Home Article കല്യാണം മുടക്കുന്നത് ഒരു കലയാണ്…

കല്യാണം മുടക്കുന്നത് ഒരു കലയാണ്…

0

കല്യാണം മുടക്കുന്നത് ഒരു കലയാണ്…

കല്യാണം മുടക്കികൾ ഒരു ഒന്നൊന്നര കലാകാരന്മാരും…

അഭിനയം ഭാവന എന്നിവയോടൊപ്പം അതീവ വാഗ്‌ചാതുര്യവും കൗശലവുംകൂടി കൈമുതലായി ഇല്ലെങ്കിൽ അവിവാഹിതരായ തണ്ടും തടിയുമുള്ള ചെറുപ്പക്കാർ ചേർന്നു കാലിൽ തൂക്കി നിലത്തടിച്ചു എല്ലൂരി കോൽക്കളി കളിക്കും എന്നുള്ളതുകൊണ്ട് ഇത് അല്പം സാഹസികതയൊക്കെയുള്ള സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു കലാരൂപം കൂടി ആണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു..

കാര്യായിട്ട് ഒന്നും കിട്ടിയില്ലേലും നല്ല മനസ്സുഖം കിട്ടുന്ന ഏർപ്പാടാണ് ഈ കലാരൂപം…..

പക്ഷേ… നേരം വെളുക്കുമ്പോൾ മുതൽ നട്ടപ്പാതിര വരെ ഈ കലാരൂപത്തോടുള്ള ആത്മർതത ഒന്നുകൊണ്ട് മാത്രം ഒരു പണിക്കും പോകാതെ ക്ഷമയോടു കൂടി നാൽക്കവലകളിലേക്ക് കണ്ണും നട്ട് അവസരവും കാത്തിരിക്കുന്ന കലാകാരന്മാരുടെ അർപ്പണബോധം പലപ്പോഴും എന്നേ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ…

അവരാണ് ഈ പോസ്റ്റ് എഴുതാനുള്ള പ്രചോദനം

ആ കലാരൂപം അവതരിപ്പിക്കേണ്ട രീതി എന്റെ ഭാവനയിൽ..

ആരെങ്കിലും വന്ന് ചെറുക്കനെക്കുറിച്ചു അന്വേഷിക്കുമ്പോൾ പല്ല് മുപ്പത്തിരണ്ടും പുറത്തു കാണിച്ചുകൊണ്ട് വെളുക്കെ ചിരിക്കുക എന്നതാണ് കലാകാരൻ ആദ്യമായി ചെയ്യേണ്ടത്….

ആ ചിരി കാണുന്നതോടെ വന്നയാൾക്ക് കലാകാരനോട് ഒരു മതിപ്പൊക്കെ തോന്നണം

എന്നിട്ട് …

“ചെക്കൻ കുഴപ്പമില്ല…
നല്ല ചെക്കനാണ്…
ഉശാറാണ് ധൈര്യായിട്ട് കെട്ടിച്ചു കൊടുത്തോളി പെണ്ണിനെ പൊന്നുപോലെ നോക്കും… ”

എന്നൊക്കെ പറഞ്ഞിട്ട് അല്പം ചിന്തിക്കുന്നതുപോലെ കാണിച്ചു മുഖത്ത് ലേശം നിഗൂഢത വാരി വിതറണം..
എന്നിട്ട്..

പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് ”
എന്നുകൂടി കൂട്ടിച്ചേർക്കുക..

വന്നവൻ
“എന്താ പ്രശ്നം ”
എന്ന് തിരിച്ചു ചോദിക്കുകയാണെങ്കിൽ

അടുത്തതായി മുഖത്ത് വരുത്തേണ്ട ഭാവം ലേശം പുച്ഛവും പിന്നൊരല്പം ആവലാതിയും സമാസമം മിക്സ് ചെയ്തെടുത്ത ഒരുമാതിരി കൺട്രി ലുക്ക് ആണ്…
എന്നിട്ട്…

“ഏയ്‌ പ്രശ്നമൊന്നുമില്ല… ന്നാലും ഇങ്ങള് ശരിക്കൊന്നു അന്വേഷിചോളി…
ഇങ്ങളെ കുട്ടിന്റെ ജീവിതമല്ലേ…
ഞമ്മളായിട്ട് എന്തെങ്കിലും പറഞ്ഞിട്ട് നാളെ ആ ചെക്കൻ എന്റെ നേർക്ക്‌ കൊടുവാളെടുത്ത് വരും…
ഇങ്ങക്ക് അന്വേഷിച്ചിട്ട് പോയാൽ മതി..
മ്മള് എന്തെങ്കിലും ഉള്ള കാര്യം പറഞ്ഞു കഴിഞ്ഞാൽ പിന്നെയും ഈ നാട്ടിൽ ജീവിക്കേണ്ടതല്ലേ.. ”

എന്ന് പറഞ്ഞു നിർത്തിയ ഉടനേ മുഖത്ത് ആദ്യം ഉണ്ടായിരുന്ന അതേ ഭാവം തിരിച്ചു കൊണ്ടുവന്നു പല്ല് മുപ്പത്തിരണ്ടും പുറത്തു കാണിച്ചു ഇളിക്കണം…

അവസാനം

“പക്ഷേ ചെക്കൻ നല്ലതാണ് ട്ടോ ”

എന്നുകൂടി കൂട്ടിച്ചേർക്കുന്നതോടെ കലാകാരന്റെ റോൾ ഭംഗിയായി നിര്വഹിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം…..

അതോടുകൂടി അന്വേഷിക്കാൻ വന്നയാൾ

“ന്നാ ശരി കാക്കാ “..
എന്നും പറഞ്ഞു വന്ന വഴിക്ക് സ്‌കൂട്ടാവുന്നതോടെ ആ കലാപരിപാടി അവിടെ അവസാനിക്കും….

Nb:- ഇത്തരം കലാകാരന്മാർക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനവും നൽകിയെല്ലെങ്കിലും ദയവു ചെയ്തു പുച്ഛിക്കരുത് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു….
By : Saleel

LEAVE A REPLY

Please enter your comment!
Please enter your name here