Home Viral മിസ്റ്റർ അർണബ് ഗോസ്വാമീ ഭാരതീയരുടെ ദേശസ്നേഹം അളക്കുന്നതിനുള്ള മെഷീൻ നിങ്ങൾ സ്വന്തം ചാനൽമുറിയിൽ സ്ഥാപിച്ചിട്ടുള്ള...

മിസ്റ്റർ അർണബ് ഗോസ്വാമീ ഭാരതീയരുടെ ദേശസ്നേഹം അളക്കുന്നതിനുള്ള മെഷീൻ നിങ്ങൾ സ്വന്തം ചാനൽമുറിയിൽ സ്ഥാപിച്ചിട്ടുള്ള വിവരം ഞങ്ങൾക്കെല്ലാവർക്കുമ­റിയാം

0

[ad_1]

മിസ്റ്റർ അർണബ് ഗോസ്വാമീ,

ഭാരതീയരുടെ ദേശസ്നേഹം അളക്കുന്നതിനുള്ള മെഷീൻ നിങ്ങൾ സ്വന്തം ചാനൽമുറിയിൽ സ്ഥാപിച്ചിട്ടുള്ള വിവരം ഞങ്ങൾക്കെല്ലാവർക്കുമ­റിയാം.പക്ഷേ നിങ്ങൾ കാലങ്ങളായി പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രവുമായി സാക്ഷാൽ സച്ചിൻ രമേഷ് തെൻഡുൽക്കർക്കുനേരെ ചെല്ലരുത്.പൊടിപോലും ബാക്കിയുണ്ടാവില്ല കണ്ടുപിടിക്കാൻ !
മര്യാദയ്ക്ക് അത് ഒാഫ് ചെയ്യുന്നതാണ് നിങ്ങൾക്കും നിങ്ങളുടെ ചാനലിനും നല്ലത് !

മഹാരാഷ്ട്ര എന്ന് കേട്ടിട്ടുണ്ടോ ഗോസ്വാമീ? പ്രാദേശികവാദം കത്തിനിൽക്കുന്ന ഇടമാണത്.മറാഠിവികാരം ദേശീയതയ്ക്കുമുകളിൽ പ്രതിഷ്ഠിക്കുന്ന ഒട്ടേറെ മനുഷ്യർ ജീവിച്ചിരിക്കുന്ന പ്രദേശം.ആ നാട്ടിൽ നിന്നാണ് സച്ചിൻ്റെ വരവ്.

ഒരിക്കൽ ആ അഞ്ചടി അഞ്ചിഞ്ചുകാരൻ പറഞ്ഞു-”ഞാനൊരു മഹാരാഷ്ട്രക്കാരനാണ്.­അതിലുപരി ഇന്ത്യക്കാരനായിരിക്കുന്നതിൽ അഭിമാനിക്കുന്നു….”

‘മണ്ണിൻ്റെ മക്കൾ’ എന്ന വാദം വിറ്റഴിച്ച് ജീവിച്ചുപോന്നിരുന്ന ചില മഹാരാഷ്ട്രക്കാർക്ക് ഒാർക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു സച്ചിൻ്റെ ആ പ്രസ്താവന.അവരുടെ വർഷങ്ങളുടെ പ്രയത്നമാണ് ഒറ്റ ദിവസം കൊണ്ട് സച്ചിൻ തകർത്തുകളഞ്ഞത്.സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി ഇന്ത്യക്കാരെ ഭിന്നിപ്പിച്ചുനിർത്തുന്നവരെ കഴുത്തിനുപിടിച്ച് തൂക്കിയെടുത്ത് വെളിയിലേക്ക് എറിയുകയായിരുന്നു സച്ചിൻ ! തിരിച്ചടിക്കാനുള്ള ശേഷി അവർക്കില്ലായിരുന്നു.കാരണം എതിർപക്ഷത്തുണ്ടായിരുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോയായിരുന്നു !

