Home Latest മറ്റൊരു വിവാഹം കഴിക്കുവാൻ എനിക്ക് ഉപദേശങ്ങൾ ധാരാളം കിട്ടിയിരുന്നു. പക്ഷെ അന്നും ഇന്നും എന്നേക്കും അദ്ദേഹം...

മറ്റൊരു വിവാഹം കഴിക്കുവാൻ എനിക്ക് ഉപദേശങ്ങൾ ധാരാളം കിട്ടിയിരുന്നു. പക്ഷെ അന്നും ഇന്നും എന്നേക്കും അദ്ദേഹം എന്റെ സ്വന്തം ആയിരിക്കും…

0

ഞാൻ ക്യാപ്റ്റൻ ഷഫീഖ് ഗോരിയെ വിവാഹം കഴിക്കുമ്പോൾ എനിക്ക് 19 വയസായിരുന്നു പ്രായം. അദ്ദേഹം സ്ഥിരമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ട്രാൻസ്ഫെർ ആയിക്കൊണ്ടിരുന്നതുമായി അഡ്‌ജസ്‌റ് ആകുവാൻ ആദ്യമൊക്കെ ഞാൻ ബുദ്ധിമുട്ടിയിരുന്നു. എന്നെ ഒറ്റക്കാക്കി നീണ്ട നാൾ മാറി നിൽക്കുന്നതും എനിക്ക് വിഷമം ഉണ്ടാക്കിയിരുന്നു. പക്ഷെ അദ്ദേഹം ഒരിക്കൽ എന്നോട് ഒരു ആർമി ഓഫീസറുടെ ഭാര്യ ആയിരിക്കുക എന്നത് എപ്രകാരം ആണെന്ന് വിശദീകരിച്ചു തന്നു. അന്ന് മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലമാണ്. ഞാൻ മണിക്കൂറുകളോളം ഫോണിന്റെ അടുത്ത് അദ്ദേഹത്തിൻറെ ഫോൺ കാൾ പ്രതീക്ഷിച്ചു കാത്തിരുന്നത് ഓർക്കുന്നു. ഞങ്ങൾ പരസ്പരം എഴുത്തുകൾ അയക്കുമായിരുന്നു. അദ്ദേഹം ദൂരെ ആയിരിക്കുന്ന നാളുകളിൽ ദിവസം ഒരു എഴുത്ത് വീതം എനിക്ക് അയച്ചിരുന്നു. ഞാൻ ചെറിയ നോട്ടുകൾ എഴുതി ചില സർപ്രൈസ് ഗിഫ്റ്റുകൾക്കൊപ്പം അദ്ദേഹത്തിൻറെ ലഗേജിൽ വെയ്ക്കാറുണ്ടായിരുന്നു.

തുടർന്ന് വന്ന വർഷങ്ങളിൽ അദ്ദേഹത്തിന് പല റിസ്ക് കൂടിയ പോസ്റ്റിങ്ങുകൾ കിട്ടിക്കൊണ്ടിരുന്നു. അന്ന് പഞ്ചാബും കിഴക്കൻ മേഖലകളും ഹൈ റിസ്ക് ഏരിയകൾ ആയി ആണ് കരുതപ്പെട്ടിരുന്നത്. അദ്ദേഹം പഞ്ചാബിലും, ത്രിപുരയിലും ശ്രീനഗറിലും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നീണ്ട വിരഹ നാളുകളിൽ അദ്ദേഹം കൂടെ ഇല്ലാതെ തന്നെ കുട്ടികളുടെ കാര്യങ്ങൾ മാനേജ് ചെയ്ത് ജീവിയ്ക്കാനുള്ള കരുത്തും കഴിവും എനിക്ക് ഉണ്ടായി. അദ്ദേഹം സ്വന്തം രാജ്യത്തെ ഏറ്റവുമധികം സ്നേഹിക്കുന്നു എന്നും, ഭാര്യയും കുട്ടികളും തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത് ഉണ്ടെന്നും അന്നെനിക്ക് തോന്നിയിട്ടുണ്ട്.

1999 ൽ ആദ്ദേഹത്തിന് ശ്രീനഗറിലേക്ക് പോസ്റ്റിങ്ങ് കിട്ടി. അതൊരു ഹൈ റിസ്ക് ഫീൽഡ് പോസ്റ്റിങ്ങ് ആയത് കൊണ്ട് കുടുംബങ്ങൾക്ക് അനുവാദം ഇല്ല. അതുകൊണ്ട് ഞാൻ കുട്ടികളുമൊത്ത് ബാംഗ്ലൂരിലേക്ക് താമസം മാറി. 2001 ജൂൺ 28നാണ് ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ചത്. അദ്ദേഹം ഞങ്ങളുടെ ക്ഷേമാന്വേഷണങ്ങൾ നടത്തി. ഒരു മിലിട്ടറി ഓപ്പറെഷന്റെ ഭാഗം ആയി കാട്ടിൽ ആയിരുന്നു. കുട്ടികളോട് സംസാരിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും അവർ കസിൻസിന് ഒപ്പം ഓടിക്കളിക്കുക ആയിരുന്നതിനാലും വലിയ ഒച്ചപ്പാടും ബഹളവും ആയിരുന്നതിനാലും ബേസിൽ തിരിച്ചെത്തിയിട്ട് വിളിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇന്നും ഞാൻ അതെ കുറിച്ച് ഓർത്ത് പശ്ചാത്തപിക്കുന്നു.

