Home Latest പെൺകുട്ടിക്ക് അനക്കമില്ല..ദേഹമാകെ ചോരയിൽ കുളിച്ച് കിടക്കുന്നു.. നിക്കാണേൽ പേടിച്ചിട്ടു വയ്യ…

പെൺകുട്ടിക്ക് അനക്കമില്ല..ദേഹമാകെ ചോരയിൽ കുളിച്ച് കിടക്കുന്നു.. നിക്കാണേൽ പേടിച്ചിട്ടു വയ്യ…

0

ഇരുനിറക്കാരി

കൂട്ടുകാരന്റെ കല്ല്യാണമാണു..

തലേദിവസം അവനും കൂട്ടുകാർക്കുമൊപ്പം രാത്രി അർമാദിച്ച് കുടിച്ചത് കാരണം എഴുന്നേൽക്കാൻ ഇത്തിരി ലേറ്റായിപ്പോയി..

“ഡാ കോപ്പെ..വലിച്ചു മോന്തുന്നതൊക്കെ കൊള്ളാം,കാലത്ത് മുഹൂർത്തത്തിനു മുന്നെ കണ്ടില്ലെങ്കിലാണു ബാക്കി..ഹാ”

അവന്റെ ഭീഷണിയാണു..

മുഹൂർത്തത്തിനിനി കഷ്ടിച്ച് അരമണിക്കൂർ കൂടിയേ ഉള്ളൂ..

ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി കാറുമായി പുറപ്പെട്ടു..

ഇടതടവില്ലാതെ അവന്റെയും മറ്റു കൂട്ടുകാരുടെയും കാൾ വന്നു കൊണ്ടേയിരിക്കുന്നു..

ഇനിയും എടുത്തില്ലേൽ പോയിക്കഴിഞ്ഞാൽ തന്തക്കും തള്ളക്കും വരെ കേൾക്കേണ്ടി വരും..

ഞാൻ ഡ്രൈവിംഗിനിടെ കാൾ അറ്റന്റ് ചെയ്തു..

വണ്ടി അപ്പൊഴേയ്ക്കും ഹൈവേയിലേയ്ക്ക് കയറിയിരുന്നു..

മോശമല്ലാത്ത വേഗതയിലായിരുന്നു വണ്ടി..

“ഹലോ..ഡാ ഞാനിതാ സ്റ്റേറ്റ് ബാങ്കിന്റെ അവിടെ എത്തി..അഞ്ചു മിനിറ്റിൽ എത്താം..ഒകെ..”

വേഗം പറഞ്ഞു വെക്കുമ്പൊ ചെവിക്കല്ലു പൊട്ടണ തെറിയായിരുന്നു..

പറഞ്ഞിട്ട് കാര്യമില്ല..

ഞങ്ങളെ കൂട്ടത്തീന്ന് ആദ്യത്തെ കല്ല്യാണമാണു അവന്റേത്..

അവനു കൊടുക്കാനുള്ള പണികളൊക്കെ മുൻ കൂട്ടി പ്ലാൻ ചെയ്തു വെച്ചിരുന്നതാണു..

ഞാൻ ആക്സിലേറ്ററിൽ ഒന്നുകൂടെ കാലമർത്തി..

പെട്ടെന്നാണത് സംഭവിച്ചത്..

എന്റെ കണ്ണുകൾ പതിയും മുന്നെ റോഡ് ക്രോസ് ചെയ്ത് ഒരു പെൺകുട്ടി..

ബ്രേക്കിൽ ആഞ്ഞു ചവിട്ടിയെങ്കിലും വൈകിപ്പോയിരുന്നു..

വണ്ടിയുടെ മൂലയിൽ തട്ടിത്തെറിച്ച് പെൺകുട്ടി റോഡിൽ പിടയുന്നു..

ഈശ്വരാാാ..പെട്ടല്ലൊ..

പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ വിറച്ച് കൊണ്ട് ഞാൻ പുറത്തേയ്ക്കിറങ്ങി..

ആൾക്കാരൊക്കെ കൂട്ടമായ് എത്തി..വാഹനങ്ങളൊക്കെ കൂട്ടമായ് നിർത്തി ആകെ ബഹളം..

