Home ശാരി പി പണിക്കര്‍ ( ചാരു) നിഞ്ചയം കഴിഞ്ഞ എന്റെ, കല്ല്യാണം നടക്കില്ലയെന്ന് വരെ അവൾ കൈ നോക്കി പറഞ്ഞു…

നിഞ്ചയം കഴിഞ്ഞ എന്റെ, കല്ല്യാണം നടക്കില്ലയെന്ന് വരെ അവൾ കൈ നോക്കി പറഞ്ഞു…

0

രചന : ശാരി പി പണിക്കര്‍ ( ചാരു)

“അച്ചുവിന് എന്തോ കുഴപ്പമുണ്ട്. ഇപ്പോ പഴയ പോലെ വിളിയും പറച്ചിലും ഒന്നുമില്ല ചേട്ടാ. എപ്പോഴും വഴക്കാ. ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പണ്ടൊക്കെ വിളിക്കുമായിരുന്നു. ഇപ്പൊ ഞാൻ വിളിക്കണം. വിളിച്ചാലോ എന്തെങ്കിലും പറഞ്ഞ്‌ വഴക്കിടും. ഇല്ലെങ്കില്‍ ക്ഷീണമാണ് ഉറങ്ങണമെന്ന് പറഞ്ഞ്‌ ഫോണ്‍ വെക്കും. അച്ചുവിന് എന്തോ പ്രശ്നമുണ്ട്. അവൾ എന്നെ വിഷമിക്കേണ്ടയെന്ന് കരുതി പറയാത്തതാ. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞത്‌ അവള്‍ക്ക് സഹിക്കാൻ പറ്റികാണില്ല.”

” നീ വിഷമിക്കാതെ. ഞാൻ തിരക്കാം. നീ അന്യ നാട്ടില്‍ കിടന്ന്, ഇത് ഓര്‍ത്തു വിഷമിക്കേണ്ട. എല്ലാം ശരിയാകും. നിഞ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷമായില്ലേ? ഈ ലീവിന് കല്ല്യാണം കാണുമെന്ന് അച്ചു പ്രതീക്ഷിച്ചു കാണും. ചിലപ്പോള്‍ അതിന്റെ വിഷമമാവും. ”

” അതാവില്ല. കാരണം നാട്ടില്‍ ഞാൻ വന്നപ്പോള്‍ അവൾ നല്ല സന്തോഷത്തിലായിരുന്നു. ഇവിടെ തിരിച്ചെത്തിയപ്പോള്‍ മുതലാ ഇങ്ങനെ. ഫോൺ മിക്കപ്പോഴും സ്വിച്ച് ഓഫാ. ”

” ഞാന്‍ ഒന്ന് വിളിച്ചു സംസാരിക്കട്ടെ. എന്നിട്ട് പറയാം. ”

” ശരി ചേട്ടാ. ”

അന്ന് ചേട്ടനെ വിളിച്ചു സംസാരിച്ചപ്പോൾ മനസില്‍ നിന്ന് ഭാരം ഇറക്കി വച്ച പോലെ ഉണ്ടായിരുന്നു. പക്ഷേ എന്നാലും ഭാരം കൂട്ടാൻ ഒരാൾ ഉണ്ടായിരുന്നു. അതായിരുന്നു അവൾ. എന്റെ കഥയിലെ വില്ലത്തി – ദേവു.

അച്ചുവിനെ കണ്ട നാൾ മുതലേ അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇതിലും നല്ല പെണ്ണ് ചേട്ടന് കിട്ടുമെന്നും അച്ചുവിന്റെ സംസാരത്തിൽ എന്നോട് ഒരു സ്നേഹവും കാണുന്നില്ലയെന്നും ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു. . നിഞ്ചയം കഴിഞ്ഞ എന്റെ, കല്ല്യാണം നടക്കില്ലയെന്ന് വരെ അവൾ കൈ നോക്കി പറഞ്ഞു . എന്തൊക്കെയായാലും അവൾ എനിക്ക് എപ്പോഴും വലിയ ആശ്വാസമായിരുന്നു. വായിൽ തോന്നിയത്‌ എന്തും വിളിച്ചു പറയാനും പോസ്റ്റ് ആകുമ്പോള്‍ കൂട്ട് തരാനും ഒക്കെ അവളെ ഉണ്ടായിരുന്നുള്ളൂ.

അച്ചുവിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ആദ്യമൊന്നും ദേവുവിനോട് ഞാൻ പറഞ്ഞിരുന്നില്ല. പയ്യെ അവള്‍ക്ക് മനസിലായി എന്തോ എവിടെയോ ചീഞ്ഞു നാറുന്നെന്ന്. അവൾ തന്നെയെല്ലാം ചികഞ്ഞെടുത്തു.