2001 ജൂലൈ ഒന്നാം തിയതി, വൈകുന്നേരം ഏതാണ്ട് 6:30 ആയപ്പോൾ ഏതാനും ആർമി ഓഫിസർമാർ അവരുടെ ഭാര്യമാരോടൊപ്പം വീട്ടിൽ വന്നു. അതിൽ ഒരു സ്ത്രീ എന്നെ ചേർത്ത് ഇരുത്തി പറഞ്ഞു “മേജർ ഗോരി ഇപ്പൊൾ ജീവനോടെ ഇല്ല” എന്ന്. കേട്ടത് തെറ്റിപ്പോയി എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പക്ഷെ ആ സ്ത്രീ പിന്നീട് പറഞ്ഞത് രാവിലെ മുതൽ അവർ എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുക ആയിരുന്നു എന്നും, ഞാൻ ഫോൺ എടുക്കാതിരുന്നത് കൊണ്ടാണ് വിവരം എന്നെ അറിയിക്കാൻ വൈകിയത് എന്നും പറഞ്ഞു. അന്ന് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ പോയിരിക്കുക ആയിരുന്നു. മേജർ ഷഫീഖ് ഖോരി ഓപ്പറേഷൻ രക്ഷക് നടന്നപ്പോൾ തീവൃവാദികളുമായുള്ള ഒരു ഏറ്റുമുട്ടലിൽ വീര ചരമം പ്രാപിക്കുക ആണ് ഉണ്ടായത്. എന്റെ ജീവിതം അന്ന് തകർന്നുടഞ്ഞു. അന്ന് തന്നെ ആണ് എനിക്ക് അദ്ദേഹത്തിന്റെ അവസാന എഴുത്തും കിട്ടിയത്.

അടുത്ത ദിവസം ഞാൻ അവസാനമായി അദ്ദേഹത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയി. ഇത്തവണ ത്രിവർണ്ണ പതാക പുതപ്പിച്ച ഒരു പെട്ടിയിൽ ആണ് അദ്ദേഹം വന്നെത്തിയത്. ഞാൻ പൊട്ടിക്കരഞ്ഞു. ധൈര്യം കൈവിടരുത് എന്ന് അദ്ദേഹം മുൻപൊക്കെ എന്നോട് പറയാറുണ്ടായിരുന്നു എങ്കിലും, അദ്ദേഹം കൂടെ ഇല്ലാത്ത ഒരു ദിവസം വരും എന്ന് ഞാൻ ഒരിക്കലും സങ്കല്പിച്ചിരുന്നില്ല.

എനിക്ക് അദ്ദേഹത്തിന്റെ സിവിലിയൻ വസ്ത്രങ്ങളും യൂണിഫോമും ഒരു പെട്ടിയിൽ ആക്കി കിട്ടി. ഞാൻ 8 വർഷം അത് അലക്കാതെ സൂക്ഷിച്ചു. എനിക്ക് ആ യൂണിഫോമിന്റെ അടുത്ത് നിൽക്കുമ്പോൾ ഉള്ള ഫീലിംഗ് നഷ്ടപ്പെടുത്താൻ കഴിയില്ലായിരുന്നു. പോക്കറ്റിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റ പണം അടങ്ങിയ പഴ്‌സ് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു. എഴുത്തുകൾ ഇപ്പോഴും വായിക്കുന്നു. ഞാൻ എന്റെ കുട്ടികൾക്ക് അച്ഛന്റെയും അമ്മയുടെയും റോളിൽ ജീവിക്കുന്നു. മറ്റു കുട്ടികൾ അവരുടെ അച്ഛന്മാർക്കൊപ്പം ആയിരിക്കുന്നത് കാണുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ അടക്കാൻ കഴിയാറില്ല. ഇന്ന് ഞാൻ രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ വിധവകളുടെ ഉന്നമനത്തിനായി ജോലി ചെയ്യുന്നു.

മേജർ ഷഫീഖ് ഗോരി മരിച്ചപ്പോൾ എനിക്ക് 29 വയസായിരുന്നു. മറ്റൊരു വിവാഹം കഴിക്കുവാൻ എനിക്ക് ഉപദേശങ്ങൾ ധാരാളം കിട്ടിയിരുന്നു. പക്ഷെ അന്നും ഇന്നും എന്നേക്കും അദ്ദേഹം എന്റെ സ്വന്തം ആയിരിക്കും.

സൽ‍മ ഷഫീഖ് ഗോരി .

LEAVE A REPLY

Please enter your comment!
Please enter your name here