Home ഷിദ്ധു സുരേഷ് ഡാ അത് ശരിയാവില്ല…. അതൊന്നും വേണ്ട… നമ്മുക്ക് പഴയ പോലെ ഫ്രണ്ട്സ് ആയി തന്നെ നടക്കാം.

ഡാ അത് ശരിയാവില്ല…. അതൊന്നും വേണ്ട… നമ്മുക്ക് പഴയ പോലെ ഫ്രണ്ട്സ് ആയി തന്നെ നടക്കാം.

0

പ്രസ്സിൽ നിന്ന് കല്യാണകുറി വാങ്ങിച്ച് നേരെ അവൾ വർക്ക്‌ ചെയ്യുന്ന കോളേജിലേക്ക് വെച്ച് പിടിച്ചു.

രണ്ട് വർഷത്തിന് ശേഷം അവളെ കാണാൻ പോവാണ്. എന്നെ തേച്ച മൂദേവി…. അല്ല എന്റെ ശ്രീദേവി.

കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ഒരേ ക്ലാസ്സിൽ.പക്ഷേ നാടകത്തിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിക്കുന്നത് വരെ അറിയില്ലായിരുന്നു. ഇങ്ങനെ ഒരാൾ ക്ലാസ്സിൽ ഉണ്ടായിരുന്നുവെന്ന്.അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാൻ ക്ലാസ്സിൽ കേറിയാൽ അല്ലേ ഇതൊക്കെ അറിയൂ. ആ നാടകം അതൊരു സംഭവമായിരുന്നു.

രാമായണമായിരുന്നു നാടകം… അവൾ സീതാ… നമ്മുടെ സ്വഭാവഗുണം കൊണ്ട് എനിക്ക് ചേർന്ന വേഷം തന്നെ കിട്ടി രാവണൻ. ഞാൻ ശരിക്കും ജീവിതത്തിൽ അങ്ങനെ തന്നെയായിരുന്നു.

അടി ഇടി… കള്ള്കുടി… ജീവിതം അങ്ങട് എൻജോയ് ചെയായിരുന്നു അവളെ കാണുന്നത് വരെ. എനിക്ക് എന്തോ പ്രേമത്തിൽ വലിയ ഇഷ്ടം ഒന്നുമില്ലായിരുന്നു.

ഒന്ന് പ്രേമിക്കണമെങ്കിൽ പൈങ്കിളി ആവണം. സോഫ്റ്റ്‌ ആവണം നമ്മുക്ക് അതൊന്നും വരത്തില്ല.അങ്ങനെ ആ നാടകം ഗംഭീരമായി പൊളിഞ്ഞു.

കാരണം… സീതയെ രക്ഷിക്കാൻ രാമനും രാവണനും തമ്മിൽ നടന്ന സംഘട്ടനത്തിൽ രാവണൻ രാമനെ എടുത്തിട്ട് ഇടിച്ചു. ഞാൻ അവനെ വെറുതെ പിടിച്ചു ഇടിച്ചതല്ലട്ടോ… ആ പന്നിക്ക് ടൈമിംഗ് ഇല്ലെന്നേ വാൾ വീശിയപ്പോൾ അത് എന്റെ ഇടതുകയ്യിൽ ഒന്ന് തട്ടി.

രാവണൻ ഒന്ന് മാസ്സ് ആയിക്കോട്ടെ എന്ന് വിചാരിച്ചു തട്ടിയ ജവാൻ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നെ അവിടെ നടന്ന യുദ്ധം അവസാനിക്കുമ്പോൾ രാമനെ… സ്റ്റേജിൽ നിന്നും ആൾക്കാർ എടുത്തോണ്ട് പോവായിരുന്നു.

അതിന്റെ ദേഷ്യത്തിൽ ബാക്കിയുണ്ടായിരുന്ന ജവാനും എടുത്ത് അടിച്ചു സുഖമായിട്ട് കിടന്നുറങ്ങി.