അച്ചു എപ്പോഴോ അയച്ച സ്ക്രീൻ ഷോട്ടിൽ നിന്ന് 2 സിം കണ്ടതോടെ എനിക്ക് എന്തോ ദുരൂഹത തോന്നി. ഫോണിൽ വിളിച്ചാല്‍ സ്വിച്ച് ഓഫും വാട്ട് അപ്പിൽ മിക്കപ്പോഴും ബ്ലോക്കും ആയിരുന്നു ഞാൻ. ഇതൊക്കെ ദേവുനോട് പറഞ്ഞതേ ഓർമ്മയുളളൂ. അര്‍ദ്ധ രാത്രിയില്‍ ഓൺലൈൻ വരുന്നത് ദേവു ശ്രദ്ധയില്‍ പെടുത്തി. അവൾ ഫേസ്ബുക്കിൽ ലൈക് ചെയ്തിരിക്കുന്ന പേജുകൾ ദേവു കാണിച്ചപ്പോൾ ഉറക്കം നഷ്ടപ്പെട്ടു. അച്ചുവിനെ വിട്ടേക്കെന്നു ദേവു പല തവണ ആവശ്യപ്പെട്ടു. എനിക്ക് നേരിൽ കണ്ട് ബോധ്യപെടണം, എന്റെ അച്ചു തെറ്റാണെന്ന്. അല്ലാതെ ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലയെന്ന് ഉറപ്പിച്ചു. ദേവുവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ചേട്ടനോട് അച്ചുവിനെ പറ്റീ ജോലി ചെയ്യുന്ന സ്ഥലത്ത് അന്വേഷിക്കാന്‍ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

നിഞ്ചയം കഴിഞ്ഞത് കൊണ്ട് ബന്ധം അവസാനിപ്പിക്കുമ്പോള്‍ കുറെ ചടങ്ങുണ്ടല്ലോ. അങ്ങനെ മുദ്രപത്രത്തിൽ ഞങ്ങൾ തമ്മില്‍ ബന്ധമൊന്നുമില്ലയെന്ന് എഴുതി കൊടുത്തു. അന്നേരം അവള്‍ക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരുവളെയാണോ ഞാന്‍ സ്നേഹിച്ചതെന്ന് ഓര്‍ത്തു എനിക്ക് തന്നെ നാണക്കേടായി. എല്ലാരെയും ഇനിയെങ്ങനെ അഭിമുഖീകരിക്കും. അറിയില്ല. ഞാന്‍ കണ്ടുപിടിച്ചത് ആയിരുന്നല്ലോ അച്ചുവിനെ. അനുഭവിക്കുക തന്നെ. ഇനി എല്ലാം വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തു.

പല ആലോചനകളും വരുന്നുണ്ട്. എല്ലാര്‍ക്കും അറിയേണ്ടത് ഒന്നാണ്‌. എന്താണ്‌ നിഞ്ചയം കഴിഞ്ഞ വിവാഹം വേണ്ടെന്ന് വച്ചതെന്ന്. പൈസയില്ലാതെ വീട്ടിലെ പെണ്ണായത് കൊണ്ടാണോ എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്. പക്ഷേ സത്യം ഞാനെങ്ങനെ ആളുകളോട് പറയും. അത് അവളുടെ ജീവിതം നശിപ്പിക്കില്ലേ?

എന്താ പറയേണ്ടത്. അവളുടെ പേര്‌ പറഞ്ഞാൽ ജോലി സ്ഥലത്ത് എല്ലാവരും അർത്ഥം വച്ച് ചിരിക്കുമെന്നോ? ഞാൻ ഇവിടെ കിടന്ന് കഷ്ടപ്പെടുന്ന പൈസ അവള്‍ക്ക് അയച്ചു കൊടുക്കുമ്പോൾ അത് അവൾ സുഖത്തിന് വേണ്ടി ഉപയോഗിക്കുവാനെന്നോ? അവളുടെ കടമെല്ലാം തീർക്കാൻ ഞാൻ ഊണും ഉറക്കവും ഇല്ലാതെ നടക്കുമ്പോൾ…. അവൾ…. അതോ ലീവ് എടുത്തു ബന്ധു വീട്ടില്‍ പോകുവാണെന്ന് പറഞ്ഞിട്ട്……… അവള്‍ക്ക് ഞാൻ വെറും പൈസ കായ്ക്കുന്ന മരം മാത്രമായിരുന്നു എന്നോ. എന്തായാലും അച്ചുവെന്ന അധ്യായം കഴിഞ്ഞു. ഇനി അത് തുറക്കില്ല.

ദേവു ഇപ്പോൾ വില്ലത്തിയല്ല നായികയാണെന്ന് തോന്നുന്നല്ലേ? വെറും തോന്നലാണ്. അവൾ എന്തിനാ എന്നോട് കൂട്ട് കൂടിയതെന്ന് അറിയാമോ? അവളുടെ ചെക്കൻ എന്റെ ചങ്കാണ്. അവനിവിടെ എന്തൊക്കെ കാണിക്കുന്നുണ്ട് എന്നറിയാനാണ് അവളെന്നെ മുറുകെ പിടിച്ചിരിക്കുന്നത്. ചാര പണിയാണ് എനിക്കിവിടെ. ഇവിടെ ഒന്നും കാണിക്കാൻ പറ്റില്ലയെന്ന് നമ്മുക്കല്ലേ അറിയൂ. ചെക്കൻ കൈ വിട്ടു പോകുമോ എന്ന പേടിയാ അവൾക്ക്. അവന് തിരിച്ചും.

~ ശാരി പി പണിക്കര്‍ ( ചാരു)

#TRUE STORY

LEAVE A REPLY

Please enter your comment!
Please enter your name here