Home Article മദാമ്മയുടെ പേര് “ദാക്ഷായണി”

മദാമ്മയുടെ പേര് “ദാക്ഷായണി”

0

മദാമ്മ

ഉപരിപഠനം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കൂടെയൊരു പെണ്ണും ഉണ്ടായിരുന്നു…

വെറും പെണ്ണല്ല ഒരു മദാമ്മ… !

കൂടെ പഠിച്ച മദാമ്മയുടെ തൊലിവെളുപ്പും,ഓൾടെ കിണ്ണംകാച്ചി ഇംഗ്ലീഷും കണ്ടപ്പോ വെറുതെയൊന്നു ചൂണ്ടയിട്ടു നോക്കിയതാണ്..

എന്റെ പൊട്ടഭാഗ്യത്തിന് ഓള് ആ ചൂണ്ടയിലെ ഇര അപ്പാടെ മിണുങ്ങി..

തമ്മിൽ പ്രണയിക്കുന്ന കാലത്ത് ഞങ്ങടെ ചാലക്കുടി പുഴയെക്കുറിച്ചും, നാട്ടിലെ പാടങ്ങളെയും കുളങ്ങളെയും കുറിച്ചും വായ്തോരാതെ വർണ്ണിച്ചു മദാമ്മയുടെ മനസ്സിൽ പൂതി കേറ്റി..

എന്തിന് പറയുന്നു പഠനം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോ ഓളും എന്റെ കൂടെയിങ്ങു പോന്നു..

ഒരു മദാമ്മയേയും കൂട്ടി എന്റെ കുഗ്രാമത്തിൽ എത്തിയപ്പോഴുള്ള പുകില് ചെറുതൊന്നുമല്ലായിരുന്നു.

മദാമ്മയുടെ കൈ പിടിച്ചു വീട്ടിലേക്ക് കാലെടുത്തു വെച്ചതും അമ്മ നെഞ്ചത്തടിച്ചു നിലവിളി തുടങ്ങി….

ഇതുകണ്ട് തിണ്ണയിൽ അക്ഷോഭ്യനായി ഇരുന്നുകൊണ്ട് അച്ഛൻ കാജാബീഡി ആഞ്ഞ് വലിച്ചു പുകച്ചുരുൾ വൃത്താകൃതിയിൽ അന്തരീക്ഷത്തിലേക്ക് ഉയർത്തി വിടുന്നത് മദാമ്മ എന്നെ ചൂണ്ടി കാട്ടിതന്നു..

അല്ലെങ്കിലും അമ്മയുടെ നെഞ്ചത്തടിയൊന്നും അച്ഛനെ പണ്ടുമുതലേ ബാധിക്കില്ലായിരുന്നു..

എന്തിന് ഒരാന കുത്താൻ വന്നാൽ പോലും അതിന്ടെ മുന്നിൽ കൂളായി നിന്ന് “കുത്തിയെച്ചും പോണം മിഷ്റ്റെർ ” എന്ന്‌ പറയുന്നതായിരുന്നു അച്ഛന്റെ പ്രകൃതം..

അമ്മയുടെ നെഞ്ചത്തടിയും അലമുറയിടലും കേട്ട് അയൽവക്കക്കാർ വേലിക്കു ചുറ്റും പ്രത്യക്ഷപെട്ടു തുടങ്ങിയപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു..

നീ ഒളെയും വിളിച്ചു ഉള്ളിലേക്ക് പോടാ..

അച്ഛന്റെ ആ ഉശിരൻ ഡയലോഗ് കേട്ട് അമ്മ അന്തം വിട്ട് വാപൊളിച്ചിച്ചിരുന്ന തക്കത്തിന് ഞാൻ മദാമ്മയേയും കൂട്ടി റൂമിൽ കയറി വാതിലടച്ചു..

ഇനിയെന്ത് എന്നാലോചിച്ചു ഞാൻ തലമണ്ട പുകച്ചു കട്ടിലിൽ കുത്തിയിരുന്നപ്പോൾ ചുമരിൽ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന മുരുകന്റെയും, ഗണപതിയുടെയും, സരസ്വതിയുടെയും പടങ്ങൾ നോക്കി അന്തംവിട്ട് ഇരിക്കുവായിരുന്നു എന്റെ മദാമ്മ..