പിറ്റേന്ന് കോളേജിൽ വരുമ്പോൾ നല്ല രസമായിരുന്നു…. കൂവലും കളിയാക്കലും അവസാനം ജവാൻരാവണൻ എന്ന പേര് എനിക്ക് തന്നെ ചാർത്തി തന്നു.

അന്ന് ആദ്യമായി അവൾ എന്നോട് ശ്രീ ദേവിയായി സംസാരിച്ചു.അതുവരെ അവൾ എന്നോട് സംസാരിച്ചിരുന്നത് സീതയായിട്ടാണ്.

നീ കാരണമാണ്.. നാടകം പൊളിഞ്ഞത് കാരണം എനിക്ക് അറിയാം ഇയാൾക്ക് എന്നോട് പ്രേമം. അതിനെ ആ പാവം ചെക്കനെ എന്റെ നായകൻ ആയി എന്ന പേരും പറഞ്ഞ പിടിച്ച് ഇടിച്ചുല്ലേ!!

ഏയ്‌…. അതൊന്നുമല്ല…

അപ്പോ ഇയാൾക്ക് എന്നോട് പ്രേമമില്ലേ..

അതുണ്ട്… അതുണ്ട്.. പക്ഷേ അതിനല്ല ഞാൻ അവനെ ഇടിച്ചത്.. ദേ ഇത് നോക്കിയേ എന്റെ കൈ ഇന്നലെ അവൻ വാള് കൊണ്ട് വീശിയതാ.. ചുവന്ന പാട് കണ്ടോ. എന്റെ നോവിച്ചാൽ പിന്നെ ഞാൻ വെറുതെ വിടില്ല.

ഓഹോ… അപ്പോ ഇയാൾ ശരിക്കും ഒരു രാക്ഷസൻ ആണല്ലേ.. !!

അങ്ങനെയൊന്നുമില്ല… പിന്നെയെ എല്ലാം അറിഞ്ഞ സ്ഥിതിക്ക് നിന്റെ തീരുമാനമെന്താണ് !!

എന്ത് തീരുമാനം??

ഇഷ്ടമാണോയെന്ന്… !!

എന്നെ പിടിച്ച് ഇടിക്കില്ലെങ്കിൽ.. ഞാൻ പറയാം !!

അത് ഉറപ്പ് പറയാൻ…!!

അപ്പോ ഞാൻ പറയില്ല.. !!

അത് പോലെ തന്നെ അവൾ ഒരിക്കലും അതിന് മാത്രം മറുപടി പറഞ്ഞില്ല !!

അവൾ പറയാതെ പറയുകയാണ് എന്നും എനിക്ക് തോന്നി.കളിയും ചിരിയുമായി വർഷങ്ങൾ ഓരോന്നായി കടന്നു പോയി.

ഒരു ദിവസം ഞാൻ അങ്ങ് ചോദിച്ചു.

“എടി ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ.. നിന്റെ അച്ഛനോട് സംസാരിക്കാൻ. ഒരു ജോലി കിട്ടിയാൽ ഉടനെ നമ്മുടെ കല്യാണം.

അവൾ ഒന്നും പറയാതെ കുറച്ചു നേരം നിന്നു.
“ഡാ അത് ശരിയാവില്ല…. അതൊന്നും വേണ്ട… നമ്മുക്ക് പഴയ പോലെ ഫ്രണ്ട്സ് ആയി തന്നെ നടക്കാം. ”

എനിക്ക് അവളെ തല്ലികൊല്ലാനുള്ള ദേഷ്യം വന്നു. നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. അവൾ തോണ്ടി കൊണ്ടിരിന്ന ഫോണും തട്ടി പറിച്ച് ഒറ്റയെറ്..
ഫോൺ അങ്ങോട്ട്‌ പൊട്ടി ചിതറി..ഹോ… അപ്പോ എനിക്ക് ഇത്തിരി ആശ്വാസം കിട്ടി !!