സച്ചിൻ്റെ എെ.പി.എൽ ടീമിൻ്റെ പേര് നോക്കൂ.മുംബൈ ഇന്ത്യൻസ് !പണക്കൊഴുപ്പിൻ്റെ മേളയിലും അദ്ദേഹം രാജ്യത്തെ മറന്നില്ല.

ആ സച്ചിനെയാണോ നിങ്ങൾ രാജ്യദ്രോഹിയാക്കാൻ ശ്രമിക്കുന്നത്? കളിക്കുമ്പോൾ ആളും തരവും അറിഞ്ഞ് കളിക്കണ്ടേ ഗോസ്വാമീ? അല്ലെങ്കിൽ ഇതുപോലെ കൈപൊള്ളും !

എന്താണ് സച്ചിൻ ചെയ്ത അപരാധം? പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2019ലെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനുമായി മത്സരം വേണ്ട എന്ന വാദത്തോട് വിയോജിച്ചു.കളിയിൽ നിന്ന് പിന്മാറുന്നതിനുപകരം പാക്കിസ്ഥാനെ തോൽപ്പിക്കുകയാണെന്ന് വേണ്ടതെന്നും കൂട്ടിച്ചേർത്തു.ഇതിലെന്താണ് ശരികേട്?

തീവ്രവാദത്തിൻ്റെ ഉത്തരവാദികൾ ക്രിക്കറ്റ് താരങ്ങളാണോ? നാലുവർഷത്തിലൊരിക്കൽ മാത്രം നടത്തപ്പെടുന്ന അഭിമാന ടൂർണ്ണമെൻ്റാണ് ലോകകപ്പ്.സ്വന്തം രാജ്യത്തിനുവേണ്ടി ലോകകപ്പ് നേടുക എന്നതാണ് ഒരു കളിക്കാരൻ്റെ ഏറ്റവും വലിയ സ്വപ്നം.അതുപോലൊരു നിർണ്ണായക ഇവൻ്റിൽ രണ്ടു പോയൻ്റുകൾ വെറുതെ നഷ്ടപ്പെടുത്തണോ?1999ലെ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ നേടിയ വിജയമാണ് കാർഗിൽ യുദ്ധത്തിലെ മുറിവുകൾ കുറേയൊക്കെ ഉണക്കിയത് എന്ന കാര്യം മറക്കരുത്.

‘യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി ‘ എന്ന് താൻ പ്രൈമറി ക്ലാസിൽ പഠിച്ചിട്ടില്ലേ ഗോസ്വാമീ? പലപ്പോഴും അതൊരു ഭംഗിവാക്കായി ചുരുങ്ങുന്നു എന്നത് ഖേദകരമാണ്.വിഘടിച്ചുനിന്ന അനവധി മനുഷ്യരെയും പ്രദേശങ്ങളെയും വളരെയേറെ കഷ്ടപ്പെട്ട് ഒന്നിപ്പിച്ചാണ് നമ്മുടെ പൂർവ്വികർ ഈ മഹാരാജ്യം കെട്ടിപ്പടുത്തത്.അതിൻ്റെ പോരായ്മകൾ നമ്മുടെ ദേശീയതയിൽ പ്രകടമാണ്.

ഒരുപാട് ഭാഷകൾ,പല തരം സംസ്കാരങ്ങൾ,നിരവധി ജാതികളും മതങ്ങളും…അങ്ങനെ വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യ.ഇതുപോലെ വ്യത്യസ്തരായ മനുഷ്യരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് വളരെയേറെ ശ്രമകരമാണ്.അതുകൊണ്ടാണ് പ്രാദേശിക സംഘടനകൾ ഇന്ത്യയിൽ തഴച്ചുവളരുന്നത്.