ഇതൊക്കെ ഇന്നാട്ടിലെ ദൈവങ്ങളാണ്.. ഇനിമുതൽ നീയും ഇവരെയൊക്കെ ആരാധിക്കണം, ബഹുമാനിക്കണം എന്നൊക്കെ ഞാൻ ഓളെ പറഞ്ഞു പഠിപ്പിച്ചുകൊടുത്തു..

പക്ഷെ അതൊന്നുമല്ലായിരുന്നു പ്രധാന പ്രശ്നം..

മദാമ്മയുടെ വായിൽകൊള്ളാത്ത ഇംഗ്ലീഷ്‌ പേര് അമ്മക്കും അച്ഛനും ഒരിക്കലും പിടിക്കില്ല എന്ന്‌ എനിക്കുറപ്പായിരുന്നു..

അങ്ങനെ മദാമ്മക്ക് ഇടാൻ പറ്റിയ നാടൻ പേരിനെപറ്റി അലോയിച്ചു ഇരിക്കുമ്പോഴാണ് ആ പേര് എന്റെ മനസിലേക്ക് വന്നത്…

“ദാക്ഷായണി ”

അമ്മയുടെ മരിച്ചുപോയ അമ്മയുടെ പേര്..

മദാമ്മയുടെ പേര് “ദാക്ഷായണി” എന്നാണെന്നു അറിഞ്ഞാൽ അമ്മക്ക് അവളോടുള്ള ദേഷ്യം മാറും എന്നെനിക്ക് ഉറപ്പായിരുന്നു…

പക്ഷെ പേര് മാറ്റിയിട്ടും അമ്മക്ക് ദാക്ഷായണി എന്ന തൊലിവെളുപ്പുള്ള മദാമ്മയെ ഇഷ്ടപെടുവാനായില്ല..

അങ്ങനെ അമ്മയുടെ രോധനങ്ങളുടെയും, നെഞ്ചത്തടി കരച്ചിലിന്റെയും ഇടയിലൂടെ അച്ഛന്റെയും കുറച്ചു ഉറ്റ ചങ്ങായിമാരുടെയും സാനിധ്യത്തിൽ ദാക്ഷായണിയുടെ കഴുത്തിൽ ഞാൻ മിന്നുകെട്ടി..

അപ്പോഴും അമ്മക്ക് മാത്രം ദാക്ഷായണിയെ സ്നേഹിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല..

തൊലിവെളുപ്പ് കാണിച്ചു മകനെ വശീകരിച്ചവളാണ് ആ മദാമ്മ എന്ന്‌ അമ്മ അപ്പോഴും വിശ്വസിച്ചുപോന്നു…

നേരെ തിരിച്ചായിരുന്നു അച്ഛൻ..

അച്ഛൻ ഓളെ സ്വന്തം മകളെപ്പോലെ കണ്ടു.. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ദാക്ഷായണിക്കായി അരിമുറുക്കും, ഉള്ളിവടയും അച്ഛൻ വാങ്ങിക്കൊണ്ട് വന്നു തുടങ്ങി..

ഉള്ളിവട തിന്നു കഴിയുമ്പോൾ കയ്യിൽ പറ്റിപിടിച്ച എണ്ണ തലമുടിയിൽ തേക്കാൻ അച്ഛൻ ദാക്ഷായണിയെ ഉപദേശിച്ചു..

എണ്ണമെഴുക്കില്ലാത്ത ഓൾടെ ചെമ്പൻമുടിയിഴകൾ കറുപ്പിക്കാൻ വേണ്ടി അച്ഛൻ കണ്ടുപിടിച്ച സൂത്രം ആയിരുന്നത്രേ അത്..

അങ്ങനിരിക്കെ അമ്മക്ക് പെട്ടെന്നൊരു ദീനം വന്നു.. ചില കാര്യങ്ങൾ അമ്മ പെട്ടെന്ന് മറന്നുപോകുന്നു.ഇന്നലെ നടന്ന കാര്യങ്ങൾ ചിലപ്പോൾ ഇന്ന് അമ്മക്ക് ഓർമ കാണില്ല..

പക്ഷെ ദാക്ഷായണിയോടുള്ള ദേഷ്യം മാത്രം അമ്മ മറന്നുപോയില്ല.. ഓളെ കാണുമ്പോൾ മുഖം മത്തങ്ങാപോലെ വീർപ്പിച്ചു പിടിച്ചു അമ്മ തന്നത്താനെ എന്തൊക്കെയോ കുശുകുശുക്കുന്നത് കാണാമായിരുന്നു..