കൂടെ നടന്ന് കൊതിപ്പിച്ചു കടന്ന് കളഞ്ഞല്ലേടി.. ജപ്പാൻ മാക്രി…നിനക്ക് ഞാൻ വെച്ചിട്ടുണ്ട്

കുറച്ചു നേരം കൂടി നിന്ന് ഡയലോഗ് അടിച്ചാൽ വിഷമം കാരണം കരയുമെന്ന് തോന്നിയത് കൊണ്ട്.ഞാൻ കാണാൻ കട്ടി മീശയും കലിപ്പിനും ഒക്കെയാണെങ്കിലും കുട്ടികളുടെ മനസാണ് പെട്ടെന്ന് കരയും. ഞാൻ അവിടെ നിന്നും പോന്നു.

ബൈക്ക് തിരിച്ചു മിററിൽ കൂടി നോക്കിയപ്പോൾ ഞെട്ടി തരിച്ച് അവൾ അവിടെ തന്നെ ഇരിക്കുന്നുണ്ട്. കലിപ്പ് മോഡിൽ വണ്ടി തിരിച്ചു.. അവളെ ഒന്ന് കലിച്ചു നോക്കിയപ്പോ അവളെ ഇരുന്നയിടത്തിൽ നിന്നും എണീറ്റു..

അപ്പോഴാണ്.. ഞാൻ അത് ശ്രദ്ധിച്ചത്. അവളുടെ കൈയിൽ അവളുടെ ഫോൺ ഇരിക്കുന്നു. എന്റെ കിളി അപ്പോ തന്നെ പോയി പൊട്ടിച്ചത് എന്റെ ഫോൺ ആവല്ലേ എന്ന് മനസുകൊണ്ട് പ്രാർത്ഥിച്ച പോക്കറ്റിൽ കൈ ഇട്ടു.

അടിപൊളി…. ആ ചിതറി കിടക്കുന്നത്.. എന്റെ ഫോൺ തന്നെ..!!തിരിച്ചു പോയി എടുത്താൽ മാനം പോവും.. അല്ലെങ്കിലും പോയിട്ട് ഇനി എന്തിനാ…. !!

അല്ല…. ഈ സംസാരത്തിനിടയിൽ ഇവൾ എപ്പോഴാ എന്റെ ഫോൺ എടുത്തത്.
വണ്ടി നേരെ ക്ലബ്ബിലേക്ക് വിട്ടു. അന്ന് കോപ്പിലെ ദിവസമായിരുന്നു… അവളും പോയി ആകെ കൂടി ഉണ്ടായിരുന്നു ഫോണും പൊളിഞ്ഞു..

ഇനിയെന്ത്‌…. എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് എന്റെ പങ്കാളിസ് എല്ലാം ക്ലബ്ബിലേക്ക് വന്നത്. ഞാൻ എന്റെ വിഷമങ്ങൾ അവരോട് പറഞ്ഞു. ഇത്തിരി ആശ്വാസമാവും എന്ന് വിചാരിച്ച് പറഞ്ഞാൽ.

ആ തെണ്ടികൾ എല്ലാംകൂടി വട്ടത്തിൽ ഇരുന്ന് എന്നെ കളിയാക്കി കൊന്നു. അതിൽ ഒരുത്തൻ പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ എന്റെ ചങ്ക് തകർന്നു പോയി.

സണ്ണി ചേച്ചിയുടെ പുതിയ പടം അവൻ സർപ്രൈസ് ആയിക്കോട്ടെ എന്നുവെച്ച് എനിക്ക് സെൻറ് ചെയ്തിരുന്നു.. ആ ഫോൺ ആണ്.. ഈശ്വരാ ഈ ഗതി ആർക്കും വരല്ലേ.. !!

