Home A.K.C ALI ആ ഹൃദയം ഇന്ന് പൊളിച്ച് ടീച്ചർ ശസ്ത്രക്രിയ നടത്തുമല്ലോ എന്നോർത്തപ്പോൾ എന്റെ നെഞ്ചാകെ പിടക്കാൻ തുടങ്ങി…

ആ ഹൃദയം ഇന്ന് പൊളിച്ച് ടീച്ചർ ശസ്ത്രക്രിയ നടത്തുമല്ലോ എന്നോർത്തപ്പോൾ എന്റെ നെഞ്ചാകെ പിടക്കാൻ തുടങ്ങി…

0

രചന : A.K.C ALI

ആദ്യമായി അവൾക്ക് കൊടുത്ത കത്ത് രമണി ടീച്ചറുടെ കയ്യിൽ എത്തിയപ്പോൾ ഞാനാകെ വിയർത്തു കുളിച്ചിരുന്നു..

ഇനി ടീച്ചർ ആ കത്തിനകത്ത് ഞാൻ എന്താ എഴുതിയതെന്ന് കൂടി വായിച്ചാൽ ഞാൻ തീർന്നു..

എവിടെയൊക്കെയാണ് അക്ഷര തെറ്റ് എന്നത് മാത്രമല്ല പേടി
എന്റെ ഹൃദയം തുറന്നു വെച്ച ഒരു കത്തായിരുന്നത്..

ആ ഹൃദയം ഇന്ന് പൊളിച്ച് ടീച്ചർ ശസ്ത്രക്രിയ നടത്തുമല്ലോ എന്നോർത്തപ്പോൾ എന്റെ നെഞ്ചാകെ പിടക്കാൻ തുടങ്ങി..

എത്രയോ വട്ടം ഈശ്വരനെ വിളിച്ചു തുടങ്ങി
അമ്മ രാവിലെ അമ്പലത്തിലേക്ക് പോകുമ്പോൾ വിളിച്ചതാ ഇല്ലെന്ന് പറഞ്ഞ് കൂർക്കം വലിച്ചുറങ്ങിയതെല്ലാം ഇപ്പൊ ഓർമ്മ വരണുണ്ട് ദൈവ കോപം തന്നെ ഇല്ലേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു..

രമണി ടീച്ചർ എന്നെ നോക്കി മേശപ്പുറത്തു വെച്ച കത്തിലേക്കും ഒന്നു നോക്കി
അതു കണ്ടതും എന്റെ കാലിലൊരു വിറ തുടങ്ങി ദൈവമേ ആദ്യമായി ഞാൻ ഒരു പരാജിതനാവാൻ പോകുന്നു..
ബെഞ്ചിൽ ഇരിപ്പുറക്കുന്നില്ല മനസ്സിൽ പ്രാർത്ഥന കൂട്ടി തല താഴ്ത്തിയിരുന്നു..

ബെല്ലടിച്ചു ടീച്ചർ പുറത്തേക്ക് പോവുമ്പോൾ എന്നെ വിളിച്ചു
ഞാൻ കീഴടങ്ങിയ ഒരു പ്രതിയെ പോലെ അനുസരണയോടെയും അതിലുപരി പ്രാർത്ഥനയോടും പുറത്തേക്ക് ചെന്നു..

രമണി ടീച്ചർ ആ കത്ത് എനിക്ക് നേരെ നീട്ടി പറഞ്ഞു ഹൃദയം ഇങ്ങനെ നാലാള് കാണെ എഴുതി നൽകരുത് പിന്നെ ഞാൻ ഈ കത്ത് തുറന്നു വായിച്ചിട്ടില്ല മറ്റൊരാളുടെ ഹൃദയം വായിക്കണത് ശരിയല്ലല്ലോ എന്നും പറഞ്ഞ് ഒരു ചിരിയോടെ ടീച്ചർ കത്ത് എന്നെ ഏൽപ്പിച്ച് ഓഫീസിലേക്ക് പോവുന്നത് ഞാൻ ഏറെ നേരം നോക്കി നിന്നു കാരണം ദൈവം ചിലപ്പോ ടീച്ചറുടെ രൂപത്തിലും വരുമെന്നെനിക്ക് മനസ്സിലായി..

ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ ക്ലാസിലേക്ക് കയറി ആ ഉണ്ടക്കണ്ണിയെ നോക്കി മനസ്സിൽ പറഞ്ഞു ഇല്ല ഞാൻ പരാജിതനായിട്ടില്ല ഇനിയും ആയുസ്സുണ്ട്..