തെറ്റ് എന്റെ ഭാഗത്തല്ല എന്നുള്ളത് കൊണ്ട് ഭാഗ്യത്തിനു ആരും കൈ വെച്ചില്ല..

അല്ലെങ്കിൽ ചില നാട്ടുകാർക്ക് അപകടം പറ്റിയവരെ രക്ഷിക്കുന്നതിനേക്കാൾ ധൃതിയാണു തല്ലു പിടിക്കാൻ..

ഇത്രയും തിരക്കേറിയ റോഡിൽ ഇതുപോലൊരു ഇടത്തൂന്ന് ക്രോസ് ചെയ്യാൻ പാടില്ലായിരുന്നു..മാത്രമല്ല തൊട്ടു മുന്നിൽ തന്നെയാണു സിഗ്നലും..

ഇനീപ്പൊ പറഞ്ഞിട്ടെന്നാ കാര്യം..എന്തായാലും പണിയായി..

പെൺകുട്ടിക്ക് അനക്കമില്ല..ദേഹമാകെ ചോരയിൽ കുളിച്ച് റോഡിൽ കിടക്കുന്നു.. നിക്കാണേൽ പേടിച്ചിട്ടു വയ്യ..

ഞാനുടനെ അവളെ വാരിയെടുത്ത് എന്റെ കാറിൽ കിടത്തി കൂട്ടത്തിൽ രണ്ടു പേരെയും കൂട്ടി ഹോസ്പിറ്റലിലേയ്ക്ക് ചവിട്ടി..

ഹോസ്പിറ്റലിൽ എത്തി അവളെ തീയറ്ററിലേയ്ക്ക് കൊണ്ടു പോയി,ഞാനാ അടഞ്ഞു കിടന്ന വാതിലുകൾക്കു മുന്നിൽ തരിച്ചു നിന്നു..

അപ്പൊഴാണു ഫോൺ റിങ് ചെയ്തത്..പോക്കറ്റിൽ നിന്നും ഫോൺ എടുത്തപ്പോൾ എന്റെതായിരുന്നില്ല..

അവളുടെ ബാഗിൽ നിന്നുമായിരുന്നു..

ഞാനാ ബാഗ് തുറന്ന് ഫോൺ കയ്യിലെടുത്തു..

അതിൽ അമ്മാവൻ എന്ന് സേവ് ചെയ്തിരിക്കുന്നു..

കാൾ എടുത്ത ഉടൻ അയാൾ എന്തൊക്കെയോ സംസാരിച്ചു..ഞാനതൊക്കെയും കേട്ടിരുന്നു..

ഞാനപ്പോൾ ഒന്നും മറുപടി നൽകിയില്ല..സംഭവിച്ചതൊന്നും പറഞ്ഞുമില്ല..

“ഇപ്പൊ വന്ന പേഷ്യന്റിന്റെ കൂടെ ആരാ ഉള്ളത്..”

പേഷ്യന്റിന്റെ പേരെന്താണെന്ന് നഴ്സ് വന്നു എന്നോട് ചോദിച്ചപ്പോൾ ഞാനവളുടെ ബാഗ് പരിശോധിച്ചു..

അതിൽ അവളുടെ ഐഡി കാർഡൊക്കെ ഉണ്ടായിരുന്നു..

ആരതി എന്നായിരുന്നു പേരു..ഇരുപത്തി രണ്ട് വയസ്സ്..

ഞാനാ വിവരങ്ങളൊക്കെ പറഞ്ഞ് അവർ പറഞ്ഞ മരുന്നുകളും വാങ്ങിച്ച് നൽകി..

കൂട്ടുകാരൊക്കെ വിളിച്ച് തെറിയാണു..

എന്തായാലും ഈ അവസ്ഥയിൽ ഇതിനെ ഇവിടെ ഇട്ടേച്ച് പോകാൻ പറ്റില്ല..

ഞാനവരോട് കാര്യം പറഞ്ഞു ..

“ആരതിയുടെ കൂടെ ആരാ ഉള്ളത്..”

ഓപ്പറേഷൻ വാർഡിന്റെ ഡോർ തുറന്ന് നഴ്സ് വിളിക്കുന്നു..

