Home Latest “എനിക്കൊരു മകൾ വേണം “

“എനിക്കൊരു മകൾ വേണം “

0

എന്റെ അരക്കൂടും അടിവയറും പൊട്ടുന്നുണ്ടെന്നു തോന്നി. കരയരുതെന്നു വിചാരിച്ചിട്ടും കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്

വായ തുറന്നു ശബ്ദം ഉണ്ടാക്കിയാൽ കുഞ്ഞിന്റെ തല താഴേക്കു വരില്ലെന്ന് പറഞ്ഞിട്ട് ഡോക്ടർ ഇപ്പോൾ പോയതേ ഉള്ളു

കടിച്ചു പിടിച്ചു ആഞ്ഞു മുക്കുന്നതിനിടയിൽ ഞാൻ പ്രാർത്ഥിക്കാൻ ശ്രമിച്ചു. “എനിക്കൊരു മകൾ വേണം ” എന്റെ ആദ്യത്തെ കണ്മണി മകൾ ആയിരിക്കണം

ഇല്ലെങ്കിൽ ഒരു മകൾ ഉണ്ടാകുന്നതു വരെ പ്രസവിക്കും എന്നു ഭർത്താവിനോട് വീമ്പു പറഞ്ഞതാണ്

പക്ഷേ ഈ വേദന!!! അതു കൊണ്ട് ഇത് പെൺകുഞ്ഞാകണേ എന്റെ ഭഗവാനെ

സാധാരണ ഒരുമാതിരിപ്പെട്ട എല്ലാ അമ്മമാർക്കും മകൻ വേണം എന്നായിരിക്കും ആഗ്രഹം ! എന്റെ സ്വന്തം അമ്മ വരെ

എനിക്കും മുകളിലും താഴെയും ഓരോ ആങ്ങളമാർ ഉണ്ടായിരുന്നു. എന്നാലും അമ്മക്ക് ഞാൻ പെണ്ണായി പോയതിൽ നീരസം ഉണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്

കുട്ടിക്കാലത്തു സ്ലേറ്റ് പെൻസിൽ പങ്കു വെക്കുന്നതിൽ ആണെന്റെ ഓർമയിൽ അമ്മ കാണിച്ച ആദ്യത്തെ പക്ഷഭേദം

അവിടുന്നിങ്ങോട്ട് എന്ത് പങ്കു വെക്കുമ്പോളും അവൻ ആൺകുട്ടിയാണ് അവനു വളരാൻ ഉള്ളതാണ്, കുടുംബം നോക്കേണ്ടവൻ ആണ് എന്നു പറഞ്ഞു അമ്മ

ആൺമക്കൾ രണ്ട് പേരും കളിച്ചു തളർന്നു വന്നു ഹോർലിക്‌സ് കുടിക്കുമ്പോൾ എനിക്ക് കിട്ടും കടുപ്പം കൂടിയ ചായ

സ്പോർട്സ് നു ചേരണം എന്നു അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചു ഫീസ് വാങ്ങാൻ തുടങ്ങുമ്പോഴും ഉണ്ടായിരുന്നു അമ്മയുടെ ഇടപെടൽ

“ഇവളിനി ഓടി പി ടി ഉഷ ആയിട്ട് വേണം ഇവിടെ കുടുംബം പുലരാൻ !!! പെൺപിള്ളേർ നിലത്തു നിന്നു വളർന്നാൽ മതി മാധവേട്ടാ

എന്റെ ഓട്ടവും, ചാട്ടവും അവിടെ നിന്നു.

” ഇവൾക്ക് നല്ല പൊക്കം ഉണ്ടല്ലോ ബാസ്കറ്റ് ബോൾ കളിക്കാൻ കൂടുന്നോ “എന്ന സ്പോർട്സ് ടീച്ചറിന്റെ ചോദ്യവും

” ഓ പെൺ കൊച്ചിനി അതും പറഞ്ഞു ചാടാനും തുള്ളാനുമല്ലേ, വേണ്ടെന്റെ ടീച്ചറേ ”

അവർ പിന്നെ അമ്മയോട് മിണ്ടിയിട്ടില്ല

ചേട്ടനും അനിയനും നീന്താൻ പഠിക്കുന്നതും, കരാട്ടെ പഠിക്കുമ്പോഴും അമ്മയുടെ സ്നേഹം വലിയ കോഴി കഷ്ണങ്ങൾ ആയി

വീടിനകത്തു നിന്നു സ്വയം ഡാൻസ് ചെയ്യാനും, ഓടാനും, ആരോടെങ്കിലും മിണ്ടാനും ഉള്ള സ്വാതന്ത്ര്യം കൂടിയും പോയി വയസ്സറിയിച്ചതോടെ കൂടി

പ്ലസ് ടു കഴിഞ്ഞു പത്ര പ്രവർത്തനം പഠിക്കണം എന്ന ആഗ്രഹവും അമ്മ മുളയിലേ നുള്ളി.

ചേട്ടനും അനിയനും ടൂർ എന്ന പേരിൽ പോയി കണ്ടിട്ടുള്ള സ്ഥലങ്ങളിൽ വാർത്ത ശേഖരിക്കാൻ എങ്കിലും പോകാം എന്ന ആഗ്രഹത്തെ തൂത്തെറിഞ്ഞു കൊണ്ട്

എന്നെ ഡിഗ്രിക്കു ചേർത്തു, അങ്ങനെ ഞാൻ ഒടുവിൽ ഒരു ടീച്ചർ ആയി

പെൺകുട്ടികളുടെ സ്കൂളിലെ ടീച്ചർ, എനിക്ക് കിട്ടാതെ പോയ അവസരങ്ങൾ എന്റെ കുട്ടികൾക്ക് കിട്ടണം

എന്നാലും എനിക്ക് സ്വന്തമായി ഒരു മോൾ വേണം… അവളിലൂടെ പെണ്ണിന് അപ്രാപ്യം ആയതു ഒന്നും ഇല്ലെന്നും, ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ള തുല്യ വ്യക്തിത്വങ്ങൾ ആണെന്നും ബോധ്യ പെടുത്തണം

“ആഞ്ഞു മുക്ക് കൊച്ചേ കിനാവ് കാണാതെ !! തല ഇങ്ങു വന്നിരിക്കുമ്പോഴാ ഓരോരുത്തർ ആലോചിച്ചു കൂട്ടുന്നത്

ജീവൻ പോകുന്ന പോലെ തോന്നി എങ്കിലും “മോളാണ് “എന്നു പറഞ്ഞു അവർ കുഞ്ഞിനെ എടുത്തെന്റെ നെഞ്ചിൽ കിടത്തി തന്നപ്പോൾ

വിശ്വാസം വരാതെ ഞാൻ വീണ്ടും വീണ്ടും നോക്കുന്നത് കണ്ടു തുന്നൽ ഇടാൻ വന്ന ഡോക്ടർ ചിരിക്കുന്നുണ്ടായിരുന്നു

വെളിയിലേക്കു കൊണ്ട് വന്നപ്പോൾ

എന്റെ നെഞ്ചത്ത് കിടക്കുന്ന വെളുത്ത പഞ്ഞിക്കെട്ടിനെ ചൂണ്ടിക്കാട്ടി ഞാൻ അമ്മയോട് അഭിമാനത്തോടെ പറഞ്ഞു “മോളാ “….

 

രചന ; SabariesRK

LEAVE A REPLY

Please enter your comment!
Please enter your name here