Home Shanavas Jalal “ റസിയാന്റെ കെട്ടിയോന്റെ ഒരു വശം തളർന്ന് പോയി മോനേന്നുള്ള “ ഉമ്മാന്റെ സംസാരം കേട്ടപ്പോൾ...

“ റസിയാന്റെ കെട്ടിയോന്റെ ഒരു വശം തളർന്ന് പോയി മോനേന്നുള്ള “ ഉമ്മാന്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നി…

0

രചന : Shanavas Jalal

“ റസിയാന്റെ കെട്ടിയോന്റെ ഒരു വശം തളർന്ന് പോയി മോനേന്നുള്ള “ ഉമ്മാന്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നിയെങ്കിലും , നാട്ടിലേക്ക് വരുന്നതിന്റെ തിരക്കായത് കൊണ്ട് തന്നെ സലാം പറഞ്ഞു പെട്ടെന്ന് ഫോൺ കട്ടാക്കിയിരുന്നു ഞാൻ …

സ്കൂളിലെ ഒപ്പന മത്സരത്തിനിടക്ക് ആദ്യം കണ്ണിലുടക്കിയതായിരുന്നു മണവാട്ടിയായ അവളെ , ഒപ്പന തീരുന്നത് വരെയും ബാക്കിയുള്ള കളിക്കാരേക്കാൾ ഞാൻ അവളുടെ ഉണ്ടക്കണ്ണും , നുണക്കുഴിയും മാത്രമേ കണ്ടിരുന്നുള്ളൂ എന്നതാകും സത്യം ..

മനസ്സിൽ തോന്നിയ ഒരിഷ്ടം അവളോട് പറയാൻ പലതവണ ശ്രമിച്ചെങ്കിലും അവളുടെ കണ്ണിൽ നോക്കി പറയാനുള്ള പേടിയും , അധ്യാപകർ അറിഞ്ഞാൽ കിട്ടുന്ന തല്ലുമോർത്ത് മനസ്സിൽ കൊണ്ട് നടന്നെങ്കിലും പത്താം ക്‌ളാസ് അവസാനിപ്പിച്ച് ഞാൻ അവിടെ നിന്ന് ഇറങ്ങും ദിവസം അവളുടെ അടുത്തു ചെന്ന് , ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് ചെറുതായി ചിരിച്ചിട്ട് , ” ഈ ജന്മം ഓന് കൊടുക്കാമെന്ന് വാക്ക് കൊടുത്തു പോയി കാക്കു “എന്ന് പറഞ്ഞു കൈചൂണ്ടിയ ആളെ കണ്ട് ഞാൻ അന്തം വിട്ട് പോയിരുന്നു ..

കറുത്ത നിറമായത് കൊണ്ട് , ഞങ്ങളുടെ കുട്ടത്തിൽ കുട്ടാത്ത , സമയം കിട്ടുമ്പോഴൊക്കെ കരുമാടിന്ന് വിളിച്ചു കളിയാക്കുന്ന ഹാഷിമിനെ കണ്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും , അവൾ ഒന്നും പറയാതെ അവിടെ നിന്നും നടന്ന് നീങ്ങിയിരുന്നു ….

പ്ലസ്ടുവിലും , ഡിഗ്രിയിലും എല്ലാം ഒരുപാട് മൊഞ്ചത്തിമാർ എന്റെ കണ്ണ് മുന്നിൽ പെട്ടുവെങ്കിലും മനസ്സിൽ കയറിക്കൂടിയത് അവൾ മാത്രമായിരുന്നു , അത് കൊണ്ട് തന്നെ , പുറകിൽ നടക്കരുതെന്നും , ഇഷ്ടമല്ലെന്നും ഒരുപാട് തവണ അവൾ പറഞ്ഞിട്ടും മനസ്സ് അംഗീകരിക്കാഞ്ഞതും അവൾ അത്രത്തോളം എന്റെയുള്ളിൽ ഉള്ളത് കൊണ്ടാകണം …

പ്രശസ്തമായ ഐ ടി കമ്പനി വഴി ദുബായിലേക്ക് പറക്കുന്നതിന്റെ തലേന്നും അവളെ ഞാൻ കണ്ടിരുന്നു , കാത്തിരിക്കുമോന്ന് ചോദിച്ചതിന് മറുപടി തന്നത് ക്‌ളാസ് കഴിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവറായ ഹാഷിമായിരുന്നു .. ചെറിയ ഉന്തും തള്ളിലും അതവസാനിച്ചുവെങ്കിലും മനസ്സിൽ അവൾക്കുള്ള സ്ഥാനത്തിന് ഒരു ഇളക്കവും സംഭവിച്ചില്ലായിരുന്നു ..

വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അവളുടെയും ഹാഷിമിന്റെയും നിക്കാഹ് കഴിഞ്ഞു എന്നറിഞ്ഞു ഞാൻ തളർന്നെങ്കിലും , അവളോടുള്ള വാശി ഒന്ന് മാത്രമായിരുന്നു എങ്ങനെയെങ്കിലും പണമുണ്ടാക്കി അവളുടെ മുന്നിൽ രാജാവിനെ പോലെ ജീവിച്ചു കാണിക്കണമെന്ന് തോന്നിപ്പിച്ചത്

അത്യാവശ്യം ഒരു വിടും , കുറച്ചു പൈസ ബാങ്കിലുമായപ്പോൾ തന്നെ നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയ എന്റെ മനസ്സിൽ ഉമ്മ പറഞ്ഞ റസിയയുടെ ഭർത്താവിന്റെ ഒരു ഭാഗം തളർന്ന് പോയി മോനേന്നുള്ളത് വീണ്ടും വീണ്ടും എന്റെ മനസ്സിനെ കുളിരണിയിച്ചു കൊണ്ടേ ഇരുന്നു ..

നാട്ടിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രയിലും എനിക്ക് എത്രയും പെട്ടെന്ന് അവളെയും തളർന്ന് കിടക്കുന്ന അവനേയും കാണാനുള്ള പൂതി , വിളിക്കാൻ വന്ന കൂട്ടുകാരനോട് പറഞ്ഞപ്പോൾ ഒരു കള്ള ചിരി ചിരിച്ചു അവൻ വണ്ടി അവളുടെ വീട്ടിലേക്ക് തിരിച്ചിരുന്നു ..

ഞങ്ങൾ ചെന്ന് കയറുമ്പോൾ വീടിന്റെ ഉമ്മറത്തു ആരെയും കാണാത്തത് കൊണ്ടാണ് , ഷൂ അഴിച്ചു അകത്തേക്ക് കയറിയത് , കട്ടിലിൽ ചാരിയിരുത്തി അവനു കഞ്ഞി കോരി കൊടുക്കുന്ന അവളെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് അവനോട് ചെറിയ അസൂയ തോന്നി പോയി ..

പെട്ടെന്നുള്ള എന്റെ വരവ് കണ്ടിട്ട് , അവളുടെ കണ്ണുകളിൽ ഒരമ്പരപ്പ് ഉണ്ടായിരുന്നുവെങ്കിലും , അവൻ കോട്ടിയ വാ കൊണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു , അപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത് നുണക്കുഴി കാട്ടി ചിരിക്കുന്ന , എല്ലായിടത്തും ഓടിനടക്കുന്ന , അഞ്ചാം തരത്തിലെ ഒപ്പനയിലെ മണവാട്ടിയിൽ നിന്ന് അവനെ പരിചരിക്കുന്ന അവന്റെ ഉമ്മയുടെ സ്ഥാനത്തേക്കുള്ള അവളുടെ മാറ്റമായിരുന്നു …

അത് വരെയുണ്ടായിരുന്ന ദേഷ്യവും വാശിയുമെല്ലാം അവരുടെ രണ്ടു പേരുടെയും സ്നേഹത്തിന്റെ മുന്നിൽ ഇല്ലാതായി , യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങാൻ നേരം , ” വന്നപ്പോൾ തന്നെ ഇക്ക കാണാൻ ഓടി വന്നല്ലോ ” എന്ന് അവളുടെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി നിൽക്കുന്ന റസിയയെ കണ്ടിട്ടാണ് , അടുത്തേക്ക് ചെന്നിട്ട് അടുത്ത ജന്മത്തിൽ എനിക്കായി ജനിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ , ” അടുത്തതല്ല ഇനിയൊരു നൂറു ജന്മം ഉണ്ടെങ്കിലും ആ തളർന്ന് കിടക്കുന്ന മനുഷ്യന്റെ ഭാര്യയായി ജനിച്ചാൽ മതിയെന്ന ” അവളുടെ വാക്കുകൾ എനിക്ക് മനസിലാക്കി തരുന്നുണ്ടായിരുന്നു , ” പെണ്ണിന്റെ മനസ്സിനും സ്നേഹത്തിനും മുന്നിൽ ഞാൻ അദ്ധ്വാനിച്ചു ഉണ്ടാക്കിയത് പേപ്പറിനെക്കാൾ വിലകുറഞ്ഞ കുറച്ചു കടലാസ്സ് കഷ്ണങ്ങൾ മാത്രമായിരുന്നുവെന്ന് …!! “

LEAVE A REPLY

Please enter your comment!
Please enter your name here