“ഞാനാണു സിസ്റ്റർ..എന്തായി കാര്യം..”

“പേടിക്കാനൊന്നുമില്ല..ബോധം വന്നിട്ടുണ്ട്..വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയതാ..പിന്നെ നെറ്റിയിലും കൈയ്യിനുമൊക്കെ ചെറിയ മുറിവുകൾ..വലതു കാലിന്റെ എല്ല് പൊട്ടീട്ടുണ്ട്..സ്റ്റീൽ ഇടേണ്ടി വരും..ഒരു രണ്ട് മാസം റെസ്റ്റും വേണം..”

“ഉം..എന്താ വേണ്ടതെന്ന് വെച്ചാൽ ചെയ്തോളു സിസ്റ്റർ..എന്റെ ആരുമല്ല..റോഡീന്ന് എന്റെ വണ്ടി ഇടിച്ചതാ..ബില്ലൊക്കെ ഞാൻ അടച്ചോളാം..”

“അതേയ്..പിന്നൊരു കാര്യം..ആ കുട്ടിക്ക് എന്തൊ പ്രശ്നമുണ്ട്..ബോധം വീണപ്പൊ തൊട്ട് അമ്മയെ വിളിച്ച് കരയുവാണു..എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറയണും ഇല്ല..ഒന്ന് വേണ്ടപ്പെട്ടവരെ അറിയിക്കൂ ട്ടോ..”

അതും പറഞ്ഞ് സിസ്റ്റർ പോയി..

സർജറി കഴിഞ്ഞ് അവളെ റൂമിലോട്ട് മാറ്റി..

ഞാനവൾക്ക് വേണ്ട ഭക്ഷണവും മറ്റും വാങ്ങിച്ച് റൂമിലേയ്ക്ക് വന്നു..

ഇപ്പൊഴാണു ശരിക്കും ഞാനവളുടെ മുഖം കാണുന്നത്..

ഇരുനിറമാണേലും കാണാൻ നല്ല കോലമൊക്കെ ഉള്ള കുട്ടി..

ആ മുഖം കണ്ടാൽ അറിയാം..ആളൊരു പാവമാണെന്ന്..

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീഴുന്നു..

എന്നെ കണ്ടതും അവൾ കണ്ണുകൾ പണിപ്പെട്ടു തുടച്ചു..

“എന്റെ ബാഗ്..”

ഞാനാ ബാഗെടുത്ത് അവൾക്കു കൊടുത്തു..

അവൾ വ്യാഗ്രതയോടെ അതിൽ എന്തൊ തിരഞ്ഞു..

ബാഗിൽ നിന്നും ഫോണെടുത്ത് അവൾ ആർക്കൊ ഫോൺ ചെയ്യുന്നു..

“ഹലോ..അമ്മാവാ..ഞാൻ..എനിക്ക് പൈസ എടുക്കാൻ കഴിഞ്ഞില്ല..അമ്മയ്ക്കെങ്ങനെ ഉണ്ട്..”

കരഞ്ഞു കൊണ്ടായിരുന്നു ചോദ്യങ്ങൾ..വല്ലാത്തൊരു പരിഭ്രമവും,ഭയവും ആ മുഖം കുറച്ചു കൂടി സുന്ദരമാക്കി..

പിന്നീടവൾ ഒന്നും സംസാരിച്ചില്ല..ഫോൺ വെച്ച് ആശ്വാസത്തോടെയും,നന്ദിയോടെയും എന്നെ നോക്കി..

ഞാനവൾക്കൊരു പുഞ്ചിരി നൽകി..

എന്തൊ പറയാൻ തുടങ്ങിയ അവളെ ഞാൻ വിലക്കി..

“വേണ്ട..അവിടെ കിടന്നോളു..അമ്മയുടെ സർജറിയൊക്കെ ഭംഗിയായി നടന്നു..

നിന്റെ അമ്മാവൻ വിളിച്ചപ്പൊഴാണു ഞാനെല്ലാം അറിഞ്ഞത്..

അപ്പൊ തന്നെ ഞാനെന്റെ കൂട്ടുകാരനെ വിളിച്ച് കാര്യം പറഞ്ഞു..

