Home Viral അടുക്കളയില്‍ നിനക്കെന്താ ഇത്ര മല മറിക്കുന്ന പണി ഇങ്ങനെ ചോദിക്കുന്നവരോട് കുറിപ്പ്

അടുക്കളയില്‍ നിനക്കെന്താ ഇത്ര മല മറിക്കുന്ന പണി ഇങ്ങനെ ചോദിക്കുന്നവരോട് കുറിപ്പ്

0

[ad_1]

“ഈ ഓട്ടം ഞാൻ ഒളിംപിക്സിൽ ഓടിയിരുന്നെങ്കിൽ മെഡൽ കിട്ടിയേനേം”- അടുക്കളയിലെ ഓട്ടത്തെക്കുറിച്ച് ഇങ്ങനെ നെടുവീർപ്പിടാത്ത സ്ത്രീകൾ കുറവായിരിക്കും. അടുക്കളജോലിയെക്കുറിച്ച് ഭർത്താവിനോട് പരാതിപ്പെടുമ്പോൾ നിനക്ക് ഇവിടെ എന്ത് മലമറിക്കുന്ന പണിയാണെന്നാകും മിക്കവരുടെയും ചോദ്യം. എന്താണ് മലമറിക്കുന്നതെന്ന് അറിയാൻ ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് ഇങ്ങനെ:

ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെൽ പ്ലാൻ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതൽ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.

അടുക്കളയിൽ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാർ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.

നാളെ രാവിലെ ദോശ കഴിക്കണമെങ്കിൽ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്ക്കോ വെള്ളത്തിലിട്ട് കുതിർന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കിൽ രാവിലെ ദോശയോ ഇടലിയോ കഴിക്കാൻ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാൻ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ രാവിലെ എന്നും നിങ്ങൾ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..

തലേ ദിവസമേ അവൾ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കിൽ പ്ലാൻ ചെയ്യുകയോ ചെയ്യും.

രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ “മെനു” ഉണ്ടാക്കിയ ശേഷവുമുണ്ട് അവൾക്ക് മറ്റ് കുറെ ജോലികൾ.

കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിൻ റെഡിയാക്കി ബാഗിൽ വെക്കണം, ഭർത്താവിന് ടിഫിൻ തുടങ്ങിയ കലാപരിപാടികൾ കഴിഞ്ഞതിന് ശേഷം അവൾക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേൽ വല്ലതും പ്രഭാതഭക്ഷണം എന്ന പേരിൽ കഴിച്ചാലായി.

ജോലിയ്ക്ക് പോകേണ്ട സ്ത്രീകൾ സാരി ഉടുക്കേണ്ടത് നിർബന്ധമാണെങ്കിൽ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാൻഡ് ബാഗും തൂക്കി സ്ത്രീകൾ രാവിലെ വഴിയിലൂടെ ഓടുമ്പോൾ നിങ്ങളും ഓർക്കണം. രാവിലെ വീട്ടിൽ ഒരു യുദ്ധം കഴിഞ്ഞു അവർ ഓടുകയാണെന്ന്. ബസിൽ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോൾ ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ എന്നവൾ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.

ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോൾ മക്കൾക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീൻ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.

ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോൾ അത്താഴം കഴിച്ചു കിടക്കുന്നതെ അവൾക്ക് ഓർമ്മയുണ്ടാകു. ഒരു സെക്കൻഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്സിൽ ഓടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ കിട്ടുമായിരുന്നു.

ഓടുന്ന ഒരു മെഷിയൻ പോലെയാണ് അവൾ.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭർത്താവ് വെണമെങ്കിൽ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങൾ മുഴുവൻ ചെയ്യാൻ നിങ്ങൾ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക.

കുട്ടികളും ഒരു പ്രായമാവുമ്പോൾ അവരുടെ കാര്യങ്ങൾ അവർ തന്നെ ചെയ്യുവാൻ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയിൽ കയറ്റുക. നാളെ അത് ഭാവി മരുമകൾക്ക് ഉപകാരമാകും.

ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.

മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകൾ ഇതൊക്കെ അവഗണിച്ചു അടുക്കളയിൽ കയറും. വേറെ വഴിയില്ല. ഭർത്താവ്..മക്കൾ..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകൾ വീട്ടിൽ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭർത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങൾ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവർത്തിക്കേണ്ട ആവശ്യമില്ല.

മതിയായ വിശ്രമം നിങ്ങൾക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോയി കാണിക്കണം. “പണി കഴിഞ്ഞിട്ട് നേരമില്ല” എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.

സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാർ ഈ കാലത്ത് അവൾക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാർ അവൾക്കൊരു അനുഗ്രഹമാണ്.

സ്ത്രീ ഒരു സംഭവം തന്നെയാണ്. അവൾ ഇല്ലെങ്കിൽ കാണാമായിരുന്നു.

ഡോ. ഷിനു ശ്യാമളൻ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here