എന്നും ഷെയർ ഇടാൻ കാരണം തപ്പി നടന്ന അവൻമാർക്ക് അന്ന് എന്റെ പ്രേമം ഒരു കാരണമായി.അന്നും വാങ്ങി ഒരു ജവാൻ സോഡായുടെ ഗ്യാസും ജവാന്റ ചവർപ്പും നാരങ്ങ അച്ചാറിന്റെ പുള്ളിയും മാറി മാറി വായിലൂടെ കേറിയിറങ്ങി.

അവസാന സിപ്പ് എടുക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു. എനിക്ക് അവളെ കാണണം.. നാല് തെറി വിളിക്കണം.
=================================

നേരം വെളുത്തപ്പോൾ ഞാൻ എന്റെ കട്ടിലിൽ കിടക്കാണ്.. കൈയും കാലും നല്ല വേദന. അമ്മയുടെ സൗണ്ട് നേരിയ തോതിൽ കേൾക്കുന്നുണ്ട്.

ദേ അവനെ ഒന്നും ചെയ്യണ്ട…. ആ പിള്ളേർ എല്ലാംകൂടി കുടിപ്പിച്ചു കാണും അല്ലാതെ അവൻ അങ്ങനെ കുടിക്കോ??

കാത് ഒന്ന് കൂർപ്പിച്ചപ്പോൾ അച്ചൻ നടന്ന് വരുന്ന സൗണ്ടും കേൾക്കുന്നുണ്ട്.

അപ്പോ കാലത്ത് തന്നെ അടി ഉറപ്പായി.. എന്നാലും എത്ര അടിച്ചാലും ക്ലബ്ബിൽ കിടന്നുറങ്ങുന്ന ഞാൻ എങ്ങനെ വീട്ടിൽ എത്തി..!!എന്തോ കാര്യമായി നടന്നിട്ടുണ്ട്.

മേലേ ഒന്ന് തിരിഞ്ഞതും അച്ഛൻ റൂമിൽ എത്തിയിരിക്കുന്നു. നമ്മുടെ ശ്രീനിവാസൻ ചേട്ടന്റെ മാസ്റ്റർ പീസ് ആയ ചാടിയുള്ള അടിയില്ലേ അതേ പോലെ ഒരടി….. ഭഗവാനെ…

അടി കിട്ടിയ ഞാൻ ഉരുണ്ട് കട്ടിലിന്റെ താഴോട്ട് വീണു. അടുത്ത അടി വീഴും മുമ്പേ അമ്മ കേറി തടഞ്ഞു.. !!ഇല്ലെങ്കിൽ നാട്ടുകാർ മൊത്തം കണ്ടേനെ… കലിപ്പന്റെ കരച്ചിൽ.

ദേഷ്യം ഇത്തിരി കുറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു. അവളുടെ വീട്ടിലെ ഡ്രൈവർ ആണ് എന്നെ ഇവിടെ കൊണ്ടാക്കിയത് എന്ന്.

ഈശ്വരാ….ഞാൻ പെട്ടു അവളുടെ അച്ഛൻ പോലീസ് ആണ്. അയാളുടെ അടുത്ത് പോയാണോ ഞാൻ ഇന്നലെ സീൻ ഇട്ടത്. അടുത്ത കേസ് വരുമ്പോഴേക്കും എവിടേക്ക് എങ്കിലും പൊക്കോളാൻ അച്ഛൻ ഒരു ഉത്തരവ് ഇറക്കി.

അങ്ങനെ അമ്മ ചെന്നൈയിലുള്ളമാമ്മനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് നാല് മണിക്ക് തന്നെ ട്രൈ കേറി.. യാത്രയാക്കാൻ വന്ന ചങ്ക്‌സിന്റെ കരച്ചിൽ കണ്ടപ്പോൾ ഞാൻ മരിച്ചിട്ട് എന്റെ ശവമടക്ക് പോലെയാണ് തോന്നിയത്.