തനിക്കൊരിക്കലും മറവി എന്ന അസുഖം ഉണ്ടെന്ന് അംഗീകരിച്ചു തരാൻ അമ്മയുടെ പഴമനസ്സ് കൂട്ടാക്കിയതുമില്ല..

ദാക്ഷായണിയുടെ നേർക്ക്‌ അമ്മ കാണിക്കുന്ന ദേഷ്യവും അമർഷവും ഓളൊരു ചെറു പുഞ്ചിരിയോടെ മാത്രം നേരിടുന്നത് ഞാൻ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്..

അങ്ങനിരിക്കെ നാട്ടിലെ അമ്പലത്തിൽ പൂരം കൊടിയേറിയ സമയം..

ഒരീസം വൈകീട്ട് അമ്മക്ക് പെട്ടെന്നൊരു വാശി..

അമ്പലപ്പറമ്പിൽപോയി കഥകളി കാണണമത്രേ അമ്മക്ക്..

കഥകളി എന്ന്‌ കേട്ടപാടെ ദാക്ഷായണി കുളിച്ചു സെറ്റുമുണ്ട് ചുറ്റി തയ്യാറായി ഇരുന്നു..

അങ്ങനെ ഞാനും അമ്മയും ദാക്ഷായണിയും അമ്പലത്തിലേക്ക് പുറപെട്ടു..

അമ്മയും ദാക്ഷായണിയും കഥകളിയിൽ മുഴുകിയിരിക്കെ അവർക്കൊപ്പമിരുന്നു എനിക്ക് ബോറടിച്ചു തുടങ്ങി..

“അമ്മയെ ഒന്ന് ശ്രദ്ധിച്ചോളണംട്ടോ ഞാനിപ്പോ വരാവേ”
എന്ന്‌ ദാക്ഷായണിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി..

ആലിൻചുവട്ടിലിരുന്ന് കൂട്ടുകാരോട് സൊറപറഞ്ഞിരിക്കവേ, അമ്മയും ദാക്ഷായണിയും ഇരുന്നിരുന്ന ഭാഗത്തുനിന്നും ഒരു കോലാഹലം ഉയരുന്നത് കേട്ടാണ് ഞാനങ്ങോട്ട് ഓടിയെത്തിയത്..

അടിവയറു പൊത്തി ഒരു തടിയൻ മണ്ണിൽ കിടന്നു ഇഴയുന്നു..
തൊട്ടരികിൽ നിന്ന് അമ്മ ആരോടൊക്കെയോ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്..

കഥകളിയിൽ രസിച്ചിരിക്കുന്ന അമ്മയുടെ അമ്മയുടെ കഴുത്തിലെ സ്വർണ്ണമാല പിറകിലിരുന്ന ഒരുത്തൻ വലിച്ചുപൊട്ടിച്ചു ഓടാൻ ശ്രമിച്ചത്രേ..

“അവനെ ഇടംകാലിട്ടു വെട്ടി വീഴ്ത്തി അടിവയറ്റിൽ മുട്ടുകാല് കയറ്റി എന്റെ മോള്.”

ആവേശത്തോടെയുള്ള അമ്മയുടെ വിവരണം കേട്ട് ചുറ്റും നിന്നിരുന്ന ഞാനടക്കമുള്ള ജനകൂട്ടം അറിയാതെ ചോദിച്ചുപോയി..

ഏത് മോള്‌… ?

ദേ ഇവള്… എന്റെ മോന്ടെ ഭാര്യ.. എന്റെ മരുമോള് “ദാക്ഷായണി..”

അഭിമാനത്തോടെ അമ്മ അതുപറയുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ വിനീതയായി പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു എന്റെ ദാക്ഷായണി….

എന്തൊക്കെയായാലും മാല അടിച്ചുമാറ്റാൻ ശ്രമിച്ചവനെ കടവയറിൽ ചവിട്ടി വീഴ്ത്തിയ ദാക്ഷായണി പൂരപ്പറമ്പിൽ പെട്ടെന്ന് പ്രശസ്തയായി..

കഥകളിയും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ പരിചയമില്ലാത്ത ഇടവഴികളിൽ കാലിടറാതിരിക്കാൻ ഞാൻ ദാക്ഷായണിയുടെ വലതുകൈതണ്ടയിൽ പിടിമുറുക്കി..

അതേസമയം ദാക്ഷായണിയുടെ ഇടതുകൈ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു, അമ്മയുടെ കാലിടറാതിരിക്കാൻ..

#Saibro

LEAVE A REPLY

Please enter your comment!
Please enter your name here