അവിടെ അവരൊക്കെയുണ്ട് എല്ലാ കാര്യത്തിനും..പക്ഷെ! അതൊക്കെ നീ ചെയ്യുന്ന അത്രയും വരുമോന്ന് അറിയില്ല..”

അവൾ ഒന്ന് ദീർഘനിശ്വാസം പൊഴിച്ചു..

അപ്പൊ അവളുടെ മുഖം മഴ പെയ്തൊഴിഞ്ഞ മേഘങ്ങൾ പോലെ തെളിച്ചമുള്ളതായി കണ്ടു..

“അറിയില്ല..ചിലപ്പോൾ അവിടെ ഞാനായിരുന്നെങ്കിൽ ഇങ്ങനൊന്നും നടക്കില്ലായിരുന്നു ..

അമ്മയ്ക്ക് അറ്റാക്ക് ആയിരുന്നു..പെട്ടെന്ന് തന്നെ ബൈപാസ് വേണ്ടി വരൂന്ന് പറഞ്ഞപ്പൊ ഞാൻ ശരിക്കും തളർന്നു പോയിരുന്നു..

പെട്ടെന്ന് രണ്ടു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് പറഞ്ഞപ്പൊ അവശേഷിച്ച കമ്മലും കൊണ്ട് പണയം വെക്കാൻ ബാങ്കിലേയ്ക്ക് പോകുമ്പൊഴാ ഇതൊക്കെ സംഭവിച്ചത്..പരിഭ്രമത്തിനിടയ്ക്ക് ഞാനൊന്നും കണ്ടില്ല..

അത് വെച്ചാലും എനിക്കതിനു മാത്രം പണം കിട്ടില്ലായിരുന്നു..

ഞാൻ കാരണം നിങ്ങളൊരുപാട് ബുദ്ധിമുട്ടി..എത്ര നന്ദി പറഞ്ഞാലും തീരില്ല ഒന്നും.. ഇതൊക്കെ ഞാൻ എങ്ങനെ വീട്ടുമെന്നാണു..

എനിക്ക് കുറച്ച് സമയം തരണം..ഈ കാലൊന്ന് നേരെയായാൽ എനിക്ക് വീണ്ടും ജോലിക്ക് പോകാം..വലുതായൊന്നും കിട്ടില്ലെങ്കിലും കിട്ടുന്നത് മുഴുവൻ ഞാൻ നിങ്ങൾക്ക് തന്ന് തീർത്തോളാം..”

അവളത് പറഞ്ഞപ്പൊ ഞാൻ ശരിക്കും അൽഭുതത്തോടെ നോക്കുകയായിരുന്നു അവളെ..

വീഴ്ചയിലും എന്തൊരു ആത്മവിശ്വാസമാണാ മുഖത്ത്..

ഇതാണു പെണ്ണ്..ചിലപ്പോൾ അന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത,അറിഞ്ഞിട്ടില്ലാത്ത പെണ്ണ്..

കൊതിച്ചു പോവുകയായിരുന്നു ഏതൊരാണിനേയും പോലെ..

അവളെ ഡിസ്ചാർജ്ജ് ചെയ്ത് നേരെ അവളുടെ അമ്മയുടെ അടുക്കലേയ്ക്ക് ഞാൻ ചെന്നു..

ഒരു വാൾക്ക് സ്റ്റിക്കിന്റെ സഹായത്തോടെ മെല്ലെയവൾ അമ്മയ്ക്കരുകിലേയ്ക്ക് നടക്കുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു..ഇനി ഇവളാണെന്റെ പെണ്ണെന്ന്..

മാസങ്ങൾ കഴിഞ്ഞ് ഞാനൊരിക്കൽ കൂടി അവളുടെ വീട്ടിലേയ്ക്ക് ചെന്നു..

ഞാൻ തനിച്ചായിരുന്നില്ല..അമ്മയും പെങ്ങളും വീട്ടുകാരും ഒക്കെയുണ്ടായിരുന്നു..