പിന്നെ ഡിഗ്രി കംപ്ലീറ്റ് ആക്കിയതും.. ജോലി നോക്കിയതും അങ്ങ് ചെന്നൈയിലാണ്.. അവിടെയും കുറെ മച്ചാൻമാരെ കിട്ടിയത് ലൈഫ് വലിയ ബോർ അടിയൊന്നും ഇണ്ടായിരുന്നില്ല.

ഇടയ്ക്ക് എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു. അവളുടെ അച്ഛന് സ്ഥലമാറ്റം കിട്ടി എങ്ങോട്ടോ പോയെന്ന്. അവളുടെ ഓർമകൾ വീണ്ടും എന്നെ തളർത്തും എന്ന് അറിയാവുന്നത് കൊണ്ട്.. നാട്ടിലേക്ക് അങ്ങനെ അധികം പോവാതെയുമായി.

ഇനി എങ്ങാനും പോയല്ലോ.. അപ്പോ അവന്മാർ എല്ലാം ചെലവ് താ.. എന്ന് പറഞ്ഞു ടോർച്ചർ ചെയ്യും. അതിനും ഞാൻ ഒരു വഴി ഉണ്ടാക്കി.

അവിടെ കിട്ടുന്ന ലോക്കൽ മദ്യം കുപ്പിയിലാക്കി ഇവന്മാർക്ക് കൊണ്ട് വന്ന് കൊടുക്കും. അങ്ങനെ ആണ് നാട്ടിലേക്ക് ഈ പ്രാവശ്യം വരുമ്പോൾ ബ്രാന്റെഡ് കുപ്പിയിൽ ലോക്കൽ മദ്യവും നിറച്ചു വരുമ്പോൾ വാളയാർ വെച്ച് പോലീസ് പിടിച്ചത്.

വ്യാജമദ്യം നാട്ടിലേക്ക് കടത്തി എന്ന കുറ്റത്തിന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ ദേ നിൽക്കുന്നു എന്റെ പഴയ അമ്മായപ്പൻ… എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ രണ്ടിടി വെച്ച് തന്നു.

ഇടി കഴിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് പറഞ്ഞു സാറേ… കൂട്ടുകാർ തെണ്ടികൾക്ക് വേണ്ടി ഇച്ചിരി മദ്യം കൊണ്ട് പോയതാണ് അതിന് ഇങ്ങനെ തല്ലാണോ…

ഡാ…പന്നി… നിന്നെ തല്ലിയത് അതിനല്ല. അന്ന് അടിച്ച് ഫിറ്റായി വീട്ടിൽ വന്നിട്ട് ഒരു ജോലി കിട്ടിയാൽ എന്റെ മോളെ കെട്ടിക്കൊള്ളാം എന്ന് എന്റെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു പോയിട്ട് നിന്നെ ഇപ്പോഴാ കാണുന്നത്.

അപ്പോ അതായിരുന്നോ അവിടെ നടന്നത്… ഛെ..
എനിക്ക് ഒന്നും ഓർമ്മയില്ല സാറേ..
സാർ വീട്ടിൽ ചാടി പ്രശ്നമുണ്ടാക്കിയതിന് കേസ് എടുക്കും എന്ന് വിചാരിച്ചു നാട് വിട്ടതാണ്.സത്യം

ആ..നടന്നത് നടന്നു..ഇനി എന്റെ മോളെ മര്യാദക്ക് കല്യാണം കഴിച്ചോ?? ഇനി അത് പറ്റില്ല എന്ന് പറഞ്ഞാൽ ഈ കേസും ഇവിടെ തെളിയാത്ത കേസും നിന്റെ തലയിലാക്കും.

ഇയാൾ എന്ത് മനുഷ്യനാണ്… അറിയാതെ വായിൽ നിന്ന് വീണതും.. വീണ്ടും ഒരെണ്ണം കൂടി കിട്ടി.

സാറേ ഇത്‌ എന്തിനാ…??