പക്ഷേ ഈ മനുഷ്യരെയെല്ലാം സച്ചിൻ ഒന്നിപ്പിച്ചിട്ടുണ്ട്.ആ കുറിയ മനുഷ്യൻ എം.ആർ.എഫ് ബാറ്റുമായി കളിക്കളത്തിൽ നിൽക്കുമ്പോൾ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാർ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഒരേമനസ്സോടെ കയ്യടിച്ചിട്ടുണ്ട്.ശീതീകരിച്ച മുറിയിലിരുന്ന് രാജ്യസ്നേഹം പറയുന്ന തനിക്ക് ആയിരം ജന്മങ്ങളെടുത്താലും അതൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല ഗോസ്വാമീ !

ഷാർജയിൽ ജാവേദ് മിയാൻദാദ് ചേതൻ ശർമ്മയ്ക്കെതിരെ അടിച്ച സിക്സർ ദശകങ്ങളോളം ഭാരതീയരെ നോവിച്ചിരുന്നു.എൺപതുകളിലും തൊണ്ണൂറുകളിലും പാക്കിസ്ഥാനായിരുന്നു ഇന്ത്യയേക്കാൾ മികച്ച ക്രിക്കറ്റ് ടീം.പാക്കിസ്ഥാനെ ചിരവൈരികളായി കണക്കാക്കിയിരുന്ന ശരാശരി ഇന്ത്യക്കാരൻ്റെ അഭിമാനം സംരക്ഷിക്കാൻ അന്നൊരു സച്ചിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പാക് സ്പിന്നർ അബ്ദുൾ ഖാദിറിനെ കൂറ്റൻ സിക്സറുകൾക്ക് പറത്തിക്കൊണ്ട് വരവറിയിച്ചവൻ ! വഖാർ യുനീസിൻ്റെ പന്ത് മുഖത്തുകൊണ്ട് രക്തം വാർന്നിട്ടും രാജ്യത്തിനുവേണ്ടി ബാറ്റിങ്ങ് തുടർന്ന മീശമുളയ്ക്കാത്ത പതിനാറുകാരൻ ! അതൊക്കെയായിരുന്നു സച്ചിൻ തെൻഡുൽക്കർ !

ഇന്ത്യയെ ചൊറിയാനുള്ള ഒരവസരവും പാഴാക്കാത്ത മിയാൻദാദ്, പാക് താരങ്ങളോട് സച്ചിനെക്കണ്ട് പഠിക്കാൻ ആവശ്യപ്പെട്ടു.വഖാറിനെതിരെ സച്ചിൻ നേടിയ സിക്സറുകളെ പാക് പത്രങ്ങൾ വാഴ്ത്തി.ക്രിക്കറ്റ് കണ്ട ഏറ്റവും വേഗമേറിയ ബൗളർക്ക് പാക്കിസ്ഥാൻ ജന്മം നൽകിയെങ്കിലും അയാൾ(ഷോയബ് അക്തർ) 2003 ലോകകപ്പിൽ സച്ചിനുമുമ്പിൽ അപമാനിതനായി മടങ്ങി.

ഇങ്ങനെ ഭാരതീയൻ്റെ അഭിലാഷങ്ങൾ ദശകങ്ങളോളം സഫലീകരിച്ചത് സച്ചിനാണ്.അല്ലാതെ പത്രപ്രവർത്തകരല്ല.ഉയ­രങ്ങൾ കീഴടക്കാനാകാത്ത സാധാരണക്കാരൻ സച്ചിൻ്റെ വിജയങ്ങളിൽ സന്തോഷിച്ചു.സച്ചിൻ്റെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി അവർ ആഘോഷിച്ചു.ഒരുപാട് വളർന്നിട്ടും അദ്ദേഹം എളിമ കൈവിട്ടില്ല എന്നതും ഒരു വലിയ ഘടകമായിരുന്നു.സച്ചിൻ വെറുമൊരു ക്രിക്കറ്റർ മാത്രമായിരുന്നില്ല.ക്രിക്കറ്റിൻ്റെ സാങ്കേതികവശങ്ങളും ചരിത്രവും അറിയാത്ത മുത്തശ്ശിമാരുടെ വരെ ഹീറോയായിരുന്നു.

