധുര പ്രതികാരം ചെയ്തതിന്റെ സംതൃപ്തിയായിരുന്നു.

അവഗണനയും യാതനയും സഹിക്കേണ്ടി വരുന്ന ഒരു പാവം ജന്മത്തെ ചെറുതായെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ , അതിനു വേണ്ടി എന്റെ പരിമിതികതളെയും പരിധികളെയും മറികടക്കാൻ എന്നാലാവും വിധം ശ്രമിച്ചതിൽ സന്തോക്ഷം തോന്നി.

കൊച്ചുമോൾടെ വിരലിൽ ആ മോതിരം അണിയിച്ചു കൊടുക്കുമ്പോൾ അവർ എനിക്ക് വേണ്ടി മനസറിഞ്ഞ് പ്രാർത്ഥിച്ചിരിക്കാം.

രചന  ; Mila Mohammed

LEAVE A REPLY

Please enter your comment!
Please enter your name here