ഇത്‌ നീ ഇത്രയും നേരം എന്നെ സാറേ എന്ന് വിളിച്ചതിന്..

ഇത്‌ എന്തൊരു കഷ്ടമാണ്… ഞാൻ എന്താ ചെണ്ടയോ… വെറുതെ വെറുതെ തല്ലാൻ.

എടാ… എന്റെ ഒറ്റമോളാണ് അവൾ എന്തെങ്കിലും ആഗ്രഹിച്ചിട്ട്… അത് നടക്കാതെ ഇരുന്നാൽ എനിക്ക് വലിയ വിഷമമാണ്. നിനക്കറിയോ എന്റെ മോൾക്ക് പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റ് പറ്റി… അതിലാണ് എന്റെ ഭാര്യ മരിച്ചത്.

തലനാരിഴക്കാണ് എന്റെ മോൾ രക്ഷപെട്ടത്. ആ ആക്‌സിഡന്റിൽ അവളുടെ ഗർഭപാത്രം തകർന്നു. അവൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല… എന്ന ഒറ്റ കാരണം കൊണ്ടാണ് അവൾക്ക് നിന്നെ ഇഷ്ടമായിട്ടും… വേണ്ടാന്ന് വെച്ചത്.

പാവം നീ അന്ന് നാട് വിട്ട് പോയശേഷം എന്റെ കുട്ടി മര്യാദക്ക് ഒന്ന് ചിരിച്ച് ഞാൻ കണ്ടിട്ടില്ല. എനിക്ക് വയ്യ പ്രായമായി തുടങ്ങി…

ശരിയാണ്… എനിക്കും തോന്നി എന്നെ രണ്ട് ഇടിയിടിക്കുമ്പോഴേക്കും ഇങ്ങനെ കിതക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായതാണ്.

ഡാ പൊട്ടാ… നിന്നോട് ഞാൻ അത് അല്ല പറഞ്ഞത് നിനക്ക് ഇനിയെങ്കിലും അവളെ കെട്ടാൻ പറ്റുമോ എന്നാണ് ഇൻഡയറക്റ്റ് ആയിട്ട് പറഞ്ഞതാണ്.

ഡബിൾ ഓക്കേ.. പക്ഷേ എനിക്ക് ഒരു കണ്ടിഷനുണ്ട്.

അതെന്താണ്… നിന്റെ കണ്ടിഷൻ??

നമ്മുക്ക് നിശ്ചയം… മോതിരമിടൽ അങ്ങനെത്തെ കലാപരിപാടിയൊന്നും വേണ്ടാ…. ഡയറക്റ്റ് കല്യാണം പക്ഷേ കല്യാണകുറി അടിച്ചു കഴിഞ്ഞ് ഞാൻ അവൾക്ക് കൊടുക്കുമ്പോൾ മാത്രമേ അവൾ ഇതൊക്കെ അറിയാൻ പാടുള്ളൂ.

മ്മം… മനസിലായി..മനസിലായി..അന്ന്‌ നോ പറഞ്ഞതിന് എന്റെ മോൾക്ക് തിരിച്ചിട്ട് പണി കൊടുക്കാൻ അല്ലേ. അതൊക്കെ സമ്മതിച്ചു പക്ഷേ കല്യാണം കഴിഞ്ഞിട്ട്… എന്റെ മോളെ എങ്ങാനും കരയിപ്പിച്ചാൽ ഇടിച്ച് നിന്നെ ചുമരിൽ സ്റ്റിക്കർ ആക്കും.

സബാഷ്… നല്ല അമ്മായപ്പൻ !!

മം… അങ്ങനെയാണ് ഞാൻ ഇപ്പോ ഈ കല്യാണം കുറിയുമായി അവളെ കാണാൻ പോകുന്നത്.

എന്തൊക്കെ ഇണ്ടാവുമോ ആവോ??

By :ഷിദ്ധു സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here