ആദ്യം പരാജയത്തിന്റെ വക്കിൽ നിന്ന് തിരിച്ച് കയറുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു ഈ ഹൃദയം അവളെ കൊണ്ട് വായിപ്പിക്കുമെന്ന്..

യൂത്ത് ഫെസ്റ്റിവലിന്റെ അന്ന് ഞാൻ അതേ കത്ത് ആരും കാണാതെ അവൾക്ക് നൽകി…
അവൾ അത് മേടിച്ചു ചീന്തിയെറിഞ്ഞത് എന്റെ മുഖത്ത് അടിച്ചത് പോലെയായിരിന്നു..

എന്റെ ഹൃദയം അവൾ പിച്ചിച്ചീന്തിയിരിക്കുന്നു ഞാൻ ഇപ്പോ പരാജിതനായിരിക്കുന്നു..
ഒരു കോപത്തോടെ ഞാൻ തനിച്ചിരുന്നു…

പരീക്ഷ കഴിഞ്ഞു സ്കൂളിൽ നിന്ന് പടിയിറങ്ങാൻ പോവുകയാണ് അവളോടുള്ള കോപം കൂടി കൂടി വന്നു…

1996 ഒരു തിങ്കളാഴ്ച സ്കൂളിലെ ആ അവസാന ദിവസത്തെ കൂടി ചേരലിൽ പരസ്പരം എല്ലാവരും യാത്ര പറഞ്ഞു..
ഞാൻ അവൾക്കും അവൾ എനിക്കും മുഖം തന്നില്ല..

ഒരുപാട് ഓർമ്മകളോടും അതോടൊപ്പം ഒരു പരാജയ പ്രേമത്തോടൊയും സ്കൂളിന്റെ പടിയിറങ്ങി..

പരീക്ഷയുടെ റിസൾട്ട് വരും വരെ വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നു..

കഷ്ടിച്ച് ജയിച്ചത് കാരണം വീട്ടിലെ വഴക്ക് കേൾക്കേണ്ടി വന്നില്ല..
ടൗണിലെ ഒരു കോളേജിൽ ബാക്കിയുള്ള അങ്കത്തിന് കച്ചമുറുക്കി ഇറങ്ങുമ്പോൾ അവളെ ഒന്ന് കൂടി കാണണം എന്ന് തോന്നി..

നല്ല മാര്‍ക്കോടു കൂടി പാസായ അവൾ പഠിക്കുന്ന കോളേജ് കണ്ടെത്തി പക്ഷേ അവളെ ഇനി കാണുമ്പോൾ എന്റെ ദേഷ്യം കൂടി ഞാൻ എന്തേലുമൊക്കൊ പറഞ്ഞാലോ എന്നൊരു ശങ്ക..

അന്നെഴുതിയ കത്ത് ഞാൻ ഒരിക്കൽ കൂടി ഞാനെഴുതി
പക്ഷെ അവൾക്ക് നേരെ നീട്ടുമ്പോൾ അവളതു വാങ്ങാതെ വന്നാൽ
ഞാൻ പരാജയപ്പെടും അതു ചാവുന്നതിന് തുല്യമാണെന്ന് തോന്നി..

ഒരിക്കൽ പിച്ചിച്ചീന്തിയ എന്റെ ഹൃദയവാക്കുകൾ അവളെ കൊണ്ട് തന്നെ വായിപ്പിക്കണമെന്നൊരു വാശി എന്നെ പലപ്പോഴും ഉറക്കാതെയായി..

മാസങ്ങൾ വർഷങ്ങളിലേക്ക് മാറി മറിയുമ്പോഴും എന്റെ ഒരു കണ്ണ് അവളുടെ പിറകെ തന്നെയായിരുന്നു..

അവൾക്ക് കല്യാണാലോചനകൾ ചെല്ലുന്നുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് തോന്നി താമസിയാതെ അവളുടെ അച്ഛൻ എനിക്കുള്ള കുഴി വെട്ടും എന്ന്..