ഞങ്ങളെയൊക്കെ കണ്ട് പരിഭ്രമിച്ച് നിന്ന അവളെ ചേർത്തു പിടിച്ച് എന്റമ്മ ചോദിച്ചു..

ഇനി ഇവളെ ഞങ്ങളെടുത്തോട്ടെ..എന്റെ മരുമോളായിട്ട്..

അപ്പൊ അവളുടെ മുഖത്ത് തെളിഞ്ഞ സന്തോഷം മാത്രം മതിയായിരുന്നു പിന്നീടങ്ങോട്ട് എനിക്ക് ജീവിക്കാൻ..

കൂട്ടുകാരന്റെ കല്ല്യാണവും കഴിഞ്ഞു,അവന്റെ കെട്ട്യോൾക്ക് വയറ്റിലുമായി..

എന്നിട്ടും അവനെന്നോടുള്ള അരിശം തീർന്നിട്ടില്ല..

ഞാനവനോട് കാര്യങ്ങളൊക്കെ പറഞ്ഞു..കൂട്ടത്തിൽ എന്റെ കല്ല്യാണക്കാര്യോം..

അതോടെ തീർന്നു അവന്റെ പിണക്കോം..

അവന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം..അവനെനിക്ക് വേണ്ടി നല്ല മുട്ടൻ പണിയൊരുക്കുമെന്ന്..

അങ്ങനെ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ കല്ല്യാണം നടന്നു..

ഇന്ന് ഞങ്ങടെ ആദ്യരാത്രിയാണു..

കാത്തിരിപ്പിനൊടുവിൽ അണിഞ്ഞൊരുങ്ങി അവൾ മന്ദം മന്ദം എനിക്കരുകിലേയ്ക്ക് വന്നു..

അവളെ ചേർത്തു പിടിച്ച് ഞാൻ ചോദിച്ചു..

“ഹാപ്പിയാണോടീ പെണ്ണെ..”

അവളെന്റെ നെറ്റിയിൽ അമർത്തിയൊന്ന് ചുംബിച്ചു..

പിന്നെ പതുക്കെ എന്റെ കാതോരം ചുണ്ടുകൾ ചേർത്തു വെച്ച് മൊഴിഞ്ഞു..

“ചേട്ടായീ..ഇന്ന് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ് ഞാനാണു…എന്നെക്കാൾ സന്തോഷിക്കുന്ന ഒരു പെണ്ണും വേറെയുണ്ടാവില്ല..

അന്നെനിക്കെന്റെ രണ്ടു കാലിലും നേരെ നിൽക്കാൻ വയ്യായിരുന്നു..നെട്ടോട്ടമായിരുന്നു..

ഇന്നു ഞാനീ ഒടിഞ്ഞ കാലിലും നേരെ നിൽക്കും..കാരണം ഈശ്വരനെനിക്ക് നിങ്ങളെ നൽകിയല്ലൊ..

ഇനിയെനിക്കൊരു ജോലി നോക്കണം..നിങ്ങടെ കടമൊക്കെ വീട്ടേണ്ടെ..”

ഞാനവളെ കൂട്ടിപ്പിടിച്ച് ബെഡ്ഡിലേയ്ക്ക് കിടത്തി..പിന്നെ അവളുടെ നെഞ്ചിലേയ്ക്കമർന്നു..

“ഡീ പെണ്ണെ..ഇനീപ്പൊ മോൾ ഇവിടെ ഇങ്ങനെ നിന്നാ മതി ട്ടോ..ഇനി നിന്റെ ജോലി എന്നെ നോക്കലാണു..ശമ്പളോം,ബോണസുമൊക്കെ ദാണ്ടെ ഇങ്ങനങ്ങ് തരും..”

അപ്പൊഴേയ്ക്കും ഞാനവളെ ചുംബനങ്ങളാൽ മൂടിയിരുന്നു..

*ശുഭം*🙏

( ഞാൻ സോളൊ മാൻ ..ഇനി മുതൽ എന്റെ സ്റ്റോറിയും ഈ ഗ്രൂപ്പുമായി പങ്കുവയ്ക്കുന്നു..ഇഷ്ടപ്പെടുന്നവർ ഫോളൊ ചെയ്യുമല്ലൊ..)

*സോളൊ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here