Home Solo-man ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പൊഴും ഞങ്ങൾ ഒരുപാടു ദൂരം അകലെയായിരുന്നു…

ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പൊഴും ഞങ്ങൾ ഒരുപാടു ദൂരം അകലെയായിരുന്നു…

0

രചന : Solo-man

“ഏട്ടാാ..ഞാൻ പോയാലും നിങ്ങൾ സങ്കടപ്പെടരുത്..ജീവിതം നഷ്ടപ്പെടുത്തുകയും ചെയ്യരുത്..
ഏട്ടൻ മറ്റൊരു വിവാഹം കഴിക്കണം..എനിക്കത് കണ്ട് സമാധാനത്തോടെ ഉറങ്ങണം..”

മരണക്കിടക്കയിൽ നിന്നും രേണു അവസാനമായി പറഞ്ഞത് അതായിരുന്നു..

ജീവിച്ചു തുടങ്ങും മുൻപെ കാലം അവളെ എന്നിൽ നിന്നും അടർത്തിയെടുത്തു..

ഡോക്ടർ പറഞ്ഞ പത്തു ശതമാനം ചാൻസ്..

അതിലായിരുന്നു എന്റെ മുഴുവൻ പ്രതീക്ഷയും..

ഉള്ളതൊക്കെ വിറ്റു പെറുക്കിയും ഞാനാ ഓപ്പറേഷനു തയ്യാറായിരുന്നു..

“വേണ്ട ഏട്ടാാ..ഇതെന്നേം കൊണ്ടേ പോവൂന്ന് എന്റെ മനസ്സു പറയുന്നു..വെറുതെയെന്തിനാ ആ കാശു കൂടി കളയുന്നത്..”

അവൾ പറഞ്ഞത് പോലെ തന്നെ ഓപ്പറേഷനു ഒരു ദിവസം മുന്നെ അവളങ്ങ് പോയി..

അവളെന്റെ ജീവിതത്തിലേയ്ക്ക് വന്നിട്ടിപ്പൊ വർഷം ഒന്നേ ആയുള്ളൂ..

എങ്കിലും ഒരായിരം വർഷത്തെ സ്നേഹവും കൂട്ടും അവളിൽ നിന്നെനിക്ക് കിട്ടിയിട്ടുണ്ട്..

അവളുടെ ദേഹം ചിതയിലേയ്ക്കെടുക്കുമ്പൊഴും കഴുത്തിൽ കിടപ്പുണ്ടായിരുന്നു ഞാൻ കെട്ടിയ താലി..

ഒരു ചരടിനുമപ്പുറം അതിന്റെ ബന്ധനവും,മൂല്യവും എത്രയേറെ വലുതാണെന്ന് മനസ്സിലാക്കിത്തരാൻ ആ ഒരു നിമിഷം മാത്രം മതിയായിരുന്നു..

അതില്ലാതാകുമ്പോൾ കൂടെ ഇല്ലാതാകുന്നത് എന്റെ ജീവിതം തന്നെ ആയിരുന്നു..

അവളുടെ ചിതയിലേയ്ക്ക് തീ പകരുമ്പോൾ എന്റെ കൈകൾ ജീവിതത്തിൽ ആദ്യമായി വിറച്ചു..

ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന യാഥാർത്യം ആ ചിതച്ചൂടിനാലേറ്റ പൊള്ളൽ ശരീരത്തിനേയും മനസ്സിനേയും നോവിക്കുന്നുണ്ടായിരുന്നു..

അവസാനം കത്തിയമർന്ന് ഒരു നുള്ള് ചിതാഭസ്മമായ് എന്റെ കൈക്കുള്ളിൽ അവളൊതുങ്ങിയപ്പോൾ ഇറ്റു വീഴുന്ന കണ്ണുനീർ കണങ്ങളെ പണിപ്പെട്ട് ഞാൻ ഒതുക്കുകയായിരുന്നു..

അവൾക്കു വേണ്ടി കർമ്മങ്ങൾ ചെയ്യുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..

എനിക്കു വേണ്ടി മാത്രമായ് ജീവിച്ച അവൾക്കു വേണ്ടി ഇത് മാത്രമേ എനിക്ക് ചെയ്യാൻ കഴിഞ്ഞുള്ളൂ എന്ന്..

മരണക്കിടക്കയിൽ നിന്നുള്ള അവളുടെ അവസാന വാക്ക്..അതൊന്നു കൊണ്ട് മാത്രമാണു ഞാൻ രണ്ടാമതൊരു വിവാഹത്തിനു സമ്മതിച്ചത്..

എനിക്കറിയാമായിരുന്നു,ഇനിയൊരിക്കലും മറ്റൊന്നിനും അവൾക്കു പകരമാകാൻ കഴിയില്ല എന്ന്..

അത് കൊണ്ട് തന്നെ കൂടുതലായൊന്നും ആലോചിച്ചില്ല..ഇനിയുള്ള ജീവിതത്തിൽ വെറുതേ ഒരു ഭാര്യ..അത്ര മാത്രമേ ഭദ്രയുടെ കടന്നു വരവിനെ ഞാൻ കണ്ടുള്ളൂ..

ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പൊഴും ഞങ്ങൾ ഒരുപാടു ദൂരം അകലെയായിരുന്നു..

എങ്കിലും അവൾ അവളുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നുണ്ടായിരുന്നു..

അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും അവളെന്നോട് നിത്യവും സംസാരിച്ചു കൊണ്ടേയിരുന്നു..