പിന്നെ ആലോചിച്ചില്ല ജോലിക്കാരനായി സ്വന്തം കാലിൽ നിൽക്കാറായി ഇനി വീട്ടിൽ എന്റെ കല്യാണക്കാര്യം ഞാൻ തന്നെ അവതരിപ്പിക്കാമെന്ന് തോന്നി തുടങ്ങി…

ചെറുക്കൻ വളർന്നു കെട്ടുപ്രായമായി എന്നക്കൊ കുടുംബത്തിലാരേലും പറഞ്ഞാൽ തന്നെ അവനതിനൊന്നുമായിട്ടില്ലെന്ന് പറയുന്ന അമ്മയോട് എങ്ങനെ പറയും ഈ കാര്യം എന്നായി എന്റെ ശങ്ക..

എന്തായാലും അവളോടുള്ള ആ ദേഷ്യം എന്നെ ഒരു ധൈര്യവനാക്കി ഒരച്ഛനോട് ഒരു മകനും എനിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞു കാണില്ല..
എന്നാൽ ഞാൻ പറഞ്ഞു എനിക്ക് ഒരുവളെ ഇഷ്ടമാണ് എന്ന കാര്യം..

അച്ഛൻ ഒന്നു ചിരിച്ചു പഴയൊരു സഖാവായതു കൊണ്ടാവാം എന്റെ ഉറച്ച തീരുമാനത്തെ അംഗീകരിച്ചത്..

എന്നാൽ അമ്മ അന്തംവിട്ടു നിന്ന നിപ്പിൽ അപ്പോഴും പറഞ്ഞു കെട്ടാനുള്ള പ്രായമായിട്ടില്ലെന്ന്..

എന്തോ അച്ഛൻ പറഞ്ഞു നീ പോയി പെണ്ണു കണ്ടു വാ എന്ന്..

ഞാൻ അങ്ങനെ ഒരു പരാജയഭാരമിറക്കാൻ അവളെ ചെന്നു പെണ്ണു കണ്ടു..

എന്നെ കണ്ടപ്പോൾ അവൾ ഒന്നു പരുങ്ങി ഓർമ്മകൾ അയവിറക്കി കാണും അതാവും ഒരു കുറ്റബോധം അവളിൽ എങ്കിലും അവളതു മുഖത്ത് കാണിക്കാതെ നിന്നു..

അവളെ കണ്ടിറങ്ങുമ്പോൾ ഈ കല്യാണം നടത്താനുള്ള സകല കുതന്ത്രങ്ങളും ഞാനും അമ്മാവനും കൂടെ ഒരു തലക്കൽ നടത്തിയിരുന്നു..

അവളുടെ അച്ഛൻ അതികമൊന്നും ആലോചിക്കാതെ എനിക്ക് തന്നെ അവളെ പിടിച്ചേൽപ്പിക്കാൻ തീരുമാനിച്ചതറിഞ്ഞപ്പോൾ ഞാൻ അന്നെഴുതിയ കത്ത് ഒരിക്കൽ കൂടി എഴുതി വെച്ചു..

ആദ്യ രാത്രിയിൽ തന്നെ അന്നു പിച്ചിച്ചീന്തിയ ആ എഴുത്ത് ഞാനവൾക്ക് വീണ്ടും നൽകി പറഞ്ഞു,, ഉം ഒന്നു ഉറക്കെ വായിക്ക് ഞാനൊന്ന് കാണട്ടെ എന്ന്..

അവൾക്ക് മനസ്സിലായി ഞാൻ പകരം വീട്ടുകയാണെന്ന്..
കണ്ണിലൊരു ചെറു നനവുമായി അവളതു വായിച്ചു തീരുമ്പോൾ ഞാനൊരു വിജയ ചിരിയോടെ അവളെ നോക്കി..

ആദ്യം നൽകി പരാജയപ്പെട്ട ആ കത്തവൾ ഇപ്പോ ഇടക്കൊക്കെ വായിച്ചു നോക്കും..

വിജയിച്ചതിന്റെ അടയാളമായി അവളുടെ കഴുത്തിലൊരു താലിയും ഒക്കത്തൊരു കുഞ്ഞിനെയും നൽകി.. ഞാൻ ഇപ്പോ ഇടക്കിടെ അവളോട് മധുര പ്രതികാരം നടത്തിക്കൊണ്ടിരിക്കാണ്…

വിജയിച്ചെങ്കിലും അവൾ ഇനി ഒരിക്കലും പരാജയപ്പെടരുത് എന്നത് അവളറിയാതെ ഞാൻ മനസ്സിൽ വെച്ച് ഓർമ്മകളെ ഒന്നു കൂടി അയവിറക്കി..

എ കെ സി അലി

LEAVE A REPLY

Please enter your comment!
Please enter your name here