സച്ചിനുമുമ്പ് ഇന്ത്യ ആഘോഷിച്ച യൗവ്വനം അമിതാഭ് ബച്ചൻ്റേതായിരുന്നു.സച്ചിൻ്റെ വരവോടെ അതും മാറി.ബിഗ് ബി സച്ചിൻ്റെ കളി കാണാൻ ഷൂട്ടിങ്ങ് മുടക്കുന്ന അവസ്ഥയായി !

ഇന്ന് ടെലിവിഷനിൽ അനേകം ചാനലുകൾ ലഭിക്കും.അങ്ങനെയുള്ള ഒരു ചാനലിൽ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തി മാത്രമാണ് ഗോസ്വാമി.ഒരു റിമോട്ടിന് മായ്ച്ചുകളയാൻ കഴിയുന്ന മുഖം.എന്നാൽ ദൂരദർശൻ മാത്രം ലഭ്യമായിരുന്ന നാളുകളിൽ സച്ചിനെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് കളികണ്ടിരുന്ന ഒരു തലമുറ ഇന്നും ഇവിടെ ജീവനോടെയുണ്ട്.’ബേതരീൻ ഷോട്ട് ‘, ‘സബർഥസ് ക്രിക്കറ്റ് ‘ മുതലായ ഹിന്ദി വാക്കുകൾ ഞങ്ങൾ ആദ്യമായി കേൾക്കുന്നത് അങ്ങനെയാണ്.അങ്ങനെയുള്ള ഞങ്ങൾക്ക് സച്ചിനെ തൊട്ടാൽ സഹിക്കില്ല മോനേ !

1999ലെ ചെന്നൈ ടെസ്റ്റിൽ മാൻ ഒാഫ് ദ മാച്ച് അവാർഡ് നേടിയത് സച്ചിനാണ്.പക്ഷേ കളി പാക്കിസ്ഥാൻ ജയിച്ചതുകൊണ്ട് പുരസ്കാരം വാങ്ങാൻ സച്ചിൻ ഗ്രൗണ്ടിലേക്ക് വന്നില്ല ! ഒമ്പതുവർഷങ്ങൾക്കുശേഷം അതേ ചിദംബരം സ്റ്റേഡിയത്തിൽവെച്ച് ഒരു മാച്ച് വിന്നിങ്ങ് ഇന്നിംഗ്സ് സച്ചിൻ കളിച്ചു.ആ പ്രകടനം മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ മനുഷ്യർക്കാണ് അദ്ദേഹം സമർപ്പിച്ചത്.

ഹെൽമറ്റിൽ ദേശീയ പതാക പതിപ്പിച്ച ആദ്യത്തെ ഇന്ത്യാക്കാരനായ,ബാറ്റിൻ്റെ ഗ്രിപ്പും ലോഗോയും വരെ ത്രിവർണ്ണമാക്കിയ,എൻ്റെ എല്ലാ റെക്കോർഡുകളും ഇന്ത്യാക്കാരൻ തകർക്കണമെന്ന് ആഗ്രഹിക്കുന്ന സച്ചിനെ ദേശസ്നേഹം പഠിപ്പിക്കാൻ അർണബ് കുത്തിയിരുന്ന് പഠിച്ച ബിരുദങ്ങൾ പോരാതെവരും !

എല്ലാം അവഗണിക്കാം.സ്വന്തം അച്ഛനെ സച്ചിൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന കാര്യം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കുമറിയാം.രമേഷ് ടെൻഡുൽക്കറെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടാണ് സച്ചിൻ തൻ്റെ ആത്മകഥ ആരംഭിക്കുന്നതുതന്നെ.അച്ഛൻ മരിച്ചതിൻ്റെ നാലാം ദിവസമാണ് സച്ചിൻ ഇന്ത്യയ്ക്കുവേണ്ടി ലോകകപ്പിൽ കളിക്കാനിറങ്ങിയത് !