അവൾക്കായ് ഒന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും അവൾക്കതിൽ പരാതിയോ പരിഭവമോ ഇല്ലായിരുന്നു ഒരിക്കലും..

അന്നൊരിക്കൽ കാലത്ത് എന്റെ നെറ്റിയിൽ പതിഞ്ഞ ചുംബനത്തിന്റെ ചൂട് എന്നെ ഉണർത്തിയപ്പോൾ എന്തൊ അപരാധം ചെയ്ത പോലെ അവൾ വിറങ്ങലിച്ചു നിന്നു..

അന്നെനിക്ക് മനസ്സിലായി എന്നും പുലർ കാലങ്ങളിൽ ഒരു സ്വപനം പോലെ ഞാൻ അറിഞ്ഞിരുന്ന ചുംബനങ്ങളിലൊക്കെയും തെളിയാതെ തെളിഞ്ഞിരുന്നത് അവളുടെ മുഖമായിരുന്നു എന്ന്..

ഉറക്കമില്ലാത്ത രാവുകളിൽ കണ്ണുകളമർത്തി മൂടി ഞാൻ കിടക്കുമ്പോൾ എന്നിൽ ഉറക്കം നൽകുന്ന നനുത്ത കരങ്ങളെയും ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു..

അന്നുവരെ സ്വപ്നങ്ങളിൽ ഞാൻ കണ്ട രേണുവിന്റെ മുഖം പതിയെ മാഞ്ഞു തുടങ്ങിയതും..പകരം ഭദ്രയുടെ മുഖം തെളിഞ്ഞതും ഞാനന്നു തൊട്ടാണറിഞ്ഞത്..

ഒരിക്കലും അവൾക്കു പകരമാകില്ലെന്ന് കരുതിയ എനിക്കു മുന്നിൽ അവൾ തന്നെയായി മാറുകയായിരുന്നു ഭദ്ര..

അതുവരെ രേണൂ എന്ന് മാത്രം വിളിക്കാൻ പഠിച്ച നാവു കൊണ്ട് അന്നാദ്യമായ് ഭദ്രേ എന്ന് ഞാൻ വിളിച്ചു..

ധൃതിയിൽ പോകാനൊരുങ്ങിയ അവൾ തിരിഞ്ഞ് എന്റെ അടുത്തേയ്ക്ക് വന്നു..

അവളുടെ മുഖത്തെ ഭയം മാത്രം മതിയായിരുന്നു അതുവരെ ഞാനവളിൽ നിന്നും എത്രമാത്രം അകലെയാണെന്ന് മനസ്സിലാകാൻ..

അവളുടെ പതു പതുത്ത കൈകളിൽ പിടിച്ച് ഞാനവളോട് ചോദിച്ചു..

“ഞാൻ വേദനിപ്പിക്കുന്നുണ്ടല്ലെ വല്ലാതെ..

വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടൊ ഭദ്രയ്ക്ക്..?”

ആദ്യമായി എന്റെ സ്വരം കേട്ടതു കൊണ്ടാകണം..അവൾ തരിച്ചു നിൽക്കുകയായിരുന്നു..

ചെറിയൊരു മൌനത്തിനു ശേഷം കണ്ണീരും,പുഞ്ചിരിയും കലർന്ന മുഖഭാവത്തിൽ അവൾ മറുപടി നൽകി..

“ഇല്ല ഏട്ടാ..ഒരിക്കലുമില്ല..

എനിക്കറിയാം നിങ്ങളെ,ഉറക്കത്തിൽ പോലും നിങ്ങളുരുവിട്ട പേരുകൾ രേണൂ എന്നായിരുന്നു..

നിങ്ങളുടെ ചിന്തയും,സ്വപ്നങ്ങളും രേണുവിന്റേതായിരുന്നു..

ഇത്തിരി കാലത്തെ ജീവിതം കൊണ്ട് ഏട്ടൻ അവളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നതാണു ഞാൻ നിങ്ങളിൽ കണ്ട നന്മ..

ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും മരണത്തിലും അവളെ ജീവനു തുല്ല്യം സ്നേഹിക്കാൻ കഴിയുന്ന പുരുഷനെയാണു..

ഞാൻ ഭാഗ്യവതിയാണു..

അവൾക്കൊപ്പം എത്തില്ലാ എങ്കിലും അതിലൊരു ഇത്തിരിയെങ്കിലും ആകാൻ സാധിച്ചാൽ ഞാൻ ധന്യയാണു..

നിങ്ങൾക്കൊപ്പം ജീവിക്കാൻ എനിക്കത് മതി..”

പക്വമായ അവളുടെ മറുപടിയിൽ വീണ്ടും ഒരുനിമിഷം ഞാനോർത്തു പോയി രേണുവിനെ..

അവളെ എനിക്കരുകിലേയ്ക്ക് വലിച്ചു ചേർത്ത് നെറുകിൽ ചുംബനം നൽകുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..

ഇതവൾ തന്നെയാണു..എന്റെ രേണുക..

—————————————————–

(നഷ്ടങ്ങളും,നഷ്ടപ്പെടലുകളും തീരാ ദു:ഖങ്ങൾ തീർക്കുമ്പൊഴും നാം സഹനത്തോടെ കാത്തിരിക്കുക..

എന്നെങ്കിലും ഒരിക്കൽ നാം ആഗ്രഹിക്കുന്ന പോലെ നമ്മുടെ ജീവിതം മാറുക തന്നെ ചെയ്യും..)

*ശുഭം*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here