അന്ന് സച്ചിനെ പ്രലോഭിപ്പിച്ചത് മാച്ച് ഫീയല്ല.ബി.സി.സി.എെ വെച്ചുനീട്ടുന്ന നോട്ടുകെട്ടുകൾ അയാളെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു.രാജ്യം തന്നെ ഉറ്റുനോക്കുന്നുണ്ട് എന്ന് മനസ്സിലായതുകൊണ്ടാണ് സച്ചിൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയത്.ആ ലോകകപ്പിൻ്റെ പരിശീലനസെഷനുകളിൽ സച്ചിൻ കറുത്ത കണ്ണട ധരിക്കുമായിരുന്നു.ഒരു അഭിമുഖത്തിനുവേണ്ടി ആ കണ്ണട ഒന്ന് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടപ്പോൾ താൻ കണ്ടത് കരഞ്ഞുകലങ്ങിയ കണ്ണുകളാണെന്ന് ഹർഷ ഭോഗ്ലെ എഴുതിയിട്ടുണ്ട്.

ആ കണ്ണുനീരിനെയും നിങ്ങൾ മെഷീൻ വെച്ച് അളക്കുമോ ഗോസ്വാമീ?

നിങ്ങളുടെ ചർച്ചകൾ പലതും ഞാൻ കണ്ടിട്ടുണ്ട്.വിളിച്ചുവരുത്തിയ അതിഥികളെ സംസാരിക്കാൻ അനുവദിക്കാതെ നിങ്ങൾ പ്രസംഗിച്ചുകൊണ്ടിരിക്കും.ഒടുവിൽ ‘ഫയൽവാൻ ജയിച്ചേ’ എന്ന മട്ടിൽ നിങ്ങൾ തന്നെ നിങ്ങളെ വിജയിയായി പ്രഖ്യാപിക്കും !

അതുപോലുള്ള വിലകുറഞ്ഞ പരിപാടിയല്ല സച്ചിൻ നടത്തിയിട്ടുള്ളത്.അയാൾ കംഫർട്ട് സോൺ വിട്ട് പുറത്തിറങ്ങി വിജയം കൊയ്തവനാണ്.ഗ്ലെൻ മഗ്രാത്തിനെയും ഷെയ്ൻ വോണിനെയും അവരുടെ തട്ടകത്തിൽ വെച്ച് പരാജയപ്പെടുത്തിയവനാണ് !

എതിരഭിപ്രായം പറയുന്നവരുടെ മൈക്കിൻ്റെ ശബ്ദം കുറച്ചുവെച്ച് ഗോസ്വാമി നേടുന്ന വ്യാജവിജയമല്ല.കലർപ്പില്ലാത്ത യഥാർത്ഥ വിജയം !

താനെന്താ പറഞ്ഞത്? സച്ചിൻ്റെ രണ്ടുപോയൻ്റ് ചവറ്റുകൊട്ടയിൽ ഇടണമെന്നോ? അതിനുപകരമായി തൻ്റെ സർട്ടിഫിക്കറ്റ് ചവറ്റുകൊട്ടയിലിടണം എന്ന് ഞങ്ങൾ പറയില്ല.ഡസ്റ്റ് ബിൻ ഞങ്ങളെ തെറിവിളിക്കും ! അതിനുമില്ലേ നാണവും മാനവും !

കണ്ണുരുട്ടലും അലറലും വെല്ലുവിളിയുമൊക്കെ പാവങ്ങളോട് ചെലവാകും.ഇത് ആളു വേറെയാണ് ! തനിക്ക് ചേർന്നവനോടേ അങ്കത്തിനിറങ്ങാവൂ.അല്ലാത്തപക്ഷം അങ്കത്തട്ടിൽനിന്ന് പുറത്തേക്ക് തെറിക്കും….!

Written by-Sandeep Das

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here